Social

പേൾ ഹാർബറും കോവിഡിൻ്റെ രണ്ടാം വരവും

ആരോഗ്യം/ ഡോ. നെൽസൺ ജോസഫ്

രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ അമേരിക്കയെ ജപ്പാൻ ആക്രമിക്കുന്നു. പേൾ ഹാർബർ തുറമുഖവും ചുറ്റുമുള്ള എയർ സ്ട്രിപ്പുകളുമൊക്കെ ബോംബിങ്ങിനു വിധേയമാവുന്നു.

ബോംബിങ്ങ് കഴിഞ്ഞ് അമേരിക്ക യുദ്ധത്തിലേക്കിറങ്ങിയതും തിരിച്ചടിച്ചതും അവസാനം അണുബോംബ് പ്രയോഗവുമൊക്കെ പിന്നീട് നടന്ന കാര്യം.

ആ ആക്രമണം പ്രധാന സംഭവമായി വരുന്ന അതേ പേരിലുള്ള ഒരു സിനിമയുണ്ട്.

ആ സിനിമയിൽ എപ്പൊഴും ഓർക്കുന്ന ഒരു സീനുണ്ട്‌. ജപ്പാന്റെ ആക്രമണം കഴിഞ്ഞ്‌ ഒരു വിധം ശാന്തമാവുന്ന സമയത്ത്‌ പരിക്കേറ്റവരും ഇനി ചിലപ്പൊ മരിച്ചുപോയേക്കാവുന്നവരുമൊക്കെ അവിടെ മിലിറ്ററിയുടെ ആശുപത്രിയിലേക്ക്‌ വരികയാണ്.

വിഭവങ്ങൾ പരിമിതമാണ്.. രക്തനഷ്ടം നിർത്താനുള്ള ടൂർണിക്കെയ്ക്ക് പകരം നഴ്സ് സ്വന്തം സോക്സ് ഊരി നൽകുന്ന ദൃശ്യം നമ്മൾ കാണുന്നുണ്ട് അതിനു തൊട്ടുമുൻപ്. വേദനിച്ച് കരയുന്നവരുണ്ട്. അവർക്ക് വേദനസംഹാരികൾ വേണം. ഇനിയും ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.

എല്ലാവരെയും ചികിൽസിക്കാനുള്ള ഡോക്ടർമാരും നഴ്സുമാരുമില്ല. മരുന്നുകളില്ല…എത്തുന്നവരിൽ രക്ഷപ്പെടാൻ സാദ്ധ്യതയുള്ളവരെ മാത്രം അകത്തേക്ക് കടത്തിവിടാൻ തരം തിരിക്കാൻ ഡോക്ടർ നഴ്സിനോട് ആവശ്യപ്പെടുകയാണ്.

വന്ന് കയറുന്ന നൂറുകണക്കിന് പരിക്കേറ്റവരെ ക്രിട്ടിക്കൽ കെയറിലേക്കും മരണാസന്നരെ വേദന കുറയ്ക്കുന്നതിനായും തരം തിരിക്കാൻ അവരുടെ നെറ്റിയിൽ അടയാളമിടാൻ കയ്യിൽ ഒരു ലിപ്സ്റ്റിക്കുമായി ആശുപത്രിയുടെ മുന്നിലേക്ക് ചെല്ലുന്ന നഴ്സിൻ്റെ ദൃശ്യം..

ഇടയ്ക്ക് ഒരു സമയത്ത് മരണമടഞ്ഞ സഹപ്രവർത്തകയെ കണ്ടശേഷവും അവർക്ക് ജോലി തുടരേണ്ടിവരുന്ന ഹൃദയസ്പർശിയായ ദൃശ്യമാണ് അത്.. താങ്ങാവുന്ന പരിധിക്ക് മുകളിൽ പെട്ടെന്ന് ആവശ്യക്കാരെത്തുമ്പൊ ആശുപത്രിക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അതിനെ അതിജീവിക്കാനുള്ള ശ്രമവുമാണ് ആ പേൾ ഹാർബറിൽ കണ്ടതെന്നാണ് എന്നും തോന്നിയിട്ടുള്ളത്…

അതും ഒരു പരിധി വരെയേ നടക്കാനിടയുള്ളൂ. അതിനെക്കാൾ ആളുകളെ സഹായിക്കേണ്ടിവന്നാൽ? മറ്റ് പലയിടങ്ങളിൽ നിന്നും വരുന്ന വാർത്തകളും ട്വീറ്റുകളുമൊക്കെ ഒന്ന് ചുറ്റും നോക്കിയാൽ ഉത്തരം കാണാനുള്ളതേയുള്ളൂ.

നീണ്ടു കിടക്കുന്ന ആംബുലൻസുകളുടെ വരിയും മരണപ്പെട്ടവരെ സംസ്കരിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകളും. അതിൽ പലതും നമ്മൾ ദൂരെ, ഇറ്റലിയിൽ ഒക്കെ കണ്ട്, ഇവിടെ വരില്ലെന്ന് ആശ്വസിച്ചതാണ്.

ഇപ്പൊഴും ഏറ്റവും കുറവ് മരണനിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം നിൽക്കുന്നതിന് പല കാരണങ്ങളുണ്ട്. ഒന്നാം ഘട്ടത്തിൽ പൊതുസമൂഹം ഉൾപ്പടെ കാട്ടിയ ശ്രദ്ധ.

അക്ഷരാർഥത്തിൽ മരിച്ചു കിടന്ന് ജോലിയെടുത്ത ആരോഗ്യപ്രവർത്തകരും പൊലീസുകാരും മറ്റ് ജീവനക്കാരും സർക്കാർ സംവിധാനങ്ങളും..അങ്ങനെയങ്ങനെ..നിർഭാഗ്യവശാൽ ഇത്തവണ കൊവിഡ് രണ്ടാം വരവ് അറിയിച്ചിട്ടുണ്ട്.

പഴയ പോലെ കൈ കഴുകിയും സാമൂഹ്യ അകലം പാലിച്ചും മാസ്ക് വച്ചും മുന്നോട്ട് പോവുകയേ മാർഗമുള്ളൂ. മാസ്ക് വച്ചാലും കൊവിഡ് വന്നാലോ എന്ന് ചോദിച്ചേക്കാം പലരും. എല്ലാ വിധ മുൻ കരുതലുകളുമെടുത്തിട്ടും ദൗർഭാഗ്യവശാൽ വരുന്നെങ്കിൽ വന്നോട്ടെ..എല്ലാർക്കൂടെ ഒന്നിച്ച് വരാതെ നോക്കണമല്ലോ…ആൾക്കൂട്ടമുണ്ടാവാതെ നോക്കണമല്ലോ.

അങ്ങനെ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയുന്ന രീതിയിലാണ് രോഗബാധയെങ്കിൽ തീർച്ചയായും നമുക്കൊരു ഫൈറ്റിങ്ങ് ചാൻസുണ്ട്. കഴിഞ്ഞ തവണ ആരംഭിച്ചതിനെക്കാൾ അറിവുകൾ ഈ രോഗത്തെക്കുറിച്ച് ഒരു പരിധി വരെ നമുക്കുണ്ട്. അതുകൊണ്ട് ” ഭയമല്ല, ജാഗ്രതയാണ് വേണ്ടത് “കേരളം പിടിച്ചുനിന്നത് അങ്ങനെയാണ്.

ഇനി പിടിച്ചുനിൽക്കാൻ പോവുന്നതും അങ്ങനെതന്നെയാണ്. നമ്മുടെ മാതൃക നമ്മൾ തന്നെയാണ്. ഇതും നമ്മൾ ഒന്നിച്ചുതന്നെ അതിജീവിക്കും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x