Feature

പോലീസ് കഥകളിൽ അഭിരമിക്കുന്നവരോട്; ജയരാജ്, ബെന്നിക്സ് തുടങ്ങിയവരുടെ ജീവന്റെ വിലയുണ്ട് അതിന്

പ്രതികരണം/സുബാൻഗി മിശ്ര

മിക്ക ഇന്ത്യക്കാർക്കും, മോശം ആളുകളെ തല്ലുന്നവരാണ് മികച്ച പോലീസുകാർ. ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടുതൽ അക്രമാസക്തനായാൽ മാത്രമേ അവൻ കൂടുതൽ സ്വീകാര്യനും നേരുള്ളവനുമാവുകയൊള്ളൂ. ഇത്തരം പോലീസ് ചിത്രീകരണമാണ് പൊതുജനങ്ങൾ ഇഷ്ടപ്പെടുന്നതും നീതിയുടെ ചിഹ്നങ്ങളായി കാണുന്നതും.

ജയരാജ്- ബെന്നിക്സ് പിതാവ്-മകൻ ജോഡിയെ തമിഴ്‌നാട്ടിൽ കസ്റ്റഡിയിൽ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ഒക്കെ ഈ ഒരു ആഘോഷ സംസ്കാരത്തിന്റെ ബാക്കിപത്രമാണ്.
2019 ൽ ഇന്ത്യയിൽ 1,731 പേരുടെ ജീവൻ കസ്റ്റഡി പീഡനത്തിൽ അപഹരിക്കപ്പെട്ടു. 2018 ൽ മൊത്തം 1,966 പേർ ഈ രീതിയിൽ കൊല്ലപ്പെട്ടുവെന്ന് എൻ‌.ജി‌.ഒകളുടെ ഒരു കൺസോർഷ്യത്തിന്റെ വാർഷിക റിപ്പോർട്ട്’ പറയുന്നു.

‘തൽക്ഷണ നീതി’യിൽ സന്തുഷ്ടരായ പൊതു സമൂഹത്തിൽ, പോലീസിന്റെ സ്വമേധയാ ഉള്ള അക്രമത്തിന്റെ ഈ സംസ്കാരം നിലനിർത്തുന്നതിൽ നമ്മൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വാക്കാൽ ഉള്ള പിന്തുണയും, നമ്മുടെ നിശബ്ദതയിലൂടെയുള്ള പിന്തുണയും നൽകി നാം അതിനെ വളർത്തി. എന്നാൽ ഈ തൽക്ഷണ നീതി പാവപ്പെട്ടവർ, താഴ്ന്ന ജാതിക്കാർ, സ്വാധീനമില്ലാത്തവർ എന്നിവർക്കെതിരായിട്ടെ ഉണ്ടാവാറുള്ളൂ എന്നതാണ് അതിന്റെ മറ്റൊരു തലം.

പോലീസ് ക്രൂരതയിൽ ആഹ്ളാദിക്കുന്നവർ

ലോക്ക്ഡോണിന്റെ തുടക്കത്തിൽ, നിയമലംഘകരെ ‘ശിക്ഷിക്കുന്ന’ പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോകളും ക്ലിപ്പുകളും നമ്മൾ ആവേശത്തോടെ ഇരുന്ന് കണ്ടു – ലാത്തിചാർജും സിറ്റ്-അപ്പ് ശിക്ഷാ രീതികളും കണ്ട് അത്തരം ആളുകൾക്ക് ഈ ശിക്ഷക്ക് അർഹരാണ് എന്ന രീതിയിലുള്ള പൊതുബോധം വളർത്തി. എന്നാൽ നമ്മുടെ പിന്തുണ ‘നീതി’ക്ക് വേണ്ടിയല്ല, മറിച്ച് അടിച്ചമർത്തലിന്റെ സംവിധാനത്തിന് വേണ്ടിയുള്ളത് ആണ് എന്ന് തിരിച്ചറിയാതെ അവരുടെ അജ്ഞതയിൽ സന്തോഷിക്കുന്നു. എന്നാൽ നമ്മളും അതിന്റെ ഇരകളാവും എന്ന് പലപ്പോഴും നാം തിരിച്ചറിയുന്നില്ല.

അപമാനകരമായ ശിക്ഷാ പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിച്ച് പോലീസ് പാവങ്ങളെ ചൂഷണം ചെയ്തു. അത് കണ്ട് പൊതുജനങ്ങളും മാധ്യമങ്ങളും കയ്യടിച്ചു. ലോക്ക്ഡോണിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി അവശ്യവസ്തുക്കളിൽ ഉൾപ്പെടുത്തിയ പാലും പച്ചക്കറികളും വാങ്ങാൻ മാത്രം റോഡിലിറങ്ങിയവരെ പോലും ക്രൂരമായി പോലീസ് തല്ലിചതച്ചു. പലരും തന്മൂലം മരിക്കുകയും ചെയ്തു. എന്നാൽ പോലീസ് ‘അവരുടെ കടമ നിർവഹിക്കുന്നു’ എന്നായിരുന്നു ആ സംഭവങ്ങളെ കുറിച്ച് ഔദ്യോഗിക ഭാഷ്യം. ആ ഒരു സാഹചര്യത്തിൽ ആണ് നമ്മൾ പോലീസ് അതിക്രമങ്ങളെ ന്യാ‍യീകരിക്കുന്നതിന്റെ പ്രശ്നങ്ങൾ നാം വിലയിരുത്തെണ്ടത്.

ഇന്ത്യയിൽ നീതി എന്ന ആശയം തന്നെ അക്രമാസക്തമാണ്, പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലാൻ ആഹ്വാനം ചെയ്തുകൊണ്ട് ആളുകൾ രക്തത്തിനായി കാത്തിരിക്കുന്നു. കുറ്റവാളികളെ ഒരു പാഠം പഠിപ്പിക്കാനാണ് പോലീസ് എന്നാണ് പൊതുവായ അഭിപ്രായം. നിർവചിക്കപ്പെട്ട നീതിയുടെയും തിരുത്തലിന്റെയും ഗതിയിലൂടെ അവരെ കൊണ്ടുപോകുന്നതിനു പകരം തൽക്ഷണ നീതിയോട് ആണ് താ‍ല്പര്യം. 2019 ഡിസംബറിൽ ഹൈദരാബാദ് ബലാത്സംഗക്കേസിൽ പ്രതികളായ നാലുപേരെ വെടിവച്ച് കൊന്ന തെലങ്കാന പോലീസ് നടപടിയെ വ്യാപകമായി ആഘോഷിച്ച പൊതു സമൂഹമാണ് നമ്മുടെത്.

‘അവരെ ഒരു പാഠം പഠിപ്പിക്കുക’

പൗരത്വ ഭേദഗതി നിയമത്തിനും (സി.‌എ.‌എ) നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിനും (എൻ‌.ആർ.‌സി) എതിരായ പ്രതിഷേധം ഇന്ത്യയുടെ പോലീസിന്റെ നിഷ്ഠൂരമായ വശം പൂർണ്ണമായും പ്രദർശിപ്പിക്കാനുള്ള തുറന്ന ആഹ്വാനമായി മാറി. ലാത്തി ചാർജും കസ്റ്റഡി ദുരുപയോഗവും ഒരു മാനദണ്ഡമായി. സർവകലാശാലകളിലെ വിദ്യാർത്ഥികൾ മുതൽ തെരുവുകളിലെ പൗരന്മാർ വരെ ആരെയും വെറുതെ വിട്ടില്ല.

ഡൽഹി പോലീസ് ജാമിയ മില്ലിയ ഇസ്ലാമിയയിൽ പ്രവേശിച്ച് ലൈബ്രറിയിലെ വിദ്യാർത്ഥികളെ മർദ്ദിച്ചപ്പോൾ ഒരു കൂട്ടം ആളുകൾ ആ പോലീസ് അതിക്രമം ആഘോഷിച്ചു, കാരണം പോലീസ് ‘ദേശവിരുദ്ധരെ’ ഒരു ‘പാഠം’ പഠിപ്പിക്കുകയായിരുന്നു എന്നാ‍ണ്.

കോൺഗ്രസ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സദാഫ് ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദ്ധിച്ചപ്പോൾ പോലും പൊതുജനങ്ങളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല.

വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ പരിക്കേറ്റ അഞ്ച് പേരെ പോലീസ് ഉദ്യോഗസ്ഥർ ദേശീയഗാനം ആലപിക്കാൻ നിർബന്ധിച്ചതിന്റെ വീഡിയോ ആർക്കാണ് മറക്കാൻ കഴിയുക? അവരിൽ ഒരാൾ മരിച്ചു, പക്ഷേ നാലുമാസത്തിനുശേഷം, ഒരു വീഡിയോയിൽ പകർത്തിയതും വ്യാപകമായി പ്രചരിച്ചതുമായ ആ വീഡിയോയിലെ കുറ്റത്തിന് ഒരു ഉദ്യോഗസ്ഥനെതിരെ പോലും ഇത് വരെ കേസെടുത്തിട്ടില്ല.

ഇന്ത്യയിലുടനീളം 31 സി‌എ‌എ വിരുദ്ധ പ്രക്ഷോഭകർ കൊല്ലപ്പെട്ടു, ഒരാൾ 17 വയസ്സിന് താഴെയുള്ളവർ. ഇയാളുടെ തലയ്ക്ക് പോലീസിന്റെ വെടിയേറ്റു. കാൺപൂരിൽ പ്രതിഷേധക്കാർക്ക് നേരെ ഉത്തർപ്രദേശ് പോലീസ് വെടിയുതിർത്തതിന്റെ വീഡിയോകളും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. എന്നാൽ യോഗി ആദിത്യനാഥിന്റെ സർക്കാർ പൊലീസിന് സ്വതന്ത്ര സ്വഭാവം നൽകുകയും “ഏറ്റുമുട്ടൽ രാജ്” നടപ്പിലാക്കുകയും ചെയ്തു.

പോലീസ് അക്രമത്തിനുള്ള സജീവമായ പിന്തുണയാണ് – പൊതുജനങ്ങളും ഭരണകൂടവും നൽകുന്ന പിന്തുണയാണ് – ജയരാജ്, ബെന്നിക്സ് തുടങ്ങിയ പൗരന്മാരെ ക്രൂരമായി പീഡിപ്പിച്ചാലും യാതൊരു നടപടിയും ഇല്ലാതെ രക്ഷപ്പെടുമെന്ന് ധൈര്യം നൽകുന്നത്. ജോർജ്ജ് ഫ്ലോയിഡ് വിഷയത്തിലും നമ്മൾ ഇത് കണ്ടതാണ്.

ദലിതരും മുസ്ലീങ്ങളുമാണ് പ്രധാന ലക്ഷ്യങ്ങൾ

പോലീസ് ക്രൂരത ജാതീയവും ക്ലാസ് സെൻസിറ്റീവുമാണ്. ഇടത്തരം, സവർണ്ണ, ഉയർന്ന ജാതിക്കാർക്ക് പോലീസ് അതിക്രമം ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും/ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെങ്കിലും ദലിതർ, ആദിവാസികൾ, മുസ്‌ലിംകൾ, തൊഴിലാളികൾ തുടങ്ങിയവർ ഈ യാഥാർത്ഥ്യത്തിനൊപ്പം ജീവിക്കുന്നവരാണ്.

50 ശതമാനം പോലീസ് ഉദ്യോഗസ്ഥർക്കും മുസ്‌ലിംകൾക്കെതിരെ വിവേചനം കാണിക്കുന്നുണ്ട് എന്നും മുസ്ലിംകൾ അക്രമപ്രവർത്തനങ്ങൾ നടത്താൻ കൂടുതൽ സാധ്യതയുണ്ടെന്ന് കരുതുന്നതായും ‘കോമൺ കോസ്, സി.എസ്.ഡി.എസ് ന്റെ റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിലെ ദലിതർക്കും മുസ്‌ലിംകൾക്കുമെതിരായ പോലീസ് അതിക്രമത്തിന്റെ പല സംഭവങ്ങളിലും ഇത് പ്രതിഫലിക്കുന്നു. സുരക്ഷാ പോയിന്റുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നാരോപിച്ച് കാശ്മീരിലെ പോലീസിന് പൗരന്മാരെ വെടിവെക്കാൻ കഴിയും. ഐപിഎസ് ഓഫീസർ ഭാഗ്യശ്രീ നവതാകെ പോലുള്ള ഉദ്യോഗസ്ഥർ ദലിതർക്കും മുസ്ലീങ്ങൾക്കും എതിരെ വ്യാജ കേസുകൾ സമർപ്പിക്കുന്നതായി അഭിമാനത്തോടെ പ്രഖ്യാപിച്ചിരുന്നു. ഇവ ഒറ്റപ്പെട്ട കേസുകളല്ല. കഴിഞ്ഞ വർഷം കസ്റ്റഡിയിൽ കൊല്ലപ്പെട്ട 1,731 പേരിൽ 60 ശതമാനവും പാർശ്വവത്കരിക്കപ്പെട്ട സമുദായക്കാരാണ്.

പോലീസ് പരിഷ്കാരങ്ങളുടെ ആവശ്യം

ഒന്നര നൂറ്റാണ്ടിലേറെ മുമ്പ് ബ്രിട്ടീഷ് കോളനിക്കാർ ആവിഷ്കരിച്ച മാതൃകയിൽ അധിഷ്ഠിതമായതിനാൽ ഇന്ത്യൻ പോലീസും സാമ്രാജ്യത്വ സ്വഭാവമുള്ളതാണ്. കൊളോണിയൽ ഭരണത്തിനെതിരെ ശബ്ദമുയർത്തുന്ന ആരെയും അടിച്ചമർത്താനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഭരണകർത്താക്കൾ ഇത് അവരുടെ നേട്ടത്തിനും ഇപ്പോൾ ഉപയോഗിക്കുന്നു.

ബീഹാറിലെ അഞ്ചിൽ രണ്ട് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ സർവേയിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾക്കും മനുഷ്യാവകാശത്തെക്കുറിച്ച് അടിസ്ഥാന പരിശീലനം പോലും ലഭിച്ചിട്ടില്ല. നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ആധുനിക സങ്കൽപ്പങ്ങളിൽ പരിശീലനം നൽകേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

സ്റ്റാറ്റസ് ഓഫ് പോലിസിംഗ് ഇൻ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ പോലീസ് ഓഫീസർമാർക്ക് 15 മണിക്കൂർ ഷിഫ്റ്റുകളും ജോലി ഭാരവും ശാരീരികമായും മാനസികമായും തളർത്തുന്ന ജോലി സാഹചര്യങ്ങളും, കൂടാതെ താഴ്ന്ന റാങ്കിലുള്ളവർക്ക് വളരെ കുറഞ്ഞ വേതനവുമാണ് ലഭിക്കുന്നത്.

കുറഞ്ഞത് 60 പോലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ്, എല്ലാവരേയും പോലെ പോലീസ് സേനയെയും ബാധിച്ചു. അത്തരമൊരു സാഹചര്യത്തിൽ, മാനസികാരോഗ്യ സംക്ഷിപ്തവും പതിവ് കൗൺസിലിംഗും ഒരു ആവശ്യകതയായി മാറുന്നു.

അത്തരം നടപടികൾക്ക് ഉദ്യോഗസ്ഥരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താൻ കഴിയുമെങ്കിലും, പൗരന്മാരോടും നീതിയോടും ഉള്ള ദൈനംദിന പൊലീസിംഗിന്റെയും ഉദ്യോഗസ്ഥരുടെയും മനോഭാവം പരിഹരിക്കുന്നതിന് വലിയതും കൂടുതൽ ഫലപ്രദവുമായ ഇടപെടൽ ആവശ്യമാണ്.

കാരണം, വിയോജിപ്പിന്റെ ശബ്ദങ്ങൾ അടിച്ചമർത്താൻ അവർ സർക്കാർ നിയോഗിച്ച ഗുണ്ടകളായി പ്രവർത്തിച്ചിട്ടും പോലീസിനെതിരെ വേണ്ട രീതിയിലുള്ള നടപടികൾ എടുക്കാനും ഉത്തരവാദിത്വം ഏറ്റുടുപ്പിക്കാനും പ്രതിരോധിക്കാൻ നമ്മൾക്ക് കഴിഞ്ഞില്ല എന്നത് അവർക്ക് കൂടുതൽ അതിക്രമങ്ങൾ ചെയ്യാൻ പ്രേരണയായി.

അക്രമം ഇപ്പോൾ ഗാന്ധിയുടെ രാജ്യത്തിന്റെ സിരകളിൽ ഒഴുക്കുന്നു. ഗോമാംസം കഴിക്കുന്നവരെയും സിനിമാ ഹാളുകളിൽ ദേശീയഗാനം ആലപിക്കാത്തവരെയും അടിക്കാൻ ഒരുങ്ങുന്ന രാജ്യമായി നമ്മുടെത്. ജയരാജിന്റെയും ബെന്നിക്സിന്റെയും ക്രൂരമായ കൊലപാതകം നമ്മളെ ഞെട്ടിക്കുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ നിയമം കൈയിലെടുക്കാത്ത ഒരു പൊലീസിംഗ് സംവിധാനം നിലവിൽ വരാൻ നമ്മൾ പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട് എന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു അവരുടെ കൊലപാതകം.

വ്യവസ്ഥാപരമായ മാറ്റങ്ങൾ വരുത്തുന്നതുവരെ, ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് പോലീസ് ഉദ്യോഗസ്ഥർ സാമ്രാജ്യത്വ വ്യവസ്ഥയ്ക്ക് നന്നായി അറിയാവുന്ന കാര്യങ്ങൾ ചെയ്യുന്നത് തുടരുകയും ചെയ്യും – അടിച്ചമർത്തുക, കീഴ്പെടുത്തുക , കൊല്ലുക പോലും. കാരണം ഒരു പൊതുജനമെന്ന നിലയിൽ നമ്മൾ പോലീസ് അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ്. അതാണ് പ്രശ്നവും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Via
The Print
Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x