Culture

മലയാളിയുടെ മര്യാദയില്ലാത്ത മൊബൈൽ സംസ്കാരം

ഇന്നലെ ഒരു പ്രമുഖ ആശുപത്രിയുടെ രോഗികൾക്കുള്ള കാത്തിരുപ്പ് സ്ഥലത്ത് കുറച്ച് നേരം ഇരിക്കേണ്ടി വന്നു. ഗുരുതരമായ രോഗികളും അവരുടെ കൂടെ എത്തിയവരുമായി നൂറോളം പേർ കാത്തിരിക്കുന്ന ഒരു സൂപ്പർ സ്പെഷ്യാലിറ്റി സ്ഥലം.

പല രോഗികളും അവശരാണ്, ചിലർ വീൽ ചെയറിലാണ്. ഏറെക്കുറെ നിശബ്ദമായ അന്തരീക്ഷം. സംസാരിക്കുന്നവർ തന്നെ അടക്കിപ്പിടിച്ചാണ് വർത്തമാനം പറയുന്നത്.

രോഗിയുടെ പേരു വിളിക്കുന്നതും കാത്തിരിക്കുകയാണവർ. അപ്രതീക്ഷിതമായി രോഗം ഏൽപ്പിച്ച ആഘാതം അവരുടെ മുഖങ്ങളിൽ കാണാം. ചിലർ മൊബൈൽ ഫോണിൽ നോക്കി തല കുമ്പിട്ടിരിക്കുന്നു, ചിലർ പുസ്തകം വായിക്കുന്നു.

ഇതിനിടയിൽ ഞാൻ ഇരുന്ന കസേരക്ക് ഒരു കസേര അപ്പുറത്ത് നന്നായി വസ്ത്രധാരണം ചെയ്ത ഒരു മധ്യവയസ്കൻ വന്നിരുന്നു. അധികം താമസിയാതെ അയാൾ മൊബൈൽ ഫോൺ ഓൺ ചെയ്ത് ഒരു പാസ്റ്ററുടെ പ്രസംഗം സ്പീക്കറിൽ ഇട്ട് ഉച്ചത്തിൽ കേൾക്കുവാൻ തുടങ്ങി.

അവിടെ ഇരിക്കുന്ന എല്ലാവരെയും കേൾപ്പിച്ചേ, മാനസാന്തരപ്പെടുത്തിയേ, അടങ്ങൂ എന്ന വാശി പോലെ പാസ്റ്ററുടെ അലർച്ച ഹാളിൽ നിറഞ്ഞു. ശബ്ദ ശല്യം സഹിക്കാതെ അടുത്തിരുന്ന രണ്ട് പേർ മിണ്ടാതെ എഴുന്നേറ്റു പോയി. മറ്റുള്ളവരുടെ മുഖത്ത് അസ്വസ്ഥതയും നിസ്സഹായതയും.

ഇത് കേൾക്കാൻ വയ്യാതെ പിറകിൽ ഇരുന്ന ഒരാൾ ഏതോ തറ കോമഡി മൊബൈലിൽ (സ്പീക്കറിൽ ) ഓൺ ചെയ്തു. ഇടക്കിടെ ഉച്ചത്തിലുളള ചിരിയും കൈയ്യടിയും.

ഇതിനിടയിൽ ഒരു രോഗിയോടൊപ്പം സഹായത്തിന് എത്തിയ ഒരു സ്ത്രീയ്ക്ക് ഒരു ഫോൺ വന്നു. ഫോണിൽ പറയാതെ തന്നെ ദൂരെ ഇരിക്കുന്നയാൾ കേൾക്കണം എന്ന വാശിയിലാണവർ..! അത്ര ഉച്ചത്തിൽ കത്തിക്കേറുകയാണവർ.

മഴയും, മീൻ കിട്ടാനില്ലാത്തതും. ഒക്കെ വിഷയമാണ്…!

ചുരുക്കത്തിൽ ആകെ ബഹളം..!

രോഗിയുടെ പേര് വിളിക്കുന്നത് പോലും കേൾക്കാനാവുന്നില്ല.

ഒടുവിൽ ഞാൻ എഴുന്നേറ്റ് ചെന്ന് പ്രസംഗം സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ചങ്ങാതിയുടെ ചെവിയിൽ ചില കാര്യങ്ങൾ പറഞ്ഞു. അയാൾ എന്നെയൊന്ന് പകച്ച് നോക്കി. പിന്നെ, ഫോൺ ഓഫ് ചെയ്ത് പുറത്തേക്ക് പോയി..!

ഇതു കണ്ട കോമഡിക്കാരൻ അപ്പോഴേക്കും മൊബൈൽ ഓഫ് ചെയ്തിരുന്നു..! ഭാഗ്യത്തിന് മീൻ കിട്ടാത്ത സങ്കടം പങ്കുവച്ചവരും പെട്ടെന്ന് തന്നെ “പിന്നെ വിളിക്കാം” എന്ന് പറഞ്ഞു ഫോൺ വെച്ചു..!

വാൽക്കഷണം:

* പൊതു സ്ഥലത്ത് മൊബൈലിൽ പ്രോഗ്രാം കാണുകയോ കേൾക്കുകയോ ചെയ്യണമെങ്കിൽ ഇയർ ഫോൺ ഉപയോഗിക്കുക.

* പൊതു സ്ഥലത്ത് മൊബൈലിൽ സംസാരിക്കുന്നമെങ്കിൽ വിളിച്ചു കൂവരുത്. ഒന്നുകിൽ ഒരു ഒഴിഞ്ഞ കോണിലേക്ക് മാറി പതിയെ സംസാരിക്കുക. അല്ലെങ്കിൽ പിന്നീട് സംസാരിക്കാം എന്ന് പറയുക.

*പാശ്ചാത്യ രാജ്യങ്ങളിലാണെങ്കിൽ അപ്പോൾ തന്നെ നാട്ടുകാരോ / ഉദ്യോഗസ്ഥരോ കൈകാര്യം ചെയ്യുന്ന വിഷയമാണിത്. പബ്ലിക്ക് ന്യൂയിസൻസിന് (പൊതു ശല്യം ) കേസും എടുക്കാം.

ഷാർളി ബെഞ്ചമിൻ

2.6 5 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x