Law

എന്താണ് കോടതിയലക്ഷ്യം (Contempt of Court)? | Open Press Explains

കോടതിയലക്ഷ്യ നിയമത്തിന്റെ രണ്ടാം വകുപ്പാണ് കോടതിയലക്ഷ്യത്തെ നിര്‍വചിക്കന്നത്. രണ്ടു തരം കോടതിയലക്ഷ്യമുണ്ട്. ക്രിമിനലും സിവിലും.

കോടതിയലക്ഷ്യം എന്ന ആശയം എങ്ങനെ നിലവിൽ വന്നു?

കോടതിയലക്ഷ്യം എന്ന ആശയം നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഇംഗ്ലണ്ടിൽ, രാജാവിന്റെ നീതിന്യായ അധികാരം സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു പൊതു നിയമ തത്വമായിട്ടാണ്, തുടക്കത്തിൽ തന്നെ രാജാവിനും പിന്നീട് രാജാവിന്റെ പേരിൽ പ്രവർത്തിക്കുന്ന പാനലിനും. ന്യായാധിപന്മാരുടെ ഉത്തരവുകൾ ലംഘിക്കുന്നത് രാജാവിനെ തന്നെ അപമാനിക്കുന്നതായി കണക്കാക്കി. കാലക്രമേണ, ജഡ്ജിമാരോട് ഏതെങ്കിലും തരത്തിലുള്ള അനുസരണക്കേട്, അല്ലെങ്കിൽ അവരുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ തടസ്സം, അല്ലെങ്കിൽ അവരോട് അനാദരവ് കാണിക്കുന്ന അഭിപ്രായങ്ങളും പ്രവർത്തനങ്ങളും ശിക്ഷാർഹമായിട്ട് കണക്കാക്കാൻ തുടങ്ങി.

കോടതിയലക്ഷ്യത്തിന്റെ അടിസ്ഥാനം ?

സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ഈ നിയമങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. ആദ്യകാല ഹൈക്കോടതികൾ കൂടാതെ, ചില നാട്ടുരാജ്യങ്ങളിലെ കോടതികൾക്കും അത്തരം നിയമങ്ങളുണ്ടായിരുന്നു. ഭരണഘടന അംഗീകരിച്ചപ്പോൾ, കോടതിയെ അവഹേളിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങളിലൊന്നായി മാറി. ഭരണഘടനയുടെ ആർട്ടിക്കിൾ 129, തന്നെ അവഹേളിക്കുന്നതിനെ ശിക്ഷിക്കാനുള്ള അധികാരം സുപ്രീം കോടതിക്ക് നൽകി. ആർട്ടിക്കിൾ 215 ഹൈക്കോടതികൾക്ക് അനുബന്ധമായ അധികാരം നൽകി. The Contempt of Courts Act, 1971, ഈ ആശയത്തിന് നിയമപരമായ പിന്തുണ നൽകുന്നു.

കോടതിയലക്ഷ്യ നിയമം

കോടതിയലക്ഷ്യ നിയമം 1971 ആണ് ഇന്ത്യയിൽ കോടതി അലക്ഷ്യ നടപടികളെ സംബന്ധിച്ച നിയമം. ഇതു പ്രകാരം കോടതി അലക്ഷ്യത്തെ സിവിൽ കോടതിയലക്ഷ്യമെന്നും ക്രിമിനൽ കോടതിയലക്ഷ്യമെന്നും തിരിച്ചിരിക്കുന്നു. ഈ നിയമപ്രകാരം ഒരാൾ കോടതി അലക്ഷ്യം നടത്തിയെന്ന് തെളിയിക്കപ്പെട്ടാൽ, അയാളെ ആറുമാസം വരെ തടവിനും പരമാവധി 2000 രൂപവരെ പിഴയും ചുമത്താവുന്നതാണ്. തന്റെ പ്രവൃത്തിയിൽ ഉത്തമബോധ്യത്തോടെ ക്ഷമ പറയുന്ന പക്ഷം അയാളെ കുറ്റവിമുക്തനാക്കുവാനും ഈ നിയമം കോടതികൾക്ക് അധികാരം നൽകുന്നു. സിവിൽ കോടതിയലക്ഷ്യം ചെയ്തുവെന്ന് ബോധ്യപ്പെട്ടാൽ ഈ ശിക്ഷകൾക്കുപുറമേ ആറുമാസത്തിൽ കുറയാത്ത കാലത്തേക്ക് അയാളെ സിവിൽ ജയിലിൽ അയയ്ക്കുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

സിവിൽ കോടതിയലക്ഷ്യം

കോടതി വിധികളോടുള്ള അനാദരവോ അനുസരണയില്ലായ്മയോ ആണ് ഈ വിഭാഗത്തിൽ വരുന്നത്. കോടതി ഉത്തരവുകള്‍ ബോധപൂര്‍വം അനുസരിക്കാതിരിക്കുകയോ കോടതി മുമ്പാകെ സമര്‍പ്പിച്ച പ്രതിജ്ഞ ബോധപൂര്‍വം ലംഘിക്കുകയോ ചെയ്യുന്നതും സിവില്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ പെടും.

ക്രിമിനൽ കോടതിയലക്ഷ്യം

ക്രിമിനല്‍ കോടതിയലക്ഷ്യം കുറേക്കൂടി വിസ്തൃതമാണ്. കോടതിയെയോ, ജഡ്ജ് മാരെ വ്യക്തിപരമായോ അപമാനിക്കുകയൊ, അനാദരവ് പ്രകടിപ്പിക്കുകയോ ചെയ്യുന്നത് ഈ വിഭാഗത്തിൽ പെടുന്നു. മൂന്നു തരത്തിലുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ അതുപോലുള്ള മറ്റു പ്രവൃത്തികള്‍ ചെയ്യുകയോ ചെയ്താല്‍ ക്രിമിനല്‍ കോടതിയലക്ഷ്യമാകും. ആ മുന്നു കാര്യങ്ങള്‍:

1. കോടതിയെ അപകീര്‍ത്തിക്കപ്പെടുത്തുകയോ (Scandalising the court) അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുക, അല്ലെങ്കില്‍ കോടതിയുടെ ആധികാരികതയെ തരംതാഴ്ത്തുകയോ തരംതാഴ്ത്താന്‍ ശ്രമിക്കുകയോ ചെയ്യുക,

2. കോടതി നടപടികളെ എതിര്‍ക്കുകയോ അതില്‍ ഇടപെടുകയോ അല്ലെങ്കില്‍ അതിനു ശ്രമിക്കുകയോ ചെയ്യുക

3. നീതി നടപ്പാക്കുന്നതില്‍ മറ്റ് ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ശ്രമിക്കുകയോ ചെയ്യുക, തടസ്സപ്പെടുത്തുകയോ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുക.

ഈ മുന്നു കാര്യങ്ങള്‍ക്കിടയാക്കുന്ന വല്ലതും പ്രസിദ്ധീകരിക്കുന്നത് ക്രിമിനല്‍ കോടതിയലക്ഷ്യമാകും. അത് എഴുതിയാലും പറഞ്ഞാലും കുറ്റമാണ്.

കോടതിയോ, നിയമ നിർമ്മാണസഭയോ പോലുള്ള പൊതു അധികാരസ്ഥാനങ്ങളുടെ പദവിയേയോ, അധികാരത്തെയോ, വിശ്വാസ്യതയേയോ ഇടിച്ചുതാഴ്ത്തുന്ന തരത്തിലോ, അവയുടെ ഉത്തരവുകളയോ, നടപടികളെയോ, നിയമങ്ങളേയോ ബോധപൂർവ്വം ലംഘിക്കുന്ന തരത്തിലോ ആരെങ്കിലും പെരുമാറുന്നതിനെ കോടതി അലക്ഷ്യമായി കണക്കാക്കുന്നു. ഇത് കോടതി വിധികൾ അനുസരിക്കാതിരിക്കലോ, കോടതിയെത്തന്നെ എതിർക്കലോ ആകാം.

Read Also: ദയ യാചിക്കുന്നില്ല, മാപ്പ് പറയുന്നുമില്ല, എന്ത് ശിക്ഷയാണോ അത് സ്വീകരിക്കാൻ തയ്യാറാണ്; പ്രശാന്ത് ഭൂഷൺ.

കോടതി ഉത്തരവുകളെ ലംഘിക്കുകയോ, ഉത്തരവുകളെ മാനിക്കാതിരിക്കുകയോ, തെളിവ് സംബന്ധമായ രേഖകളിൽ കൃത്രിമം കാട്ടുകയോ, കോടതിനടപടികളെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുന്നു. കോടതിയെ അധിക്ഷേപിക്കുന്നതോ, അപഹസിക്കുന്നതോ, അധികാരത്തെ ചോദ്യം ചെയ്യുന്നതോ ആയ വ്യക്തികളുടെയോ, സ്ഥാപനങ്ങളുടെയോ വാക്ക്, പെരുമാറ്റം, പ്രയോഗം, എഴുത്ത് തുടങ്ങിയവ കോടതി അലക്ഷ്യമായി കണക്കാക്കാം.

കോടതിതിരായതോ, വിചാരണാ നടപടിക്കെതിരായതോ ആയ ഇത്തരം പെരുമാറ്റങ്ങൾ, സമൂഹമദ്ധ്യത്തിൽ കോടതിയെ താഴ്ത്തിക്കെട്ടുന്നതും നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നതും നീതിനിഷേധത്തിനിടയാക്കുന്നതുമാണ് എന്ന വാദത്തിൽ നിന്നാണ് കോടതിയലക്ഷ്യം എന്ന നിയമ സങ്കല്പം ഉരുത്തിരിഞ്ഞിട്ടുള്ളത്.

നീതിനിർവ്വഹണത്തിനായുള്ള കോടതികളുടെ അധികാരവും ശക്തിയും ഉറപ്പുവരുത്താൻ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാനും കോടതിയലക്ഷ്യം കാട്ടുന്നവരെ ശിക്ഷിക്കാനും ഉള്ള അധികാരം ന്യായാധിപന്മാർക്ക് ഉണ്ടാവണം എന്നാണ് നിയമം അനുശാസിക്കുന്നത്.

2017ൽ പ്രസിദ്ധീകരിച്ച ഒരു കണക്കു പ്രകാരം രാജ്യത്തെ ഹൈക്കോടതികളില്‍ 568 ക്രിമിനല്‍ കോടതിയലക്ഷ്യ കേസുകളും 96,310 സിവില്‍ കോടതിയലക്ഷ്യ കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. ഒറീസയിലാണ് ഏറ്റവും കുടുതല്‍ ക്രിമിനല്‍ കോടതിയലക്ഷ്യ കേസുകളുള്ളത് -104. സിവില്‍ കോടതിയലക്ഷ്യ കേസുകളുള്ളത് അലഹാബാദ് ഹൈക്കോടതിയിലും -25,370. സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 683 സിവില്‍ കോടതിയലക്ഷ്യ കേസുകളും 15 ക്രിമിനല്‍ കോടതിയലക്ഷ്യ കേസുകളുമാണ്.

കോടതി അലക്ഷ്യം വിവിധ രാജ്യങ്ങളിൽ

2013ല്‍ ഇംഗ്ലണ്ടില്‍ കോടതിയലക്ഷ്യ നിമയത്തില്‍ മാറ്റം വരുത്തി, കോടതികളെ അപകീര്‍ത്തിപ്പെടുത്തുന്ന വകുപ്പ് എടുത്തു കളഞ്ഞിട്ടുണ്ട്. കോടതികളെ അപകീര്‍ത്തിപ്പെടുത്തുന്നത് അവിടെ ഇപ്പോള്‍ കോടതിയലക്ഷ്യമല്ല. ഇംഗ്ലണ്ടിലും വെയില്‍സിലും വളരെ മുമ്പേ തന്നെ, അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരായ നിയമം ഉപയോഗശൂന്യമായിപ്പോയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (1931) രണ്ടു കേസുകള്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയത്. കാലങ്ങളായി ഉപയോഗിക്കപ്പെടാത്ത ഒരു നിയമം, ആ കാരണം കൊണ്ടു തന്നെ ഇംഗ്ലണ്ടില്‍ അപ്രസക്തമായിരുന്നു.

പാകിസ്താനിൽ 2013ല്‍ കോടതിയലക്ഷ്യ നിയമം ഭേദഗതി ചെയ്തു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും കോടതിയെ വിമര്‍ശിക്കാമെന്നു വ്യവസ്ഥ വെച്ചു. മാത്രമല്ല, കോടതിയെ അപകീര്‍ത്തിപ്പെടത്തല്‍ എന്ന വാചകം മാറ്റി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തല്‍ (Scandalising Judge) എന്നുമാക്കി. അതായത് ഇഷ്ടമില്ലാത്ത വിധി പറയുന്ന ജഡ്ജിയെ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമര്‍ശിക്കാം. പാകിസ്ഥാന്‍ സുപ്രിം കോടതി പക്ഷേ, ഈ ഭേഗതി ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞു റദ്ദാക്കി (Baz Muhammed Kakake V. Federation of Pakistan). കാരണം പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 204 ക്ലോസ് രണ്ട് പ്രകാരം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നവരെ ശിക്ഷിക്കാന്‍ കോടതിക്ക് അധികാരമുണ്ട്.

കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരാത്ത കാര്യങ്ങൾ

ജുഡീഷ്യൽ നടപടികളുടെ ന്യായവും കൃത്യവുമായ റിപ്പോർട്ടിംഗ് കോടതിയെ അവഹേളിക്കുന്നതിനു തുല്യമല്ല. തീർപ്പാക്കിയ ഒരു ജുഡീഷ്യൽ ഉത്തരവിന്റെ ഉള്ളടക്കത്തെക്കുറിച്ച് ന്യായമായ വിമർശനങ്ങളും കോടതിയലക്ഷ്യമല്ല. 2006-ൽ ഈ നിയമത്തിൽ വരുത്തിയ ഭേദഗതിയിലൂടെ പൊതുതാൽപര്യത്തിനുവേണ്ടിയുള്ള യാഥാർത്യങ്ങൾ കോടതിയലക്ഷ്യത്തിൽ നിന്ന് സാധുവായ ഒരു പ്രതിരോധമാക്കി.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
നിഷ്പക്ക്ഷ് കുമാർ
3 years ago

വളരെ ഉപകാരപ്രദമായ പോസ്റ്റ്
Expecting such more articles

മാധവൻ

അതേ ??

Back to top button
2
0
Would love your thoughts, please comment.x
()
x