India

ശിരോമണി അകാലി ദൾ എൻഡിഎ വിട്ടു

ചണ്ഡിഗഡ്: ഇരുപത്തിമൂന്നു വർഷക്കാലമായി എൻഡിഎയുടെ ഭാഗമായിരുന്ന ശിരോമണി അകാലി ദൾ മുന്നണി വിട്ടു. കേന്ദ്ര സർക്കാർ പാർലമെന്‍റിൽ പാസാക്കിയ  കാർഷിക ബില്ലുകൾ ജനവിരുദ്ധമെന്ന് ആരോപിച്ചാണ് ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിൽ ഉൾപ്പെട്ട ഇവർ ബന്ധം വിടർത്തുന്നത്. നഖവും മാംസവും പോലെ എന്ന് നേരത്തേ മുതിർന്ന അകാലി നേതാവ് പ്രകാശ് സിങ് ബാദൽ വിശേഷിപ്പിച്ചിരുന്ന സൗഹൃദമാണു മുറിയുന്നത്. സമീപവർഷങ്ങളിലായി ബിജെപിയെ ഉപേക്ഷിക്കുന്ന മൂന്നാമത്തെ പ്രധാന സഖ്യകക്ഷിയാണ് അകാലി ദൾ. 

പാർട്ടി കോർ കമ്മിറ്റിയുടെ മൂന്നു മണിക്കൂറിലേറെ നീണ്ട മാരത്തൺ യോഗത്തിനു ശേഷം ശനിയാഴ്ച രാത്രിയാണ് എൻഡിഎ വിടുകയാണെന്ന് അകാലി ദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പ്രഖ്യാപിച്ചത്. പഞ്ചാബിൽ കർഷക പ്രക്ഷോഭം ശക്തമായിരിക്കെയാണ് ഈ തീരുമാനം. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് ബാദലിന്‍റെ ഭാര്യയും പാർട്ടി നേതാവുമായ ഹർസിമ്രത് കൗർ ബാദൽ നേരത്തേ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. മോദി മന്ത്രിസഭയിലെ ഏക അകാലി ദൾ മന്ത്രിയായിരുന്നു കൗർ. പഞ്ചാബിലെ കാർഷിക മേഖലയെ തകർക്കുന്നതാണ് കേന്ദ്രത്തിന്‍റെ ബില്ലുകളെന്നാണ് മറ്റു പ്രതിപക്ഷ പാർട്ടികൾക്കൊപ്പം അകാലി ദളും ആരോപിക്കുന്നത്.

ബിജെപിയുടെ ഏറ്റവും പഴ‍യ സഖ്യകക്ഷിയായ തങ്ങൾ പറയുന്നതു കേൾക്കാതെയാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് സുഖ്ബീർ സിങ് ബാദൽ ആരോപിച്ചു. കർഷകരുടെ വികാരം ബിജെപി കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം. ജമ്മു കശ്മീർ ഔദ്യോഗിക ഭാഷാ ബില്ലിൽ പഞ്ചാബി കൂടി ഉൾപ്പെടുത്താൻ ഞങ്ങൾ ആവശ്യപ്പെട്ടു. അതും സർക്കാർ അംഗീകരിച്ചില്ല- അദ്ദേഹം പറഞ്ഞു.

അകാലി ദൾ തീരുമാനം തിടുക്കത്തിലായെന്ന് ബിജെപി സീനിയർ നേതാവ് മദൻ മോഹൻ മിത്തൽ പ്രതികരിച്ചു. രാഷ്ട്രീയ സമ്മർദം കൊണ്ടു മാത്രം എടുത്ത തീരുമാനമാണിതെന്ന് കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ് പറഞ്ഞു. ബില്ലിനെ ന്യായീകരിച്ച് കഴിഞ്ഞ മാസങ്ങളിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയതാണ് അകാലി ദൾ. കർഷക പ്രക്ഷോഭം ശക്തമായപ്പോൾ ബാദൽ കുടുംബത്തിനു നിൽക്കക്കള്ളിയില്ലാതാവുകയായിരുന്നു- മുഖ്യമന്ത്രി ആരോപിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും വിജയമാണിതെന്ന് കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

2018 മാർച്ചിൽ ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കു ദേശം പാർട്ടി ബിജെപി ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎ വിട്ടിരുന്നു. കഴിഞ്ഞ നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി ബന്ധം അവസാനിപ്പിച്ച ശിവസേന എന്‍സിപിയോടും കോൺഗ്രസിനോടും ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കിയിരിക്കുകയാണ്. ലോക്സഭയിൽ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ളതിനാൽ സഖ്യകക്ഷികൾ വിട്ടുപോകുന്നത് കേന്ദ്ര സർക്കാരിനെ ബാധിക്കില്ല.

Content Highlight: Shiromani Akali dal quit NDA

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x