KeralaPolitical

ലീഗിന് ഇത്തവണ വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാവുമോ ?

പ്രതികരണം/ബഷീർ വള്ളിക്കുന്ന്

മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ ഇത്തവണയും വനിതകളുണ്ടാവാൻ സാധ്യതയില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

ആ വാർത്തകൾ ശരിയാണെങ്കിൽ വളരെ ഖേദകരം എന്ന് മാത്രമേ പറയാനുള്ളൂ. രണ്ടര പതിറ്റാണ്ട് മുമ്പ് ഖമറുന്നിസ അൻവറിനെ കോഴിക്കോട്ട് നിന്ന് മത്സരിപ്പിച്ച ലീഗ് അതിനു ശേഷം ഒരൊറ്റ വനിതക്കും നിയമസഭയിലേക്ക് മത്സരിക്കാനുള്ള അവസരം നൽകിയിട്ടില്ല.

ഇത്തവണ ലീഗിന്റെ ഒന്നോ രണ്ടോ വനിതാ പ്രതിനിധികൾ നിയമസഭയിലുണ്ടാകുമെന്ന് പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പല പേരുകളും ഉയർന്നു വന്നിരുന്നു.

പക്ഷേ സമസ്ത ഇടഞ്ഞെന്നാണ് വാർത്തകൾ. അവർ താക്കീത് ചെയ്തത്രേ.. വനിതകൾ പാടില്ല എന്ന്.. അവർ പൊതുരംഗത്ത് ഉണ്ടാകരുത് എന്ന്..

അപ്പോൾ പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും മുസ്‌ലിം വനിതകൾ മത്സരിച്ചതോ?.. അത് പൊതുരംഗമല്ലേ?..

അവിടെ സമസ്തയുടെ ഇസ്‌ലാം ഉണ്ടായിരുന്നില്ലേ?. പഞ്ചായത്തിന് ഒരു നിയമവും നിയമസഭക്ക് വേറൊരു നിയമവുമാണോ സമസ്തയുടെ ഇസ്‌ലാമിൽ.

ഇത്തരം അസംബന്ധ തിട്ടൂരങ്ങൾക്ക് ഒരു ജനാധിപത്യ മതേതര രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു പാർട്ടി വഴങ്ങിക്കൊടുക്കുക എന്ന് വെച്ചാൽ സ്വന്തം സമുദായത്തിലെ പാതിയിലധികം വരുന്ന ഒരു വിഭാഗത്തിന്റെ അസ്തിത്വം തന്നെ നിഷേധിക്കുക എന്നാണർത്ഥം.

സമുദായം ഒരുപാട് മാറിക്കഴിഞ്ഞു എന്ന് സമസ്തയും ലീഗും മനസ്സിലാക്കണം. പെൺകുട്ടികൾക്ക് ഭൗതിക വിദ്യഭ്യാസം പാടില്ലെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നുമൊക്കെ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.

അവിടെ നിന്നൊക്കെ മുസ്‌ലിം സമൂഹത്തിലെ പെൺകുട്ടികൾ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. ഇന്ന് അവർ എത്തിപ്പിടിക്കാത്ത മേഖലകളില്ല, അവർ ചെന്നെത്താത്ത കലാശാലകളില്ല, ശാസ്ത്ര രംഗമില്ല, എല്ലായിടത്തും മുസ്‌ലിം വനിതകളുടെ പ്രതിനിധ്യമുണ്ട്.

എന്തിനധികം മുസ്ലിം രാജ്യങ്ങളിലെ പാർലിമെന്റുകളിൽ പോലും വനിതകളുടെ പ്രാതിനിധ്യം ഇന്ന് വളരെക്കൂടുതലാണ്. സൗദി അറേബ്യയിലെ അസ്സംബ്ലിയായ ശൂറ കൗൺസിലിൽ നൂറ്റമ്പത് മെമ്പർമാരുണ്ട്, അതിൽ മുപ്പത് പേര് വനിതകളാണ്. അതായത് ഇരുപത് ശതമാനം.

നാസയുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യ രേഖയിൽ – NASA’s Artemis Accords – ഒപ്പ് വെക്കുന്ന സാറ അൽ അമീരി

പല രാജ്യങ്ങളിലെയും പാർലിമെന്റുകളിലെ വനിതാ പ്രതിനിധ്യത്തേക്കാൾ കൂടുതലാണ് ഇത് എന്നോർക്കുക.

അറബ് ശാസ്ത്രരംഗത്ത് ആവേശം വിതറിയ യുഎഇയുടെ ചൊവ്വാ ദൗത്യത്തിന് നേതൃത്വം നൽകിയത് മുപ്പത്തിനാല് വയസ്സുള്ള ഒരു വനിതയാണ്. സാറ അൽ അമീരി. അവർ തന്നെയാണ് യു.എ.ഇയുടെ അഡ്വാൻസഡ് ടെക്‌നോളജി വകുപ്പിന്റെ മന്ത്രിയും.

ഭൂമിയിലെ പൊതുരംഗത്ത് മാത്രമല്ല, ആകാശത്തെ ‘പൊതുരംഗത്തും’ മുസ്‌ലിം വനിതകൾ തിളങ്ങുകയാണ് എന്നർത്ഥം. അങ്ങനെയൊരു കാലത്തിരുന്നു കൊണ്ടാണ് കേരളത്തിലെ നിയമസഭയിൽ ഒരൊറ്റ മുസ്‌ലിം വനിതയും ഉണ്ടാകരുതെന്ന് സമസ്തയും ലീഗും തീരുമാനിക്കുന്നതെങ്കിൽ കൂടുതലൊന്നും പറയാനില്ല.

പക്ഷേ ഒരു കാര്യം ഓർക്കുക, നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ സമുദായം മുന്നോട്ടാണ് പോകുന്നത്. പിറകോട്ടല്ല, അതിനെ പിടിച്ചു കെട്ടാൻ ഒരു സമസ്തക്കും ഒരു ലീഗിനും കഴിയില്ല.

ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളിൽ കൂടി സീറ്റ് കൊടുക്കാതിരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. പക്ഷേ നിങ്ങളേയും നിങ്ങളുടെ പാർട്ടിയെയും തട്ടിമാറ്റിക്കൊണ്ട് ഈ സമുദായവും ഈ സമുദായത്തിലെ സ്ത്രീകളും മുന്നോട്ട് പോകും.

സ്ത്രീകളോടും അവരുടെ മുന്നേറ്റങ്ങളോടുമൊപ്പം നിന്നാൽ നിങ്ങളോടൊപ്പം അവരുമുണ്ടാകും. അതല്ല എങ്കിൽ അവർ മുന്നോട്ടു തന്നെ പോകും, നിങ്ങൾ തിരശ്ശീലയ്ക്ക് പിറകിലേക്കും, അത് മറക്കണ്ട.

3 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
നിഷ്പക്ക്ഷ് കുമാർ
3 years ago

അദ്ധമായ ഇടത് പക്ഷ വിധേയത്തിനപ്പുറം ചില ലീഗ് സീറ്റുകൾ നാഷണൽ ലീഗ് ഇടത് പക്ഷത്ത് നിന്ന് ചോദിച്ച് വാങ്ങുകയും നല്ല പൊതു സമ്മതിയുള്ള വനിത സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്താൽ .തെരഞ്ഞടുപ്പ് ഗോദ്ധയിൽ ചിത്രം മാറും

ജനങ്ങൾ ഒരവസരത്തിന് കാത്തിരിക്കുകയാണ്

കോഴിക്കോട് സൗത്ത് മണ്ഡലം അത്തരത്തിൽ ഒന്നാണ്

Back to top button
1
0
Would love your thoughts, please comment.x
()
x