BusinessFeature

‘ആത്മ നിർഭർ ഭാരത് ’: പൊട്ടിതകർന്ന ഇന്ത്യൻ ബാങ്കിങ് മേഖല

പ്രതികരണം/ പ്രമോദ് പുഴങ്കര

അങ്ങനെ മറ്റൊരു ബാങ്ക് കൂടി വീരചരമം പ്രാപിക്കുകയാണ്. ഇത്തവണ ലക്ഷ്മി വിലാസ് ബാങ്കാണ് വിട പറയുന്നത്. റിസർവ് ബാങ്ക് 25000 രൂപയുടെ ഇടപാട് പരിധി ഇന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബാങ്കിനെ DBL ബാങ്കുമായി ലയിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിൽ ബാങ്കുകളുടെ ഹരാകിരിയാണ് നടക്കുന്നത്.

പൊതുവിപണിയിലെ പണം ഊറ്റിയെടുത്തുകൊണ്ട് കുത്തകകൾക്ക് കൈമാറുകയും അവരത് തിരിച്ചടയ്ക്കാതെ പോകുമ്പോൾ വീണ്ടും സർക്കാർ bail out പ്രഖ്യാപിച്ച് capital infusion നടത്തി പിന്നെയും കുത്തകകൾക്കായി അവരെ കൊഴുപ്പിക്കുകയും ചെയ്യുന്ന പതിവേർപ്പാട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് താങ്ങാനാകാത്ത നിലയിലെത്തിയിരിക്കുന്നു.

Non Performing Asset (NPA) കുമിഞ്ഞുകൂടിയ ബാങ്കുകൾ പ്രാഥമികമായ ബാങ്കിംഗ് മാനദണ്ഡങ്ങൾ വെച്ച് നോക്കിയാൽപ്പോലും പിടിച്ചാൽ കിട്ടാത്ത നിലയിലാണ്. IL &FS, PMC, Yes Bank എന്നിവയെല്ലാം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പൊളിഞ്ഞ് പാപ്പരായതാണ്.

സാധാരണ നിക്ഷേപകരാകാട്ടെ ബാങ്ക് എന്ന സാമ്പ്രദായിക സങ്കൽപ്പത്തിന്റെ അലിഞ്ഞുപോക്ക് കണ്ട് അന്തംവിട്ടു നിൽക്കുകയാണ്. നീരവ് മോഡി ഏതാണ്ട് 1.8 ബില്യൺ ഡോളർ പറ്റിച്ചാണ് നാടുവിട്ടത്. പഞ്ചാബ് നാഷണൽ ബാങ്ക് അതോടെ വഴിയിൽ കുഴഞ്ഞുവീണു.

മഹാരാഷ്ട്രയിലുള്ള PMC എന്ന സഹകരണ ബാങ്കിന്റെ തകർച്ചയായിരുന്നു പിന്നാലെ വന്നത്. സാമ്പത്തിക തട്ടിപ്പിലേക്ക് നീങ്ങിക്കൊണ്ടിരുന്ന HDIL (Housing Development and Infrastructure Limited ) എന്ന കമ്പനിക്ക് 616.5 ദശലക്ഷം ഡോളർ വരുന്ന തുകയാണ് വായ്പ നൽകിയത്. കൊടുക്കുമ്പോഴും കിട്ടില്ല എന്നറിയുന്ന തട്ടിപ്പായതുകൊണ്ട് PMC കള്ളക്കണക്കുണ്ടാക്കി ഇതൊക്കെ മറച്ചുവെക്കാനാണ് ശ്രമിച്ചത്. രക്ഷ കിട്ടിയില്ല. സാധാരണക്കാരായ ആയിരക്കണക്കിന് നിക്ഷേപകരുടെ ജീവിത സമ്പാദ്യം വെള്ളത്തിലാക്കി ബാങ്ക് പൊളിഞ്ഞു.

Yes Bank-ന്റെ കഥയാകട്ടെ രാഷ്ട്രീയ-കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ കൊള്ളയ്ക്ക് ഉത്തമ ഉദാഹരണമാണ്. 2003-ൽ വാജ്‌പേയ് ഭരണകാലത്ത് റാണ കപൂറും അശോക് കപൂറും ചേർന്ന് തുടങ്ങിയ ബാങ്ക് രാഷ്ട്രീയ സഹായത്തിന്റെ കൂടി ബലത്തിൽ പെട്ടന്ന് വളർന്നു. പക്ഷെ നാട് നന്നാക്കാനല്ല സ്വകാര്യ ബാങ്ക് തുടങ്ങുന്നതെന്ന ആപ്തവാക്യം ഓർമ്മയുള്ളതുകൊണ്ട് Bad loan-കിട്ടാക്കടം – എന്ന ആചാരത്തിലേക് അതിവേഗം തിരിഞ്ഞു.

യെസ് ബാങ്കിൽ നിന്നും വായ്‍പയെടുത്ത, ബാങ്കിന്റെ തകർച്ച സാധ്യമാക്കിയ വമ്പന്മാരിൽ നരേന്ദ്ര മോദി സർക്കാരിന്റെ റഫേൽ യുദ്ധവിമാന കരാർ പങ്കാളിയും ഇപ്പോഴത്തെ Global Pauper -മായ അനിൽ അംബാനി ഗ്രൂപ്പ്, Dewan Housing Finance Corporation Ltd, ബി ജെ പി എം. പി സുഭാഷ് ചന്ദ്രയുടെ Zee group എന്നിവയുമുണ്ടായിരുന്നു.

ബാങ്ക് പൊളിയാൻ പോകുന്നെന്ന സൂചനകൾ വേണ്ടപ്പെട്ടവർക്കെല്ലാം ഉള്ളിൽ നിന്നും കിട്ടി. രാജ്യത്തെ ഏറ്റവും ധനികനായ ദൈവങ്ങളിൽ മുഖ്യൻ തിരുപ്പതി വെങ്കിടേശ്വരൻ ഒറ്റ രാത്രികൊണ്ട് 176 ദശലക്ഷം ഡോളർ പിൻവലിച്ച് പുലരും മുമ്പ് ദർശനം നൽകാൻ വീണ്ടും ജോലിക്ക് കയറി. ബാങ്ക് പൊളിഞ്ഞു. റിസർവ് ബാങ്ക് ഒരു സമിതിയെ വേറെ വെച്ച് നടത്തിച്ചു. ഇപ്പോൾ ആളും ആരവവുമില്ലാതെ ഓടിച്ചുകൊണ്ടുപോകുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ ലക്ഷ്മി വിലാസം ബാങ്ക് പൊളിയുന്നത്. ഇതും കോർപ്പറേറ്റ് തട്ടിപ്പിന്റെ ഭാഗമാണ്. മരുന്ന് കമ്പനിയായ റാൻബാക്സിയുടെ ഉടമകൾ മൽവീന്ദർ സിങ്ങിനും ശിവേന്ദർ സിങിനും 2016-17-ൽ 720 കോടി രൂപയാണ് ബാങ്ക് വായ്പ കൊടുത്തത്. മൊത്തം കാശും കിട്ടാക്കടമായി. 2020-ൽ 25.4%മാണ് ബാങ്കിന്റെ NPA നിരക്ക്.

ഇന്ത്യയിലെ ബാങ്കുകാരുടെ കിട്ടാക്കട നിരക്ക് അടുത്തുതന്നെ 14.7% ത്തിലെത്താൻ സാധ്യതുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ സാമ്പത്തിക മേഖലയിലെ NPA 11 ലക്ഷം കോടിയിലേറെ രൂപയാണ്. ഇതിൽ 85%-വും ബാങ്കുകളുടെ ഇടപാടുകളിൽ നിന്നാണ്. കാലാകാലങ്ങളായി കോർപ്പറേറ്റുകൾക്ക് കട്ടുമുടിക്കാൻ തുറന്നുകൊടുത്തതാണ് ഇതിന്റെ പ്രധാന കാരണം.

മറ്റൊരു ഗുരുതരമായ പ്രതിസന്ധികൂടി കോവിഡ് കാലത്തിനപ്പുറം banking മേഖലയെ കാത്തിരിക്കുന്നുണ്ട്. Non Banking Financial Company-കൾക്ക് ഭീമമായ തുകയാണ് ബാങ്കുകൾ നൽകിയിരിക്കുന്നത്. നോട്ടു നിരോധനത്തിന് ശേഷം തകർന്നു തരിപ്പണമായ സമ്പദ് വ്യവസ്ഥയിലേക്ക് പണം കൊടുക്കാനുള്ള ഒരു വഴിയായാണ് NBFC-കളിലേക്കുള്ള വായ്പ കൂട്ടിയതും.

2020 മെയ് മാസത്തിൽ 8.4 trillion രൂപയുടെ വായ്പയാണ് NBFC -കളുടെ കയ്യിലുള്ളത്. ഇതിൽ 52%-ത്തിനും ഇപ്പോൾ തിരിച്ചടവ് moratorium പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. Moratorium കാലാവധി കഴിയുമ്പോൾ ഇതിൽ ചെറിയൊരു ശതമാനം തിരിച്ചടവില്ലാതെ കിട്ടാക്കടമായിപ്പോയാൽ ബാങ്കുകളുടെ NPA ഇനിയും കുത്തനെ കൂടും. ഇപ്പോൾത്തന്നെ തകർച്ചയുടെ വക്കിലെത്തിയ ബാങ്കുകൾക്ക് അത് താങ്ങാനാകില്ല.

കോവിഡ് കാലത്തിനു ഏറെ മുമ്പ് തന്നെ സാമ്പത്തിക മാന്ദ്യം പറഞ്ഞറിയിക്കേണ്ടതില്ലാത്ത ഒരു ദൈനംദിന യാഥാർത്ഥ്യമായി കഴിഞ്ഞ ഈ കാലത്തിനു ശേഷം വായ്പാ തിരിച്ചടവുകളിൽ എന്തെങ്കിലും പുരോഗതിയുണ്ടാകാൻ ഒരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ NBFC കളുടെ സാമ്പത്തിക പ്രതിസന്ധി നേരിട്ട് ബാധിക്കാൻ പോകുന്നത് ബാങ്കുകളെയാണ്.

ഈ തട്ടിപ്പുകളൊക്കെ രാഷ്ട്രീയ നേതൃത്വം അറിയാതെയാണെന്ന് ധരിക്കരുത്. യെസ് Bank ഇടപാടുകൾക്ക് റിസർവ് ബാങ്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുകയും നിക്ഷേപകർ പരിഭ്രാന്തരായി ബാങ്കിലേക്ക് പായുകയും ചെയ്യുമ്പോൾ അതിന്റെ അടുത്ത ദിവസം Yes Bank sponsor ചെയ്ത ഒരു Economic Summit -ൽ തന്റെ പതിവ് നാടകവും പ്രസംഗവുമായി അരങ്ങു കൊഴുപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി.

സമാനമായ വൻ തട്ടിപ്പാണ് ICICI ബാങ്ക് മേധാവി ചന്ദ കൊച്ചാർ നടത്തിയത്. അതായത്, ചന്ദ കൊച്ചാർ വീഡിയോകോൺ മുതലാളിക്ക് താൻ മേധാവിയായ ബാങ്കിൽ നിന്നും നൂറുകണക്കിന് കോടി രൂപ വായ്പ കൊടുക്കുന്നു. വീഡിയോകോൺ മുതലാളി വേണുഗോപാൽ ധൂത് അതിൽ നിന്നും വലിയൊരു തുക ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ Shell company കളുടെ ഓഹരി വാങ്ങി സ്വയം മുടിയുന്നതായി അഭിനയിക്കുന്നു.

ധൂതിന്റെ പണം അങ്ങനെ നഷ്ടത്തിലായാതായി കാണിക്കുന്നു. നഷ്ടത്തിലായ ധൂത് ബാങ്കിനുള്ള വായ്പ തിരിച്ചടക്കുന്നില്ല. ബാങ്ക് അത് കിട്ടാക്കടമായി എഴുത്തിത്തള്ളുന്നു. വായ്പയെടുത്ത കാശ് വീഡിയോകോൺ മുതലാളിയും കൊച്ചാർ കുടുംബവും ഒരു അനുപാതത്തിൽ വീതിച്ചെടുക്കുന്നു. ഇതാണ് സങ്കീർണമായ തട്ടിപ്പിന്റെ ഒരു ലളിതാഖ്യാനം. ഇതുമാത്രമാണ് എന്ന് കരുതരുത്.

ഈ കേസിൽ ED എന്ന കേരളത്തിലിപ്പോൾ സുപരിചരിതരായ അന്വേഷണ ഏജൻസി അന്വേഷിച്ചു കണ്ടുകെട്ടിയ കൊച്ചാറുടെ സ്വത്ത് Proceeds of crime അല്ല എന്ന് കാണിച്ച് അവർക്ക് തിരിച്ചുകൊടുക്കാൻ വിധി വന്നിട്ടുണ്ട്.

ഇത്രയും വലിയൊരു banking fraud അന്വേഷണത്തിൽ ED കാണിച്ച മിടുക്ക് (അഥവാ ഒത്തുകളി) ഒന്നോർമ്മയിൽ വെക്കുന്നത് നല്ലതാണ്. ഇപ്പോഴത്തെ കോലാഹലം ഒന്നടങ്ങുമ്പോൾ ED യുടെ സാഹസങ്ങൾ എന്തിനായിരുന്നുവെന്ന് പതുക്കെ മനസിലാക്കാൻ ഉപകരിക്കും.

അപ്പോൾ പറഞ്ഞുവന്നത് ആത്മനിർഭരത കൊണ്ട് സന്തോഷം സഹിക്കാനാവാതെ പൊട്ടിയ അവസ്ഥയിലാണ് ഇന്ത്യയിലെ ബാങ്കിങ് മേഖല. സൂചനകൾ എല്ലാം കിട്ടി, കുരുക്കുകൾ വീണ്ടും വീണ്ടും മുറുക്കി, ചർച്ച ചെയ്തു മടുത്താൽ ഇടയ്ക്ക് ഇതിനെക്കുറിച്ചുള്ള ചില വിവരങ്ങൾ അവനവനു വേണ്ടിയെങ്കിലും മാധ്യമങ്ങൾ മനസിലാക്കി വെക്കുന്നത് നന്നായിരിക്കും.

തിരുപ്പതി വെങ്കിടേശ്വരനെപ്പോലെയല്ലലോ തൊഴിലെടുക്കുന്ന മാധ്യമ പ്രവർത്തകർ. പണിയെടുത്തു കിട്ടുന്ന കാശ് പോകുന്നത് അറിയാൻ വേറെ വഴിയില്ലാതെ വരും.

അതായത്, ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പും ബാങ്ക് തകർച്ചകളും നടക്കുമ്പോഴും അതൊന്നു ചർച്ച ചെയ്യാനോ കേന്ദ്ര സർക്കാർ എന്ത് ചെയ്യുന്നു എന്ന് ചോദിക്കാനോ കഴിയാത്തവിധത്തിൽ ഒരു കോർപ്പറേറ്റ്-സംഘപരിവാർ ഭരണകൂട-മാദ്ധ്യമ കൂട്ടുകെട്ട് ഉണ്ടാകുന്നു എന്നത് കടുത്ത രാഷ്ട്രീയ-സാമൂഹ്യ വെല്ലുവിളിയുയർത്തുന്ന ഒരു പ്രശ്നമാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x