Sports

സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ വിടവാങ്ങി

ആസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നർ ആണ് വിട പറഞ്ഞത്.

144 ടെസ്റ്റുകളിൽ നിന്നും 708 വിക്കറ്റുകളും 194 ഏകദിനങ്ങളിൽ നിന്നും 293 വിക്കറ്റുകളും സ്വന്തമാക്കി. താരതമ്യേന പുതുമുഖങ്ങൾ നിറഞ്ഞ ടീമായിരുന്ന രാജസ്ഥാൻ റോയൽസ് ആദ്യമായി IPL ൽ കിരീട നേട്ടത്തിലെത്തുന്നത് ഷെയിൻ വോൺ എന്ന നായകന്റെ കരുത്തിലായിരുന്നു.

തന്റെ മാന്ത്രികമായ സ്പിന്നിനൊപ്പം ടെസ്റ്റിൽ, ഓസ്ട്രേലിയൻ ‘സ്ലിപ് ക്വാർഡനി’ലെ പ്രധാന ഫീൽഡറുമായിരുന്നു വോൺ. ടെസ്റ്റ്‌ ക്രിക്കറ്റിലെ വിക്കറ്റ് നേട്ടത്തിൽ 708 വിക്കറ്റുകളോടെ രണ്ടാമനാണ്.

ഷെയിൻ വോണിനെ പോലെ മനോഹരമായി, അതിശയിപ്പിക്കുന്ന രീതിയിൽ ബൗൾ ചെയ്ത് ഏത് പിച്ചിലും വിക്കറ്റ് നേടാൻ കഴിഞ്ഞ, ഇത്ര മാത്രം വെറൈറ്റികൾ ഒരോവറിൽ തന്നെ കൊണ്ട് വരുന്ന മറ്റൊരു സ്പിന്നറെ കാണുവാൻ തന്നെ പ്രയാസമാണ്.

ആറോ ഏഴോ ചുവടുകൾക്കു ശേഷം മുന്നോട്ടൊന്നു ചെറുതായി ആഞ്ഞു കൈകറക്കുക മാത്രമായിരുന്നു അയാൾ ചെയ്തിരുന്നത്. പക്ഷേ, വലം കൈയിൽ നിന്നു ചെറിയൊരു മൂളലോടെ അന്തരീക്ഷത്തിൽ അധികമൊന്നും ഉയരത്തിലല്ലാതെ കറങ്ങിത്തിരിഞ്ഞു വന്ന പന്ത് ആയിരത്തി ഒന്നു തവണ ലോകം അത്ഭുതത്തോടെ കണ്ടു.

ഷെയ്ൻ വോൺ എന്ന മാന്ത്രികൻ എത്രയോ പേരുടെ കണ്ണുകളെ കറക്കി വീഴ്ത്തി ചരിത്രത്തിൽ എഴുതിച്ചേർത്തത് 1001 അന്താരാഷ്ട്ര വിക്കറ്റുകൾ മാത്രമായിരുന്നില്ല. സ്പിൻ എന്ന ബൗളിങ് ടെക്‌നിക് ഒരു കലയാണ് എന്നുകൂടിയായിരുന്നു.

കണക്കുകളിൽ അയാൾ ഒന്നാമനു താഴെയായിരിക്കാം. പക്ഷേ, ഒരിക്കൽപ്പോലും പന്തിനൊപ്പം ഒരുപാടു മനുഷ്യരുടെ ആശങ്കകളെക്കൂടി അന്തരീക്ഷത്തിൽ ഉയർത്തിയും താഴ്ത്തിയും രസിച്ച മറ്റൊരു ഭ്രാന്തൻ 22 വാര ദൂരം മാത്രമുള്ള പിച്ചുകളിലേക്ക് അനായാസമായി ഇങ്ങനെ നടന്നുകയറിയിട്ടില്ല.

നന്ദി ഷെയ്ൻ, നിങ്ങളുടെ ആ 15 വർഷങ്ങൾക്ക്.

നിങ്ങളേക്കാൾ, അല്ലെങ്കിൽ നിങ്ങളോളമെങ്കിലും മറ്റൊരാൾക്ക്‌ ആ പന്തുകളെ ഭ്രാന്തമായി കറക്കിയെറിയാൻ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ട് ക്രിക്കറ്റ്‌ ഉള്ളിടത്തോളം നിങ്ങൾ ജീവിക്കും.

പ്രിയപ്പെട്ട ക്രിക്കറ്റർക്ക് ആദരാഞ്ജലികൾ !

ഹരി മോഹൻ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x