Opinion
Trending

മറ്റൊരാളുടെ പേരിൽ സ്വയം എഴുതിയ ജീവചരിത്രത്തിൽ സ്വയം ‘വീർ’ എന്ന് വിളിച്ച സവർക്കർ

രാജു പെരുലേക്കർ / മറാത്ത കവി

ബ്രിട്ടീഷ് സർക്കാറിന് തുടർച്ചയായി മാപ്പ് എഴുതി കൊടുത്ത് സ്വാതന്ത്രസമരത്തെ ഒറ്റ് കൊടുത്ത ഭീരുവായിട്ട് മാത്രമേ ചരിത്രം സവർക്കറെ ഓർക്കുകയൊള്ളൂ.

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ മുത്തച്ഛൻ പോലും സവർക്കർ അസത്യവും ബ്രാഹ്മണിസം പ്രോത്സാഹിപ്പിച്ചതായി ആരോപിച്ചുട്ടുണ്ട്.

വിനായക് ദാമോദർ സവർക്കറിനെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നവർ ചരിത്രപരമായ രണ്ട് തെറ്റുകൾ അറിഞ്ഞോ അറിയാതെയോ വരുത്തുന്നു.

ആദ്യത്തെ തെറ്റ്, അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും മഹത്വവൽക്കരണമാണ്. അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. കാരണം സവർക്കറും അദ്ദേഹത്തെപ്പോലുള്ള പലരും ആ പാത സ്വയം തിരഞ്ഞെടുത്തു. തന്റെ പ്രവർത്തനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് സവർക്കർ അറിഞ്ഞിരിക്കണം.

സ്വയം സ്വീകരിച്ച ലളിതമായ ജീവിതത്തിനായി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ ആൻഡമാനിലേക്ക് അയച്ചതല്ല. അത് അദ്ദേഹത്തിന്റെ വിപ്ലവ (?) പ്രവർത്തനങ്ങളുടെ അനന്തരഫലമായിരുന്നു. അതിനാൽ ജയിലിലോ ആൻഡമാനിലോ സമയം ചെലവഴിച്ചതിന് സവർക്കർ ഒരു സഹതാപവും അർഹിക്കുന്നില്ല. ആയിരക്കണക്കിന് ഇന്ത്യക്കാർ പോരാടി ഇതേ വിധി സ്വയം തിരഞ്ഞെടുത്തിട്ടുണ്ട്.

രണ്ടാമത്തെ ചരിത്രപരമായ മണ്ടത്തരം, സവർക്കറുടെ അനുയായികൾ അദ്ദേഹത്തെ ഭഗത് സിംഗ് അല്ലെങ്കിൽ ജവഹർലാൽ നെഹ്‌റു എന്നിവരുമായി തുലനം ചെയ്യുന്നു എന്നതാണ്. സെല്ലുലാർ ജയിലിൽ സമാനമായ സാഹചര്യങ്ങളിൽ നൂറുകണക്കിന് വിപ്ലവകാരികൾ തൂക്കിലേറ്റപ്പെട്ടും ജീവിത കാലം ജയിലിൽ കഴിഞ്ഞും ആ സാഹചര്യങ്ങളെ നേരിട്ടുവെന്നത് കാണുമ്പോൾ, അദ്ദേഹം കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നത് മനസ്സിലാവും.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, സവർക്കറിന്റെ ജയിലിലെ സമകാലികരിൽ പലരും അദ്ദേഹത്തിന് മുമ്പും ശേഷവും ബ്രിട്ടീഷ് പട്ടാളത്തോട് യുദ്ധം ചെയ്യുകയും ധീരതയോടെ അവരുടെ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

സമരവീര്യത്തെ ഒറ്റുകൊടുത്ത സവർക്കർ

സവർക്കറുടെ കൂടെ ജയിലിൽ ഭൂരിഭാഗവും ബംഗാൾ പ്രസിഡൻസി, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. ഏകദേശം 80,000 പേർ ഉണ്ടായിരുന്നു എന്നാണ് കണക്ക്, അതിൽ 173 പേർ വധിക്കപ്പെട്ടു. മറ്റുള്ളവരെ ക്രൂരമായി പീഡിപ്പിച്ചു, ചിലരെ രണ്ടുതവണ ആൻഡമാനിലേക്ക് അയച്ചെങ്കിലും സവർക്കർ ചെയ്തതുപോലെ ആരും മുട്ടുകുത്തിയില്ല, മാപ്പ് എഴുതി കൊടുത്തില്ല.

1913 ൽ വിപ്ലവകാരികളായ റിഷികേശ് കാഞ്ചിലാൽ, നരേന്ദ്ര ഘോഷ്, നന്ദ ഗോപാൽ, വിനായക് സവർക്കർ, സുധീർ കുമാർ സർക്കാർ എന്നിവർ പട്ടാളത്തിന് മാപ്പ് അപേക്ഷ നൽകി. ഇത് സവർക്കറുടെ രണ്ടാമത്തെ മാപ്പ് അപേക്ഷയായിരുന്നു. സെല്ലുലാർ ജയിലിൽ അടച്ച ഉടനെ ആദ്യത്തെ മാപ്പ് അപേക്ഷ നൽകുകയും ആറുമാസം കഴിഞ്ഞ് അദ്ദേഹം മാപ്പ് അപേക്ഷയെ കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തു. മോചനത്തിനായി യാചിച്ച ഒരേയൊരു വിപ്ലവകാരി ഘോഷ് മാത്രമാണ്, മറ്റുള്ളവർ ഒക്കെ മാനുഷിക പരിഗണന നൽകി വിട്ടയക്കണം എന്നത് മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാൽ ഘോഷ് പോലും സവർക്കറെപ്പോലെ പൂർണ്ണമായും കീഴടങ്ങിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാർ ക്രമേണ പുറത്തുവിട്ട രേഖകളിൽ നിന്ന് ഈ വസ്തുതകളെല്ലാം പരിശോധിക്കാവുന്നതാണ്.

സെല്ലുലാർ ജയിലിലെ മറ്റെല്ലാ വിപ്ലവകാരികളും – മോചിതരായവർ അല്ലെങ്കിൽ അവിടെ മരിച്ചവർ പോലും – സവർക്കറെപ്പോലെ വിധേയത്വം കാണിക്കുകയോ, സ്വന്തം ജീവചരിത്രങ്ങൾ മറ്റൊരാളുടെ പേരിൽ എഴുതിയിട്ടില്ല. അതിനാൽ അവരുടെ കഥകൾ ഇത് പോലെ പറഞ്ഞറിയിക്കപ്പെട്ടിട്ടില്ല.

മാപ്പപേക്ഷ തന്ത്രമായിരുന്നു ?

ഇപ്പോൾ സവർക്കരുടെ അനുയായികൾ അദ്ദേഹത്തിന്റെ ക്ഷമാപണം ഒരു തന്ത്രമായിരുന്നു എന്നും പറഞ്ഞു അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, എന്ത് തന്ത്രമായാലും ആരും ഒന്നിന് പുറമെ ഒന്നായി അഞ്ച് ക്ഷമാപണം ഒന്നും എഴുതി കൊടുക്കില്ല എന്നതാണ് വസ്തുത.

ഇവയിൽ ആദ്യത്തേത് 1911 ൽ അയച്ചു (അത് നശിപ്പിക്കപ്പെട്ടു, പക്ഷേ ചരിത്രപരമായ പരാമർശങ്ങൾ ലഭ്യമാണ്), രണ്ടാമത്തേത് 1913 ൽ അദ്ദേഹം തന്റെ ആദ്യത്തെ ക്ഷമാപണ കത്ത് പരാമർശിച്ചു കൊണ്ട് എഴുതിയത്, മൂന്നാമത്തേത് 1914 ൽ അയച്ചത് (അതിൽ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഭാഗത്ത് നിന്ന് സന്നദ്ധസേവനം നടത്താൻ സന്നദ്ത വാഗ്ദാനം ചെയ്തു കൊണ്ടുള്ളത്), നാലാമത്തേത് 1919 ൽ അയച്ചത്. അവസാനത്തെയും അഞ്ചാമത്തെയും ക്ഷമാപണം 1920 ൽ അദ്ദേഹം ബ്രിട്ടീഷുകാർക്ക് നേരിട്ട് നൽകിയത്. ഇവ കൂടാതെ 1921 ഏപ്രിൽ 18 ന് അദ്ദേഹത്തിന്റെ ഭാര്യ യമുനബായ് അയച്ച ആറാമത്തെ ക്ഷമാപണ കത്തും കൂടിയുണ്ട്.

അവസാനം നിരവധി കത്തുകളുപയോഗിച്ച് നടത്തിയ ‘ആക്രമണത്തിൽ’ ബ്രിട്ടീഷുകാർ സവർക്കറെ പുനരധിവസിപ്പിക്കാനും, കൂടുതൽ ക്ഷമാപണം വായിക്കുന്നതിൽ നിന്ന് രക്ഷിപ്പെടാനും തീരുമാനിച്ചു.

തുടർന്ന് മോചിതനായ ശേഷം സവർക്കർ സ്വാതന്ത്ര്യസമരം പുനരാരംഭിച്ചിരുന്നുവെങ്കിൽ, ക്ഷമാപണ കത്തുകൾ ഒരു തന്ത്രങ്ങളാണെന്ന വാദത്തെ വേണമെങ്കിൽ അംഗീകരിക്കാം. പക്ഷേ, അദ്ദേഹം ക്ഷമാപണത്തിലെ വാക്കു പാലിച്ചു. ബ്രിട്ടീഷുകാർക്കെതിരായ ഒരു പ്രവർത്തനത്തിലും അദ്ദേഹം പങ്കെടുക്കില്ലായെന്നും, സ്വാതന്ത്ര്യം വരെ അവരെ സഹായിക്കുമെന്നും, പരസ്പര സഹകരണം വാഗ്ദാനം ചെയ്യുന്ന മറ്റൊരു കത്ത് അദ്ദേഹം അവർക്ക് അയക്കുകയും ചെയ്തു. അതിലെ പ്രധാനപ്പെട്ട ഒരു ഭാഗം ഇങ്ങനെ ആയിരുന്നു. ‘വിളംബരത്തിൽ കാണിച്ചിരിക്കുന്ന അത്തരത്തിലുള്ള ഒരു സാമ്രാജ്യത്തിന് എന്റെ ഹൃദയംഗമമായ ആശംസകളും സഹകരണവും വാഗ്ദ്ധാനം ചെയ്യുന്നു.’

ഗറില്ല തന്ത്രം? സവർക്കർ, നിങ്ങളുടെ ജീവിതത്തിൽ അങ്ങനെ ഒന്നില്ല!


ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ സ്ഥാപകൻ

1937 ൽ ഹിന്ദു മഹാസഭയുടെ ഒരു കൺവെൻഷനിൽ സവർക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി അവതരിപ്പിക്കുന്നത്. അതിന് ഒക്കെ ശേഷമാണ് പിന്നീട് 1940 ൽ മുഹമ്മദ് അലി ജിന്ന ഈ ദ്വിരാഷ്ട്ര സിദ്ധാന്തം ഏറ്റെടുക്കുന്നത്. ഏഴ് വർഷത്തിന് ശേഷം ബ്രിട്ടീഷുകാർ അത് നടപ്പാക്കി, രാജ്യ വിഭജനത്തിലേക്ക് നയിച്ചു. സഹകരണത്തിന്റെ അന്തർധാര വ്യക്തമായില്ലെ. സവർക്കർ രാജ്യസ്നേഹിയാണോ അതോ യഥാർത്ഥ തുക്ഡെ തുക്ഡെ സംഘമാണോ? നിങ്ങൾ തീരുമാനിക്കുക.

സവർക്കർ ജയിലിൽ നിന്ന് മോചിതനായ ശേഷം, 1926 ൽ അദ്ദേഹത്തിന്റെ ‘കുലീന കഥാപാത്രം’ (ഒരു ആത്മകഥയല്ല!), ദി ലൈഫ് ഓഫ് വീർ സവർക്കർ ഏന്നിവ ആദ്യമായി വിപണിയിൽ പ്രത്യക്ഷപ്പെട്ടു. പുസ്തകത്തിന്റെ പല പതിപ്പുകളും പ്രസിദ്ധീകരിച്ചു. വർഷങ്ങൾക്കുശേഷം, ആ പുസ്തകങ്ങളുടെ എഴുത്തുകാരൻ ‘ചിത്രഗുപ്തൻ’ മറ്റാരുമല്ല, സവർക്കർ തന്നെയാണെന്ന് വെളിപ്പെടുന്നത്. സവർക്കറിനെ കുറിച്ച് പുസ്തകം എഴുതാൻ ഒരു ജീവചരിത്രകാരനെയും ലഭിക്കില്ല എന്ന ബോധ്യത്തിൽ താൻ തന്നെ മഹത്വപ്പെടുത്തി എന്നെ തന്നെ കുറിച്ച് എഴുതി.

ജയിൽ മോചിതനായ ശേഷം, ദ്വിരാഷ്ട്ര സിദ്ധാന്തത്തിനു പുറമെ, ‘ഹിന്ദുത്വ’, ‘ഹിന്ദുരാഷ്ട്രം’ എന്നീ പുതിയ സിദ്ധാന്തങ്ങളും അദ്ദേഹം അവതരിപ്പിച്ചതിലൂടെ ഇന്ത്യൻ മുസ്ലീങ്ങളെ വില്ലന്മാരായി ചിത്രീകരിക്കാനും ശ്രമിക്കാനും തുടങ്ങി.

സ്വാതന്ത്ര്യത്തിന് ഇന്ത്യൻ മുസ്‌ലിംകൾ സവർക്കറിനേക്കാൾ കൂടുതൽ സംഭാവന നൽകിയിട്ടുണ്ട്. ആൻഡമാനിൽ തടവിലാക്കപ്പെട്ട് മരിച്ച തടവുകാരുടെ പേരുകളിലൂടെ കണ്ണോടിച്ചാൽ ഇത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.

ഒരു വശത്ത് ബ്രിട്ടീഷുകാരെ സഹായിക്കുന്നതിനിടയിൽ, ഹിന്ദു വരേണ്യതയെ ഉയർത്തുന്ന ഒരു സംഘടനയെ രൂപീകരിക്കാൻ ഒരേസമയം സവർക്കർ ശ്രമിച്ചിരുന്നു. Lokmanya Tilak te Mahatma (ലോക്മാന്യ തിലക് മുതൽ മഹാത്മാ വരെ) എന്ന തന്റെ പുസ്തകത്തിൽ മറാത്തി എഴുത്തുകാരൻ സദാനന്ദ് മോർ കേഷവ് സീതാറാം തക്കറയെ ഉദ്ദരിച്ച് പറയുന്നുണ്ട്. സവർക്കറിനെ കുറിച്ച് തന്റെ 1948 ഇറങ്ങിയ എഴുത്തിൽ താക്കറെ സവർക്കർ ഏങ്ങനെയാണ് ചരിത്രത്തെ വളച്ചൊടിച്ചത് എന്നും അർധസത്യങ്ങളെ സ്വീകരിച്ചത് എന്നും പറയുന്നുണ്ട്.

പ്രഭോദങ്കർ താക്കറെ എന്ന തൂലികാനാമത്തിൽ എഴുതുന്ന അദ്ദേഹം സവർക്കറെ കുറിച്ച് ഇങ്ങനെ വിലയിരുത്തി, മറാത്തി വിപ്ലവകാരിയായ സവർക്കർ 1908ൽ എഴുതിയ ‘ചെ സ്വതന്ത്ര്യ സമർ, 1857’ (1857 ലെ സ്വാതന്ത്ര്യയുദ്ധം) എന്ന പുസ്തകത്തിൽ ബ്രാഹ്മണന്റെയോ ഹിന്ദാവി വീരന്മാരുടെയോൻ മാത്രം ഗുണങ്ങളെല്ലാം മഹത്വപ്പെടുത്തുകയും അവരെ മാത്രം വലിയ ദേശസ്നേഹികളാക്കി അവതരിപ്പിക്കുകയും ചെയ്തു.

ജാതി മഹത്വവൽകരണവും വ്യാജനിർമിതികളും

ദേശീയ ചരിത്രത്തെക്കുറിച്ചുള്ള സവർക്കറുടെ രചനകളെക്കുറിച്ച്, മറ്റെല്ലാവരെയും ഒഴിവാക്കിയും ബ്രാഹ്മണ, ഉയർന്ന ജാതി നായകന്മാരെ മാത്രം മഹത്വവൽക്കരിക്കുന്നതിലെയും പൊള്ളത്തരങ്ങൾ തുറന്ന് കാട്ടുന്നതായിരുന്നു താക്കറെയുടെ പരാമർശങ്ങൾ. ചരിത്രത്തെയും വസ്തുതകളെയും വ്യാജമാക്കുന്നതിനെ അദ്ദേഹം എതിർത്തു.

ഉദാഹരണത്തിന്, സവർക്കർ ഒരു പുസ്തകത്തിൽ രംഗ് ബാപ്പുജിയെ ബ്രാഹ്മണനായി വിശേഷിപ്പിച്ചു, എന്നാൽ അദ്ദേഹം ചന്ദ്രസേനിയ കയാസ്ത പ്രഭു വിഭാഗത്തിൽ ആയിരുന്നു, താക്കറെയുടെ അതേ ജാതി.

ഏറ്റവും പ്രധാനമായി, അദ്ദേഹം ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമികളായ സതാരയിലെ മറാത്ത രാജാക്കന്മാരുടെ നയതന്ത്രജ്ഞനായിരുന്നു. 1839 ൽ ബ്രിട്ടീഷുകാർ തങ്ങളുടെ രാജ്യം ഏറ്റെടുത്തപ്പോൾ, അവരുടെ കേസ് വാദിക്കാൻ രംഗോജിയെ ബ്രിട്ടീഷ് കോടതിയിലേക്ക് അയച്ചു. മടങ്ങിയെത്തിയ അദ്ദേഹം ഒരു വിപ്ലവകാരിയായിത്തീർന്നു, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു, തത്യാ ടോപ്പെയുമായും പേഷെവാസുകളുമായും ബ്രിട്ടീഷുകാർക്കെതിരെ സതാര, കോലാപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ സായുധ കലാപം നടത്താൻ ഗൂഡാലോചന നടത്തിയിരുന്നു.

സവർക്കറുടെ പ്രസാധകർ ഈ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ, ഇത് ഒരു ആകസ്മിക തെറ്റാണെന്ന് പറഞ്ഞ സവർക്കർ, പക്ഷേ വീണ്ടും മനപ്പൂർവ്വം അതേ പിശക് വീണ്ടും പുസ്തകത്തിൽ വന്നു. എല്ലാ ധീരതയും ബ്രാഹ്മണിസത്തിന് മാത്രമായി പരിമിതപ്പെടുത്തി എന്നതാണ് താക്കറെയുടെ കാര്യമായ എതിർപ്പ്. മറ്റുള്ളവർ ഒന്നും ഉയർന്ന ജാതിക്കരുടെ അത്ര അളവിലുള്ള ധൈര്യമോ ദേശസ്‌നേഹമോ ഇല്ല എന്ന ധ്വനി ആണ് സവർക്കർക്ക് ഉള്ളത് എന്നും താക്കറെ എഴുതുന്നു.

കൃഷ്ണാജി ഭാസ്‌കർ കുൽക്കർണിയുടെ കുടുംബപ്പേര് അവരുടെ പരാമർശങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനെ ചില വിഭാഗങ്ങൾ എപ്പോഴും എതിർക്കുന്നു. കുൽക്കർണി അഫ്സൽ ഖാന്റെ ഉപദേഷ്ടാവായിരുന്നു, ശിവാജിയെ കൊല്ലാൻ ഗൂഡാലോചന നടത്തിയതിൽ ഇദ്ദേഹത്തിൻ പങ്കുണ്ട്. അദ്ദേഹത്തിന്റെ കുടുംബപ്പേര് ഉപേക്ഷിക്കുന്നത് ഒരു ബ്രാഹ്മണൻ രാജ്യദ്രോഹിയായിരുന്നു എന്ന വസ്തുത മറച്ചുവെക്കാനുള്ള ശ്രമമാണ് എന്നും മറാത്തികൾ ആരോപിക്കുന്നു.

വരേണ്യവർഗങ്ങൾക്ക് വേണ്ടി വളച്ചൊടിച്ച ചരിത്രനിർമിതികൾ

പ്രബാധങ്കർ താക്കറെ പറയുന്നതനുസരിച്ച്, ഹിന്ദു വരേണ്യവർഗങ്ങൾ ഉചിതമായ ചരിത്രം കണ്ടെത്താൻ ശ്രമിച്ചു, അതിനാൽ രാജ്യസ്നേഹികൾ ആരാണെന്ന് അവരാണ് തീരുമാനിക്കുന്നത്. പെഷെവാ കാലഘട്ടത്തിലെന്ന പോലെ സമൂഹത്തിലെ ബ്രാഹ്മണ ആധിപത്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗ്മാണ്. ഇന്ന് സവർക്കറിനെ പ്രശംസിക്കുന്നവർ സമാനമായി ബ്രാഹ്മണത്തിന്റെ മറ്റൊരു പേരായ ഹിന്ദു വരേണ്യ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അതിശയിക്കാനില്ല.

ഗാന്ധിയും സവർക്കറും

സ്വാതന്ത്ര്യസമരവും ഗാന്ധിയൻ പ്രസ്ഥാനവും തമ്മിലുള്ള വ്യത്യാസങ്ങൾ വിശദീകരിച്ച് താക്കറെ എഴുതുന്നു, “വാസുദേവ് ബൽവന്തിന്റെയും (മറ്റൊരു വിപ്ലവകാരിയുടെയും) സവർക്കറുടെയും ആരാധകർ എല്ലാവരും ബ്രാഹ്മണരായിരുന്നു. എന്നാൽ യഥാർത്ഥ ഹിന്ദുസ്ഥാൻ നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണെന്ന് മഹാത്മാഗാന്ധി പറഞ്ഞു.

കർഷകരെയും തൊഴിലാളികളെയും ഉൾപ്പെടുത്തിയില്ലെങ്കിൽ നഗരവാസികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങൾ ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ ഒരു യഥാർത്ഥ ജനാധിപത്യ ശക്തിയാക്കി മാറ്റുന്നതിൽ മഹാത്മാഗാന്ധി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായിത്തീർന്നുവെന്നും ഒരു ജനാധിപത്യ സ്വയംഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു”. എന്തുകൊണ്ടാണ് സവർക്കർ ഗാന്ധിജിയെ ഇത്രയധികം വെറുക്കുന്നതെന്ന് മനസ്സിലാക്കാ‍ൻ ഈ പ്രയോഗം തന്നെ ധാരാളം ആണ്.

ഹിന്ദു രാഷ്ട്രമെന്ന ബ്രാഹ്മണ രാഷ്ട്രം

ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള സവർക്കറുടെ ആശയം, തുടക്കത്തിൽ ചതുർവർണനിൽ നിന്ന് വ്യത്യസ്തമായി ചാൾസ് ഡാർവിന്റെ ഏറ്റവും മികച്ച അതിജീവനത്തെക്കുറിച്ചുള്ള സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സൂക്ഷ്മമായി നോക്കിയാൽ, ഹിന്ദു രാഷ്ട്രം പൂർണ്ണമായും ബ്രാഹ്മണ രാഷ്ട്രമാണെന്ന് അർത്ഥമാക്കുന്നു. ഡാർവിൻ തന്റെ സിദ്ധാന്തത്തെ ജൈവിക പരിണാമത്തിൽ പ്രയോഗിച്ചപ്പോൾ, സവർക്കർ അതിനെ സാമൂഹ്യശാസ്ത്രപരമായി ഉപയോഗിച്ചു.

സമൂഹത്തിലെ എല്ലാ ദുർബല വിഭാഗങ്ങളെയും ഉന്മൂലനം ചെയ്യുക, ഏറ്റവും മികച്ചതും ബ്രാഹ്മണികവുമായ ക്ലാസ് അവശേഷിക്കുകയും ചെയ്യുന്നു. ഈ പ്രയോഗം ഇറ്റലിയിലെ ഫാസിസ്റ്റുകളും ജർമ്മനിയിലെ നാസികളും “അയോഗ്യർ” എന്ന് കരുതുന്നവരെ എങ്ങനെ ഉന്മൂലനം ചെയ്തു എന്നതിൽ നിന്ന് വ്യത്യസ്തമല്ല, ഇപ്പോൾ ആർ‌എസ്‌എസ് അതേ പാത പിന്തുടരുന്നു.

‘അർബൻ ബ്രാഹ്മണിസത്തിന്റെ’ സിദ്ധാന്തത്തിൽ ഹിന്ദു രാഷ്ട്രത്തിന്റെ ഈ വിവരണത്തിൽ അക്രമം തെറ്റായി ഉൾപ്പെടുത്തിയതല്ല. ബുദ്ധമതവും ജൈനമതവും ഹിന്ദു സമൂഹത്തിലെ അക്രമങ്ങളോടുള്ള അഹിംസാത്മക പ്രതികരണങ്ങളായി ഉയർന്നപ്പോൾ, അവരുടെ തത്ത്വങ്ങൾ ഹിന്ദുമതത്തിലേക്ക് സ്വായത്തമാക്കുകയും സസ്യാഹാരം പോലുള്ള കാര്യങ്ങൾ ഹിന്ദു സമ്പ്രദായത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതാണ്.

എന്നാൽ ഇന്ത്യയിലേക്ക് ജാതികൾക്ക് പ്രാധാന്യം നൽകാതെ അബ്രഹാമണിക് മതങ്ങളുടെ വരവ് ‘ശുദ്ധമായ’ ബ്രാഹ്മണ സമൂഹത്തിന്റെ സ്വപ്നങ്ങൾ പലതരത്തിൽ തടസ്സപ്പെടുത്തി. അദ്ദേഹത്തിന്റെ ബ്രിട്ടീഷ് യജമാനന്മാർ ക്രിസ്ത്യാനികളായിരുന്നതിനാൽ, സവർക്കറിന് ക്രിസ്ത്യാനികളെ ലക്ഷ്യമിടാനായില്ല, കാരണം മിക്ക പാശ്ചാത്യ ശക്തികളും ആ മതം ആചരിക്കുന്നു. അതിനാൽ, ഇപ്പോഴുള്ളതുപോലെ തന്നെ അന്നും സവർക്കറുടെയും അനുയായികളുടെയും പ്രബലമായ ലക്ഷ്യം മുസ്‌ലിംകൾ തന്നെയായിരുന്നു.

എന്നാൽ ഏകീകൃതമായ ഒരു സമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, സവർക്കറിനും അനുയായികൾക്കും ഒരു അടിസ്ഥാന പ്രശ്‌നമുണ്ട് – ഹിന്ദുമതത്തിന് ഏക അപ്പോസ്തലനോ വിശുദ്ധ ഗ്രന്ഥമോ ഇല്ല; സമൂഹത്തെ ജാതികളായി വിഭജിക്കാനുള്ള പിൽക്കാല ശ്രമമായിരുന്ന മനുസ്മൃതി പല ഹിന്ദുക്കൾക്കും സ്വീകാര്യവുമല്ല.

ആർ‌എസ്‌എസിൽ നിന്ന് വ്യത്യസ്തമായി സവർക്കർ ഇത് തിരിച്ചറിയാൻ ബുദ്ധിമാനായിരുന്നു, അതിനാൽ ജാതിയില്ലാത്ത ഹിന്ദു സമൂഹം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ ആദ്യകാല ശ്രമങ്ങൾ പരിഷ്കരണവാദത്തേക്കാൾ സ്വന്തം തല്പര്യങ്ങൾക്ക് വേണ്ടിയായിരുന്നു. ദലിതർക്കായി ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് പിന്നിൽ നവോധാന പ്രചോദനമൊന്നും ഉണ്ടായിരുന്നില്ല. താഴ്ന്ന ജാതിക്കാർക്ക് പ്രത്യേക ക്ഷേത്രങ്ങളന്നും, എന്നാൽ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് പതിവായി തടയപ്പെടുന്നത് തടയുകയും ചെയ്യുന്നു.

ഇസ്ലമിന്റെയും മുസ്ലിങ്ങളുടെയും ഉന്മൂലനം

സവർക്കർ സ്വാതന്ത്ര്യയുദ്ധത്തെക്കുറിച്ച് തന്റെ പുസ്തകം എഴുതിയത് ബ്രാഹ്മണരെ മഹത്വപ്പെടുത്തുന്നതിനായി മാത്രമാണെന്നും ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യുന്നതിനുള്ള ആത്യന്തിക ഉപകരണമായി സവർക്കർ മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട് എന്നും താക്കറെ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ ചരിത്രത്തിന്റെ ആറ് മഹത്തായ കാലഘട്ടങ്ങൾ എന്ന പുസ്തകത്തിൽ സവർക്കർ ഒരു മുസ്ലീം ജനറലിന്റെ മരുമകളെ മാന്യമായി തിരിച്ചയച്ചതിന് ഛത്രപതി ശിവാജി മഹാരാജിനെ കുറ്റപ്പെടുത്തുന്നുണ്ട്, ബഹുമാനിക്കുന്നതിന് പകരം അവളെ അപമാനിക്കുകയാണ് വേണ്ടിയിരുന്നത് എന്നും സവർക്കർ ആവിശ്യപ്പെട്ടു.

ഇന്ന്, ആർ‌എസ്‌എസ് സവർക്കറിനെ പൊക്കി കൊണ്ട് നടക്കുന്നുണ്ട് എങ്കിലും അദ്ദേഹം ബ്രിട്ടനിൽ പോയി ഗോമാംസം കഴിച്ചു എന്ന വസ്തുത മറച്ചുവെക്കുകയും, ബ്രിട്ടീഷ് പശുക്കളെ വിശുദ്ധമല്ലാത്തതിനാൽ അവ ഭക്ഷിക്കാമെന്ന കാരണം പറഞ്ഞ് ഈ നടപടിയെ ന്യായീകരിക്കുന്നതും കാണാം.

എന്നാൽ ‘ശുദ്ധമായ’ ഒരു ഹിന്ദു രാഷ്ട്രത്തിന്റെ രൂപീകരണ കാര്യങ്ങളിൽ – ആദ്യം മുസ്‌ലിംകളെയും പിന്നെ ദലിതുകളെയും പിന്നീട് ബഹുജൻസ്നെയും ഉന്മൂലനം ചെയ്യുക എന്ന കാര്യത്തിൽ അവരും സവർക്കറിന്റെ അതേ മാർഗത്തിൽ ആണ്.

ആർ‌എസ്‌എസിന് അക്കാലത്ത് സവർക്കറുമായി നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തോടുള്ള അവരുടെ സ്നേഹം അവസരവാദപരമാണ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ, പശു മൂത്രത്തിനെ പരിഹസിച്ചതിനും, കാവി ധരിച്ചവരെ കളിയാക്കിയതിനോടും, ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാത്തതിനും മറ്റും ആർ‌എസ്‌എസിന് സവർക്കറിനോട് വിയോജിപ്പ് ആയിരുന്നു.

സവർക്കറും ആർ‌.എസ്‌.എസും

സവർക്കറുടെ ‘ശാസ്ത്രീയ‘ ശൈലിയോട് ആർ‌എസ്‌എസിന് യാതൊരു ആഭിമുഖ്യവുമില്ലെങ്കിലും, അദ്ദേഹത്തിന്റെ ക്രൂരതയും വിദ്വേശവും അനുകമ്പയിലായ്മയുടെയും കാര്യത്തിൽ അവർ പൂർണ്ണമായും യോജിക്കുന്നുണ്ട്. സവർക്കർ സനാതന ധർമ്മത്തിൽ വിശ്വസിച്ചില്ലെങ്കിലും പുരുഷ മേധാവിത്വം, ബ്രാഹ്മണ ആധിപത്യം, ഇസ്ലാമോഫോബിയ എന്നിവയുടെ വക്താവായിരുന്നു അദ്ദേഹം. ആർ‌എസ്‌എസ് ഇന്ന് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണിവ.

പ്രശസ്ത മറാത്തി എഴുത്തുകാരനും കവിയും നാടകകൃത്തുമായിരുന്നു സവർക്കർ. കരുണ, ക്ഷമ, അനുകമ്പ, മാനുഷികത എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളൊന്നും കാണിക്കാത്തതിനാൽ ആ രചനകളെക്കുറിച്ച് ഇന്ന് കൂടുതൽ അറിവില്ല. നേരെമറിച്ച്, തന്റെ രചനകളിൽ, അദ്ദേഹം പലപ്പോഴും വേഷംമാറി, വഞ്ചന, ആധിപത്യം, അക്രമം, ക്രൂരത എന്നിവയെ മഹത്വപ്പെടുത്തുന്നു.

അപ്പോൾ, ബിജെപിയും ആർ‌എസ്‌എസും ഇന്ന് സവർക്കറോട് അടുപ്പത്തിലാവുന്നത് ഈ നിലപാടുകളോടുള്ള സ്വീകാര്യതയും യോജിപ്പും ഉള്ളത് കൊണ്ടാണ്. ഇവ ഇന്ന് മതിയായ അളവിൽ ബി.ജെ,പിയും ആർ.എസ്.എസ്സും പ്രയോഗിക്കുന്ന മൂല്യങ്ങളാണിത്.

മഹാത്മാ ഗാന്ധിയെ വധിക്കാൻ പദ്ധതിയിട്ട സവർക്കറും അദ്ദേഹത്തിന്റെ സഹ ഗൂഡാലോചനക്കാരായ നാരായണ ആപ്‌തെ, ട്രിഗർ വലിച്ച നഥുറാം ഗോഡ്‌സെ, ദിഗാംബർ ബാഡ്‌ജ് എന്നിവരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ള ഹിന്ദുക്കളായിരുന്നു. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് പൂർണ്ണമായി അറിയാം. ബാബരി മസ്ജിദ് തകർത്ത ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും നേതാക്കളെപ്പോലെ.

ഈ സാഹചര്യത്തിൽ കഴിഞ്ഞ 70 വർഷമായി ഇന്ത്യ ഭരിച്ച പാർട്ടികളും നേതാക്കളും സവർക്കറിനെക്കുറിച്ചും അവർ വളരാൻ അനുവദിച്ച് ആർ‌എസ്‌എസിന്റെ അപകടകരമായ പ്രത്യയശാസ്ത്രത്തെക്കുറിച്ചും അറിയാത്തത് പോലെ ഭാവിച്ചു. ആർ‌എസ്‌എസിന്റെ വിഷം ഇന്ത്യയിലെ ശരീര-രാഷ്ട്രീയത്തിലൂടെ പടരുന്നതിന് മുമ്പ് അവർ അത് കളയേണ്ടതായിരുന്നു.

ആന്തമാനിലെ ബലഹീനതയുടെയും ഭീരുത്വത്തിന്റെയും നിമിഷങ്ങളെ മാറ്റിനിർത്തിയാൽ സവർക്കർ യഥാർത്ഥ ഹിന്ദു ആൽഫ-പുരുഷനായിരുന്നു. അവൻ ക്രൂരനും അക്രമാസക്തനും നിഷ്കരുണം, മനുഷ്യത്വരഹിതനുമായിരുന്നു, ഇന്ന് രാജ്യം ഭരിക്കുന്ന ആളുകളെ പോലെ തന്നെ.

ഈ ദുഷിച്ച മൂല്യങ്ങളെ അതിന്റെ തുടകത്തിൽ തന്നെ പ്രതിരോധിക്കാത്തതിന് രാജ്യം ഇന്ന് കനത്ത വിലയാണ് നൽകുന്നത്. സവർക്കറിന്റെയും ആർ‌എസ്‌എസ് ആധിപത്യത്തിന്റെയും നിഴലിൽ. എത്ര കാലം ജീവിക്കേണ്ടി വരും എന്ന് ആർക്കും അറിയില്ല.


ലേഖകൻ പ്രമുഖ മറാത്ത എഴുത്തുകാരനും, കവിയും, നിരൂപകനുമാണ്. മറാത്തിയിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനമാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
അലിഅഷ്റഫ് പി
3 years ago

ശ്രദ്ധേയമായ രേഖപ്പെടുലുകൾ.ചരിത്രവായനയിൽ വിശ്വാസ്യത തോന്നുന്ന നിഷ്പക്ഷ വിലയിരുത്തൽ.

Back to top button
1
0
Would love your thoughts, please comment.x
()
x