Spiritual

വെള്ളിയാഴ്ച പള്ളികളിലെ ഖുതുബ; ബോറടിപ്പിക്കാതെ ചുരുക്കി പറയണം

ഖുതുബയെക്കുറിച്ച് കൂടി പറയാം.

വെള്ളിയാഴ്ചകളിൽ പള്ളികളിൽ നടക്കുന്ന പ്രാർത്ഥനയുടെ ഭാഗമാണ് ഖുതുബ. ലോകത്തിന്റെ എല്ലാ ഭാഗത്തും മുസ്ലിംകൾ നിർവഹിച്ചു പോരുന്ന ഖുതുബയുടെ കേരളത്തിൽ കാണുന്ന ചില കൗതുക കാഴ്ചകൾ പറയാനുണ്ട്.

കേരളത്തിൽ പലതരം ഖുതുബകളുണ്ട്.

അടുത്തകാലത്ത് പങ്കെടുത്ത ചില ഖുതുബകൾ ഉദാഹരണമായി എടുക്കാം.

1) താമരശ്ശേരി ടൗണിലെ സുന്നി പള്ളി : മുഅദ്ദിൻ വന്ന് മഹ്ശറ വിളിക്കുന്നു (എന്താണ് ഖുതുബ, എന്താണ് വെള്ളിയാഴ്ചയുടെ പ്രത്യേകത, ഖുതുബ നടക്കുമ്പോൾ കാണിക്കേണ്ട അദബുകൾ എന്ത് എന്ന് ചുരുക്കിപ്പറയുന്നത്) അത് അറബിയിലാണ്. അറബി അറിയാത്തവർക്ക് ഒന്നും മനസ്സിലാകില്ല.

പിന്നീട് ഇമാം മിമ്പറിൽ കയറി ഒരു കിതാബ് നോക്കി മനോഹരമായി ഓതും. ചെറിയൊരു പ്രാർത്ഥന, എല്ലാം അറബിയിൽ.

നിസ്കാരത്തിനും പ്രാർഥനക്കും ശേഷം പ്രസംഗം ഉണ്ടോ എന്നറിയില്ല. തൊണ്ണൂറു ശതമാനം ആളുകളും സുന്നത്ത് നിസ്കാരത്തോടെ പിരിയും.

ഈ ഖുതുബ ഈ പോസ്റ്റിലെ തുടർ ചർച്ചയിൽ പരാമർശ വിധേയമല്ല കേട്ടോ, അങ്ങനെ നടത്തുന്ന ഖുതുബയോട് വ്യകതിപരമായി എതിർപ്പൊന്നുമില്ല, ഓരോരുത്തർക്കും അവരവരുടെ വിശ്വാസ രീതികളും ആചാരങ്ങളുമുണ്ടാകും, മതത്തിന് ഇക്കാര്യത്തിലൊന്നും വലിയ കടുംപിടുത്തമില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്.

2) താമരശ്ശേരിക്കടുത്ത കോരങ്ങാട് പള്ളി : പള്ളിയിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ ഖുതുബ തുടങ്ങുന്നതിന് മുമ്പ് ഇമാം മൈക്കിന് മുന്നിലെത്തി കുറച്ചു നേരം സംസാരിക്കും. മനോഹരമായ ഗൗരവപൂർവ്വമായ സംസാരം. എല്ലാവരും സാകൂതം കേട്ടിരിക്കും.

3) ഈയിടെ ഞാൻ പോയ കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്ത പള്ളി : സുന്നിപ്പള്ളിയല്ല, (വഹാബികളിൽ ഏത് വിഭാഗത്തിന്റേതാണ് എന്നറിയില്ല) ഞാൻ കയറി ചെല്ലുമ്പോൾ മനോഹരമായ പ്രസംഗമാണ്, പത്ത് മിനിറ്റ് കേട്ട് കഴിഞ്ഞപ്പോൾ ബോറടിച്ചു തുടങ്ങി, ചുറ്റും നോക്കുമ്പോൾ ആദ്യം പ്രസംഗത്തിൽ ശ്രദ്ധിച്ചിരുന്ന പലരും മൊബൈൽ ഫോണിലേക്ക് മാറിയിരിക്കുന്നു, ഖുതുബ ഒരുപാട് സമയം തുടർന്നു, ആനുകാലികവും രാഷ്ട്രീയവുമൊക്കെയുണ്ട്.

ഇതൊന്ന് നിർത്തിക്കിട്ടിയിരുന്നെങ്കിൽ എന്ന് ആളുകൾക്ക് തോന്നുന്നത്ര നീണ്ടു പോയ ഖുതുബ.

4) കഴിഞ്ഞ വർഷം തിരുവനന്തപുരം നഗരത്തിലെ ഒരു സുന്നി പള്ളിയിൽ ജുമുഅക്ക് കയറി : ഖുതുബക്ക് മുമ്പ് ഉസ്താദ് പ്രസംഗം തുടങ്ങി, പള്ളിക്ക് ആയിരം രൂപ സംഭാവന കൊടുത്ത, എൻട്രൻസ് എക്‌സാമിന് പോകുന്ന പെൺകുട്ടിക്ക് വേണ്ടിയുള്ള പ്രാർത്ഥന മുതൽ കുറെ വ്യക്തിപരമായ പ്രാർത്ഥനകൾ, സാമാന്യം നല്ല വെറുപ്പിക്കലായിരുന്നു.

പള്ളിയുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളും വെള്ളിയാഴ്ചയുമായോ വിശ്വാസവുമായോ ബന്ധപ്പെട്ട കാര്യങ്ങൾ കാര്യമായി ഒന്നുമില്ല.

ഇപ്പറഞ്ഞതിൽ മിമ്പറിന് മുകളിലോ താഴെയോ നിന്ന് മലയാളത്തിൽ പറയുന്നവരോട് മാത്രമാണ് പറയാനുള്ളത്.

നിങ്ങൾ നടത്തുന്ന പ്രസംഗം 10-15 മിനിറ്റിൽ കൂടാതിരിക്കുകയും കാര്യമാത്ര പ്രസക്തമാവുകയും ചെയ്‌താൽ കേൾക്കുന്നവർക്ക് പ്രയോജനപ്പെടും.

നീട്ടിപ്പരത്തിപ്പറയാതെ പറയേണ്ട കാര്യങ്ങൾ നോട്ടു ചെയ്ത് മുമ്പിലിരിക്കുന്ന എല്ലാ മനുഷ്യർക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശത്തോടെ സംസാരിക്കേണ്ടതുണ്ട്.

പഴയ കാലമല്ല, ഒരു മിനിറ്റ് റീൽ പൂർണ്ണമായി കാണാനുള്ള ക്ഷമയില്ലാതെ അടിച്ചു വിടുന്ന മനുഷ്യരാണ്, കുറഞ്ഞ വാക്കിൽ കാര്യം പറഞ്ഞാൽ അവർക്ക് മനസ്സിലാകും, പല തിരക്കുകളുമുണ്ടാകും യാത്രക്കാരുണ്ടാകും അവരെ പരിഗണിച്ച് കൊണ്ട് വേണം സംസാരിക്കാൻ.

ഏതാനും ആഴ്ചകൾക്ക് മുമ്പ് അടിവാരം അങ്ങാടിയിലെ പള്ളിയിൽ ഉസ്താദിന്റെ പ്രസംഗം കാടുകയറിയപ്പോൾ ഒരാൾ എഴുന്നേറ്റ് നിന്ന് ഞങ്ങൾ ജുമുഅക്ക് വന്നതാണ്, നിങ്ങളുടെ വയള് കേൾക്കാൻ വന്നതല്ല എന്ന് വിളിച്ചു പറഞ്ഞു. ഹൈവേകളിലെ പള്ളികളിലൊക്കെ നൂറ് തിരക്കുകളുമായി പോകുന്നതിനിടെ ഓടിക്കയറുന്ന മനുഷ്യരെ പരിഗണിക്കേണ്ടതുണ്ട്.

വെള്ളിയാഴ്ച പ്രസംഗങ്ങളിലെ വിഷയങ്ങൾ തെരെഞ്ഞെടുക്കുന്നിടത്തും പ്രശ്നമുണ്ട്, ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കളയേണ്ട സമയമല്ലല്ലോ അത്.

പല രാജ്യങ്ങളിലും അതാത് ആഴ്ചകളിലെ വിഷയങ്ങളും, പലപ്പോഴും ഖുതുബകൾ പൂർണമായും മതകാര്യവകുപ്പ് എത്തിച്ചു കൊടുക്കുന്ന ഏർപ്പാടുണ്ട്.

പള്ളികൾ നിയന്ത്രിക്കുന്ന സംഘടനകൾ ഓരോ ആഴ്ചയിലേക്കുമുള്ള ഹൃസ്വമായ പ്രസംഗം എത്തിച്ചു കൊടുക്കുന്നത് ഇമാമുമാർക്ക് പ്രയോജനപ്പെടും.

വിശ്വാസികൾ ഒട്ടും ബോറടിക്കാതെ കേട്ടിരിക്കുകയും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വിഷയം അല്ലാഹുവിനെക്കുറിച്ചുള്ള, അവൻ്റെ ദാത്ത്, സ്വിഫാത്ത്, അഫ്‍ഹാൽ, ആസാർ സംബന്ധിയായ വിഷയങ്ങളാണ്.

റൂഹുകൾക്ക് അതിൽ ലയിച്ചിരിക്കാൻ സാധിക്കും. കാരണം അവൻ്റെ റൂഹിൽ നിന്ന് ഊതിയ റൂഹുകളാണ് ഓരോ മനുഷ്യരിലും കുടികൊള്ളുന്നത്. അതിൻ്റെ കൂടെ അതാത് ആഴ്ചകളിലെ സമുദായത്തെ അറിയിക്കേണ്ട പരീക്ഷകൾ പോലുള്ള പൊതു വിഷയങ്ങൾക്കായി രണ്ടു മിനിറ്റ് കൂടി മാറ്റിവെച്ചാൽ ഖുതുബ കഴിഞ്ഞിട്ട് പള്ളിയിൽ കയറാം എന്ന് വിചാരിക്കുന്നവർ പോലും അഞ്ചു മിനിറ്റ് മുമ്പെത്തി ഖുതുബക്ക് കാത്തിരിക്കും.

ആബിദ് അടിവാരം

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x