Political

നമ്മുടെ നിയമ നിര്‍മ്മാണ സഭകള്‍ ആര്‍ക്കു വേണ്ടിയാണ് നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്?

രാഷ്ട്രീയം/ആസാദ്

ജനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ ജനങ്ങളുടെ താല്‍പ്പര്യം പരിഗണിക്കണം. പ്രത്യേകിച്ചും അവരുടെ ജീവിതം മാറ്റിമറിക്കാനിടയുള്ള നിയമമാണ് ആവിഷ്കരിക്കുന്നതെങ്കില്‍ പൊതുസമ്മതം പ്രധാനമാണ്.

രണ്ടാം മോദി സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ വലിയ ജനകീയ പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതു നാം കാണുന്നു. കാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തു കളഞ്ഞു സംസ്ഥാനത്തെ പിളര്‍ത്തിയത് ഫെഡറല്‍ ഘടനയിലും ജനതാല്‍പ്പര്യത്തിലുമുള്ള കടന്നു കയറ്റമാണ്.

നേതാക്കന്മാരെ തടവിലിട്ടും അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചും നിശ്ചയം നടപ്പാക്കുകയായിരുന്നു.

പിന്നീടുണ്ടായ എന്‍ ഐ എ – യു എ പി എ ഭേദഗതികളും പൗരത്വ നിയമ ഭേദഗതിയും ജനകീയ പ്രതിഷേധം ശക്തമാക്കി. സമീപ ഭൂതകാലത്തൊന്നും കണ്ടിട്ടില്ലാത്ത ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്നു വന്നത്. രാജ്യത്താകെ ഷഹീന്‍ബാഗ് പ്രക്ഷോഭം ആളിപ്പടര്‍ന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നു താല്‍ക്കാലികമായി സമര പരിപാടികള്‍ അവസാനിപ്പിച്ചതാണ്.

കോവിഡ് വ്യാപനകാലത്തും മോദിസര്‍ക്കാര്‍ ജനവിരുദ്ധ നിയമ നിര്‍മ്മാണം തുടര്‍ന്നു. നിയമ നിര്‍മ്മാണ സഭയിലെ പതിവു രീതികള്‍ പോലും അട്ടിമറിച്ചാണ് പാര്‍ലമെന്റിലെ പ്രതിഷേധം വകവെക്കാതെ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ആരംഭിച്ച പ്രതിഷേധം സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ ദേശീയ പ്രക്ഷോഭമായി വളര്‍ന്നു. എല്ലാ നുണപ്രചാരണങ്ങളും ഭീഷണികളും ഭീകര നിയമങ്ങളുടെ അടിച്ചേല്‍പ്പിക്കലുകളും നേരിട്ട് കര്‍ഷകര്‍ തലസ്ഥാനത്തു തുടരുകയാണ്.

കര്‍ഷകര്‍ക്കു വേണ്ടാത്ത കാര്‍ഷിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ജനാധിപത്യ രാജ്യത്തെ ഭരണകൂടത്തിന് എന്ത് അവകാശം?

പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനങ്ങളുടെ ഭൂരിപക്ഷമല്ല. പ്രതിപക്ഷത്തെക്കൂടി കേള്‍ക്കാനും അവരുടെ അഭിപ്രായം പരിഗണിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.

നിയമം ബാധിക്കുന്ന സമൂഹങ്ങള്‍ക്കിടയില്‍ റഫറണ്ടം നടത്തേണ്ട ഘട്ടത്തില്‍ അതും വേണ്ടിവരും. ഇപ്പോഴത്തെ കര്‍ഷക പ്രക്ഷോഭം കര്‍ഷകരുടെ എതിര്‍പ്പെത്രയുണ്ടെന്ന് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമം പിന്‍വലിക്കുകയാണ് വേണ്ടത്.

രണ്ടാം മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് സകലതും വില്‍ക്കുകയാണ്. ചെങ്കോട്ട മുതല്‍ വിഴിഞ്ഞം കടലോരം വരെ വിറ്റു കഴിഞ്ഞു. മണ്ണും ജലവും ആകാശവും ജനവും അവര്‍ക്കു വില്‍പ്പനവസ്തുക്കളാണ്.

ഈ വില്‍പ്പനയെയും അതിന്റെ കമ്മീഷന്‍ പറ്റലിനെയുമാണ് അവര്‍ വികസനം എന്നു വിളിക്കുന്നത്. ഈ വികസന നയത്തില്‍ കേന്ദ്രത്തോടു കൈകോര്‍ക്കാന്‍ ഉത്സാഹിക്കുന്ന സംസ്ഥാന സര്‍ക്കാറുകളുമുണ്ട്.

വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയമില്ല എന്നു ലജ്ജയില്ലാതെ അവര്‍ വിളിച്ചു പറയും. കേന്‌ദ്രവും സംസ്ഥാനവും വികസനത്തില്‍ ഒന്നിക്കുന്നു എന്ന് അഭിമാനം കൊള്ളും.

ജനവിരുദ്ധ വികസന നയമാണ് കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കു കാരണം എന്നത് ബി ജെ പി ഇതര പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ ഓര്‍ക്കുന്നതു നന്ന്.

കോര്‍പറേറ്റ് വികസനോന്മാദത്തെയും കര്‍ഷക പ്രക്ഷോഭത്തെയും ഒരേ സമയം പിന്തുണയ്ക്കാന്‍ കഴിയുന്നതെങ്ങനെ? സകലതും കോര്‍പറേറ്റുകള്‍ക്കു തീറെഴുതുന്ന, നിയമങ്ങളെല്ലാം അവര്‍ക്കനുകൂലമാക്കുന്ന നിലപാടുകള്‍ക്കെതിരെയുള്ള ജനകീയ മുന്നേറ്റമായാണ് കര്‍ഷക പ്രക്ഷോഭം വളരുക.

അതിന്റെ മുന്നില്‍ കോര്‍പറേറ്റ് ഭക്ത ഭരണരാഷ്ട്രീയം ഏതു കൊടി പിടിച്ചാലും തുറന്നുകാട്ടപ്പെടും. വാസ്തവത്തില്‍ ശത്രു, ഇരകളെ സൃഷ്ടിക്കുന്ന ജനവിരുദ്ധ വികസന നയമാണ്. ജനാധിപത്യത്തെ ആദരിക്കാത്ത കോര്‍പറേറ്റ് മുതലാളിത്ത അട്ടിമറികളാണ്. ആ രാഷ്ട്രീയം മറച്ചുവെച്ച് കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാനാവില്ല.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
നിഷ്പക്ക്ഷ് കുമാർ
3 years ago

വർഗ്ഗീയതയുടെ മറപിടിച്ച് കോർപ്പറേറ്റുകൾക്ക് രാജ്യത്തെ അടിയറവ് വെക്കുകയാണ്

ഗുജറാത്തികളിൽ നിന്ന് ഇന്ത്യൻ യുണിയനെ ദൈവം കാക്കട്ടെ

Back to top button
1
0
Would love your thoughts, please comment.x
()
x