Feature

ബാരിസ്റ്റർ ജോർജ് ജോസഫ് : വൈക്കം സത്യാഗ്രഹത്തിലെ കോൺഗ്രസ്സ് നേതാവ്

ഇപ്പോൾ കോൺഗ്രസുകാർ അധികം ഓർക്കാത്ത ഒരു പേരാണ് ബാരിസ്റ്റർ ജോർജ് ജോസഫ്.1923-24 ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു ദളിത് മാർച്ച്‌ സംഘടിപ്പിച്ച കോൺഗ്രസ്സ് നേതാവ്. അദ്ദേഹത്തിന് പോലീസ് മർദനമേറ്റു. അറസ്റ്റ് ചെയ്യപ്പെട്ടു. ആറു മാസം കഠിന തടവു.

ആരായിരുന്നു ജോർജ് ജോസഫ്.?

1929 ഡിസംബർ 12 ലക്കം യങ് ഇന്ത്യയിൽ മഹാത്മാ ഗാന്ധിയുടെ എഡിറ്റൊറിയൽ തുടങ്ങുന്നത് ഇങ്ങനെയാണ്:

” George Joseph has been one of my dearest comrades. When I was having rest in Yeravada, he was the editor of the Young India. Before that at my instance he was the editor of the now defunct Independent. He has sacrificed a lucrative practice for the sake of the country. He went to gaol for the same cause. He is an earnest and honest worker. “

1887 ജൂൺ 5 നു ചെങ്ങന്നൂരിൽ ജനനം. സി ഐ ജോസഫിന്റ മൂത്ത മകൻ. പഠനം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി എ. എഡിൻ ബറോ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ എം എ.അത് കഴിഞ്ഞു പ്രശസ്ഥമയ മിഡിൽ ടെമ്പിൾ 1908 ലോ ബിരുദം. ലണ്ടനിൽ ഉള്ളപ്പോൾ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സ്വാതന്ത്ര്യ സമരപ്രസ്ഥാനവുമായി ബന്ധം.

ഇന്ത്യയിൽ 1909 ൽ തിരികെ വന്നു മദ്രാസ് ഹൈകോടതിയിലെ പേര് കെട്ട വക്കീൽ. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര നേതാക്കൾ എല്ലാം വന്നു താമസിച്ചിരുന്നത് ജോർജ് ജോസഫിന്റ വീട്ടിൽ. പിന്നീട് അദ്ദേഹം പ്രവർത്തന മണ്ഡലം മധുരയിലേക്ക് മാറ്റി

ഗാന്ധിജി കോട്ട് ഊരി പുതിയ വേഷവിധാനത്തിലേക്ക് മാറിയത് 1921 സെപ്റ്റംബറിൽ ജോർജ് ജോസഫിന്റെ വീട്ടിൽ. രാജാജിയാണ് 1919ൽ മദ്രാസിൽ വച്ചു ഗാന്ധിജിയെ ജോർജ് ജോസഫിനു പരിചയപ്പെടുത്തിയത്.1919 മാർച്ച്‌ 26 തീയതി ഗാന്ധിജി മധുരയിൽ ജോർജ് ജോസെഫിന്റെ വീട്ടിലാണ് താമസിച്ചത്. ഏതാണ്ട് ഇരുപതിനായിരം പേരെ ഗാന്ധിജിയുടെ മീറ്റിങ്ങിനു സംഘടിപ്പിച്ചതും ജോർജ് ജോസഫ് ആയിരുന്നു.

1920 ആയപ്പോഴേക്കും വക്കീൽ പണി ഉപേക്ഷിച്ചു ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ മുഴുവൻ സമയ പ്രവർത്തകനായി.1920 ൽ കോൺഗ്രസ്സിന്റെ ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തു. മോത്തിലാൽ നെഹ്‌റു നടത്തിയിരുന്ന ഇന്റിപെൻഡന്റ് പത്രത്തിന്റെ എഡിറ്ററായി അലഹബാദിൽ.1921 ഡിസംബർ 6 ന് സെഡിഷൻ ചാർജിൽ മോട്ടിലാൽ നെഹ്‌റുവിനും ജവഹർലാൽ നെഹ്‌റുവിനുമൊപ്പം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽ വാസത്തിന് ശേഷം ഗാന്ധിജി തുടങ്ങിയ യങ് ഇന്ത്യയുടെ എഡിറ്റർ.

1923 ൽ അദ്ദേഹം ചെങ്ങന്നൂരിൽ വന്നു ദളിത്‌ അവകാശങ്ങൾക്കു വേണ്ടി ദളിത്‌ സത്യാഗ്രഹ സമര വൈക്കം സത്യാഗ്രഹത്തിൽ ചേർന്നു നടത്തി. അന്ന് ജോർജ് ജോസഫ് ഇതിനെകുറിച്ച് വിശദമായി എഴുതി. ഇതു എല്ലാ ജനങ്ങൾക്കും ജാതി മത ഭേദമന്യേ എല്ലായിടത്തും നടക്കാനും ആരാധിക്കുവാനുമുള്ള മനുഷ്യാവകാശ സമരവും തുല്യ പൗരാവകാശവും എന്നതായിരുന്നു അദ്ദേഹതിന്റെ കാഴ്ചപ്പാട്. ഇപ്പോൾ ഹ്യൂമൻ റൈറ്റ്സ് ബേസ്ഡ് രാഷ്ട്രീയ സമീപനം എന്നത് നൂറു കൊല്ലം മുമ്പ് എടുക്കാനുള്ള കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങൾ ഉള്ള ക്രാന്തദർശിയായ ആക്റ്റിവിസ്റ്റ് ചിന്തകനായിരുന്നു ജോർജ് ജോസഫ്.

ഇതു ഹിന്ദു മതത്തിലെ സവർണ്ണർ താഴ്ന്ന ജാതിയിൽ ഉള്ളവർക്ക് കൊടുക്കുന്ന ഒരു അക്കോമോഡീറ്റിവ് സാമൂഹിക പരിഷ്‌ക്കാരം എന്നതിനേക്കാൾ ഇതു ഒരു തുല്യ മനുഷ്യാവകാശ സിവിൽ റൈറ്റ്സ് ക്യാമ്പയിനായാണ് ബാരിസ്റ്റർ ജോർജ് ജോസഫ് കണ്ടതും പ്രവർത്തിച്ചതും. എന്നാൽ ഗാന്ധി ഇതു മനുഷ്യാവകാശ പ്രശ്നം എന്നതിൽ ഉപരി സവർണരും കീഴ് ജാതിക്കാരും ഒരുമിച്ചു പ്രവർത്തിക്കണ്ട ഒരു ഹിന്ദു സാമൂഹിക പരിഷ്ക്കരണമായാണ് കണ്ടത്.

ജോർജ് ജോസഫിന്റെ കാഴ്ചപ്പാടായ തുല്യ മനുഷ്യവകാശസിവിൽ റൈറ്സ് കാഴ്ചപ്പാടുകളിൽ വിയോജിപ്പ് ഉള്ള ചില സവർണനേതാക്കൾ ഗാന്ധിജിയോടെ ജോർജ് ജോസഫ് വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വത്തിൽ വരരുത് എന്ന് പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിൽ ദളിതരെ സംഘടിപ്പിച്ചു മർദനവും ജയിൽ വാസവും അനുഭവിച്ച ജോർജ് ജോസഫ് പിന്നീട് ഗാന്ധിജി പറഞ്ഞത് അനുസരിച്ചു 1925 മധുരയിലെക്കു പോയി.

അവിടെ ചെന്ന് ഗാന്ധിജിയുടെ ജാതി വ്യവസ്‌ഥ അംഗീകരിക്കുന്ന പല നിലപാട്കളെ എതിർത്തു. ജോർജ് ജോസഫിന്റെ തുല്യ മനുഷ്യവകാശ നിലപാടുകൾ ആദ്യമായി പ്രത്യക്ഷപെട്ടത് മോത്തിലാൽ നെഹ്‌റു 1929 ൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന പരിഷ്ക്കാരങ്ങളെകുറിച്ചുള്ള റിപ്പോർട്ടിൽ.

പിന്നീട് അദ്ദേഹം തുല്യമനുഷ്യാവകാശങ്ങൾക്കു വേണ്ടിയും തൊട്ട്കൂടായ്മക്കു എതിരായി പ്രവർത്തിച്ചു. സ്ത്രീകൾക്കു തുല്യവകാശം. തൊഴിലാളികൾക്കുള്ള അവകാശങ്ങൾ എല്ലാത്തിനും വേണ്ടി പ്രവർത്തിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹ്യൂമൻ റൈറ്സ് ആക്റ്റിവിസ്റ്റാണ് ജോർജ് ജോസഫ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായപ്പോഴും ഗാന്ധിജിയൂമായി പല കാര്യങ്ങളിലും വിഭിന്ന അഭിപ്രായമുണ്ടായിരുന്നു

ജോർജ് ജോസഫ് മധുരയിൽ ആദ്യമായി ട്രേഡ് യുണിയനുകൾ സംഘടിപ്പിച്ചു. കാമരാജ് ഒരു യുവ നേതാവായി പ്രവർത്തിച്ചു തുടങ്ങിയത് അദ്ദേഹത്തോടൊപ്പം. കമരാജിനെ അറെസ്റ്റ്‌ ചെയ്തപ്പോൾ അദ്ദേഹത്തിനു വേണ്ടി വാദിച്ചു ജയിൽ മോചിതനാക്കിയത് അദ്ദേഹമാണ്.

1937 ജൂലൈയിൽ അദ്ദേഹം മദ്രാസ് സെൻട്രൽ ലെജിസ്ലെറ്റിവ് അസംബ്ലിയിലേക്ക് മധുര -രാമനാട് – തിരുനെൽവേലി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

1938 മാച്ച് 5 തീയതി വെറും 50 വയസ്സിൽ അദ്ദേഹം മരിച്ചു. ഒരുപക്ഷെ ഇരുപതു കൊല്ലം കൂടി അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ സ്വതന്ത്ര ഇന്ത്യയിൽ നെഹ്‌റുവിന്റെ ക്യാബിനറ്റിൽ അദ്ദേഹം ഉണ്ടാകുമായിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ 1920 കൾ മുതൽ മരിക്കുന്നത് വരെ പ്രഭാവം ചെലുത്തിയ മലയാളിയായി ബാരിസ്റ്റർ ജോർജ് ജോസഫിനെ കേരളത്തിലെ കോൺഗ്രസുകാർക്ക് പോലും അറിയില്ല എന്നത് ഖേദകരമാണ്.

അദ്ദേഹത്തിന്റെ ഇളയ സഹോദരനാണ് ഇന്ത്യയിലെ പല ഇഗ്ളീഷ് പത്രങ്ങളുടെ സ്ഥാപക എഡിറ്റർ ആയിരുന്ന പോത്തൻ ജോസഫ്. അദ്ദേഹമാണ് ഇന്ത്യൻ നാഷണൽ ഹെറാൾഡ്, ഹിന്ദ്സ്ഥാൻ ടൈമ്സ്, ഡക്കൻ ഹെരാൾഡ്, ഇപ്പോൾ പാകിസ്ഥാനിൽ പ്രശസ്ഥമായ ഡാൺ എന്നിപത്രങ്ങളുടെ സ്ഥാപക എഡിറ്റർ. പോത്തൻ ജോസഫിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ബാരിസ്‌റ്റർ ജോർജ് ജോസഫ് ആയിരുന്നു.

ഒരു പക്ഷെ കേരളത്തിൽ കോൺഗ്രസ് സജീവമായി വളരുന്നതിനു മുൻപേ 1938 ൽ മരിച്ചതും അദ്ദേഹതിന്റെ പ്രധാന പ്രവർത്തന മണ്ഡലം മധുരയൂമായിരുന്നതായിരിക്കും കാരണം

എന്തായാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈക്കം സത്യാഗ്രഹ സമ്മേളനത്തിൽ ബാരിസ്റ്റർ ജോർജ് ജോസഫിനെ ഓർമ്മിക്കുന്നത് നല്ല കാര്യമാണ്.

ജെ എസ് ആടൂർ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x