IndiaLaw

കാർഷിക നിയമഭേദഗതിക്ക് താൽക്കാലിക സ്റ്റേ; കേന്ദ്ര സർക്കാരിനെ രക്ഷപെടുത്താനുള്ള നീക്കമോ?

പ്രതികരണം/ കെ. ജെ ജേക്കബ്

ക്ഷമിക്കണം, യുവർ ഓണർ.

ഒരുനിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന് കണ്ടാൽ മാത്രമേ അത് സ്റ്റേ ചെയ്യാൻ ബഹുമാനപ്പെട്ട കോടതികൾക്ക് അവകാശമുള്ളൂ.

കാർഷിക നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണ് എന്നല്ല കർഷകരുടെ വാദം. അവർക്കു അങ്ങനെയൊരു വാദമേയില്ല. കാർഷിക വിപണി പരിഷ്കരണം എന്ന പേരിൽ കുത്തകകളെ അഴിച്ചുവിടാനും ആ രംഗത്തുനിന്നും സർക്കാർ പിന്മാറാനും ആണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് കർഷകരുടെ ആരോപണം.

അതൊരു നയപ്രശ്നമാണ്, രാഷ്ട്രീയ പ്രശ്നമാണ്. അത് സർക്കാരും ജനങ്ങളും തമ്മിൽ ചർച്ച ചെയ്തു തീർക്കണം. ഒന്നുകിൽ നിയമങ്ങൾ കർഷകർക്ക് ഗുണകരമാണ് എന്ന് അവരെ സർക്കാർ ബോധ്യപ്പെടുത്തണം; അല്ലെങ്കിൽ സർക്കാർ നിയമങ്ങൾ പിൻവലിക്കണം. അല്ലെങ്കിൽ സർക്കാർ സമരം പൊളിക്കണം.

ഏതായാലും അതൊക്കെ രാഷ്ട്രീയമാണ്, നിയമപരമല്ല. ഞങ്ങൾ ‘എടപെട്ടാള’യും എന്നൊക്കെ ഭീഷണിപ്പെടുത്തുമ്പോൾ തോന്നും നാട്ടുകാരുടെ കാര്യത്തിൽ ബഹുമാനപ്പെട്ട കോടതികൾക്കു അങ്ങേയറ്റത്തെ ആശങ്കയുണ്ടെന്ന്.

അത്രയ്ക്ക് ആശങ്കയുണ്ടെങ്കിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു പരാതികൾ നിങ്ങളുടെ മുൻപിൽ ഉണ്ട്. ഇന്ത്യൻ പൗരത്വത്തിനു മതം ഒരു ഘടകമാക്കുന്നു എന്നും അത് ഇന്ത്യ എന്ന സങ്കല്പത്തെയും അതിന്റെ സമൂർത്ത രൂപമായ ഭരണഘടനയെയും വെല്ലുവിളിക്കുന്നു എന്നാണ് പരാതിക്കാർ പറയുന്നത്.

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ആം വകുപ്പ് ഇല്ലാതാക്കുന്ന ഒരു നിയമം പാർലമെന്റ് പാസാക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു പരാതികളുണ്ട്.

ഒരെണ്ണം പോലും കേൾക്കാൻ ഇതുവരെ സമയമുണ്ടായിട്ടില്ല. ഒരിടപെടലും കണ്ടിട്ടില്ല.

പോട്ടെ, അതൊക്കെ പോട്ടെ. ഒരു സംസ്‌ഥാനത്തെ ആളുകളെ മുഴുവൻ ബന്ദികളാക്കി നിയമം അടിച്ചേൽപ്പിച്ചപ്പോൾ അവിടന്ന് കുറെ ഇന്ത്യൻ പൗരന്മാരെ ഭരണകൂടം പിടിച്ചികൊണ്ടുപോയിട്ടുണ്ട്.

അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജികൾ, എന്നുവച്ചാൽ ഒരു പൗരന്റെ രക്ഷയ്ക്കെത്താൻ കോടതിയ്ക്ക് അധികാരം നൽകുന്ന നിയമം ഉപയോഗിക്കാനുള്ള അപേക്ഷകൾ, നിങ്ങളുടെ മുൻപിൽ കെട്ടിക്കിടക്കുന്നുണ്ട്.

നിയമവിരുദ്ധമായി സർക്കാർ പിടിച്ചുകൊണ്ടുപോയ തങ്ങളുടെ ആളുകൾ എവിടയെന്നറിയാത്ത പൗരന്മാരുടെ അപേക്ഷകളാണ്.

അതൊന്നും ഒരെണ്ണവും ഇതുവരെ കേൾക്കാൻ നിങ്ങള്ക്ക് സമയമുണ്ടായിട്ടില്ല.

ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ട, ഭരണഘടനപരവും നിയമപരവുമായ വിഷയങ്ങൾ ഉൾപ്പെട്ട വിഷയങ്ങൾ, കോടതി പരിഗണിക്കേണ്ട, കോടതിയ്ക്കു മാത്രം പരിഗണിക്കാൻ അവകാശമുള്ള വിഷയങ്ങൾ, കൊട്ടയിൽ ഇട്ടിട്ടു നയപരമായ വിഷയത്തിൽ ‘എടപെട്ടാള’യും എന്ന് പറയുമ്പോൾ,

യുവർ ഓണർ, ക്ഷമിക്കണം,

ആ ആക്ടിവിസത്തിൽ ചെറിയ സംശയമുണ്ട്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x