FeatureMiddle East

ഗൾഫിലെ മഴ ദിനങ്ങൾ; റാസൽഖൈമ എത്ര നല്ല എയർപോർട്ട് !

ഉപ്പയെയും ഉമ്മയെയും സുരക്ഷിതമായെത്തിച്ച് വേഗം തിരിച്ചു പോരാനാണ് പെരുന്നാൾ അവധിയിലെ പകുതിയും പറ്റി നാട്ടിലേക്ക് പോയത്.

മടക്കയാത്ര യു എ ഇ യിലെ മഴ ദിവസമായിരുന്നു.

ദുബായ് എയർപോർട്ട് വെള്ളം വിഴുങ്ങിയ വീഡിയോ കരിപ്പൂർ വിമാനത്താവളത്തിലെ കൗണ്ടർ സ്റ്റാഫാണ് കാണിച്ചു തന്നത്. അതോടെ വീട്ടിലേക്ക് തന്നെ തിരിച്ചു പോകാനായി ആദ്യ ചിന്ത. അത്രയും ഭയം പടർത്തുന്നതായിരുന്നു അത്.

എന്നാൽ ബോഡിങ് പാസ് വിതരണം തുടങ്ങിയതോടെ കൗണ്ടറിലേക്ക് തന്നെ തിരിച്ചുപോയി രണ്ടും കല്പിച്ചത് കൈപ്പറ്റി.

പറഞ്ഞ സമയത്ത് തന്നെ വിമാനം ദുബായ് ലക്ഷ്യമാക്കി പറക്കാൻ തുടങ്ങി. നാട്ടിലെ സ്കൂൾ അവധിക്കാലമായതിനാൽ ഗൾഫിലേക്ക് വരുന്ന കുടുംബങ്ങളടക്കം സീറ്റുകളെല്ലാം നിറവിലാണ്. പെരുന്നാൾ കഴിഞ്ഞ് നാട്ടിലേക്ക് വരുമ്പോൾ മൂന്ന് ഇരിപ്പിടങ്ങൾ കിടക്കയാക്കിയായിരുന്നു പലരും എയർ ഇന്ത്യാ എക്സ്പ്രസിൽ അപൂർവമായി കിട്ടുന്ന നിമിഷം ആർഭാടമാക്കിയത്.

പോയതും തിരിച്ചു വരുന്നതും ഒരേ വിമാനത്തിലായതിനാൽ ജീവനക്കാരെല്ലാം പരിചിത മുഖങ്ങളായിരുന്നു. രാത്രി പത്തര കഴിഞ്ഞതോടെ ദുബായിക്ക് മുകളിലെത്തിയ വിമാനം ഇറങ്ങാനുള്ള അവസരത്തിനായി ആകാശത്ത് അറച്ച് നിന്നു.

ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഉണർത്തിയത് കാബിൻ ക്രൂ അനൗൺസ്മെന്റായിരുന്നു. ‘വിമാനം വളരെ മോശം കാലാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്, എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം, ആരും ടോയ്ലറ്റ് ഉപയോഗിക്കരുത്’

യാത്രക്കാരെ വിറപ്പിച്ച് കൊണ്ട് പറന്ന വിമാനത്തിൽ നിന്ന് ഇടയ്ക്കിടെ ഉയർന്ന നിർദേശം ഇതായിരുന്നു. തത്സമയം പാചകം ചെയ്തു കൈവേഗത്തോടെ അവർ വിതരണം ചെയ്ത ഭക്ഷണം കൊണ്ട് വിശപ്പടക്കി. കച്ചവടം കഴിഞ്ഞതോടെ ഉന്തുവണ്ടി ശുചിമുറിക്കു കുറുകെ പാർക്ക് ചെയ്താണ് യാത്രക്കാരുടെ സുരക്ഷ വിമാന ജീവനക്കാർ പ്രാവർത്തികമാക്കിയത്.

മണിക്കൂറുകൾ കാത്തു നിന്ന ശേഷം ദുബായിൽ ഇറക്കാനുള്ള അവസരം ഇല്ലെന്നുറപ്പായപ്പോൾ വിമാനം റാസൽഖൈമയിലേക്ക് പോകുന്ന കാര്യം പൈലറ്റ് പുറത്തുവിട്ടു.

മിന്നലും മഴയും മത്സരിച്ചിരുന്ന ആകാശത്ത് നിന്നും സമർഥനായ ആ വൈമാനികൻ റാസൽഖൈമയിൽ വിമാനമിറക്കി. പതിവുപോലെ പരാതിയോ ബഹളമോ ആർക്കുമില്ല. കാരണം ജീവൻ തിരിച്ച് കിട്ടിയ ആശ്വാസം എല്ലാവരിലുമുണ്ടായിരുന്നു.

തിരിച്ച് ദുബായിൽ തന്നെ ഇറക്കാനാകും എന്ന പ്രതീക്ഷയിൽ യാത്രക്കാരെ പുറത്തിറക്കാതെ വിമാനത്തിൽ തന്നെ ഇരുത്തി. വിമാനയാത്ര ഭയവും ഒപ്പം വിരസതയും വമിപ്പിച്ചപ്പോൾ കുട്ടികളുടെ കരച്ചിൽ ഉയർന്നു. മുതിർന്നവർ അച്ചടക്കത്തോടെ ക്യാപ്റ്റന്റെ പുതിയ ശബ്ദത്തിനായി കാതു കൂർപ്പിച്ചിരുന്നു.

ഒരു മണിക്കൂറിലധികമെടുത്ത ആ കാത്തു നില്പും അവസാനിച്ചപ്പോൾ വിമാനവാതിൽ തുറന്നു. ദുബായ് വിമാനത്താവളത്തിൽ തങ്ങളെ സ്വീകരിക്കാനെത്തിയവരെ നിരാശരാക്കി റാസൽഖൈമയിലെ കൊച്ചു വിമാനത്താവളത്തിൽ എല്ലാവരും ചെക്ക് ഇൻ ചെയ്തു.

ഉറങ്ങിക്കിടന്ന ആ വിമാനത്താവളം അപ്രതീക്ഷിത യാത്രക്കാരെ ഉറക്കച്ചടവോടെ സ്വീകരിച്ചു. ആറിത്തണുത്ത ആഗമന ലോഞ്ചിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ആകാശം ഇരുണ്ട മേഘക്കട്ടകൾ കൊണ്ട് ഭീതി തീർത്തിരിക്കുന്നു.

മഴ വിട്ടുപോയിട്ടില്ലെന്നറിയിക്കാൻ പലപ്പോഴായി നിലം നനവുള്ളതാക്കി കൊണ്ടിരുന്നു. യാത്രക്കാരുടെ മുഖങ്ങളും മുകളിലെ മാനവും ഇരുൾ മുറ്റിയ ദിനം !

പരസഹായത്തിന് കാര്യമായി ആരും ഇല്ലാത്ത നേരം. സഹായിക്കാൻ മനസ്സുള്ളവരെ വിളിച്ച് ‘ ഉള്ള ചോറ് കളയേണ്ട ‘എന്നു കരുതി പലരും വെളിച്ചം വരുവോളം ട്രോളി കസേരയാക്കി മയങ്ങി.

മഴ പെയ്തപ്പോൾ പുറത്തിറങ്ങിയവർ ഉള്ളിലേക്ക് തന്നെ വലിഞ്ഞ് എയർപോർട്ട് ജനസാന്ദ്രമാക്കി.

ടാക്സിക്കാർ മത്സരിച്ച് കാശ് വസൂലാക്കാൻ വരി നിന്നു. റാസൽഖൈമ എമിറേറ്റ് വിട്ടുള്ള ഓട്ടത്തിന് ആരും സന്നദ്ധരല്ല. സന്നദ്ധരായവർ നിരക്ക് പതിന്മടങ്ങാക്കി യാത്രക്കാരെ പിഴിയാൻ ‘നിയ്യത്ത്’ വച്ചവരായിരുന്നു.

ചിലർ കിട്ടിയ ടാക്സിയിൽ കയറി ദുബായ് ലക്ഷ്യമാക്കി വിട്ടു. അവരെ വഴിയിൽ ഇറക്കിവിട്ട് ഡ്രൈവർമാർ തടി സലാമത്താക്കിയതായാണ് പിന്നീട് കേട്ടത്.

ഹോട്ടലിലേക്ക് നീങ്ങി സൂര്യ വെളിച്ചം വരുവോളം അവിടെ തങ്ങാൻ തീരുമാനിച്ചവരുമുണ്ട്.

കെണിയിൽ കുടുങ്ങിയ എലികളെപ്പോലെ എയർപോർട്ടിൽ തന്നെ പരുങ്ങിനിന്നവർക്ക് ഓടിയെത്തിയ സുഹൃത്തുക്കളാണ് മോചനം നൽകിയത് . സ്നേഹത്തോടെ അവരുടെ മുറികളിലേക്ക് കൂട്ടികൊണ്ടു പോയി അഭയം നൽകി. വിവിധ എമിറേറ്റുകളിൽ നിന്ന് ത്യാഗം സഹിച്ചാണ് ബന്ധുക്കൾ ഉറ്റവരെ കൂട്ടാൻ വാഹനവുമായി എത്തിയത്.

റാസൽഖൈമ എത്ര നല്ല എയർപോർട്ട് ! ഉപ്പയെയും ഉമ്മയെയും സുരക്ഷിതമായെത്തിച്ച് വേഗം തിരിച്ചു പോരാനാണ് പെരുന്നാൾ അവധിയിലെ…Posted by Mujeeb Edavanna on Friday 19 April 2024

ഇതിനിടയിൽ വിമാനത്തിലെ സ്റ്റാഫും അവരുടെ വാഹനത്തിൽ സങ്കേതത്തിലേക്ക് പോയി.

വാഹനം കാത്തു നിന്നപ്പോൾ കുറച്ച് സമയം യാത്രക്കാരോടൊപ്പം ചേർന്ന പൈലറ്റ് പറഞ്ഞു, ‘ഒരു നിലയ്ക്ക് നിങ്ങൾ ലക്കിയാണ്, ഇവിടെയെങ്കിലും ഇറങ്ങാനായല്ലോ?’

ആകാശത്തെ ഉദ്വഗമായ മണിക്കൂറുകളും ഭൂമിയിലെ മഴക്കെടുതിയും കണ്ടപ്പോൾ ആ പ്രസ്താവന ശരിയാണെന്നു തോന്നി.

അടുത്ത പരീക്ഷണം അഭിമുഖീകരിക്കും വരെ ചലിക്കാനുള്ള ആരോഗ്യവുമായി ഒരിക്കൽ കൂടി ജീവിതം മരുഭൂമിയിൽ ഇറക്കിവയ്ക്കാനായി.

ചൊവ്വാഴ്ച വൈകിട്ട് ദുബായിലേക്ക് പുറപ്പെട്ടെങ്കിലും ബുധനാഴ്ച രാത്രിയാണ് വീടണഞ്ഞത്. വെള്ളക്കെട്ടുകളും അടഞ്ഞ വഴികളും തരണം ചെയ്ത് താമസയിടമണയാൻ സഹായിച്ചവരെ മനസ്സിൽ ഒരു ചിറകെട്ടി സൂക്ഷിച്ചിട്ടുണ്ട്.

കാൽ നൂറ്റാണ്ട് കടന്ന പ്രവാസ ജീവിതത്തിലെ നടുക്കുന്ന യാത്രാ ദിവസമായിരുന്നു ബുധൻ. മനുഷ്യരുടെ കരുതലും ബന്ധങ്ങളുടെ ഊഷ്മളതയും ഊർജം പൂണ്ട മഴദിനം.

മുജീബ് എടവണ്ണ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x