Political

എന്താണ് നയതന്ത്ര ബാഗ് ? നയതന്ത്ര ബാഗിലൂടെ ലോകത്തെ ഞെട്ടിച്ച കയറ്റുമതികൾ

നയതന്ത്ര ബാഗിൽ ഉദ്യോഗസ്ഥർ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ നിരവധി പേർ ചോദിച്ച ചോദ്യമാണ് നയതന്ത്രബാഗ് എന്നാൽ എന്താണെന്ന്. എന്തൊക്കെയാണ് നയതന്ത്ര ഉദ്യോഗസ്ഥകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ?

എന്താണ് നയതന്ത്ര ബാഗ് ?

നയതന്ത്ര ദൗത്യങ്ങളിൽ തങ്ങളുടെ രാജ്യത്തോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തു നിന്നോ ഔദ്യോഗിക രേഖകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നിയമ പരിരക്ഷയുള്ള ബാഗാണ് നയതന്ത്ര ബാഗ്. കാർഡ്‌ബോർഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫൽ ബാഗ്, സ്യൂട്ട്‌കേസ്, ഷിപ്പിംഗ് കണ്ടെയ്‌നർ എന്നിങ്ങനെ പല രൂപത്തിലും നയതന്ത്ര ബാഗ് വരാം.

ഈ ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ല. നയതന്ത്ര ഉദ്യോഗസ്ഥർക്കും, നയതന്ത്ര ബാഗിനും അനുവദിച്ചിരിക്കുന്ന ആനൂകൂല്യങ്ങളെ കുറിച്ച് 1961ലെ വിയന്ന കൺവെൻഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാൻ പാടില്ല എന്നതുകൊണ്ട് തന്നെ രണ്ടാം ലോക മഹായുദ്ധകാലത്തും മറ്റും നിരവധി വസ്തുക്കളാണ് ബാഗിൽ കയറ്റി അയച്ചിരിക്കുന്നത്.

1961 ലെ വിയന്ന കണ്‍വന്‍ഷനില്‍ വെച്ചാണ് രാജ്യങ്ങള്‍ തമ്മില്‍ സ്ഥാനപതി കാര്യാലയങ്ങളുടെ രേഖകൾ യഥാസമയം തടസ്സം കൂടാതെ എത്തിക്കുന്നതിന് വേണ്ടി കരാര്‍ ഒപ്പ് വെച്ചത്. അത് തന്നെയാണ് ഇന്നും ആധാരം.

ഇത് അനുസരിച്ച് ഒരു രാജ്യത്തിന്റെ വിദേശത്തുള്ള എംബസ്സി/കോണ്‍സുലേറ്റ്‌ ഓഫിസുകളിലേക്ക് അതാത് രാജ്യത്ത് നിന്നും അയക്കേണ്ട രേഖകൾ എളുപ്പത്തിലും വേഗതയിലും സാധാരണ ബാഗ് സ്ക്രീനിങ്ങ് ഒഴികെ മറ്റെല്ലാ കസ്റ്റംസ് മറ്റു സുരക്ഷാ സേനയുടെ പരിശോധനയും കൂടാതെ കടത്തി വിടാനുള്ള സൗകര്യം ലഭിച്ചു. ഇത് വഴി രേഖകൾ മാത്രമല്ല, ഉപ്പ് തൊട്ട് കരപ്പുറം വരെ അയക്കാനും സാധിക്കും.

ഉദാഹരണത്തിന് അരി മുഖ്യ ഭക്ഷണം ആയ നാടുകളിലെ എംബസ്സികളില്‍ ജോലി ചെയ്യുന്ന നമ്മുടെ സാദാ ദക്ഷിണേന്ത്യന്‍ തമിഴ്‌ ഉദ്യോഗസ്ഥന് വേണ്ടി തൈര് സാദവും മഞ്ഞളും വരെ ഇത് വഴി കൊടുത്തയക്കാനും പറ്റും എന്നര്‍ത്ഥം. അറബ് കോഫിയും ചില മീനും വരെ ഇങ്ങനെ കടൽ കടന്ന് പോകുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ഉള്ള സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് വേണ്ട എല്ലാം അയച്ച് കൊടുക്കേണ്ടത് അതാത് രാജ്യത്തിന്റെ വിദേശ മന്ത്രാലയത്തിന്റെ ചുമതലയിലാണ് വരിക. ഡിപ്ലോമാറ്റിക്ക് പൗച്ച് മുതൽ വലിയ വലിയ കാർട്ടനുകള്‍ വരെ ഇങ്ങനെ ആവാം.

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് ഇത് പോലെ അയക്കേണ്ടത് വിദേശ മന്ത്രാലയ ത്തിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആണ്. അവരാണ് ബാഗ് പൂട്ടി Non tampering സീല്‍ വെക്കേണ്ടത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സാന്നിധ്യം പോലും ചിലപ്പോള്‍ ഉണ്ടാകും. വിലപ്പെട്ട രേഖകള്‍ ഇങ്ങനെ ബാഗേജ് അല്ലാതെ നേരിട്ട് ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ട് പോകുന്ന പതിവും ഉണ്ട്. അവര്‍ക്കും ബാഗ് പോലെ ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി വിയന്ന കരാര്‍ വഴി ലഭിക്കും

ഡിപ്ലോമാറ്റിക് ബാഗിനൊപ്പമുള്ള വിവരങ്ങൾ

ഡിപ്ലോമാറ്റിക് ബാഗ് അയക്കുമ്പോൾ അയക്കുന്ന ഓഫിസറുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. ആർക്കാണോ അയക്കുന്നത് ആ ഓഫിസറുടെ എല്ലാ വിവരങ്ങളും ഒപ്പം അയക്കണം. കപ്പലിലാണെങ്കിൽ ക്യാപ്റ്റനും വിമാനത്തിലാണെങ്കിൽ പൈലറ്റിനും ഇതിന്റെ പകർപ്പ് നൽകണം. മൂന്നാമത്, ഒരു രാജ്യത്ത് ഇറക്കി പിന്നീട് വേറെ വിമാനത്തിലോ കപ്പലിലോ അയക്കുകയാണെങ്കിൽ ആ രാജ്യത്ത് ഇത് ആരാണ് കൈകാര്യം ചെയ്യുക എന്ന വിവരങ്ങളും വേണം. വലിയ ബാഗേജുകൾ അയക്കുമ്പോൾ ഒരു വ്യക്തി കൂടെ ബാഗിനൊപ്പം സഞ്ചരിക്കാറുണ്ട്. ഡിപ്ലോമാറ്റിക് ബാഗിനുള്ള ഇമ്യൂണിറ്റി ഈ വ്യക്തിക്കുമുണ്ടാകും.

നയതന്ത്ര ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, അവരുടെ ‘ഇമ്യൂണിറ്റി’

നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇമ്യൂണിറ്റിയെ കുറിച്ച് വിശദമാക്കിയിരിക്കുന്ന കരാറാണ് വിയന്ന കരാർ. ഇന്റർനാഷണൽ ലോ കമീഷനാണ് നിലവിലെ നയതന്ത്ര കരാറിന് രൂപം നൽകിയിരിക്കുന്നത്. വിയന്നയിൽ 1961 ഏപ്രിൽ 18ന് യുഎൻ സ്വീകരിച്ച ഈ കരാർ ആദ്യം പ്രാബല്യത്തിൽ വരുന്നത് 1964 ഏപ്രിൽ 24നാണ്.

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയ്ക്കെതിരെ സ്വീഡൻ ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൃത്യത്തിനിടയിൽ സമ്മതം പിൻവലിച്ചിട്ടും കൃത്യത്തിൽ നിന്നു പിന്മാറാൻ അസാഞ്ചെ തയ്യാറായില്ല എന്ന ഒരു സ്ത്രീയുടെ പീഡന പരാതിയിലായിരുന്നു നടപടി. സമ്മതത്തെ വളരെ ഗൗരവമായി സമീപിക്കുന്ന രാഷ്ട്രമാണ് സ്വീഡൻ. സംഭവം നടക്കുമ്പോൾ അസാഞ്ചെ ബ്രിട്ടണിലായിരുന്നു. ബ്രിട്ടൺ അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്നു മനസ്സിലാക്കിയ അസാഞ്ചെ ഇക്വഡോർ എംബസിയിൽ അഭയം തേടി.

(Photo by Jack Taylor/Getty Images)

ഇക്വഡോർ ഡിപ്ലോമാറ്റിൿ ബാഗേജ് ആയി അസാഞ്ചേയെ പാക്ക് ചെയ്ത് സ്വീഡനുമായി കരാർ ഇല്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് അയയ്ക്കുമെന്ന ധാരണയിൽ ബ്രിട്ടീഷ് പൊലീസ് എംബസിക്കു പുറത്ത് കാവൽ പോലും ഏർപ്പെടുത്തി. പാക്കേജ് ആയി അസാഞ്ചെയേ കടത്താൻ ശ്രമിച്ചാൽ തങ്ങൾ ഇമ്യൂണിറ്റി ലംഘിക്കുമെന്ന് താരതമ്യേന ദരിദ്ര രാജ്യമായ ഇക്വഡോറിനെ ബ്രിട്ടൺ ഭീഷണിപ്പെടുത്തിയതിനാൽ അവർ അതിനു ശ്രമിച്ചില്ല. ഈ ഭീഷണിയാകട്ടെ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായി. എന്നാൽ ധാരണകൾ ലംഘിച്ച് എംബസിയിലേക്കു കടന്നുകയറാൻ ബ്രിട്ടണും മുതിർന്നില്ല.

ഏഴുവർഷമാണ് അസാഞ്ചെ ബ്രിട്ടണിലെ ഇക്വഡോർ എംബസിയിൽ ഒളിവിൽ കഴിഞ്ഞത്. ഒടുവിൽ ഇക്വഡോറിൽ ഭരണം മാറുകയും അമേരിക്കൻ അനുകൂല സർക്കാർ അധികാരമേൽക്കയും ചെയ്തതോടെയാണ് ആ രാജ്യം അസാഞ്ചെയെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പൊലീസിനു കൈമാറിയത്. ഡിപ്ലോമാറ്റിൿ ഇമ്മ്യൂണിറ്റിയുടെ power ആണ് ഇതു കാട്ടുന്നത്.

ഒരു രാജ്യം embassy-യിലേക്കോ കോൺസുലേറ്റിലേക്കോ അയക്കുന്ന രേഖകളോ വസ്തുക്കളോ diplomatic pouch/baggage ആയാണ് വരുന്നത്. അംബാസിഡർക്കും കോൺസുലേറ്റ് ജനറലിനും ഇതര ഡിപ്ലോമാറ്റുകൾക്കും ഒക്കെ ലഭ്യമായ diplomatic immunity ഇങ്ങനെ വരുന്ന പാഴ്സലിനും ഉണ്ട്. അത് അയയ്ക്കുന്ന രാജ്യമേതാണോ, ആ രാജ്യത്തിന്റെ അനുമതിയില്ലാതെ ഇത്തരം ഒരു പാഴ്സൽ തുറന്നു പരിശോധിക്കാൻ എംബസി പ്രവർത്തിക്കുന്ന ഹോസ്റ്റ് രാജ്യത്തിന്റെ ഏജൻസികൾക്ക് അവകാശമില്ല. അതിപ്പോൾ ശവശരീരമായാൽ പോലും അങ്ങനെയാണ്.

ഉദാഹരണത്തിന് സമ്പൂർണ്ണ മദ്യനിരോധനമുള്ള കുവൈറ്റിലെ അമേരിക്കൻ എംബസിയിലേക്ക് ഡിപ്ലോമാറ്റിൿ ബാഗേജ് ആയി മദ്യം കൊണ്ടുവന്നെന്നിരിക്കട്ടെ. കുവൈറ്റിലെ കസ്റ്റംസിലോ പൊലീസിനോ അതു തുറന്നു പരിശോധിക്കാനോ നശിപ്പിക്കാനോ യാതൊരു അധികാരവുമില്ല. പകരം കുവൈറ്റിലെ നയതന്ത്ര പ്രതിനിധിയെ അറിയിച്ച് അവരുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം തുറക്കാം. ഇല്ലെങ്കിൽ ആകെ ചെയ്യാവുന്നത് നയതന്ത്രപരമായി അമേരിക്കൻ ഗവണ്മെന്റിനെ അറിയിക്കാം – തത്കാലം വേണമെങ്കിൽ തടഞ്ഞു വയ്ക്കാം.

എന്തുകൊണ്ടാണ് ഇങ്ങനെയുള്ള നിയമങ്ങൾ എന്നല്ലേ? ഓരോ രാജ്യത്തിന്റെയും നയതന്ത്ര ഓഫീസ് വളരെ രഹസ്യസ്വഭാവമുള്ള വിവരങ്ങളും കാര്യങ്ങളും ആണ് കൈകാര്യം ചെയ്യുന്നത്. നയതന്ത്ര പ്രതിനിധികളുടെ ജീവനും സ്വത്തിനും ഇമ്യൂണിറ്റി കൊടുത്തില്ലെങ്കിൽ എംബസികൾക്കു പ്രവർത്തിക്കാൻ പറ്റാതാകും.

നയതന്ത്ര ബാഗിലൂടെ ലോകത്തെ ഞെട്ടിച്ച കയറ്റുമതികൾ

നൈജീരിയയിൽ ഒരു മന്ത്രിയെ ഇത്തരത്തിൽ കടത്തപ്പെട്ടിട്ടുണ്ടെന്ന വിവരം ഉണ്ടെങ്കിലും ആ സംഭവത്തിന് സ്ഥിരീകരണമില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് വിൻസ്റ്റൺ ചർച്ചിലിന് ക്യൂബൻ സിഗാറുകളുടെ കയറ്റുമതി ലഭിച്ചതായി റിപ്പോർട്ടുണ്ട്. 1964ൽ മൊറോക്കൻ വംശജനായ ഇസ്രായേലി ഡബിൾ ഏജന്റ് മൊർദെഖായി ലൂക്കിന് മയക്കുമരുന്ന് നൽകി ബന്ധിപ്പിച്ച് റോമിലെ ഈജിപ്ഷ്യൻ എംബസിയിൽ നയതന്ത്ര മെയിലിംഗ് ക്രേറ്റിൽ കടത്താൻ ശ്രമം നടന്നിട്ടുണ്ട്. എന്നാൽ ഇറ്റാലിയൻ അധികൃതർ അദ്ദേഹത്തെ രക്ഷപ്പെടുത്തി.

അമേരിക്കൻ എംബസി പിടിച്ചെടുക്കുന്നതിനിടെ രക്ഷപ്പെട്ട ആറ് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാനിൽ നിന്ന് രക്ഷിക്കുന്നതിനായി കനേഡിയൻ സർക്കാർ പാസ്‌പോർട്ടുകളും മറ്റ് വസ്തുക്കളും നയതന്ത്ര ബാഗ് വഴി ടെഹ്‌റാനിലേക്ക് അയച്ചിട്ടുണ്ട്. 1982 ലെ ഫാക്ക്‌ലാന്റ് യുദ്ധത്തിൽ, അർജന്റീന സർക്കാർ ഒരു നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്‌പെയിനിലെ അവരുടെ എംബസിയിലേക്ക് നിരവധി ലിംപറ്റ് ഖനികൾ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ഓപറേഷൻ ആൽജിസിറാസിൽ ഇത് ഉപയോഗിക്കാൻ രഹസ്യ പദ്ധതിയിട്ടു. ജിബ്രാൾട്ടർ കടലിടുക്കിൽ റോയൽ നേവി ഡോക്ക് യാർഡിൽ നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് യുദ്ധക്കപ്പൽ സ്‌ഫോടനത്തിൽ തകർക്കുക എന്നതായിരുന്നു അർജന്റീന ഏജന്റുമാരുടെ ലക്ഷ്യം. എന്നാൽ പദ്ധതി നടപ്പിലാകും മുമ്പും സ്പാനിഷ് പൊലീസ് ഇത് തടഞ്ഞു.

1984ൽ ഡിക്കോ അഫെയറിൽ മുൻ നൈജീരിയൻ മന്ത്രി ഉമാരു ഡിക്കോയെ തട്ടിക്കൊണ്ടുപോയി ഷിപ്പിംഗ് ക്രേറ്റിൽ പാർപ്പിച്ചതായി റിപ്പോർട്ടുണ്ട്. വിചാരണയ്ക്കായി യുകെയിൽ നിന്ന് നൈജീരിയയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ഇത്. എന്നാൽ അദ്ദേഹത്തെ പാർപ്പിച്ചത് നയതന്ത്ര ബാഗായി പരിഗണിക്കാൻ സാധിക്കില്ലെന്നും, ഇത് ബ്രിട്ടീഷ് പൗരന്മാർക്ക് തുറക്കാൻ അനുവാദമുണ്ടെന്നുമാണ് വാദം. 1984 ൽ ലണ്ടനിലെ ലിബിയൻ എംബസിയിൽ ഡബ്ല്യുപിസി യോൺ ഫ്‌ലെച്ചറിനെ വെടിവച്ചുകൊല്ലാൻ ഉപയോഗിച്ച സ്റ്റെർലിംഗ് സബ് മെഷീൻ തോക്ക് 21 നയതന്ത്ര ബാഗുകളിലൊന്നിലാണ് യുകെയിൽ നിന്ന് കടത്തിയത്.

2008 മെയ് മാസത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ടോയ്‌ലറ്റിന് പകരമുള്ള പമ്പ് റഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് ഒരു നയതന്ത്ര സഞ്ചിയിൽ അയച്ചിട്ടുണ്ട്. അടുത്ത ഷട്ടിൽ മിഷന്റെ ലിഫ്‌റ്റോഫിന് മുമ്പായി എത്തിച്ചേരാനായിരുന്നു ഇത്. 2012 ജനുവരിയിൽ ഇക്വഡോറിൽ നിന്ന് നയതന്ത്ര സഞ്ചിയിൽ 40 കിലോഗ്രാം കൊക്കെയ്ൻ കടത്തിയതായി ഇറ്റലി കണ്ടെത്തി.

വിയന്ന കരാറിലെ സുപ്രധാന ഭാഗങ്ങൾ

53 ആർട്ടിക്കിളുകളടങ്ങിയ വലിയ രേഖയാണ് വീയന്ന കരാർ. ഇതിലെ സുപ്രധാന ഭാഗങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ആർട്ടിക്കിൾ 9 – ആതിഥേയ രാജ്യത്തിന് എപ്പോൾ വേണമെങ്കിലും ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ പേഴ്‌സോണ നോൺ ഗ്രേറ്റയായി പ്രഖ്യാപിക്കാം. ഒരു വ്യക്തിക്ക് ആ രാജ്യത്തെ സർക്കാർ ഏർപ്പെടുത്തുന്ന ഉപരോധമാണ് പേഴ്‌സോണ നോൺ ഗ്രേറ്റ. ഈ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥന്റെ സ്വദേശ രാജ്യം എത്രയും പെട്ടെന്ന് ഉദ്യോഗസ്ഥനെ മടക്കി വിളിക്കണം.

ആർട്ടിക്കിൾ 22 – എംബസി പോലുള്ള നയതന്ത്ര കാര്യാലയങ്ങളിൽ ആതിഥേയ രാജ്യത്തെ ആർക്കും മുൻകൂർ അനുവാദമില്ലാതെ പ്രവേശിക്കാൻ സാധ്യമല്ല. മാത്രമല്ല ആതിഥേയ രാജ്യം ഈ കെട്ടിടത്തിന് സംരക്ഷണം നൽകണം. കെട്ടിടത്തിലെ രേഖകൾ പിടിച്ചെടുക്കാനോ, ഇവിടെ തെരച്ചിൽ നടത്താനോ പാടില്ല. നിയതന്ത്ര ഉദ്യോഗസ്ഥരുടെ വസതിക്കും ഇത് ബാധകമാണ്.

ആർട്ടിക്കിൾ 24 – നയതന്ത്ര രേഖകൾ പരിശോധിക്കാനോ തുറക്കാനോ പാടില്ല.

ആർട്ടിക്കിൾ 27 – നിയതന്ത്ര ഉദ്യോഗസ്ഥരും മാതൃരാജ്യവും തമ്മിലുള്ള ആശയവിനിമയം സുരക്ഷിതവും സൗജന്യമായിരിക്കണം. ഈ ഉത്തരവാദിത്തം ആതിഥേയ രാജ്യത്തിനാണ്. സംശയകരമായ സാഹചര്യങ്ങളിൽ പോലും നയതന്ത്ര ബാഗുകൾ തുറന്ന് പരിശോധിക്കാൻ പാടുള്ളതല്ല. ഡിപ്ലോമാറ്റിക്ക് കൊറിയറിനെ (നയതന്ത്ര ബാഗിനെ അനുഗമിക്കുന്ന വ്യക്തി) അറസ്റ്റ് ചെയ്യാൻ പാടില്ല.

ആർട്ടിക്കിൾ 29 – നയതന്ത്ര ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ പാടില്ല. ഇവർക്കെതിരെ ആതിഥേയ രാജ്യത്ത് സിവിൽ/ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ പാടില്ല. അങ്ങനെ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഇവരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുകയും ആ രാജ്യത്തെ നിയമപ്രകാരം ിവർ ചെയ്ത നിയമലംഘത്തിന് ആ രാജ്യത്തെ നിയമപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആർട്ടിക്കിൾ 32 വ്യവസ്ഥ ചെയ്യുന്നത്.

ആർട്ടിക്കിൾ 34– നയതന്ത്ര ഉദ്യോഗസ്ഥർക്ക് നികുതി അടയ്‌ക്കേണ്ട. ഇവർക്ക് കസ്റ്റംസ് ഡ്യൂട്ടിയും ഉണ്ടാകില്ലെന്ന് ആർട്ടിക്കിൾ 36ൽ പറയുന്നു.

ആർട്ടിക്കിൾ 37 – നയതന്ത്ര ഉദ്യോഗസ്ഥരുടെ അതേ ആനുകൂല്യങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്കും ലഭിക്കും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Via
Twenty Four News
Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഫൈസൽ. പി. കെ
3 years ago

വളരെ വിജ്ഞാനപ്രദവും, ആനുകാലിക പ്രസക്തവുമായ ലേഖനം.

Back to top button
1
0
Would love your thoughts, please comment.x
()
x