Feature

20-20യും കിഴക്കമ്പലത്തെ കിറ്റക്സ് നാട്ടുരാജ്യവും; ആദായവില‌ക്ക്‌ കമ്പനി അടിമത്തം

പ്രതികരണം/സുബിൻ ഡെന്നിസ്

വിശക്കുന്നവനോട് പ്രത്യയശാസ്‌ത്രവും നിലപാടും പറഞ്ഞിട്ട് കാര്യമുണ്ടോ എന്ന് ട്വന്റി-20 രാഷ്‌ട്രീയ നേതാവ് സാബു ജേക്കബ് ചോദിക്കുന്നത് പോസ്റ്ററാക്കി ഒട്ടിച്ചു നടക്കുന്നുണ്ട് അദ്ദേഹത്തിന്റെ പാർട്ടിക്കാർ.

പ്രത്യയശാസ്‌ത്രവും നിലപാടുമൊന്നും വേണ്ട, ക്യാമ്പസ് രാഷ്‌ട്രീയം വേണ്ട തുടങ്ങിയ പഴകിപ്പുളിച്ച കാഴ്‌ചപ്പാടുകൾ പുതിയതാണെന്ന മട്ടിൽ ഇവർ ഇറക്കിക്കൊണ്ടിരിക്കുന്നു.

ഒരൊറ്റ ഉദാഹരണം മതി ഇവർ പറയുന്നതിന്റെ പൊള്ളത്തരം മനസ്സിലാകാൻ.

ഇന്ത്യയിൽ ഏറ്റവും കുറവ് പട്ടിണിയുള്ള സംസ്ഥാനങ്ങളിലൊന്നാണ് പ്രത്യയശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളും കർഷകരുമൊക്കെ സംഘടിച്ച, ക്യാമ്പസ് രാഷ്‌ട്രീയമുള്ള കേരളം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിണിയുള്ള സംസ്ഥാനങ്ങളിലൊന്നാണ് തൊഴിലാളി യൂണിയനുകൾ ശക്തമല്ലാത്ത, ക്യാമ്പസ് രാഷ്‌ട്രീയം കാര്യമായിട്ടില്ലാത്ത ഗുജറാത്ത്.

എന്താണിതിന് കാരണം?

തൊഴിലാളിക്ക് കൂലി കുറച്ചു കൊടുത്താൽ മുതലാളിക്ക് കൊള്ളലാഭമുണ്ടാക്കാം. അതായത് തൊഴിലാളിയുടെ പട്ടിണിയും മുതലാളിയുടെ സമ്പത്തും തമ്മിൽ ബന്ധമുണ്ട്.

കർഷകരുടെ വിളകൾക്ക് വില കുറഞ്ഞാൽ അവരുടെ വിളകൾ സംസ്‌കരിച്ച് വിൽക്കുന്ന മുതലാളിമാർക്കും കൊള്ള ലാഭമുണ്ടാക്കാം. എന്നുവച്ചാൽ കർഷകരുടെ പട്ടിണിയും ചില കുത്തക കമ്പനികളുടെ സമ്പത്തും തമ്മിലും ബന്ധമുണ്ട്.

കുറച്ചു കാലം മുമ്പത്തെ കാര്യമെടുത്താൽ, സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത തൊഴിലാളികളെയും കൃഷി ചെയ്യുന്ന ഭൂമിയിൽ ഉടമസ്ഥാവകാശമില്ലാത്ത കർഷകരെയും ജന്മികൾക്ക് ചൂഷണം ചെയ്യാൻ എളുപ്പമായിരുന്നു എന്നതും ഓർക്കാം. ജന്മിയുടെ സുഭിക്ഷതയും കർഷകരുടെയും തൊഴിലാളികളുടെയും പട്ടിണിയും തമ്മിലും ബന്ധമുണ്ടായിരുന്നു.

ഇത്തരം കാര്യങ്ങൾ തൊഴിലാളികളും കർഷകരുമൊക്കെ മനസ്സിലാക്കുന്നതിനെയാണ് അവർക്ക് പ്രത്യയശാസ്‌ത്ര ബോധമുണ്ടാവുക, അഥവാ രാഷ്‌ട്രീയ വിദ്യാഭ്യാസം നേടുക എന്നു പറയുന്നത്. വായിച്ചും പഠിച്ചും പ്രസംഗങ്ങൾ കേട്ടും ചർച്ച ചെയ്‌തുമൊക്കെയാണ് രാഷ്‌ട്രീയ വിദ്യാഭ്യാസം നേടുന്നത്.

അങ്ങനെ രാഷ്‌ട്രീയ വിദ്യാഭ്യാസം നേടിയ കർഷകരും തൊഴിലാളികളും സംഘടിച്ചതിന്റെ ഫലമായിട്ടാണ് കേരളത്തിൽ ഭൂപരിഷ്‌കരണമുണ്ടായത്. അങ്ങനെയാണ് കർഷകർക്ക് കൃഷിഭൂമിയും കർഷകത്തൊഴിലാളികൾക്ക് കുടികിടപ്പു ഭൂമിയും ലഭിക്കുന്നത്.

നിവർന്നു നിൽക്കാൻ സ്വന്തമായി കുറച്ചെങ്കിലും ഭൂമിയും സംഘടിച്ച് അവകാശങ്ങൾക്കായി വാദിക്കാൻ യൂണിയനുകളുമുണ്ടായതിന്റെ ഫലമായിട്ടാണ് തൊഴിലാളികൾക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൂലി കിട്ടുന്ന സംസ്ഥാനമായി കേരളം മാറിയത്.

കർഷകർ സംഘടിക്കുന്നതിന്റെ ഫലമായിട്ടാണ് നെല്ലിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താങ്ങുവില കേരളത്തിൽ ലഭിക്കുന്നതും വയനാടൻ കാപ്പി സംസ്കരിച്ച് വിപണനം നടത്താൻ സർക്കാർ പിന്തുണയോടെ സഹകരണമേഖലയിൽ മുൻ‌കൈയ്യുണ്ടാകുന്നതും മറ്റും.

തൊഴിലാളികളും കർഷകരും അധ്യാപകരും ശാസ്‌ത്രസാഹിത്യ പ്രവർത്തകരും എന്നിങ്ങനെ വിവിധ വിഭാഗം ജനങ്ങൾ സംഘടിച്ച് ആവശ്യങ്ങൾ ഉന്നയിച്ചതിന്റെ ഫലമായിട്ടാണ് കേരളത്തിൽ പൊതുവിദ്യാലയങ്ങളും പൊതുമേഖലയിൽ ആശുപത്രികളും ഉയർന്നുവന്നതും സാക്ഷരതാ പ്രസ്ഥാനം വിജയകരമായി നടപ്പായതും.

വിദ്യാർത്ഥികൾ സംഘടിച്ചതിന്റെ ഫലമായിട്ടാണ് വിദ്യാഭ്യാസം സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ നിലനിൽക്കുന്നത്. തൊഴിലാളികൾ സംഘടിച്ചതിന്റെ ഫലമായിട്ടാണ് എല്ലാ വിഭാഗം തൊഴിലാളികൾക്കും പെൻഷൻ ഉൾപ്പെടെ ഇന്ത്യയിൽ ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാ പദ്ധതികൾ ഉള്ള സംസ്ഥാനമായി കേരളം മാറിയത്.

ഇങ്ങനെ വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്‌ക്കും തൊഴിലവകാശങ്ങൾക്കുമൊക്കെയായി വിവിധ വിഭാഗം ജനങ്ങൾ സംഘടിച്ച് സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തുന്നതിനെയും സർക്കാർ അതിനോട് ക്രിയാത്മകമായി പ്രതികരിച്ച് നടപടികളെടുക്കുകയും ചെയ്യുന്നതിനെയാണ് അമർത്യാ സെൻ Public Action എന്നു വിളിച്ചത്.

അതിന്റെ ഫലമായിട്ടു തന്നെയാണ് കേരളത്തിൽ ന്യായമായ വിലയ്‌ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റും ഉറപ്പുവരുത്തുന്ന സുശക്തമായ പൊതുവിതരണ സമ്പ്രദായം (റേഷൻ കടകളുടെയും സപ്ലൈകോ കടകളുടെയും ശൃംഖല) ഉണ്ടായത്.

ഇന്ത്യയിൽ എല്ലായിടത്തും പട്ടിണി അനുഭവിക്കുന്നവർ ആരാണ്?

മിനിമം കൂലി പോലും ലഭിക്കാത്ത തൊഴിലാളികൾ, കൃഷിയിൽ നിന്നും കാര്യമായ വരുമാനമുണ്ടാകാത്ത കർഷകർ എന്നിവരാണ് ഇന്ത്യയിലെ പട്ടിണിക്കാരിൽ ഭൂരിഭാഗവും. എന്നാൽ കേരളത്തിൽ തൊഴിലാളിക്കു ലഭിക്കുന്നത് ഇന്ത്യയിൽ ഏറ്റവും കൂടിയ കൂലിയാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിജെപിയും കോൺഗ്രസും നയിച്ച കേന്ദ്രസർക്കാരുകളുടെ നയങ്ങളുടെ ഫലമായി കർഷകർ ഇന്ത്യയിലെമ്പാടും ബുദ്ധിമുട്ടിലാണ്. എന്നാൽ കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണ താരതമ്യേന ഭേദപ്പെട്ട രീതിയിൽ അവർക്കു ലഭിക്കുന്നു, പിന്നെ ശക്തമായ പൊതുവിതരണ ശൃംഖലയുണ്ട്, എല്ലാ വിഭാഗം പ്രായമായവർക്കും പെൻഷനുമുണ്ട്.

ഇതിന്റെയെല്ലാം ഫലമായിട്ടാണ് കേരളത്തിൽ പട്ടിണി കുറവായിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിൽ പട്ടിണി കുറവായിരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം, സാമ്പത്തിക പുരോഗതിയുടെ മോശമല്ലാത്ത ഒരു പങ്ക് സാധാരണക്കാർക്കും കൂടി ലഭിക്കുന്നു എന്നതാണ്.

അതിന്റെ കാരണമോ? ജനങ്ങൾ തൊഴിലാളിവർഗ പ്രത്യയശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിൽ സംഘടിച്ചതും.

പ്രത്യയശാസ്‌ത്രം വേണ്ട എന്ന് കിറ്റെക്‌സ് മുതലാളി പറയുമ്പോൾ അതിന്റെയർത്ഥം ലളിതമാണ്. ജനങ്ങൾ ചിന്തിക്കാൻ പാടില്ല, തങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കാൻ പാടില്ല. സമ്പന്നർ പറയുന്നത് അനുസരിച്ചാൽ മതി. കമ്പനിയുടെ ലാഭത്തിൽ നിന്നും ഔദാര്യമായി വേണമെങ്കിൽ ഭക്ഷണമോ മറ്റോ തരും.

യൂണിയനുകൾ ദുർബലമായിരിക്കുന്ന ഗുജറാത്തിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് ഇന്ത്യയിൽ ഏറ്റവുമധികം പട്ടിണിയുള്ളത്. താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള ഹരിയാനയിൽപ്പോലും ഗ്രാമങ്ങളിൽ ചെന്നാൽ അടിമകൾക്ക് സമാനമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടിവരുന്ന കർഷകത്തൊഴിലാളികളെ (‘സിരി’ എന്നാണ് അവരെ വിളിക്കുന്നത്) കാണാം.

എന്നാൽ കേരളത്തിൽ അങ്ങനെയല്ല. കേരളത്തിൽ താരതമ്യേന ഉയർന്ന കൂലിയും പെൻഷനും പൊതുവിതരണസമ്പ്രദായവും ഒക്കെയുള്ളത് ജനങ്ങളുടെ അവകാശമായിട്ടാണ്. ഏതെങ്കിലും മുതലാളിയുടെ ഔദാര്യമായിട്ടല്ല.

പ്രശസ്‌ത ജർമൻ നാടകകൃത്തും കവിയുമായിരുന്ന ബെർറ്റോൾറ്റ് ബ്രെഷ്‌റ്റിന്റെ പ്രസിദ്ധമായ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ പ്രഭാത് പട്‌നായിക് ഒരിക്കൽ പറഞ്ഞത് ഓർമ്മ വരുന്നു;

“ബ്രെഷ്റ്റ് പറഞ്ഞിട്ടുണ്ട്, ‘വിശക്കുന്ന മനുഷ്യാ, നീ പുസ്‌തകം കയ്യിലെടുക്കൂ’ എന്ന്. ‘വിശക്കുന്ന മനുഷ്യാ, ഭക്ഷണം കയ്യിലെടുക്കൂ’ എന്നല്ല പറഞ്ഞത്. വിശക്കുന്ന മനുഷ്യാ, പുസ്‌തകം കയ്യിലെടുക്കൂ,

കാരണം, വിശപ്പിന് അന്ത്യം കുറിക്കണമെങ്കിൽ, വിശപ്പിനു കാരണമാകുന്ന വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കണം. വിശപ്പിനു കാരണമാകുന്ന വ്യവസ്ഥിതി അവസാനിപ്പിക്കുക എളുപ്പമല്ല. ആ വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കണമെങ്കിൽ ആ വ്യവസ്ഥിതിയെ മനസ്സിലാക്കേണ്ടതുണ്ട്. അതിനായി പുസ്‌തകം കയ്യിലെടുത്തേ മതിയാകൂ. വായിച്ചേ മതിയാകൂ.”

3.7 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Shanavas
3 years ago

?

LASIN MUHAMMED P K
3 years ago

Modern ജന്മി എന്ന് ചുരുക്കി പറയാം

ഇത് വായിച്ചിരുന്നോ
Close
Back to top button
2
0
Would love your thoughts, please comment.x
()
x