Entertainment

കർണ്ണൻ; ശക്തമായ ഭാഷയിൽ അതിജീവനത്തിൻ്റെ കഥ പറയുന്ന സിനിമ

റിവ്യൂ/വിഷ്ണു വിജയൻ

മാരി സെൽവരാജ് പരിയേറും പെരുമാളിൽ തന്റെ രാഷ്ട്രീയം പറഞ്ഞവസാനിപ്പിക്കുന്ന ഇടത്ത് നിന്നാണ് കർണ്ണൻ തൻ്റെ ‘പരി’ (കുതിര) മേലേറി കുറച്ചു കൂടി ശക്തമായി ആ യാത്ര തുടരുന്നത്.

ഏതാനും മാസം മുമ്പ് നോർത്ത് ഗുജറാത്തിൽ ഒരു സംഭവം നടക്കുകയുണ്ടായി, കോളേജ് ലക്ചറർ കൂടിയായ ഒരു ദളിത് യുവാവ് തൻ്റെ വിവാഹത്തിന് പോലീസ് സംരക്ഷണം വേണം എന്ന് ആവശ്യപ്പെടുകയും,

അതിൻ പ്രകാരം ഒരു DSP, അഞ്ച് Sub Inspectors, ഒരു Inspector അറുപത് കോൺസ്റ്റബിൾമാർ ഉൾപ്പെടെ ഒരു വലിയ സംഘം പോലീസ് ആ വിവാഹത്തിന് പ്രൊട്ടക്ഷൻ നൽകി.

കാരണം മറ്റൊന്നുമല്ല ആ ഗ്രാമത്തിൽ ദളിത് സമൂഹത്തിൽ ഉള്ളവർ കുതിരപ്പുറത്ത് കയറി വരുന്നത് അവിടുത്തെ സവർണർക്ക് ഒട്ടുമേ തന്നെ സഹിക്കാൻ പറ്റാത്ത സംഗതിയാണ് അതുകൊണ്ട് ഇത്തരം ആഘോഷങ്ങൾക്ക് നേരെ അക്രമം നടക്കുന്നത് പതിവാണ്‌ ഇതിൽ നിന്ന് സുരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം പോലീസ് സംരക്ഷണം തേടിയത്.

ഇതേ ഇന്ത്യയിൽ ഇരുന്നാണ് മാരി സെൽവരാജ് കുതിരപ്പുറത്ത് ഏറി വന്ന് അതിജീവന പോരാട്ടം നയിക്കുന്ന കർണ്ണനെ അനാവരണം ചെയ്യുന്നത്.

തൊണ്ണൂറുകളുടെ ഒടുവിൽ തമിഴ്നാട്ടിൽ തൂത്തുക്കുടി ജില്ലയിൽ കൊടിയംകുളത്ത് നടന്ന സംഭവങ്ങളും, മറ്റു പല യാഥാർത്ഥ്യങ്ങളും ചേർത്ത് വെച്ച് ശക്തമായ ഭാഷയിൽ രാഷ്ട്രീയ ഉണർവ്വിൻ്റെ കഥ പറയുന്നത്.

ജാതി മേലാളൻമാരും അവർക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന സിസ്റ്റവും ഒന്നിച്ചു നിന്ന് വഴി മുടക്കുന്ന മനുഷ്യരുടെ ജീവിതവും, അതിജീവനവമാണ് കർണ്ണൻ.

ആനപ്പുറത്ത് കയറിയതിന്,
തല ഉയർത്തി പിടിച്ചു നിന്നതിന്,
തലേക്കെട്ട് കെട്ടി നിന്നതിന്,
മാട സാമി മകന് കർണ്ണൻ എന്ന് പേര് വെച്ചതിന്,

എന്ന് തുടങ്ങി ജാതിയിൽ തങ്ങൾക്ക് കീഴിലുള്ള എന്ന് കരുതുന്ന മനുഷ്യൻ അപരൻ എങ്ങനെ ആയിരിക്കണമെന്ന വരേണ്യ താത്പര്യങ്ങളും, ദളിതൻ്റ ഓരോ നീക്കത്തിലും അസ്വസ്ഥത വെച്ച് പുലർത്തുന്ന വ്യവസ്ഥിതിയോടുമുള്ള തുറന്ന പോരാട്ടമാണ് മാരി പറയുന്നത്.

ഇനി ഒരു തലമുറ കൂടി ഇങ്ങനെ തുടരാൻ കഴിയില്ല എന്ന ഉറച്ച പ്രഖ്യാപനമാണ് കർണ്ണൻ നടത്തുന്നത്.

മാരി സെൽവരാജിൻ്റെ വാക്കുകൾ വീണ്ടും ആവർത്തിച്ചാൽ.

എന്റെ സിനിമ അടിച്ചമര്‍ത്തപ്പെട്ടവനു വേണ്ടി സംസാരിക്കുന്നതായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ഇന്ത്യയില്‍ എണ്ണിയാലൊടുങ്ങാത്തത്ര ഗ്രാമങ്ങളുണ്ട്, അതില്‍ ജാതിയില്ലാത്ത
ഒരു നാടുമില്ല, ഈ ജാതി തന്നെയാണ് വിവേചനത്തിന്റെ കാരണം.

എന്റെ നാടായ തിരുനല്‍വേലിയില്‍ ഒരുപാട് പരിയന്മാരെ കാണാന്‍ സാധിക്കും. നമ്മള്‍ സമത്വത്തെപ്പറ്റി ഒരുപാട് സംസാരിക്കും, പക്ഷേ നമ്മള്‍ എല്ലാവരെയും ഒരുപോലെ കാണുമോ ? എല്ലാവരെയും ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ അനുവദിക്കുമോ ?

എനിക്ക് തോന്നുന്നില്ല.

അത്തരം കഥകള്‍ നമ്മള്‍ പറയണം.

പരിയേറും പെരുമാൾ ഇറങ്ങി രണ്ടു വർഷം പിന്നിടുമ്പോൾ മാരി – ധനുഷ് കൂട്ടുകെട്ടിൽ കർണ്ണനിലൂടെ കൂടുതൽ ശക്തമായ രീതിയിൽ മാരി അത് വീണ്ടും അടയാളപ്പെടുത്തുന്നു.

നാങ്ക ഇപ്പൊ നിമിർന്ത് പാത്തിട്ടോ, ഇനി ജന്മത്തിലെ എങ്കളാലെ കുനിയ മുടിയാത് !

💙

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x