BusinessEducationFeatureHealthTechWomen

കാതലിൻ കാരികോയുടെ എം‌ആർ‌എൻ‌എ സ്വപ്നം; കോവിഡ് വാക്സിനിലെ സാങ്കേതികത.

ഷിബു ഗോപാലകൃഷ്ണൻ

എൺപതുകളുടെ അവസാനം ശാസ്ത്രലോകം ഒന്നടങ്കം DNAയുടെ പിന്നാലെ കൂടിയപ്പോൾ, ഹംഗറിയിലെ ഒരു ഗവേഷക RNAയുടെ പിന്നാലെ കൂടി. വ്യതിയാനങ്ങൾ വരുത്തിയ RNAക്കു മനുഷ്യശരീരത്തിൽ പ്രവേശിക്കാനും അതുവഴി രോഗപ്രതിരോധത്തിനു ആവശ്യമായ ജനിതകനിർദേശങ്ങൾ നൽകുവാനും കഴിയുമെന്ന ഭ്രാന്തൻ സ്വപ്നമായിരുന്നു അവരെ നയിച്ചത്. അതിനവർ കൊടുക്കേണ്ടി വന്നവില ഒരു ഗവേഷകജീവിതത്തിനു അതിജീവിക്കാൻ കഴിയുന്നതിലും അധികമായിരുന്നു. തിരിച്ചടികളുടെ, തിരസ്കാരങ്ങളുടെ, തരംതാഴ്ത്തലുകളുടെ നീണ്ട നാൽപതു വർഷങ്ങളാണ് കാതലിൻ കരിക്കോ എന്ന ബയോകെമിസ്റ്റിനു mRNA എന്ന ജനിതകസങ്കേതത്തെ, അതുവരെയുള്ള രോഗപ്രതിരോധ സങ്കല്പങ്ങൾക്കു മുന്നിൽ തലയെടുപ്പോടെ അവതരിപ്പിക്കാൻ വേണ്ടിവന്നത്.

ആദ്യം ഹംഗറിയിലെ സർവകലാശാലയിൽ നിന്നും പുറത്തായി, തന്റെ ഗവേഷണ സ്വപ്നങ്ങൾക്കു വെള്ളവും വെളിച്ചവും നൽകാൻ 1985ൽ അമേരിക്കയിലേക്ക് കുടിയേറി. ഹംഗറിയിൽ നിന്നും ഭർത്താവിനും രണ്ടുവയസ്സായ മകൾക്കുമൊപ്പം വണ്ടികയറുമ്പോൾ നൂറു ഡോളറിൽ കൂടുതൽ ഇങ്ങോട്ടു കൊണ്ടുവരാൻ ഹംഗറി ഭരണകൂടം അനുവദിച്ചിരുന്നില്ല, സകലതും വിറ്റുപെറുക്കിയതിന്റെ 1200 ഡോളർ മകളുടെ ടെഡിബെയറിൽ ഒളിപ്പിച്ചുവച്ചാണ് നാടുവിട്ടത്, മടക്കയാത്ര ഇല്ലാത്ത ഒരു ടിക്കറ്റിലായിരുന്നു ആ യാത്ര. ഫിലാഡൽഫിയയിലെ ടെമ്പിൾ സർവകലാശാലയിൽ ഗവേഷകയായി, എന്നിട്ടും തന്റെ ഗവേഷണ പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ ലഭിച്ചില്ല. സർവ്വകലാശാലയോ സ്വകാര്യ ഫണ്ടിങ് ഏജൻസികളോ വിശ്വസിക്കാൻ തയ്യാറായില്ല. അർഹതപ്പെട്ട പ്രൊഫസർ തസ്തിക പോലും അതിന്റെപേരിൽ നിഷേധിക്കപ്പെട്ടു. ലാബ് പോലും സ്വന്തമായി സജ്ജീകരിക്കേണ്ടി വന്നു.

ഫൈസർ-ബയോൺടെക്കിന്റെ കോവിഡ് വാക്സിൻ ട്രയലുകൾ 95% വിജയകരമെന്നു നവംബറിൽ സ്ഥിരീകരിക്കപ്പെടുമ്പോൾ, ഒരു ഗവേഷക സ്വന്തം വിശ്വാസങ്ങളെയും ബോധ്യങ്ങളെയും പിന്മടക്കമില്ലാതെ പിന്തുടർന്നതിന്റെ വിജയം കൂടി ആയിരുന്നു അത്. അംഗീകരിക്കപ്പെടുന്ന ആദ്യത്തെ mRNA വാക്സിൻ. കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ വേണ്ടുന്ന നിർദേശം കോശങ്ങൾക്ക് നൽകാൻ കഴിയുന്ന വയറസ്സിന്റേതിനു സമാനമായ mRNA ശരീരത്തിൽ കടത്തിവിടുകയും അതുവഴി രോഗപ്രതിരോധത്തിനു വേണ്ടുന്ന ആന്റിബോഡികൾ നിർമിക്കപ്പെടുകയും ചെയ്യുന്ന ജനിതകവിദ്യ. രണ്ടാമത് അംഗീകാരം ലഭിച്ച മൊഡേണയുടെ വാക്സിനും പിന്തുടർന്നത് ഇതേ സങ്കേതമാണ്. ലോകം മാസ്കിന്റെയും എല്ലാത്തരം അകലങ്ങളുടെയും അടച്ചിരിപ്പിന്റെയും ദുരിതകാലത്തോടു വിടപറയാനൊരുങ്ങുമ്പോൾ, തീർച്ചയായും കാതലിൻ കരിക്കോ എന്ന ഗവേഷകയോട് കടപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ രോഗപ്രതിരോധ പ്രയത്നങ്ങൾക്കു പുത്തൻ ആയുധശേഷി നൽകിയതിന്, അതിനുവേണ്ടി നാലുപതിറ്റാണ്ടോളം സ്വന്തം സ്വപ്നത്തെ താലോലിച്ചു നടന്നതിന്, അത്രമേൽ വിശ്വസിച്ചതിന്, അത്രമേൽ സഹിച്ചതിന്, അത്രമേൽ സമരം ചെയ്തതിന്!

ട്രയൽ റിസൽട്ട് ലോകത്തോടു വെളിപ്പെടുത്തുന്നതിനു മുൻപുള്ള രാത്രി അത് വായിച്ചു നോക്കുമ്പോൾ അത്ഭുതം ഒന്നും തോന്നിയില്ലെന്നും, 40 വർഷത്തെ വിശ്വാസം അതുതന്നെ ആയിരുന്നുവെന്നും, ഇപ്പോൾ ബയേൺടെക്കിന്റെ സീനിയർ വൈസ് പ്രസിഡന്റായ കാതലിൻ. ആഘോഷിക്കാൻ സമയം ആയിട്ടില്ലെന്നും, ലോകം പഴയതുപോലെ ചലിച്ചു തുടങ്ങുന്നതു കാണുമ്പോഴാണ് ശരിയായ ആഘോഷം ആരംഭിക്കുന്നതെന്നും കാതലിൻ.

നാല്പതുവർഷത്തെ സ്വന്തം വിയർപ്പുവീണ വാക്സിൻ ഇന്നു കാതലിൻ സ്വീകരിച്ചു. എന്തൊരു നിമിഷമായിരുന്നിരിക്കണം അത്. സ്വന്തം സ്വപ്നം ഒരു സൂചിമുനത്തുമ്പിലേറി വരികയും, ലോകം മുഴുവൻ അതിനു കൈകാണിക്കുകയും കാത്തുനിൽക്കുകയും ചെയ്യുന്ന നിമിഷം!!

താങ്ക് യു കാതലിൻ!

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x