Spiritual

കാർലയുടെയും ശൈഖിൻ്റെയും മനോഹരമായ ലോകം

അറിവ്/ഡോ: ജഅഫർ. എ.പി.

ശൈഖും ഫെമിനിസ്റ്റും

ഓക്സ്ഫോർഡിലെ കാപ്പിക്കടയിൽ വെച്ച് കാർല പവർ ശൈഖ് അകറമിനെ വീണ്ടും കണ്ടുമുട്ടുമ്പോൾ ലോകം വല്ലാതെ മാറിയിരുന്നു.

വേൾഡ് ട്രൈഡ് സെൻ്റർ ആക്രമണം നടന്ന് രണ്ട് വർഷം ആവുന്നതേയുള്ളൂ. അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ബുഷ് ലോകത്തെ കറുപ്പും വെളുപ്പുമായി രണ്ടായി വിഭജിച്ചിരുന്നു. മറ്റെല്ലാ നിറങ്ങളും അതിനിടയിൽ മാഞ്ഞ് പോയിരുന്നു.

തങ്ങളോടൊപ്പമുള്ളവരും തങ്ങളെ എതിർക്കുന്നവരുമായി രണ്ടായി പകുക്കപ്പെട്ട, നാഗരിക സംഘർഷങ്ങളെ കുറിച്ച് സിദ്ധാന്തങ്ങൾ രചിക്കപ്പെടുന്ന ലോകത്ത് അമേരിക്കൻ ഫെമിനിസ്റ്റായ കാർലയ്ക്കും പാരമ്പര്യ ഇസ്ലാമിക പണ്ഡിതനായ ശൈഖ് അകറമിനും സ്നേഹപൂർവ്വം സംവദിക്കാവുന്ന പൊതു ഇടം എവിടെയാണ്?

ലോകത്തിലെ ഏറ്റവും പൗരാണിക സർവ്വകലാശാലകളിൽ ഒന്നായ ഓക്സ്ഫോർഡിൽ വെച്ച് അവർ ആദ്യമായി പരിചയപെട്ടത് തെണ്ണൂറുകളിലാണ്.

ബെർലിൻ മതിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴുകയും, പടിഞ്ഞാറിൻ്റെ ആകാശത്ത് ശീത വാതങ്ങൾ ഒതുങ്ങുകയും പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ ഉപേക്ഷിച്ച് പാശ്ചാത്യനും പൗരസ്ത്യനും പരസ്പരം പുണരുകയും ബഹുസ്വരതയെ കുറിച്ചും, സാംസ്കാരിക സങ്കലനത്തെ കുറിച്ചും അതിരുകളില്ലാത്ത ലോകത്തെ കുറിച്ചുമുള്ള പ്രത്യാശകൾ ചിറക് വിരിച്ച് പറക്കുകയും ചെയ്യുന്ന കാലം.

അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകങ്ങൾ അധികമൊന്നുമില്ലായിരുന്നു. എന്നിട്ടും അവർ നല്ല സുഹൃത്തുക്കളും സഹപ്രവർത്തകരുമായി.

ഉത്തര പ്രദേശിലെ തൻ്റെ കൊച്ചു ഗ്രാമത്തിൽ നിന്നും പാരമ്പര്യ രീതിയിൽ മതം പഠിച്ചു കൊണ്ടാണ് പയ്യനായ അകറം വിദ്യാഭ്യാസം തുടങ്ങിയത്. പിന്നീട് ലഖ്നോവിലെ നദവത്തുൽ ഉലൂമിൽ ചേർന്നു. അവിടെ ഒരു അധ്യാപകനാവണം എന്നതിലപ്പുറമുള്ള മോഹമൊന്നും അവനുണ്ടായിരുന്നില്ല.

ഉറുദു, പേർഷ്യൻ, അറബി ഭാഷകളിലുള്ള ഗഹനമായ പാണ്ഡിത്യം. ഹാഫിസിനെയും റൂമിയെയും ഇഖ്ബാലിനെയും വായിച്ചാണ് അവൻ വളർന്നത്.

എന്നാൽ ഒരു നിയോഗം പോലെ ഓക്സ്ഫോർഡിൽ ചേർന്ന് പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരം വന്നപ്പോൾ അതിൻ്റെ ഭൗതിക സാധ്യതകളിൽ പ്രലോഭിതനായവൻ്റെ ആവേശമൊന്നും അകറമിനുണ്ടായില്ല.

എന്നാൽ തൻ്റെ കൊച്ചു ഗ്രാമത്തിലെ പരിചിതമായ പാരമ്പര്യ ഇടത്തിൽ നിന്നും നാഗരിക ലോകത്തിൻ്റെ കേന്ദ്ര സ്ഥാനത്ത് നിൽക്കുന്ന ഒരു സർവ്വകലാശാലിയിലേക്ക് ചേക്കേറുന്നവൻ്റെ ഉൽക്കണ്ഠയുമുണ്ടായില്ല.

മനുഷ്യൻ ഭൂമിയിൽ ഒരു വഴിപോക്കനാണെന്നും ഇഹലോകം വളരെ വേഗം മാഞ്ഞ് പോവുന്ന ഒരു വെയിലാണെന്നും അകറമിന് അറിയാമായിരുന്നു. വിശ്വാസത്തിൻ്റെ തണലിൽ ജീവിതത്തെ ശാന്തമായി കാണാനുള്ള യുവാവായ അകറമിൻ്റെ ശേഷിയാണ് കാർലയിൽ അദ്ദേഹത്തെ കുറിച്ച് കൗതകം ജനിപ്പിച്ചത്.

അകറമിൻ്റെ നേരെ വിപരീതമാണ് കാർലയുടെ ജിവിത വീക്ഷണം. അച്ഛൻ ക്വാക്കറും അമ്മ യഹൂദയും. കോളേജ് അധ്യാപകനായ അച്ഛനോടൊപ്പം പല മുസ്ലിം നാടുകളിലും അവൾ ജീവിച്ചിട്ടുണ്ട്. ഇറാനും അഫ്ഗാനിസ്ഥാനും ഈജിപ്തും അവൾ ജീവിച്ച നാടുകളാണ്.

മാധ്യമങ്ങൾ കറുപ്പും വെളുപ്പുമായി ലളിതവത്കരിക്കുന്ന മുസ്ലിം നാടുകളുടെ സാംസ്കാരിക രാഷ്ട്രീയ സങ്കീർണതകൾ അവൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

കന്തഹാറിലെ പത്താൻമാരുടെ ചിത്രങ്ങൾ അവരുടെ അനുമതി കൂടാതെ കാമറയിൽ പകർത്തിയാൽ അവർ അരിശം കൊണ്ടെന്ന് വരും. എന്നാൻ അവർ നൽകുന്ന ചായ നിരസിച്ചാലും അത്ര തന്നെ അരിശമുണ്ടാവും.

കാർല അമേരിക്കൻ ഫെമിനിസ്റ്റാണ്. നുരഞ്ഞ് പതയുന്ന അഹം ബോധമുള്ള, അതിരുകളില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന, ഈ ലോകത്തിന് ഒരു ഉടയവനുണ്ടന്നോ, മരണത്തിനപ്പുറം മനുഷ്യൻ്റെ പ്രജ്ഞയിൽ എന്തെങ്കിലും ബാക്കി നിൽക്കുമെന്നോ ഉറപ്പില്ലാത്ത, നിരന്തരമായ സന്ദേഹം സഹജ ഭാവമായ ആധുനിക സ്ത്രീ സങ്കല്പത്തിൻ്റെ മാതൃകാ പതിപ്പ്‌.

ഒരു വിശ്വാസത്തിൻ്റെ ആലംബമില്ലാത്തതിൻ്റെ ഉൽക്കണ്ഠകൾ അവൾക്കുണ്ട്‌. എന്നാൽ തുറന്ന മനസ്സോടെ അപര വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും അറിയാനുള്ള ആകാംക്ഷയുമുണ്ട്.

Newsweek നുംTime നും വേണ്ടി പ്രവർത്തിക്കുന്ന പത്രലേഖിക എന്ന നിലയിൽ വിശ്വാസങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള പാരസ്പര്യത്തിൻ്റെ പ്രാധാന്യം അവൾക്ക് നല്ല പോലെ അറിയാം.

അങ്ങിനെയാണ് തൻ്റെ പഴയ കൂട്ടുകാരനായ, ഇപ്പോൾ ലോകം അറിയുന്ന പണ്ഡിതനും, കനത്ത ഉച്ചാരണത്തോടെ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കുന്ന ശൈഖ് അകറമിൽ നിന്നും ഒരു വർഷം വിശുദ്ധ ഖുർആൻ പഠിക്കാൻ തീരുമാനിച്ചത്.

ജീവിത വീക്ഷണത്തിലും സ്വഭാവത്തിലും സാംസ്കാരിക പൈതൃകത്തിലുമുള്ള എല്ലാ വിത്യാസങ്ങൾക്കിടയിലും ഒരുമയുടെയും യോജിപ്പിൻ്റെയും ഒരു പാട് മേഖലകൾ അവർക്ക് കണ്ടെത്താനാവുന്നു.

ഖുർആനും നബിചര്യയും അവലംബമാക്കി സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ചുള്ള ശൈഖിൻ്റെ കാഴ്ചപ്പാടുകളും ഓക്സ്ഫോർഡ് വിദ്യാഭ്യാസം നേടിയ പെൺമക്കളുടെ പെരുമാറ്റത്തിലെ നൈസർഗ്ഗികതയും സ്ത്രീ സ്വത്വ വാദിയായ കാർലയെ പ്രത്യേകം ആകർശിക്കുന്നു.

ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീകളെ കുറിച്ച് വളരെ ലളിതമായി ശൈഖ് തുടങ്ങിയ ഗവേഷണ പ്രവർത്തനം 40 – വാള്യങ്ങൾ പിന്നിട്ട മഹത്തായ സംരഭമായി മാറിയത് രണ്ട് പേരെയും അത്ഭുതപ്പെടുത്തുന്നു.

കാഴ്ചയിൽ വളരെ നിസാരനായി തോന്നുന്ന, ഭുമിയിൽ ഒരു പഥികനെ പോലെ നടക്കുന്ന, തൻ്റെ പഴയ കൂട്ടുകാരൻ്റെ തലയിൽ മഹത്തായ ജ്ഞാനവും വെളിച്ചവുമുണ്ടെന്നത് കാർലയെ വളരെയേറെ സന്തോഷിപ്പിക്കുന്നു.

നാഗരിക സംഘട്ടനത്തിനു വേണ്ടി ആർത്തു വിളിക്കുന്ന അല്പജ്ഞാനികൾ മാത്രമല്ല, തുറന്ന മനസ്സും നിതാന്തമായ അന്വേഷണവും സപര്യയാക്കിയവരും ചുറ്റുമുണ്ടെന്ന് ശൈഖും അനുഭവിച്ചറിയുന്നു.

ചില വീക്ഷണങ്ങൾ അദ്ദേഹം തിരുത്തുന്നു. പലതും കാർലയും.

തികഞ്ഞ ആത്മീയവാദിയും അരാഷ്ട്രീയക്കാരനുമാണ് ശൈഖ്‌. വിശ്വാസവും നല്ല കർമങ്ങളും കൊണ്ട് പടച്ചവനിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിൻ്റെ നിർദേശം.

എന്നാൽ ദുർബലരായ മനുഷ്യരുടെയും സമുദായങ്ങളുടെയും പ്രാഥമിക അവകാശങ്ങൾ പോലും ചവിട്ടിയരക്കപ്പെടുന്ന ലോകത്ത് നീതിക്ക് വേണ്ടി ചെറുത്തു നിൽക്കാതെ സമാധാനം എങ്ങനെ സാധ്യമാവും എന്ന സങ്കീർണമായ ചോദ്യത്തിന് തൃപ്തികരമായ ഉത്തരമില്ല.

പ0നം പുരോഗമിക്കുന്നതോടെ കാർല ശൈഖിൻ്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയാവുന്നു. അവളുടെ പ്രിയപ്പെട്ട അമ്മയുടെ വേർപാട് കൊണ്ട് വന്ന സങ്കടം മറികടക്കുന്നതിൽ ശൈഖിൻ്റെയും കുടുംബത്തിൻ്റെയും ആർദ്രമായ പെരുമാറ്റം കുറച്ചൊന്നുമല്ല സഹായിച്ചത്.

പിന്നീട് ഒരു ദിവസം ശൈഖിൻ്റെ ഉമ്മയും ഈ ലോകത്തോട് വിട പറയും. വിശ്വാസം ഒരു സാന്ത്വനമായി ശൈഖ് അകറമിനെ പൊതിയുമെങ്കിലും ഒരു മനുഷ്യനെന്ന നിലയിലുള്ള വൈകാരിക സമ്മർദ്ദങ്ങൾ അദ്ദേഹം അനുഭവിക്കുന്നത് കാർല തിരിച്ചറിയുന്നു.

വിത്യസ്തമായ ജീവിത വീക്ഷണവും മത വിശ്വാസവുമുള്ളർക്ക് പരസ്പര ബഹുമാനത്തോടെയും നിർഭയമായും കാപ്പിക്കടകളിൽ ഇരുന്ന് ചർച്ച ചെയ്യാനും പഠിക്കാനും കഴിയുന്ന ലോകമാണ് മനോഹരമായ ലോകം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x