Social

‘ഓപ്പറേഷൻ സ്ക്രീൻ’; കൂളിങ് ഫിലിമും കർട്ടനുകളും ഇല്ലാതെയാക്കുമ്പോൾ നിസ്സഹായരാവുന്ന ഒരുകൂട്ടം മനുഷ്യർ

പ്രതികരണം/നജീബ്‌ മൂടാടി

നിങ്ങളൊരു കിടപ്പുരോഗി ആണെങ്കിൽ, നടുറോട്ടിൽ നാലാള് കാൺകെ ഡയപ്പർ മാറ്റേണ്ടി വരുന്നതോ നിറഞ്ഞ യൂറിനറി ബാഗ് ഒഴിവാക്കുന്നതോ ഇഷ്ടപ്പെടുമോ.

ആശുപത്രിയിൽ പോലും വാതിൽ ചാരി സ്വകാര്യതയിൽ മാത്രമാണ് നാം ഇതൊക്കെ ചെയ്യുക. പറഞ്ഞുവരുന്നത് സുപ്രീം കോടതിയുടെ നിർദേശ പ്രകാരം വാഹനങ്ങളിലെ കർട്ടനും കൂളിങ് ഫിലിമും നീക്കം ചെയ്യൽ കർശനമാക്കിയതോടെ യാത്രകളിൽ സ്വകാര്യത ഇല്ലാതാകുന്ന കുറെ മനുഷ്യരെ കുറിച്ചാണ്.

പൊതുജനത്തിന്റെ അവകാശങ്ങളെ കുറിച്ച് നാം വാചാലമാകുമ്പോൾ മറന്നു പോകുന്ന, ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട മനുഷ്യരെ കുറിച്ച്.

രോഗം ഒരു കുറ്റമല്ലെങ്കിലും അപകടമോ രോഗമോ കാരണം ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായിപ്പോയാൽ അക്ഷരാർത്ഥത്തിൽ നാലു ചുവരുകൾക്കുള്ളിൽ ജീവപര്യന്തം തടവനുഭവിക്കേണ്ടി വരുന്നവരാണ് ഈ അവസ്ഥയിൽ ഉള്ളവർ ഏറെയും.

അവരെ സംബന്ധിച്ചെടുത്തോളം വല്ലപ്പോഴും ഉള്ള ഒരു യാത്ര, അത്‌ ആശുപത്രിയിലേക്ക് ആണെങ്കിൽ പോലും പുറം ലോകത്തേക്ക് ലഭിക്കുന്ന തുറവാണ്.

ഇങ്ങനെ കിടപ്പിലായവരിൽ സ്വന്തമായി വാഹനം ഉള്ളവർ കർട്ടനിട്ടോ ഫിലിം ഒട്ടിച്ചോ ഒരു മറയുണ്ടാക്കുന്നത് നടുറോട്ടിൽ ഒരു കാഴ്ചവസ്തുവായി സഞ്ചരിക്കുന്നതിന്റെ പ്രയാസം ഓർത്താണ്.

യാത്രയിലെ മലമൂത്രവിസർജനവും അത് എടുത്തുമാറ്റലുമൊക്കെ നാലാള് കാൺകെ ആവാൻ ഇഷ്ടപെടാത്തത് കൊണ്ടാണ്. അങ്ങനെ ഉള്ളവരെ സംബന്ധിച്ചെടുത്തോളം നിലവിലെ ‘ഓപ്പറേഷൻ സ്ക്രീനും’ സുപ്രീം കോടതി വിധിയും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

ശരീരം തളർന്നെങ്കിലും മനസ്സ് കൊണ്ട് ഒരുപാട് ഉയരത്തിൽ പറക്കുന്ന, നിരന്തരമായി യാത്ര ചെയ്യുന്ന കുറേ മനുഷ്യരുണ്ട്. അതുപോലെ സാധാരണക്കാരും. ഇതിൽ സ്ത്രീകളും ഉണ്ടെന്ന് ഓർക്കുക. യാത്രകളിൽ അവർക്ക് ലഭിച്ചിരുന്ന സ്വകാര്യതയാണ് ഇല്ലതായത്.

പൊതുഇടങ്ങളിലും കെട്ടിടങ്ങളിലും റാംപുകൾ സ്ഥാപിക്കാൻ നിയമം വന്നതോടെ ചലനശേഷി ഇല്ലാത്തവരുടെ സഞ്ചാരസൗകര്യം പൂർണ്ണമായി എന്നതാണ് നമ്മുടെ ധാരണ.

അക്കാര്യത്തിൽ തന്നെ ഇനിയും ഒരുപാട് മാറ്റങ്ങൾ വരാനുണ്ടെങ്കിലും അതേകുറിച്ച് കേൾക്കാൻ പോലും അധികൃതർക്കോ പൊതുജനങ്ങൾക്കോ സമയമോ താത്പര്യമോ ഇല്ലാത്ത നമ്മുടെ നാട്ടിൽ കിടപ്പുരോഗികളുടെ വാഹനത്തിലെ സ്വകാര്യത എടുത്തു കളയരുത് എന്ന് പറഞ്ഞാൽ അതിന്റെ ഗൗരവം മനസ്സിലാകണം എന്നില്ല.

അപകടമോ രോഗമോ കൊണ്ട് കിടപ്പിലാവുക എന്നത് ആർക്കും എപ്പോഴും സംഭവിക്കാം. അങ്ങനെ ഒരു അവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് ചലിക്കുന്നവരുടെ ലോകത്ത് അവർക്കായുണ്ടാക്കുന്ന ചട്ടങ്ങളും നിയമങ്ങളും ഇങ്ങനെ ഉള്ളവരെ എത്രത്തോളം പരിഗണിക്കാതെ പോകുന്നു എന്ന് മനസ്സിലാവുക.

കിടപ്പിലായവർ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഈ കാര്യത്തിൽ ഇളവ് നൽകണമെന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും ഭരണാധികാരികളുടെയും അധികൃതരുടെയും ഈ കാര്യത്തിൽ ഇടപെടാൻ പറ്റുന്നവരുടെയും ശ്രദ്ധയിൽ കൊണ്ട് വരണമെന്ന് എല്ലാ മനുഷ്യസ്നേഹികളോടും അഭ്യർത്ഥിക്കുകയാണ്.

സഞ്ചാരസ്വാതന്ത്ര്യം, സ്വകാര്യത തുടങ്ങിയതൊക്കെ മനുഷ്യാവകാശങ്ങളിൽ പെട്ടതാണെന്നും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടതുകൊണ്ട് അത് ഇല്ലാതാവാൻ പാടില്ലെന്നും കൂടുതൽ പരിഗണന അങ്ങനെ ഉള്ളവർക്ക് ലഭിക്കണമെന്നും നാം മറക്കാതിരിക്കുക. മനുഷ്യാവകാശം എന്നത് ചെറിയൊരു വാക്കല്ല.

5 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x