IndiaPolitical

ആർ.എസ്.എസിൽ ദളിതരുടെ ജീവിതം; ഒരു അനുഭവക്കുറിപ്പ്

രാജസ്ഥാനിലെ സിർദിയാസ് ഗ്രാമത്തിൽ ഒരു ദളിത് കുടുംബത്തിൽ ജനിച്ച ഭൻവർ മെഘ് വൻഷി തൻ്റെ സ്ക്കൂൾ പഠനകാലത്ത്, ഭൂമിശാസ്ത്ര അധ്യാപകനായിരുന്ന ബെൻഷിലാലിൻ്റെ സ്വാധീനത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിൽ ചേർന്നു. തീവ്രഹിന്ദുത്വ വാദിയായിരുന്ന അധ്യാപകൻ അയാളുടെ വിദ്യാർത്ഥികളെ ഒഴിവു സമയങ്ങളിൽ പുറത്തു കൊണ്ടുപോയി ചില വ്യായാമമുറകൾ പരിശീലിപ്പിക്കുന്നതോടൊപ്പം ഹിന്ദുത്വ ആശയങ്ങളും പകർന്നു കൊടുത്തിരുന്നു.

സംശയം പുലർത്തുന്നവർക്ക് വിനാശമായിരിക്കും ഫലം

അങ്ങനെ ഭൻവർ തൻ്റെ ഗ്രാമത്തിലെ ആദ്യത്തെ ആർ.എസ് .എസ് ശാഖയിലെ സ്വയം സേവകനും പ്രധാന ചുമതലകളുടെ നിർവ്വാഹകനുമായിത്തീർന്നു. ജിജ്ഞാസുവും വായനാ തൽപ്പരനുമായിരുന്ന ഭൻവർ മനസ്സിലുണരുന്ന സംശയങ്ങൾ തുറന്നു ചോദിക്കുന്ന പ്രകൃതക്കാരനായിരുന്നു. സൂര്യൻ കത്തി ജ്വലിക്കുന്ന ഗോളമാണെന്നും ആർക്കും അതിന് സമീപത്തെത്താൻ സാധ്യമല്ലെന്നും സ്ക്കൂളിൽ പഠിപ്പിച്ച ഓർമ്മയിൽ, അതേ അധ്യാപകൻ ശാഖയിൽ ഹനുമാൻ സൂര്യഗോളത്തെ വിഴുങ്ങിയ പുരാണകഥ പറഞ്ഞപ്പോൾ ഭൻവർ അതിൻ്റെ പൊരുത്തക്കേട് തുറന്നു ചോദിച്ചു.

അസാധാരാണ ശക്തിശാലിയായ ബജ്രംഗ്ബലി ശ്രീ ഹനുമാൻ്റെ മുന്നിൽ സൂര്യൻ വെറുമൊരു പന്തു മാത്രമാണെന്നായിരുന്നു അധ്യാപകൻ്റെ വിശദീകരണം! സംശയത്തിന് പൂർണ്ണ പരിഹാരമായില്ലെങ്കിലും ഭൻവർ ഹനുമാനിൽ വിശ്വസിച്ചു. കൂടുതൽ ഉത്സാഹത്തോടെ’ സംഘ’ത്തിൽ പ്രവർത്തിക്കുകയും ചെയ്തു. അറിഞ്ഞ കാര്യങ്ങളെ യുക്തിപരമായി പരിശോധിക്കുന്ന ആ കൗമാരക്കാരൻ്റെ ശീലം ബൗദ്ധിക പ്രമുഖന്മാർക്ക് തലവേദനയായി.

അനുയായികൾ അനുസരിക്കുകയും എതിർത്തൊന്നും പറയാതെ നൽകുന്നത് മാത്രം സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് അവർക്ക് കൂടുതലിഷ്ടം. ‘സംശയം പുലർത്തുന്നവർക്ക് വിനാശമായിരിക്കും ഫലം ‘ (സംശയാത്മാ വിനാശ്യതി ) എന്നർത്ഥം വരുന്ന സംസ്കൃത വചനം കൊണ്ട് ഒടുവിൽ അവർ ഭൻവറിൻ്റെ സ്വതന്ത്ര ചിന്താശീലത്തിൻ്റെ തളിർപ്പുകളെ താൽക്കാലികമായി കരിച്ചു കളഞ്ഞു.

മാനവികവും സാമൂഹ്യോന്മുഖവുമായ അറിവ് ആർജ്ജിക്കുന്നതിനുള്ള വായനയുടെയും മതേതര സാംസ്ക്കാരിക കൂട്ടായ്മകളുടേയും വഴികൾ ഭൻവറിന് മുന്നിൽ വിലക്കപ്പെട്ടു. പുരോഗമനപരമായ ചിന്താധാരകൾ ഏതെങ്കിലും വിധത്തിൽ സ്വയം സേവകരിൽ കടന്നു കൂടാതിരിക്കാൻ പ്രചാരകന്മാർ എപ്പോഴും ശ്രദ്ധിച്ചു.

ആർ.എസ്.എസിൻ്റെ ഉയർന്ന നേതൃത്വത്തിൽ നിന്നും നേരിട്ട ജാതിവിവേചനത്തിൽ പ്രതിഷേധിച്ച് അകന്നു നിൽക്കുന്ന സ്വയം സേവകനെ പ്രവർത്തനത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഒരു പ്രചാരകനുമൊത്ത് പോയതിനെക്കുറിച്ച് ഭൻവർ മെഘ് ഷെൻവി പുസ്തകത്തിൽ സൂചിപ്പിക്കുന്നു. സ്വയംസേവകൻ അനുനയ വാക്കുകൾക്ക് വഴങ്ങിയില്ല. ആർ.എസ്.എസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അയാൾ തീർത്തു പറഞ്ഞു. തിരിച്ചുപോരാൻ നേരം അയാൾ അവർക്ക് ‘ഓഷോ ടൈംസ്’ എന്ന പ്രസിദ്ധീകരണത്തിൻ്റെ കോപ്പികൾ നൽകി. പ്രചാരക് അത് സ്വീകരിച്ചില്ല.

കയ്യിൽ സൂക്ഷിച്ച ‘ഓഷോ ടൈംസ്’ ഭൻവർ പിന്നീട് വായിക്കാനെടുത്തപ്പോൾ പ്രചാരക് അത് തട്ടിയെടുത്ത് ദേഷ്യപ്പെട്ടു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ പൊള്ളത്തരങ്ങൾ ‘ഓഷോ ടൈംസി’ലൂടെ വായിച്ചതിനാലായിരുന്നു ആർ.എസ്.എസ് സ്വയം സേവകൻ പ്രവർത്തനത്തിൽ നിന്നും വിട്ടു പോയത്‌.

മുസ്ലിം വിരുദ്ധത വളർത്താൻ ‘പാഞ്ചജന്യ’

ആർ.എസ്.എസ് പ്രസിദ്ധീകരണമായ ‘പാഞ്ചജന്യ ‘യും മറ്റു ചിലതുമായിരുന്നു അക്കാലത്ത് ഭൻവർ നിത്യേന വായിച്ചത്. അതിലൂടെ അവൻ ഒരു ഹിന്ദു മത ഭ്രാന്തനായിത്തീർന്നു’. മുസ്ലീംങ്ങൾ നിതാന്ത ശത്രുക്കളായി. സിർദിയ ഗ്രാമത്തിൽ ഒരൊറ്റ മുസ്ലീം കുടുംബം പോലും താമസമുണ്ടായിരുന്നില്ല. ശാഖയിൽ നിന്നു കേട്ട പൊലിപ്പിച്ചെടുത്ത കഥകളിലൂടെയും വികലമാക്കിയ ചരിത്ര ശകലങ്ങളിലൂടെയും തൻ്റെ മനസ്സിൽ പ്രതിഷ്ഠിതമായിരിക്കുന്ന ആജന്മശത്രുവിനെ ഭൻവർ നേരിൽ കാണുന്നത് പിന്നെയും വർഷങ്ങൾക്കു ശേഷമാണ്. ഗ്രാമത്തിലെ ഗവ: ആയുർവേദ ക്ലിനിക്കിലേക്ക് സ്ഥലം മാറ്റം ലഭിച്ചു വന്ന ജീവനക്കാരനായ ആ മുസ്ലീം പുരുഷനെ ഒരു ഭീകരജീവിയെ പോലെയാണ് താൻ നോക്കിക്കണ്ടതെന്ന് അദ്ദേഹം എഴുതുന്നു.

സജീവ സംഘം പ്രവർത്തകനായിരുന്നപ്പോൾ തൻ്റെ ദളിത് സ്വത്വം മൂലം ഭൻവർമെഘ് വൻഷിക്ക് നിരവധി പീഡാനുഭവങ്ങളുണ്ടായി. സംഘ പരിവാരത്തിൻ്റെ സവർണ്ണരായ പ്രവർത്തകരിൽ നിന്നും നേരിട്ട ജാതിവിവേചനത്തിൻ്റെ ദുരനുഭവങ്ങൾ പുസ്തകത്തിൽ തുറന്നെഴുതുന്നു. ഹിന്ദുരാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ സന്നദ്ധമായിരുന്ന കാലത്ത് ഭൻവറിൻ്റെ ജീവിതാഭിലാഷം ആർ.എസ്.എസ്. പ്രചാരക് ആവുകയായിരുന്നു. ആർ.എസ്.എസിൽ പ്രചാരക് പദവിയിലിരിക്കുന്നവർക്ക് സവിശേഷ സ്ഥാനമുണ്ട്. അവർ വിവാഹ ജീവിതം ഉപേക്ഷിച്ച് സംഘത്തിനു വേണ്ടി സ്വയം സമർപ്പിക്കുന്നു.

പ്രചാരകനിൽ നിന്ന് സർ സംഘ്ചാലകാവാൻ ജാതി തടസ്സമാവുമ്പോൾ

പ്രചാരക്മാരിൽ നിന്നാണ് സർ സംഘ്ചാലകിനെ നാമനിർദ്ദേശം ചെയ്യുന്നത്. പ്രചാരക് ആകണമെന്ന തൻ്റെ ആഗ്രഹം ഭൻവർ തനിക്ക് അടുപ്പമുള്ള ഒരു പ്രചാരകിനോട് പറഞ്ഞു. അയാൾ അത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. പ്രചാരകിന് സമൂഹത്തിൻ്റെ പല തട്ടിലുള്ളവരുമായി അടുത്തിടപഴകേണ്ടി വരും. ഏതെങ്കിലും സന്ദർഭത്തിൽ താഴ്ന്ന ജാതിക്കാരനാണെന്ന് അവർ തിരിച്ചറിഞ്ഞാൽ സംഘം പ്രവർത്തനത്തിന് അത് ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു അയാൾ പറഞ്ഞ കാരണം. പ്രചാരകിന് പകരം ‘വിസ്താരക് ‘ ആകാനായിരുന്നു അയാൾ ഭൻവറിനെ ഉപദേശിച്ചത്. വിസ്താരകർക്ക് ഗാർഹസ്ഥ്യ ജീവിതം നയിച്ചുകൊണ്ട് സംഘ പ്രവർത്തനങ്ങൾ നടത്താം.

രാമജന്മഭൂമി കർസേവ അഥവാ ബാബറി മസ്ജിദ്‌ തകർക്കൽ യജ്ഞത്തിൻ്റെ ആദ്യ ഉദ്യമത്തിൽ ഭൻവർ പങ്കെടുത്തിരുന്നു. മുലായംഗ് സിഗ് യാദവിൻ്റെ നേതൃത്വത്തിലുള്ള യു.പി. ഗവൺമെൻ്റ് കർശനമായി ചെറുത്തതിനാൽ പരാജിതനായി മടങ്ങേണ്ടി വന്നു. 1992-ൽ ‘ കർസേവ ‘വിജയകരമായി പൂർത്തിയാക്കിയപ്പോൾ ഭൻവർ മെഘ് വൻഷി അംബേദ്ക്കർ ആശയങ്ങളിൽ ആകൃഷ്ടനായി ആർ.എസ്.എസ് ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ജീവൻ്റെ ജീവനായി ചേർത്തു നിർത്തിയ ആർ.എസ്.എസ് എന്ന പ്രസ്ഥാനത്തിൻ്റെ കാപട്യം പൂർണ്ണമായും മനസ്സിലാക്കാൻ ഭൻവറിനെ സഹായിച്ചത് ഒരു ‘അസ്ഥികലശ യാത്ര ‘യായിരുന്നു.

‘അസ്ഥികലശ യാത്ര’ യും സവർണ്ണ നേതാക്കളും ദളിത് കുടുംബങ്ങളിൽ നിന്നുള്ള ഭക്ഷണവും

ആദ്യ കർസേവയിൽ പങ്കെടുത്ത് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടു പേരുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടു വരുന്ന ‘അസ്ഥികലശ യാത്ര ‘ ജില്ലാ കേന്ദ്രത്തിലേക്ക് സിർദിയ ഗ്രാമത്തിലൂടെയാണ് കടന്നു പോയത്. അസ്ഥികലശ യാത്ര സംഘപരിവാർ സംഘടനകളുടെ പൊതു സംഘാടകത്വത്തിലാണ് നടന്നത്. സന്യാസിമാരും ബ്രാഹ്മണ പ്രമുഖരും മറ്റും പങ്കെടുക്കുന്ന ആ പരിപാടി തൻ്റെ ഗ്രാമത്തിലെത്തുമ്പോൾ പ്രധാന പ്രവർത്തകർക്ക് ഭക്ഷണം നൽകുവാൻ ഭൻവർ ആഗ്രഹിച്ചു.

സംഘപരിവാറിൻ്റെ സവർണ്ണ നേതാക്കൾ ദളിത് കുടുംബങ്ങളിൽ വന്ന് ഭക്ഷണം കഴിക്കില്ലെന്ന് കടുത്ത കോൺഗ്രസ്സ് അനുഭാവിയായിരുന്ന ഭൻവറിൻ്റെ പിതാവ് പറഞ്ഞു. ജാതിരഹിത ഹിന്ദുസമൂഹം ലക്ഷ്യം വയ്ക്കുന്നുവെന്ന ആർ.എസ്.എസ് വാചാടോപങ്ങൾ കേട്ടു ശീലിച്ച ഭൻവറിന് അത് വിശ്വസിക്കാനായില്ല. അക്കാര്യം പിതാവിനോടുള്ള വെല്ലുവിളിയായെടുത്ത് തൻ്റെ പ്രിയപ്പെട്ട നേതാക്കൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാൻ ഭൻവർ മുന്നൊരുക്കങ്ങൾ നടത്തി. സംഘാടകനായ സേവാഭാരതി ഭാരവാഹി നന്ദലാലിനോട് ഭക്ഷണമൊരുക്കുന്ന കാര്യം പറഞ്ഞു. അയാൾ ഭൻവറിനെ നിരുത്സാഹപ്പെടുത്തി. ഉന്നതജാതിക്കാരും പുരോഹിതരും പങ്കെടുക്കുന്ന പരിപാടിയായതിനാൽ അവർക്ക് ജാതിയിൽ താഴ്ന്ന വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ വൈമനസ്യമുണ്ടാവുമെന്നായിരുന്നു ന്യായം.

പക്ഷേ അവർ നിർബന്ധിച്ചതിനാൽ തയ്യാറാക്കുന്ന ഭക്ഷണം പൊതികളിലാക്കി പരിപാടി സ്ഥലത്തെത്തിക്കുവാൻ അയാൾ നിർദ്ദേശിച്ചു. ഭൻവർ അങ്ങനെ ചെയ്തു. പരിപാടി കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോകുമ്പോൾ വാഹനത്തിലിരുന്ന് പ്രവർത്തകർ ഭക്ഷണം കഴിച്ചു കൊള്ളുമെന്നായിരുന്നു ഭൻവറിനെ അറിയിച്ചത്. എന്നാൽ അസ്ഥികലശയാത്ര അടുത്ത കേന്ദ്രത്തിലേക്കു പോകുന്നതുവഴി ദളിത് ഭവനത്തിൽ പാചകം ചെയ്ത ‘അയിത്താഹാരം ‘അവർ വാഹനത്തിൽ നിന്നും റോഡരികിലേക്കു വലിച്ചെറിഞ്ഞു. സുഹൃത്ത് വിവരമറിയിച്ചതിനെത്തുടർന്ന് സൈക്കിളിൽ അവിടെയെത്തിയ ഭൻവറിന് ഭക്ഷണപ്പൊതികൾ റോഡരികിൽ ചിതറിക്കിടക്കുന്ന കാഴ്ച്ച ഹൃദയഭേദകമായി തോന്നി.

തിരിച്ചറിവ് നൽകിയ അനുഭവം

ഇതിനെക്കുറിച്ച് ഭൻവർ സംഘപരിവാറിൻ്റെ ഉന്നതഘടകങ്ങളിൽ പരാതിപ്പെട്ടു. എല്ലാവരും സംഭവത്തെ നിസ്സാരവൽക്കരിച്ചു. പ്രതീക്ഷ കൈവിടാതെ സർസംഘചാലകിന് വിശദമായി എഴുതി. ഒരു മറുപടിയും ലഭിച്ചില്ല. സംഘപരിവാറിൻ്റെ ഹിന്ദു രാഷ്ട്രത്തിൽ മതന്യൂനപക്ഷങ്ങൾക്കു മാത്രമല്ല ദളിതർക്കും ആദിവാസികൾക്കും സ്ഥാനമില്ലെന്ന് ഭൻവർ തിരിച്ചറിയുകയായിരുന്നു. ദളിതനായതിനാൽ എല്ലാ രംഗങ്ങളിലും നേരിടേണ്ടി വന്ന വിവേചനങ്ങളെ ഹൃദയസ്പർശിയായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

അധ്യാപക ജോലിയും ജാതി വിവേചനങ്ങളും

അധ്യാപകനായി നിയമനം ലഭിച്ചപ്പോൾ സഹ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒറ്റപ്പെടുത്തി പരിഹസിച്ചു. സ്ക്കൂളിൽ ദളിത് അധ്യാപകന് കുടിക്കുവാൻ പ്രത്യേകമായി വെള്ളം കരുതണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഭൻവർ അത് അനുസരിച്ചില്ല. ഒടുവിൽ കുട്ടികളെല്ലാം വീട്ടിൽ നിന്നും കുപ്പികളിൽ വെള്ളം കൊണ്ടുവന്നു. നിരന്തരമായ വിവേചനത്തെത്തുടർന്ന് അദ്ദേഹം ജോലി രാജിവച്ചു. ഭൂരിപക്ഷവും മറ്റു പിന്നാക്ക സമുദായ (OBC)ത്തിലുള്ള കുട്ടികൾ പഠിക്കുന്ന ഒരു സ്ക്കൂളായിരുന്നു അത്‌. ദളിതനായ ഒരു അധ്യാപകന് ഇതാണ് നേരിടേണ്ടി വരുന്നതെങ്കിൽ ദളിത് വിദ്യാർത്ഥികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ?

ബ്രാഹ്മണന് അഗ്രസ്ഥാനമുള്ള ഉച്ചനീച ഘടനയിൽ അധിഷ്ഠിതമായ ചാതുവർണ്യത്തെ പിന്താങ്ങുന്നവരെയാണ് ഭൻവർ ബ്രാഹ്മണ്യ ചിന്താഗതിയുള്ളവർ എന്നു വിളിക്കുന്നത്. അതിന് ജനനവുമായി ബന്ധമില്ല. ജാതിയിൽ താഴ്ന്നവരായവർ ബ്രാഹ്മണ്യത്തെ ആദരിക്കുകയും തങ്ങളുടെ അധസ്ഥിതിയെ അംഗീകരിക്കുകയും ചെയ്യുമ്പോൾ അവർ ബ്രാഹ്മണ വ്യവസ്ഥയെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ അത് ഒരു മനോഭാവമാണ്. അങ്ങനെ വരുമ്പോൾ രാംനാഥ് കോവിന്ദും നരേന്ദ്രമോദിയുമാണ് രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ബ്രാഹ്മണ്യ മനോഭാവമുള്ളവർ. ഭക്ഷണപ്പൊതികൾ റോഡിൽ വലിച്ചെറിഞ്ഞത് കണ്ട് മനസ്സ് വിഷമിച്ച് അത് ഭൻവറിനോട് വന്നു പറയുന്ന സുഹൃത്ത് ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചയാളായിരുന്നു. തത്വത്തിൽ ജാതിവിരുദ്ധത പ്രസംഗിക്കുന്ന ആർ.എസ്.എസ്; പ്രയോഗത്തിൽ ജാതി സംസ്ഥാപനത്തിനാണ് ശ്രമിക്കുന്നതെന്ന് ഈ പുസ്തകം നമുക്ക് പറഞ്ഞു തരും.

ആർ.എസ്.എസിൻ്റെ ഗണവേഷം ധരിക്കുന്ന സ്വയം സേവകരായ എല്ലാ ദളിത്/ ആദിവാസി വ്യക്തികളോടുള്ള ചോദ്യങ്ങൾ

  • ‘ആർ.എസ്‌.എസിൻ്റെ തൊണ്ണൂറിലധികം വർഷത്തെ ചരിത്രത്തിൽ ജാതിക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ ഒരൊറ്റ സമരമെങ്കിലും നടത്തിയത് ചൂണ്ടിക്കാട്ടാമോ?
  • എന്തുകൊണ്ടാണ് ആർ.എസ്.എസ്. ജാതി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള പ്രസ്ഥാനത്തിന് തുനിയാത്തത്?
  • ക്ഷേത്രങ്ങളിൽ പൂജാരിമാരാകുന്നതിനും ക്ഷേത്രപ്രവേശനത്തിനും എല്ലാ ദളിതുകളേയും അനുവദിക്കണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല?
  • കല്യാണ ചടങ്ങുകൾക്ക് ദളിത് വധൂവരന്മാരെ കുതിരപ്പുറത്ത് ആനയിക്കാൻ അനുവദിക്കാത്തതിനെക്കുറിച്ച് എന്തുകൊണ്ട് ശബ്ദമുയർത്തുന്നില്ല?
  • ഗംഗ മുതൽ പുഷ്കർ വരെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ ദളിതർക്ക് പ്രത്യേക കുളിക്കടവുകൾ വേർ തിരിക്കുന്നതിനെതിരെ ആർ.എസ്.എസ്. എന്തുകൊണ്ടാണ് മിണ്ടാത്തത്?
  • എല്ലാ ഗ്രാമങ്ങളിലും വ്യത്യസ്ത ഹിന്ദു ജാതികൾക്ക് പ്രത്യേകം ശ്മശാനമുണ്ടാക്കുന്നതിനെതിരെ എന്തുകൊണ്ടാണ് ശബ്ദമുയർത്താത്തത് ?
  • പശുവിനെയും കാളയേയും എലിയേയും പാമ്പിനേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർ ദളിതരെ മനുഷ്യരായി കാണാനും അവരുടെ അവകാശങ്ങൾക്കും സമത്വത്തിനും വേണ്ടി രംഗത്തു വരാത്തതുമെന്താണ്?
  • ആർ.എസ്.എസ്. ജാതി സംവരണത്തെ എതിർക്കുന്നു. പട്ടികജാതി പട്ടികവർഗ്ഗങ്ങൾക്കു മേലുള്ള അതിക്രമങ്ങൾ തടയുന്ന നിയമത്തിൽ വെള്ളം ചേർക്കുന്നു. ഇവർ ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്?

”നവയാന’ പ്രസിദ്ധീകരിച്ച I Could Not Be Hindu: The Story of A Dalit in the RSS. ഭൻവർ മെഘ് വൻഷി (Bhanwar Meghwanshi) യുടെ ഈ പുസ്തകം കേരളത്തിലെ ആർ.എസ്.എസ് കാരായ ദളിത് സുഹൃത്തുക്കൾ പലവട്ടം വായിക്കേണ്ടതാണ്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x