Law

മനുഷ്യന് നീതി അവർക്ക് ആവശ്യമുള്ളപ്പോഴാണ് കിട്ടേണ്ടത്; നിങ്ങളുടെ സമയവും സൗകര്യവും നോക്കി വെച്ച് നീട്ടാനുള്ളതല്ല

Dr. Krishnan Balendran

“The skin and bones tell a story which the child is either too young or frightened to tell”

ചരിത്രത്തിൽ ആദ്യമായി ബാല പീഡനങ്ങളേപ്പറ്റിയുള്ള ആധികാരിക മെഡിക്കൽ ലിറ്ററേച്ചർ വരുന്നത് Ambroise Tardieu എന്ന ഫ്രഞ്ച് ഫോറെൻസിക്ക് വിദഗ്ധൻ അദ്ദേഹം കുഞ്ഞ് കുട്ടികളിൽ നടത്തിയ മുപ്പതിൽ പരം പോസ്റ്റ്‌ മോര്‍ട്ടങ്ങളിലെ നിരീക്ഷണങ്ങളെ സമാഹരിച്ച് കൊണ്ട് 1860 ൽ എഴുതി പബ്ലിഷ് ചെയ്തപ്പോഴാണ്.

പിന്നെയും ഏതാണ്ട് അറുപത് വർഷങ്ങളോളം കഴിഞ്ഞാണ് പീഡിയാട്രിക് റേഡിയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന John Caffey 1946ൽ അദ്ദേഹം ആറ് കേസുകളിൽ കുട്ടികളിൽ കാണപ്പെട്ട ചില പ്രത്യേക തരം ഒടിവുകളേയും തലച്ചോറിന് ചുറ്റുമുള്ള രക്തസ്രാവങ്ങളേയും (chronic subdural hemorrhages) പറ്റി വീണ്ടും ഒരു ലേഖനം എഴുതുന്നത്.

ഈ findings കേവലം ഏതെങ്കിലും അസുഖത്തിന്റെ ഭാഗമാകാനുള്ള സാധ്യത ഇല്ലെന്ന് Caffey നിരീക്ഷിച്ചു.

പിന്നെയും പത്ത് വർഷം കൂടി കഴിഞ്ഞ് 1956ൽ ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോളജിയുടെ കോൺഗ്രസ്സിൽ അദ്ദേഹം ഇന്ന് ലോകം തിരിച്ചറിയുന്ന, child abuse എന്ന് പേരിട്ട് വിളിക്കുന്ന, “Battered (shaken) baby Syndrome” എന്ന ഫോറെൻസിക്ക്-മെഡിക്കോ ലീഗൽ എന്റിറ്റിയേ വെളിച്ചത്ത് കൊണ്ടു വന്നു.

കുട്ടികളുടെ മേൽ നടക്കുന്ന ഇത്തരം പീഡനങ്ങളേ സമൂഹത്തിലും വൈദ്യമേഖലയിലുള്ളവർ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത അതീവ പ്രാധാന്യമർഹിക്കുന്നതാണ്.

കാരണം, പരിക്കേൾക്കുന്ന ഇരകൾ അവരെ പരിക്കേൽപ്പിക്കുന്നവരുടെ സ്വാധീനത്തിലും “സംരക്ഷണത്തിന്റെ” ‘കീഴിലു’മായിരിക്കും എന്നത് കൊണ്ടാണ്.

Subtle ആയിട്ട് കാണുന്ന പീഡനത്തിന്റെ ഈ ലക്ഷണങ്ങള്‍ ഡോക്ടറോ കുട്ടിയേ കാണുന്നവരോ തിരിച്ചറിഞ്ഞില്ലെങ്കിൽ ഈ കുഞ്ഞുങ്ങൾ വീണ്ടും അവരെ പീഡിപ്പിക്കുന്നവരുടെ അടുക്കലേക്ക് തന്നെ തിരിച്ചെത്തുകയും, പിന്നെയും തുടരുന്ന കൊടീയ പീഡനങ്ങൾക്ക് വിധേയരായി നിസ്സഹായരായി യാതന അനുഭവിച്ച് മരണപ്പെടുകയും ചെയ്യും .

“The correct early diagnosis of injury may be the only means by which the abused can be removed from their traumatic environment and their wrongdoers punished.” എന്ന് 1956ൽ തന്നെ Caffey പറഞ്ഞു.

അശരണരും, ദുർബലരും, നിസ്സഹായരുമായ വയലൻ്സിന്റെ ഈ ഇരകൾ, അവരുടെ ബലഹീനത കൊണ്ടോ ഭയം കൊണ്ടോ നമ്മളോട് വാക്കുകൾ കൊണ്ട് പുറത്ത് പറയാൻ കഴിയാത്ത കാര്യങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ ത്വക്കിലൂടെയും അസ്ഥിയിലൂടെയും നമ്മളോട് നിശ്ശബ്ദമായി അലറി വിളിക്കും.. സംസാരിക്കും.

പോസ്റ്റ് മോർട്ടം ടേബിളിലും കാണും ഇത്തരം ഹതഭാഗ്യരുടെ സംസാരം. വെടിഞ്ഞ് കീറിയ കാൽപാദങ്ങളും, തഴമ്പുകളും, പൊട്ടിയ നഖങ്ങളും, ഉണങ്ങിക്കരിഞ്ഞതും ഉണങ്ങാൻ സാവകാശം കിട്ടാത്തതും പരണ്ടമൂടിയതുമായ വടുക്കളും മുറിവുകളും, നിറം മങ്ങി തുടങ്ങി വിളറിയ ചതവുകളിലൂടയുമൊക്കെയായിരിക്കും ഈ വർത്തമാനം.

ഈ സംഭാഷണങ്ങളുടെ ലിപികളും അക്ഷരങ്ങളും തിരിച്ചറിയാൻ ഇത്തിരി ക്ഷമയും സഹാനുഭൂതിയും വേണമെന്ന് മാത്രം. കണ്ണ് കൊണ്ട് വായിച്ചെടുക്കാവുന്ന ശബ്ദങ്ങളാണിവയിലേറെയും.

പക്ഷെ അതിലുമെത്രയോ ഭീകരമായ, ത്വക്കിലോ അസ്ഥിയിലോ മറ്റ് ശാരീരിക പരിശോധനകളിലോ പ്രദർശിപ്പിക്കാനാവാത്ത മാനസിക പീഡനങ്ങൾ അവരുടെ മനസ്സിൽ, അവരുടെ മസ്തിഷ്കത്തിൽ, ക്രിപ്റ്റിക്കായി ആലേഖനം ചെയ്യപ്പെട്ട തീരാവേദനകളായി കിടപ്പുണ്ടാവും… നമ്മൾ എത്രയെത്ര കിണഞ്ഞ് പരിശ്രമിച്ചാലും പിടിതരാതെ തലയോട്ടിക്കുള്ളിലേ ഇരുട്ടിൽ.. നിശ്ശബ്ദമായി… അല്ലേ?

ചിലപ്പോഴൊക്കെ അവർക്ക് അവശേഷിക്കുന്ന എല്ലാ ശക്തിയും സംഭരിച്ച് ഒന്ന് പൊരുതി നോക്കും. അന്നേരം അത്യന്തം വേദനയോടെയും ഭയത്തോടെയും അവർ പറയുന്ന കാര്യങ്ങളിൽ ചിലപ്പോൾ ഡീറ്റയിലുകൾക്ക് കൃത്യത വരണമെന്ന് നിങ്ങൾ ശഠിക്കുന്നതിന്റെ അർത്ഥം നിങ്ങൾക്ക് നേരത്തെ പറഞ്ഞ ക്ഷമയും സഹാനുഭൂതിയും ഇല്ലെന്നതിന്റെ തെളിവാണ്.

അല്ലെങ്കിൽ ഇരയുടെ നിര്‍ഭാഗ്യകരമായ കഷ്‌ടാവസ്ഥ മനസ്സിലാക്കാൻ കഴിയാത്ത പ്ലെയിൻ ഇൻസെൻ്സിറ്റിവിറ്റിയോ അന്ധതയോയാണ്.

മേൽപ്പറഞ്ഞ പോലുള്ള കസ്റ്റോഡിയൽ പീഡനങ്ങൾ നടക്കാൻ സാര്‍വ്വജനീനമായി ചില സാഹചര്യങ്ങള്‍ ഉണ്ട്. Caffeyയുടെ ലേഖനത്തേ പഠിച്ച Kempe തുടങ്ങിയവർ കണ്ടെത്തിയ ഈ കാര്യങ്ങൾ മുഖ്യമായും നാലെണ്ണമാണ്.

1. പീഡനം നടത്താൻ കഴിയുന്ന ഇടങ്ങളിൽ, victim നേ സംബന്ധിച്ച്, തന്നേക്കാൾ പ്രബലനും ശക്തനുമായ ഒരാൾ തനിക്ക് സംരക്ഷകനോ അധികാരിയോ ആയുള്ള അവസ്ഥ.

2. Perpetrator ന്റെ ഇഷ്ടത്തിന് മാത്രം ജീവിക്കേണ്ട സ്ഥാനത്ത് ഒരു താരതമ്യേന ദുർബല(യ)നായ ഇര.

3. പീഡനത്തിനെ trigger ചെയ്യാൻ കഴിയുന്ന ഒരു ഇൻസിഡെന്റ്.

4. ഇരയും പീഡകനും ജീവിക്കുന്ന ഇടങ്ങളിൽ നിലനിൽക്കുന്ന അച്ചടക്കത്തിനേയും സ്ട്രിക്ട് ശിക്ഷകളേയും normalize ചെയ്യുന്ന ഒരു സംസ്കാരവും മൂല്യവ്യവസ്ഥയും.

ഈ ചേരുവകൾ എല്ലാം ഒത്തു വരുന്നത്, ഒറ്റ നോട്ടത്തിൽ നമ്മൾ കാണുന്നത്, “കുടുംബം” എന്ന സ്ഥാപനത്തിലാണ് എന്നാണ് എന്റെ മതം.

“ഞങ്ങൾ ഒരു കുടുംബം പോലെയാണ്” എന്ന് ആരെങ്കിലും (മതക്കാരാണേലും സിനിമാക്കാരാണേലും) പറയുന്നത് കേൾക്കുമ്പോ നമ്മൾ പെട്ടെന്നൊരു സ്വർഗ്ഗമൊന്നും ഇമാജിൻ ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം.

പുറമേ പരിഷ്കൃതരും പുരോഗമനവാദികളുമായ മനുഷ്യർ തനി പിന്തിരിപ്പന്മാരും യാഥാസ്ഥിതികരും abusersഉം ആകുന്നത് കുടുമ്പങ്ങൾക്കകത്താണ് എന്നാണ് അറ്റ്ലീസ്റ്റ് എന്റെ mortuary അനുഭവങ്ങൾ പഠിപ്പിച്ചിട്ടുള്ളത്.

ഈ “മഹത്തായ ആദർശവത്കരിക്കപ്പെട്ട, പുണ്യവത്കരിക്കപ്പെട്ട” സ്ഥാപനത്തിന്റെയുള്ളിൽ നിന്ന് ഉയരുന്ന നിലവിളികൾ നേരത്തെ പറഞ്ഞ ലക്ഷണങ്ങളിലൂടെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലുകളിലും എത്താറുണ്ട്.

ആ വേദനകളുടെ നിലവിളികൾ അനുഭവസ്ഥർ വിളിച്ച് കരഞ്ഞപ്പോൾ, വറ്റിപ്പോയ ധൈര്യത്തിന്റെ അവസാന കണികകൾ സംഭരിച്ച്, നഷ്ടപ്പെടാൻ ജീവിതവും ജീവനും മാത്രമുള്ളവർ ഒന്ന് സംസാരിച്ച് തുടങ്ങിയപ്പോൾ,അവർക്ക് പറയാനുള്ളത് അവർ പോലീസിനോടും കോടതികളോടും ജ്യുഡിഷ്യൽ കമറ്റികളോടും പറയുമ്പോഴുമൊക്കെയും, അവർ പറഞ്ഞതൊക്കെ പൂഴ്ത്തിവച്ചും, നിശ്ശബ്ദതയും jurisprudential logic കൊണ്ടും തിരസ്കരിച്ച് അവരേ അവിശ്വസിച്ച്, അവരേയും അവരുടെ ശരീരഭാഗങ്ങളേപ്പോലും വിചാരണയ്ക്ക് നിർത്തി അവർ വിശ്വസ്തരല്ല എന്ന് പറയുമ്പോൾ, നമ്മൾ ചെയ്ത് കൂട്ടുന്നത് എന്തൊക്കെയാണ്?

കന്യാസ്ത്രീ പീഡനക്കേസിന്റെ വിധി വായിച്ച് കഴിഞ്ഞു. അതിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭംഗി. സിനിമാ മേഖലയിൽ നടക്കുന്ന കാര്യങ്ങളേ പറ്റി കുറേ സ്ത്രീകൾ ഒരു ജ്യുഡിഷ്യൽ കമ്മറ്റിയോട് പറഞ്ഞ കാര്യങ്ങളടങ്ങുന്ന റിപ്പോർട്ട് പരസ്യമാക്കില്ല എന്ന വാർത്തയും വായിച്ചു.

ഒരു കാര്യം മാത്രം പറഞ്ഞ് കൊണ്ട് അവസാനിപ്പിക്കാം.

കുറച്ച് പേർ അവർ ജീവിച്ച് പോരുന്ന സാഹചര്യങ്ങളെയും അവിടെ നടക്കുന്ന പീഡനങ്ങളേയും പറ്റി നമ്മുടെ നീതിന്യായ വ്യവ്സ്ഥയോട് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു. നീതിക്കും ആത്മാഭിമാനത്തിനും വേണ്ടി നിശ്ശബ്ദമായും അല്ലാതെയുമുള്ള തേങ്ങലുകളാണ് ചുറ്റിനും കേൾക്കുന്നത്.

കോടതി വിധി അന്തിമമല്ലെന്നും അപ്പീലും മേൽക്കോടതികളും ഒക്കെ ഇനീം വേറെയും ഉണ്ടെന്നും ഈ ജസ്റ്റിസ് ഡെലിവറി സിസ്റ്റത്തിലുള്ളവർ പറയുന്നു.

നീതി നടത്തിപ്പിനായി കോടതികളിൽ ജഡ്ജിമാരായും വക്കീലുമാരായും തൊഴിലെടുക്കുന്ന നിയമമേഖലയിലുള്ളവരും, പൗരന് നീതി ലഭിക്കാൻ വേണ്ടി പണിയെടുക്കുന്ന ഭരണകൂടങ്ങളോടും അവിടെ പണിയെടുക്കുന്നവരോടുമായാണ്..

മനുഷ്യന് നീതി അവർക്ക് ആവശ്യമുള്ളപ്പോഴാണ് കിട്ടേണ്ടത്. അതിനായി അവർ വാക്കാലും വേദനയാലുമൊക്കെ നിങ്ങളോട് പരാതി പറയുന്നുമുണ്ട്.

പണ്ട് caffey പറഞ്ഞത് പോലെയല്ല കാര്യങ്ങൾ.

These are stories which WERE never told because the victims WERE either powerless or afraid to tell. ഇന്ന് അവർ പറഞ്ഞ് കഴിഞ്ഞു. അവർ നീതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതിപ്പോൾ തന്നെ കൊടുക്കാതെ നിങ്ങളുടെയൊക്കെ എല്ലാ അക്കാദമിക വായ്ത്താരികളും കസർത്തുകളും procedural formalitiesഉം കഴിഞ്ഞ് നിങ്ങളുടെ സമയവും സൗകര്യവും നോക്കി ആവശ്യക്കാർക്ക് നീതി വച്ച് നീട്ടുമ്പോൾ അവർ ചിലപ്പോൾ അത് നിരസിച്ചെന്നിരിക്കും.

അപ്പോഴേക്കും വല്യ കാര്യത്തിൽ നിങ്ങൾ കൊടുക്കുന്ന നീതി ചിലപ്പോൾ ആവശ്യമില്ലാത്ത അവസ്ഥയിലുമായിരിക്കും അവർ. ചിലപ്പോൾ അവരും നിങ്ങളും ഞാനും പോസ്റ്റ്മോർട്ടം ടേബിളിനടത്ത് നിൽക്കും. ടേബിളിന്മേൽ കിടക്കുന്നവരും അവരേ നോക്കി നിൽക്കുന്നവരുമായി.

മരിച്ചിട്ടും, മരിച്ച പോലെ ജീവിച്ചിട്ടും.. തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ലാത്തവരായ്…..

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x