EducationFeature

വിക്രം സാരാഭായ്; ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മഹാൻ

കെ.ജയദേവൻ

അൻപത് വർഷം മുൻപ് ഇതേ ദിവസമാണ് (ഡിസംബർ 30ന്) വിക്രം സാരാഭായ് ഈ ലോകത്തോട് വിട പറഞ്ഞത്. കോവളത്തെ ഒരു ഹോട്ടലിൽ വെച്ച് അപ്രതീക്ഷതമായി ഹൃദയാഘാതം മൂലം അന്തരിക്കുമ്പോൾ 52 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്.

എന്തെല്ലാം ചെയ്യാൻ ബാക്കി വെച്ചായിരിക്കും ആ മനുഷ്യൻ ഈ ഭൂമി വിട്ട് പോയിട്ടുണ്ടാവുക…!

എല്ലാ അർത്ഥത്തിലും , മനുഷ്യവംശത്തിനാകെ വലിയ നഷ്ടം വരുത്തി വെച്ച അകാല മരണമായിരുന്നു അത്. അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് തന്നെയായിരുന്നു സാരാഭായി.

വാർത്താവിനിമയത്തിനും, കാലാവസ്ഥാ നിരീക്ഷണത്തിനുമായി ബഹിരാകാശ ഗവേഷണത്തെ വഴി തിരിച്ചുവിട്ടു അദ്ദേഹം. തുമ്പയിലെ ബഹിരാകാശ കേന്ദ്രവും, ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രവും ഈയൊരാശയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു.

ശാസ്ത്രത്തിലും, ഗവേഷണത്തിലും ആണ്ടുമുങ്ങി ജീവിച്ച ആ മനുഷ്യൻ അരനൂറ്റാണ്ടുകാലം നാം ജീവിയ്ക്കുന്ന ഭൂമിയെ പുഷ്ക്കലമാക്കി.

സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ വിക്രം സാരാഭായിയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു ഞാൻ. ബോംബെയിലെ BARC യിൽ ജോലി ചെയ്തിരുന്ന എന്റെ ഒരമ്മാവൻ സാരാഭായിയുടെ അനന്യമായ വ്യക്തിത്വത്തെക്കുറിച്ച് പലപ്പോഴും പറയുമായിരുന്നു. അങ്ങിനെയാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹം തോന്നിയത്.

എന്നാൽ, കഷ്ടമെന്നു പറയട്ടെ – തിരുവനന്തപുരത്തും, തൃശൂരുമടക്കം പല സ്ഥലങ്ങളിലേയും പ്രസാധകരോട് അന്വേഷിച്ചിട്ടും വിക്രം സാരാഭായിയെപ്പറ്റി ഇംഗ്ലീഷിലോ, മലയാളത്തിലോ ഉള്ള ആധികാരിക ഗ്രന്ഥങ്ങളൊന്നും എനിക്ക് ലഭ്യമായതേയില്ല.

പിന്നെപ്പിന്നെ ഞാനത് വിട്ടു. ഒടുവിൽ, സന്ദർഭികമായി ഇക്കാര്യം പറഞ്ഞതിനെത്തുടർന്നാകാം, എന്റെയൊരു സുഹൃത്ത് എവിടെയെല്ലാമോ തപ്പിത്തിരഞ്ഞ് സാരാഭായിയുടെ ഒരു ജീവചരിത്രം എനിക്ക് സംഘടിപ്പിച്ചു തന്നു. കുന്ദംകുളത്തുള്ള ഒരു പ്രസാധകരായിരുന്നു അത് പ്രസിദ്ധീകരിച്ചിരുന്നത്.

കേവലം ടെക്നോക്രാറ്റുകൾ മാത്രമായവർ ലോകോത്തര ശാസ്ത്രജ്ഞരായി കൊണ്ടാടപ്പെടുന്ന ഇക്കാലത്ത് വിക്രം സാരാഭായിയേയോ, സതീഷ് ധവാനെയോ പോലുള്ളവരെ നമുക്കറിഞ്ഞു കൂടാ എന്നത് എന്തൊരു ദൗർഭാഗ്യകരമായ കാര്യമാണ്.

ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ച മഹാനായ മനുഷ്യനായിരുന്നു സാരാഭായ്. വിശ്വപൗരനായിരുന്ന ഒരു യഥാർത്ഥ ഇന്ത്യക്കാരൻ.

അകം പൊള്ളയായ ദേശീയതാ വാദങ്ങളും, വൻതോതിലുള്ള ശാസ്ത്രവിരുദ്ധതയും അരങ്ങു വാഴുന്ന നമ്മുടെ കാലത്ത് വിക്രം സാരാഭായിയെപ്പോലുള്ള യഥാർത്ഥ ശാസ്ത്ര ഗവേഷകരുടെ ഓർമ്മകൾക്ക് പോലും എന്തൊരു മാധുര്യമാണ്..

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x