ColumnsLife Style

വാർദ്ധക്യത്തെക്കുറിച്ച് നമുക്കെന്തറിയാം?

ഡോ. ജാസ്‌റ ജാവേദ്, ന്യൂഡൽഹി

ഫിസിയോതെറപ്പിസ്റ്റും ആരോഗ്യ പരിചരണരംഗത്തെ എഴുത്തുകാരിയും, ബാംഗ്ലൂരിലെ ഓക്സ്ഫോർഡ് കോളേജ് ഓഫ് ഫിസിയോതറാപ്പിയിൽ മാസ്റ്റേഴ്സ്  വിദ്യാർത്ഥിയുമാണ്.

‘മുതിർന്ന, പ്രായമായ’ എന്നൊക്കെ കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്ന പ്രഥമ ചിന്തകളെന്തൊക്കെയായിരിക്കും? ചുളിഞ്ഞ തൊലി, കുനിഞ്ഞുള്ള നടത്തം, വേദനിക്കുന്ന കാൽമുട്ടുകൾ, നരച്ച തലമുടി, കുഴഞ്ഞ സംസാരം, മറവി, ഏകാന്തത, മരണം, അല്ലെങ്കിൽ ഊന്നുവടിയുടെ സഹായത്താൽ മന്ദം മന്ദം നടന്നുനീങ്ങുന്ന ഒരാൾ!.. ഒരു പക്ഷെ ഇതൊക്കെയായിരിക്കും ‘വാർദ്ധക്യം’ എന്നു കേൾക്കുമ്പോൾ തൽക്ഷണം പലരുടെയും ചിന്തയിലൂടെ ഒരു കൊള്ളിമീൻ കണക്കെ ഞൊടിയിടയിൽ കടന്നുപോയിട്ടുണ്ടാവുക!

നാം വാർദ്ധക്യത്തെ എങ്ങനെ നിർവചിക്കുന്നു എന്നത് അതിനോടുള്ള നമ്മുടെ പരിപ്രേക്ഷ്യമനുസരിച്ചിരിക്കും. നിർഭാഗ്യവശാൽ, പലരും ‘വയസ്സാവുക’ എന്നത് ഒരാളുടെ മരണത്തിലേക്കുള്ള വളർച്ചയായും, ഒരു കാലത്ത് സമ്പാദിച്ചു കൂട്ടിയവ ഓരോന്നോരോന്നായി നഷ്ടപ്പെടുന്ന അവസ്ഥയായുമൊക്കെയാണ് ധരിച്ചുവെക്കുന്നത് (പലപ്പോഴും അത് ശരിയാണ് താനും). എന്നാൽ വയസ്സാവുന്നതിനോട് സമൂഹം പലപ്പോഴും നിഷേധാത്മകമായിട്ടാണ് വർത്തിക്കാറുള്ളത്.

ഇതിന് കാരണമായി പറയാറുള്ള “you cannot teach an old man new tricks” (പഴയ ആളുകളെ പുതിയ കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയില്ല) എന്ന വാദം ദശകങ്ങളായി സമൂഹം ചർവിതചർവണം ചെയ്തുകൊണ്ടിരിക്കുന്ന വളരെ കുടുസ്സായ ഒരു ചിന്താഗതിയാണ്. വയസ്സാവുന്നതിനെ കുറിച്ച് കാര്യമായ അവബോധം ഇല്ലാത്തത് കൊണ്ടും, സമൂഹത്തിൽ നിന്നുമുള്ള ഇത്തരം നിഷേധാത്മകതകളുടെ തത്ഫലമായിക്കൊണ്ടും പലപ്പോഴും വയോജനങ്ങൾ അശുഭാപ്തിവിശ്വാസികളായി നൈരാശ്യവാദത്തിലേക്ക് തള്ളിയിടപ്പെടുന്നു.

വയസ്സാവുന്നതിൽ പല ഘടകങ്ങളുണ്ട്: അവ ശാരീരികമോ, മാനസികമോ, സാമൂഹികമോ ആവാം.

ശാരീരിക വാർദ്ധക്യം

പേരു പോലെത്തന്നെ ശാരീരിക വാർദ്ധക്യം എന്നാൽ ശരീരത്തിന് ‘വയസ്സാവുന്നു’ എന്നർത്ഥം! വയോജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ശ്രദ്ധിച്ചിട്ടില്ലേ? മാറിയ ഉപാപചയം (metabolism), ദുർബലമായ പേശികൾ, ക്ഷയിച്ച എല്ലുകൾ, നരച്ച തലമുടി, ചുളിഞ്ഞുണങ്ങിയ തൊലി, വളഞ്ഞ മുതുക്, മങ്ങിയ കാഴ്ച, ബാലൻസ് തെറ്റൽ, തിരിച്ചറിയൽ ശേഷി കുറഞ്ഞുവരിക എന്നിത്യാദി ശാരീരികമാറ്റങ്ങൾ പ്രായമാകുന്ന ഒരാളിൽ കാണപ്പെടും, ഇത്തരം മാറ്റങ്ങൾ ഓരോ വ്യക്തിയിലും അയാളുടെ ശാരീരികഗുണനിലവാരത്തിന് (Fitness Quotient) അനുസരിച്ചായിരിക്കും ഉണ്ടാവുക.

പതിവായി വ്യായാമം ചെയ്തുകൊണ്ടും, കൃത്യമായി പോഷകാഹാരവ്യവസ്ഥ പാലിച്ചുകൊണ്ടും ആരോഗ്യദായകമായ ജീവിതം നിലനിർത്തുന്ന ചിലർക്ക് വാർദ്ധക്യസഹജമായ ശാരീരികമാറ്റങ്ങൾ അത്രകണ്ട് പ്രശ്നമാവാറില്ല. എന്നാൽ, ഇന്ത്യപോലെയൊരു രാജ്യത്തു ഇങ്ങനെ ആരോഗ്യമുള്ളവരായിക്കൊണ്ട് വയസ്സാകുന്നവർ നന്നേ കുറവാണ്, അധികപേരും വിശപ്പും, പട്ടിണിയും, നീരസവുമൊക്കെ അനുഭവിച്ച് വളരെ ദാരുണമായിട്ടാണ് വാർദ്ധക്യത്തെ തള്ളിനീക്കുക.

മാനസിക വാർദ്ധക്യം

പ്രായമാകുന്നവരുടെയും അവരുടെ ചുറ്റുമുള്ളവരുടെയും പരിപ്രേക്ഷ്യങ്ങളനുസരിച്ച് മാനസിക വാർദ്ധക്യം രണ്ടു വീക്ഷണങ്ങളിലൂടെയും നോക്കിക്കാണാവുന്നതാണ്. അതായത്, പ്രായമായ ഒരാൾ എന്നോട് പറഞ്ഞത്: “ഇപ്പോൾ നല്ല സുഖമാണ്, കാര്യമായ കടമകളൊന്നും ചെയ്യാനില്ല. ദൈനംദിന ജീവിതത്തിലെ മത്സരങ്ങളുടെ സമ്മർദ്ദവും ഇപ്പോൾ ഇല്ല”. അതേ സമയം, മറ്റൊരാൾ പറഞ്ഞത്: “പണ്ടത്തെ പോലെ ഒന്നും ചെയ്യാനും നേടാനും ഇപ്പോൾ കഴിയുന്നില്ല” എന്നാണ്. രണ്ടുപേരുടെയും ജീവിതത്തോടുള്ള വീക്ഷണങ്ങളാണ് ഇവിടെ തെളിഞ്ഞുനിൽക്കുന്നത്.

ഏകാന്തത, മാറ്റിനിർത്തപ്പെടൽ, ജീവിതത്തോടുള്ള നിരാശ, അസംതൃപ്തി എന്നിവ വയോജനങ്ങളോട് വാർദ്ധക്യത്തെകുറിച്ചുള്ള അവരുടെ വീക്ഷണം എന്താണെന്ന് ചോദിച്ചപ്പോൾ എനിക്ക് പൊതുവായി കേൾക്കാൻ കഴിഞ്ഞ ചില വാക്കുകളാണ്! വാർദ്ധക്യം എങ്ങനെ ഒരാളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നത് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. കൂടാതെ ചില ന്യൂറോളജിക്കൽ മാറ്റങ്ങളും സംഭവിക്കാം, സാധാരണയായി കാണപ്പെടുന്ന ഒന്നാണ് മതിഭ്രമം (dementia). മറവി കൊണ്ടും തിരിച്ചറിയൽശേഷിക്കുറവ്‌ കൊണ്ടും ഒരാളുടെ മാനസികാരോഗ്യം കൂടുതൽ വഷളാകുന്നതിന് ഇത് കാരണമാവുകയുള്ളു.

സാമൂഹിക വാർദ്ധക്യം:

ഇത് സമൂഹം നിങ്ങളോടെന്ത് പറയുന്നു എന്നതനുസരിച്ചിരിക്കും. ഇന്ത്യയിലെ retirement പ്രായം 60-62 ആണല്ലോ. ലോകത്തിൽ തന്നെ ഉദ്യോഗവിയോഗത്തിന് ഏറ്റവും കുറവ് പ്രായപരിധിയുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ! അതായത്, ഒരാൾ ശാരീരികമായും മാനസികമായും ഒരു ജോലി ചെയ്യാൻ പ്രാപ്‌തിയുള്ള ആളാണെങ്കിലും സമൂഹം അയാളോട് വിരമിക്കാൻ പറയുന്നു! സമൂഹത്തിന്റെ വരകൾക്കുള്ളിൽ അയാൾ തളക്കപ്പെടുന്നു. ഇതുതന്നെ അവർക്ക് ജീവിതത്തോടുള്ള അസംതൃപ്തി വർധിക്കുന്നതിന് കാരണമാകുന്നു. എന്റെ പഠനങ്ങൾക്കിടയിൽ പലരും എന്നോട് പറഞ്ഞിട്ടുണ്ട്: “എനിക്കിനിയും ജീവിതത്തിൽ പലതും ചെയ്യാനുണ്ടായിരുന്നു”, “എന്റെ ഉപജീവനത്തിന് വേണ്ടി ഇപ്പോഴുമെനിക്ക് സമ്പാദിക്കണം എന്നുണ്ട്”, “എനിക്കിനിയും ജോലി ചെയ്യാൻ കഴിയും, ഞാനതിന് കഴിവുള്ളയാളാണ്”.

വയോജനസംഖ്യ കൂടിവരുന്ന സാഹചര്യത്തിൽ നാം പ്രധാനമായി ചെയ്തിരിക്കേണ്ട 3 കാര്യങ്ങളുണ്ട്:

  1. വാർദ്ധക്യം എന്താണെന്ന് മനസ്സിലാക്കുക
  2. നമുക്ക് ചുറ്റുമുള്ള വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകുക
  3. അവരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തുക.

വയോജനങ്ങളെക്കുറിക്കും വാർദ്ധക്യസഹജമായ പ്രശ്നങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണം മുതിർന്നവർക്ക് മാത്രമല്ല, വിവിധ പ്രായവിഭാഗങ്ങളിലുള്ളവർക്കും (കൗമാരക്കാർ മുതൽ യുവാക്കൾ വരെയും) കൃത്യമായി നൽകേണ്ടതുണ്ട്. വയോജനങ്ങൾ ദിനേന കടന്നുപോകുന്ന അവസ്ഥകളെ കുറിച്ച് മനസ്സിലാകണമെങ്കിൽ ഇത്രയൊക്കെ ചെയ്യൽ അനിവാര്യമാണ്. വയോജനങ്ങൾ നേരിടുന്ന പലപ്രശ്നങ്ങളുടെയും ഉറവിടങ്ങൾ ചിലപ്പോൾ പുറത്തുനിന്നുമാണ് ഉണ്ടാവുന്നത്, അതായത്, അവർ അനുഭവിക്കുന്ന ആരോഗ്യ-സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ഉത്തരവാദി മറ്റുള്ളവരായിരിക്കും.

ഇക്കാരണത്താലും കൂടിയാണ് വയോജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സകല പ്രായവിഭാഗങ്ങളിലുള്ള ആളുകൾ മനസ്സിലാക്കിയിരിക്കണം എന്നു പറയുന്നത്. നാം അറിഞ്ഞോ അറിയാതെയോ പോലും നമ്മുടെ വീടുകളിലുള്ള വയോജനങ്ങൾക്ക് ഉപദ്രവങ്ങളൊന്നും വരാതെ നോക്കാൻ വേണ്ടിയാണത്.

വിവർത്തനം: അലി തൽവാർ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ഫൈസൽ. പി. കെ
3 years ago

ശാസ്ത്രീയമായ വിലയിരുത്തൽ, എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ.
പ്രായം ഒരു അപരാധമല്ല, ഞാനും നിങ്ങളും കടന്നുപോകേണ്ട ഒരു ജീവിത ഘട്ടം മാത്രം. ആധുനിക യുഗത്തിലെ അണുകുടുംബ വ്യവസ്തിയിൽ പ്രായമായവർ നേരിടുന്ന വലിയ ഒരു പ്രശ്നം ആണ്‌ ‘മാനസിക വാർദ്ധക്യം ‘എന്നുള്ളത്. ഒന്നും ചെയ്യാനില്ലാതെ ഏകാന്തതയിലെ മാനസിക പിരിമുറുക്കം. ഇതിന് ഒരു പരിഹാരമായി നിർദ്ദേശിക്കാനുള്ളത് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും മറ്റു സംഘടന രംഗത്തുള്ളവരും ഒത്തു ചേർന്നുകൊണ്ട് തദ്ദേശീയ മായി ‘ വയോജന ക്ലിനിക്കൽ ഹെല്പ് ലൈൻ ‘ തുറന്ന് പ്രായമായവരുടെ കൂട്ടായ്മാ സഘടിപ്പിച്ചു അവർക്ക് വേണ്ട മാനസിക ആരോഗ്യ പരിപാടികൾ സംഘടിപ്പിക്കുക.

Jasrah Javed
3 years ago

Thank you for your overwhelming response and helpful suggestion. I hope my writings bring more notice to the cause.

Back to top button
2
0
Would love your thoughts, please comment.x
()
x