അനുപമക്ക് നീതി വേണം; ഭരണ സംവിധാനങ്ങൾ മൗനം വെടിയണം

സുധാ മേനോൻ

ഒരമ്മ താൻ പ്രസവിച്ച കുഞ്ഞിനെ തേടി ആറുമാസമായി അലയുന്നത് പ്രബുദ്ധ കേരളത്തിൽ ആണ്. മുഖ്യമന്ത്രി, വനിതാകമ്മിഷൻ, പോലീസ് സ്റ്റേഷനുകൾ, പാർട്ടി ഓഫീസ്‌…അവരിനി കുട്ടിയെ തിരിച്ചു കിട്ടാൻ വേണ്ടി പോകാത്ത ഇടമില്ല. തട്ടാത്ത വാതിലുകൾ ഇല്ല.

എന്നിട്ടും, അനുപമക്ക്‌ സ്വന്തം അച്ഛനിൽ നിന്നും പോലീസിൽ നിന്നും സർക്കാർ സംവിധാനങ്ങളിൽ നിന്നും നീതി കിട്ടിയില്ല.

ഗർഭസ്ഥശിശുവിനെ ‘ദുരഭിമാനക്കൊല’ ചെയ്യാൻ തീരുമാനിച്ച മാതാ-പിതാക്കൾ ആണ് ഇടതുപക്ഷവും പുരോഗമനവും പറയുന്നത് എന്നോർക്കണം.

അതേ മാതാപിതാക്കൾ തന്നെയാണ് പിഞ്ചുകുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റിയതും.

അച്ഛനും അമ്മയും ഉള്ള കുഞ്ഞിനെ അവരിൽ നിന്നും മാറ്റി അനാഥാലയത്തിൽ ഏൽപ്പിക്കുന്നത് എത്ര ഗുരുതരമായ കുറ്റവും കുഞ്ഞിനോടുള്ള നീതി നിഷേധവുമാണ്! എന്നിട്ടും, നമ്മുടെ എല്ലാ ഭരണ സംവിധാനങ്ങളും ഒന്നടങ്കം മൗനം പാലിക്കുന്നു. മുഖം തിരിക്കുന്നു. എന്ത് ന്യായമാണിത്?

അനുപമക്കു നീതി കിട്ടണം. സ്ത്രീപക്ഷം എന്ന് പറയുന്നത് രാഷ്ട്രീയ പാർട്ടികൾ കുറെ സ്ത്രീകളെ സംഘടനാഭാരവാഹികളും, പ്രതിനിധികളും ആക്കുന്നതും അത് ആഘോഷിക്കുന്നതും മാത്രമല്ല. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് അവളുടെ ഇഷ്ടപ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നൽകുന്നതും അത് സംരക്ഷിക്കുന്നതും കൂടി ആണ്.

ഗോത്രനീതി നിലനിർത്താൻ വേണ്ടി ആണെങ്കിൽ എന്തിനാണ് നമുക്ക് വനിതാകമ്മിഷനും നിരവധി വനിതാ നേതാക്കളും?

നമ്മൾ അനുപമയോടൊപ്പം ഉപാധികൾ ഇല്ലാതെ, ചോദ്യങ്ങൾ ഇല്ലാതെ കൂടെ നിൽക്കേണ്ട സമയമാണിത്. അവർക്കു അവരുടെ കുട്ടിയെ തിരികെ കിട്ടും വരെ..

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version