ക്ലബ്ഹൌസ് ഇസ്‌ലാമോബിയക്ക് വളം വെക്കുന്നുവോ?

പ്രതികരണം/ വി.പി റജീന

ഞാൻ ക്ലബ്​ ഹൗസ്​ എന്ന ചർച്ചാ പ്ലാറ്റ്​ഫോമിൽ ഇതുവരെ എത്തിനോക്കിയിട്ടില്ല. അതിനുവേണ്ടികൂടി പകുത്തു നൽകാൻ സമയം ഇല്ല എന്നതല്ലാതെ അതിന്​ പ്രത്യേകിച്ച്​ മറ്റൊരു കാരണവുമില്ല. എങ്കിലും ജനാധിപത്യസമീപനങ്ങളോടു കൂടിയുള്ള സംവാദങ്ങൾ നടക്കുന്ന നവ പ്ലാറ്റ്​ഫോം എന്ന നിലയിൽ ഒന്നു കയറിനോക്കിയാലെന്താണെന്ന്​ ആലോചിക്കു​േമ്പാഴാണ്​ ക്ലബ്​ ഹൗസി​െൻറ സ്വഭാവം മാറിയെന്നും അത്​ ഇസ്​ലാമോഫോബിക്കും അത്യന്തം വർഗീയവിഷം ചീറ്റുന്നതുമായ തലത്തിലേക്ക്​ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും നിരവധി ഫേസ്​ബുക്ക്​ സുഹൃത്തുക്കളുടെ പോസ്​റ്റുകളിലൂടെ അറിയാനായത്​. അതങ്ങനെ തന്നെയാണല്ലോ. വിജ്ഞാനമായാലും സംവാദമായാലും വിമർശനമായായും മൂല്യങ്ങളെയും ജനാധിപത്യത്തെയും പരസ്​പരം വകവെച്ചുനൽകിയില്ലെങ്കിൽ അത് നിക്ഷിപ്​ത താൽപര്യക്കാരുടെ കയ്യിലെ ടൂൾ ആയി മാറുമെന്നതിന്​ പുതിയ കാലത്തിൽ ഉദാഹരണങ്ങൾ നിരവധി.

പറഞ്ഞുവന്നത്​ നവ മാധ്യമ പ്ലാറ്റ്​ഫോമുകൾ എത്ര സമർത്ഥമായാണ്​ മുസ്​ലിംകളെ മാ​ത്രം തെര​ഞ്ഞ്​ പിടിച്ച്​ ആക്രമിക്കാൻ ഉപയോഗിക്കുന്നത്​ എന്നതിനെ കുറിച്ചാണ്​. അതോടൊപ്പം ചില കാര്യങ്ങൾ കൂടി തുറന്നുപറയേണ്ട നിർബന്ധിതാവസ്​ഥയുമുണ്ട്​. വിർമശിച്ചും പിന്തുണച്ചും ഈ ജനവിഭാഗത്തിനകത്ത്​ ജീവിക്കുന്ന വ്യക്​തിയെന്ന നിലയിൽ അത്​ പറയാൻ അനിവാര്യമായും ബാധ്യസ്​ഥയാണെന്ന്​ കരുതുന്നു.

കഴിഞ്ഞ പത്തുപതിനഞ്ചു വർഷത്തിനിടെ അഭൂതപൂർവമായ മാറ്റമാണ്​ മുസ്​ലിംകൾക്കിടയിൽ സംഭവിച്ചത്​. പല ഘടകങ്ങൾ അതിന്​ കാരണമായിട്ടുണ്ടെങ്കിലും പ്രധാനമായും തുണച്ചത്​​ ഈ സമുദായ​ത്തിനകത്തുനിന്നുതന്നെ നിരന്തരം ഉയർന്നുകൊണ്ടിരുന്ന ക്രിയാത്​മകമായ വിമർശനങ്ങൾ ആണെന്നുള്ളത്​ വസ്​തുതയാണ്​. ഒന്നുനോക്കിയാൽ മനസ്സിലാവും. മുസ്​ലിം പെൺകുട്ടികളിൽ ഇക്കാലയളവിൽ ഉണ്ടായ മാറ്റങ്ങളും നേട്ടങ്ങളും. പ്രവൃത്തിയിലും ചിന്തകളിലും അവർ ഏറ്റവും വലിയ വൈബ്രൻസി കൈവരിച്ച, പ്രസരിപ്പിച്ച കാലയളവാണത്​.

വിശ്വാസത്തിനകത്തുനിന്നോ പുറത്തുനിന്നോ ജീവിതത്തി​െൻറ നാനാ മുഖങ്ങളിലേക്ക്​ അവർ കടന്നുചെന്നു. സ്വന്തം സമുദായത്തിലെ ​അനീതിയെയും കൊള്ളരുതായ്​മകളെയും വിശ്വാസികൾ ആയിക്കൊണ്ടും അല്ലാതെയും ചോദ്യം ചെയ്​തു. സ്വാഭാവികമായും നേതാക്കളായും അണികളായും നിൽക്കുന്ന ആണധികാര മത പുരോഹിത പരിസരം അവരെയൊക്കെ നഖശിഖാന്തം എതിർത്തു. കടന്നാക്രമിച്ചു. എന്നാൽ, അതോടൊപ്പം സംഭവിച്ചുകൊണ്ടിരുന്ന പോസിറ്റീവ്​ ആയ മാറ്റങ്ങൾ അധികമാരും ശ്രദ്ധിച്ചില്ല. അതല്ല, ശ്രദ്ധിച്ചിട്ടും ആരും മുഖവിലക്കെടുത്തില്ല. നിരന്തരം ക്രൂ​ശിക്കാനും വ്യാജ പ്രചരണങ്ങൾ പടച്ചുവിട്ട്​ പുകമറ തീർക്കാനും ആയിരുന്നു പുറത്തുനിന്നും ഈ മതത്തെ നോക്കിക്കാണുന്നവരിൽ നല്ലൊരളവിനും താൽപര്യം.

മുസ്​ലിം സ്​ത്രീകൾക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങളെ മാ​ത്രം അത്തരക്കാർ എടുത്താഘോഷിച്ചു. ഒരു കാര്യം മനസ്സിലാക്കേണ്ടത്​. ഞാനടക്കമുള്ള മുസ്​ലിംപെണ്ണുങ്ങൾ മതത്തിനക​ത്തെ പുഴുക്കുത്തുകളെ തുറന്നെതിർത്ത നിരവധി സന്ദർഭങ്ങളിൽ മതത്തിനു പുറത്തുള്ളവരേക്കാൾ പിന്തുണ ലഭിച്ചത്​ അകത്തുള്ളവരിൽ നിന്നാണ്​. പ്രത്യേകിച്ചും മുസ്​ലിം യൂത്തിൽ നിന്ന്​. വലിയൊരു കരുത്തും മാറ്റത്തി​െൻറ സൂചനയുമായിരുന്നു അത്​ . വളരെ വൈജ്ഞാനികവും കലാപരവും നിർമാണാത്​മകവുമായ സമീപനങ്ങൾ കൈമുതലായ മുസ്​ലിം യുവജനങ്ങൾ സമൂഹത്തി​െൻറ നാനാ മണ്ഡലങ്ങളിൽ മികവുറ്റ സംഭാവനകൾ നൽകിയ കാലം കൂടിയാണിത്​. അതിനിയും മുന്നോട്ടുപോവുകയേയുള്ളു എന്നുറപ്പാണ്​. അതിൽ വിശ്വാസമണ്ഡലത്തിനകത്തുള്ളവരും അതിനെ നിഷേധിച്ച്​ പേരുകൊണ്ട്​ മാത്രം അടയാളപ്പെടുത്തി ജീവിക്കുന്നവരും ഒക്കെയുണ്ട്​.

സിനിമ, സാഹിത്യം, വിദ്യാഭ്യാസം, വ്യവസായം, പത്രപ്രവർത്തനം, ശാസ്​ത്ര -സാ​ങ്കേതിക -ഗവേഷണ മേഖലകൾ, എഴുത്ത്​, നിയമം, വൈദ്യവൃത്തി, രാഷ്​​ട്രീയ- സന്നദ്ധ- സംഘടനാ പ്രവർത്തനങ്ങൾ തുടങ്ങി ഏതു മേഖലയെടുത്താലും മുസ്​ലിം ചെറുപ്പക്കാരുടെ ക്രിയാത്​മകമായ സംഭാവനകൾ ഇല്ലാത്ത മേഖലയില്ല. എന്നിട്ടും, ഇതിനുനേരെയെല്ലാം കണ്ണടച്ച്​ ഇസ്​ലാമോഫോബിയ പടച്ചുവിട്ട്​ അവരെ ജിഹാദി​െൻറയും തീവ്രവാദത്തി​െൻറയും പഴകി പുളിച്ച വീഞ്ഞുകുപ്പിയിലും നാറുന്ന ചാണകത്തൊഴുത്തിലും കൊണ്ട്​ കെട്ടിയിടാനാണ്​ ഇവിടെ ഇതര മതവിഭാഗങ്ങളിലെ ഒരു ന്യൂനപക്ഷത്തി​െൻറ വ്യഗ്രത. മതഗ്രന്ഥങ്ങളെ പോലും മാനവ പക്ഷത്തുനിന്ന്​ തിരുത്തി വായിക്കുന്ന ജ്ഞാ​നാന്വേഷണങ്ങൾ അടക്കം മുസ്​ലിം സമുദായത്തിനുള്ളിൽ ഇന്ന്​ സജീവമായി നടക്കുന്നുണ്ട്​. അതൊന്നും പുറംലോകം അറിഞ്ഞമട്ടില്ല.

അത്രയധികം സൂക്ഷ്​മമായി നോക്കുകയൊന്നുംവേണ്ട. ഇപ്പറഞ്ഞതെല്ലാം നിത്യവും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യമാണ്​. മുസ്​ലിം യുവതികളുടെ ഇടയിൽ ഉണ്ടായിട്ടുള്ള ചടുലമായ മാറ്റം. ആധുനിക ലോകത്തോട്​ സംവദിക്കാനുള്ള ഏതു ഭാഷയും രചനയും വഴങ്ങുന്നവരായി അവർ മാറിക്കഴിഞ്ഞിരിക്കുന്നു. ഏത്​ പ്ലാറ്റ്​ഫോമിലും കയറി നിന്ന്​ തലയുയർത്തി സംസാരിക്കാൻ അവർക്കിന്നുകഴിയുന്നു. എഴുത്തും പാട്ടും കഥകളും പുതിയ പഠന മേഖലകളും അവർക്ക്​ അനായാസം കയ്യെത്തിപിടിക്കാനാവുന്നു.

വിർമശന ബുദ്ധ്യാ കാര്യങ്ങളെ സമീപിക്കുന്നു. സംവാദങ്ങളിൽ മേൽക്കൈ നേടാനാവുന്നു. ഈ മാറ്റം ഏറെയും സംഭവിച്ചത്​ സമുദായത്തി​െൻറ ഉള്ളിൽ നിന്നുകൊണ്ട്​ തന്നെയാണ്​. ഒരു സംവരണത്തിനും ആനുകൂല്യത്തിനും കാത്തുനിൽക്കാതെ മിടുക്കികൾ ആയ പെൺകുട്ടികൾ വിദ്യാഭ്യാസ മേഖലകളിലേക്ക്​ ഉശിരോടെ മെറിറ്റിൽ നടന്നുകയറുന്നതിന്​ ഞങ്ങളുടെ ജീവിത പരിസരങ്ങളിൽ എണ്ണമറ്റ അനുഭവ സാക്ഷ്യങ്ങളുണ്ട്​.

മനസ്സിലാ​ക്കേണ്ടത്​, സമുദായത്തിനകത്തെ വിദ്യാഭ്യാസത്തിന്​ ഏറ്റവും അധികം പ്രാധാന്യവും വിലയും കൽപിച്ചത്​ ഉമ്മമാരാണ്​. കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളിലെ കേരളീയ പരിസരത്തിൽ ഞങ്ങൾ മുസ്​ലിം പെണ്ണുങ്ങൾ സാക്ഷ്യം വഹിച്ചത്​ എന്തിനാണെന്ന്​ കൂടി പറയാതെ അത്​ മനസ്സിലാക്കാനാവില്ല. കുട്ടികൾക്ക്​ പ്രത്യേകിച്ച്​ പെൺകുട്ടികൾ തങ്ങളെ പോലെ ആവരുതെന്ന്​ നിർബന്ധബുദ്ധി കാണിച്ച കഴിഞ്ഞ തലമുറയിലെ ഉമ്മമാർ. തങ്ങൾക്ക്​​ കിട്ടാ​തെ പോയത്​ മക്കൾക്ക്​ കിട്ടണമെന്ന്​ നിശ്​ചയിച്ചുറപ്പിച്ച ചെറുപ്പക്കാരികളായ ഉമ്മമാർ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഏറ്റവും സജീവരായി. അഡ്​മിഷൻ ആയാലും സ്​കൂളി​ലേക്ക്​ ഒരുക്കിവിടുന്നതിലായാലും പി.ടി.എ മീറ്റിങ്ങുകളിലായാലും പരീക്ഷാ പഠനത്തിലായാലും കലോൽസവങ്ങളിലായാലും അവർ കുട്ടി​കൾ​ക്കുവേണ്ടി അരയും തലയും മുറുക്കി ഇറങ്ങി.

കോഴി​ക്കോ​ട്ടെ സ്​കൂൾ പി.ടി.എ മീറ്റിങ്ങുകളിൽ ബാപ്പമാരെ​ക്കാൾ കൂടുതൽ ഉമ്മമാരെയായിരിക്കും കാണുക. ആണുങ്ങളുടെ ഉത്തരവാദിത്തം കൂടി പെണ്ണങ്ങളുടെ പിടലിയിൽ കെട്ടിവെക്കുന്നു എന്ന്​ പ്രതിവായന നടത്തുന്നവർക്ക്​ അങ്ങനെയും ആവാം. എന്നാൽ, ഞാൻ മനസ്സിലാക്കിയ യാഥാർത്ഥ്യം മ​റ്റൊന്നാണ്​. മുസ്​ലിം പെണ്ണുങ്ങൾ അത്​ ആസ്വദിക്കുകയായിരുന്നു. പഠിക്കാനും ജോലി നേടാനും കഴിയാതെ പോയ നിരാശ മക്കളിലൂടെ മറികടക്കാനും സാമൂഹ്യ മാറ്റങ്ങളെ ഉൾകൊണ്ട്​ അതിനനുസരിച്ച്​ മാറാൻ അവർ കാണിച്ച ത​​േൻറടവുമാണ്​ മക്കൾവേണ്ടി എന്ത്​ റിസ്​കെടുക്കാനും അവരെ പ്രേരിപ്പിച്ചത്​. ഉമ്മമാരിലൂടെ തങ്ങൾക്ക്​ കിട്ടിയ സ്വാതന്ത്ര്യം പുതിയ ​തലമുറ പെൺകുട്ടികൾ ഏറ്റവും കാര്യക്ഷമമായും അർത്ഥവത്തായും വിനിയോഗിക്കുന്ന കാഴ്​ചയാണ്​.

മറ്റൊന്ന്​, ഈ സമുദായം സാമ്പത്തികമായി നേടിയ സ്വാശ്രയത്ത്വമാണ്​. ഗർഫ്​ പണത്തി​െൻറ വരവോടെ ആദ്യ കാലങ്ങളിൽ അത്​ വിനിയോഗിക്കപ്പെട്ടിരുന്നത് ​പോലെയല്ല പിന്നീടുണ്ടായത്​. വീടും വാഹനവും എന്നതിനോടൊപ്പം തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ​പ്രവാസികൾ പ്രാധാന്യം നൽകി. പ്രവാസത്തി​െൻറ ഒരു ഘട്ടത്തിൽ 18 വയസാവു​​േമ്പാഴേക്ക്​ ആൺകുട്ടികളെ ഗർഫിലേക്ക്​ കൊണ്ടുപോയെങ്കിൽ പെൺകുട്ടികൾക്ക്​ കോളജ്​ തലങ്ങളിലേക്ക്​ പഠിക്കാനുള്ള അവസരമാണ്​ തുറന്നുകിട്ടിയത്​​. അവർക്ക്​ പ്രത്യേക പരിഗണന കിട്ടി. ആ കുട്ടികളുടെ പിന്നീടുള്ള വളർച്ച കേരളവും കടന്ന്​ പുറത്തെ യൂണിവേഴ്​സിറ്റികളിലേക്കെത്തി നിൽക്കുന്നു. ഇതാണ്​ ഈ സമുദായത്തിലെ പെൺകുട്ടികൾക്ക്​ ഇടയിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന ഒരു മാറ്റം.

വിദ്യ ​നേടാൻ ലോകത്തി​െൻറ ഏതുകോണിലേക്കും തനിയെ സഞ്ചരിക്കാനുള്ള ഒരു പ്രാപ്​തിയിലേക്കാണ്​ അവരെത്തി നിൽക്കുന്നത്​. ​പ്രഫഷണൽ കോഴ്​സുകളിലടക്കം ഉന്നത വിജയത്തിലെ മുസ്​ലിം പ്രാതിനിധ്യം ഇക്കാര്യങ്ങൾ വിളിച്ചുപറയുന്നു. അ​േപ്പാ​ഴും ഈ മാറ്റം ഉൾകൊള്ളാനാവാത്തവർ സമുദായത്തിനകത്തെ ബാലിക വിവാഹത്തി​െൻറ കാര്യം മാ​ത്രം ​പേർത്തും പേർത്തും പറഞ്ഞുകൊണ്ട്​ ആത്​മരതിയടയുന്നു. ദൗർഭാഗ്യകരമായ ഒരു കാര്യം, മുസ്​ലിം ജനജീവിതത്തെ ​അടുത്തറിഞ്ഞ്​ ഇടപഴകാനുള്ള ​സമീപന രീതിശാസ്​ത്രമോ ഭാഷയോ അതിനു പുറത്ത​ുള്ള നല്ലൊരളവ്​ ആളുകൾക്കും ഇന്നുമില്ല എന്നതാണ്​. സിനിമകളിൽ ചിത്രീകരിക്ക​െപ്പടുന്ന സ്​റ്റീരി​യോ ടൈപ്പ്​ മുസ്​ലിംകളാണ്​ ഇപ്പോഴും അവരുടെയൊക്കെ ഉള്ളിൽ.

അപവാദങ്ങൾ ഇല്ല എന്നോ വിമർശനത്തിന്​ അതീതരാണ്​ എ​ന്നോ ഇപ്പറഞ്ഞതിന്​ അർത്ഥമില്ല. 18 വയസ്സാവു​േമ്പാഴേക്ക്​ പെൺകുട്ടികളെ കെട്ടിച്ചുവിടുന്നവർ ഉണ്ട്​. ‘വയസ്സുകൂടിയതി​െൻറ’ പേരിൽ വിവാഹ മാർക്കറ്റിൽ ‘വിലയിടിഞ്ഞ’വരുണ്ട്​, കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്ന മുസ്​ലിം ചെറുപ്പക്കാർ നിരവധിയുണ്ട്​. ഒരു മത വിഭാഗമെന്ന നിലയിലും സങ്കീർണമായ ഈ കാലഘട്ടത്തിൽ ജീവിക്കുന്നവരെന്ന നിലയിലും ചരിത്രപരവും വർത്തമാനപരവുമായ പല കാരണങ്ങൾ അതിലുണ്ട്​. വസ്​തുതകൾ വേർതിരിച്ച്​ കണ്ടുള്ള വിമർ​ശനത്തിന്​ പകരം എല്ലാത്തിനെയും മത യാഥാസ്​ഥിതികയെന്ന ഒരൊറ്റെ നൂലിൽ കോർത്തുള്ള ആക്രമണം യാഥാർഥ്യത്തിന്​ നിരക്കുന്നതല്ല. എല്ലാ അർത്ഥത്തിലും വിശുദ്ധരാക്കപ്പെട്ട ജനവിഭാഗമെന്ന എഴുതാപ്പുറമൊന്നും ഇപ്പറഞ്ഞതിൽ നിന്ന്​ വായിച്ചെടുക്കേണ്ടതില്ല. പക്ഷെ, നേരത്തെയുണ്ടായിരുന്ന പിന്നോട്ട്​ വലിക്കുന്ന പ്രതിലോമകരമായ സമീപനങ്ങൾ ഇതിനുള്ളിൽ കുറഞ്ഞുവരുന്നു​ണ്ടെന്നതാണ്​ യാഥാർത്ഥ്യം. അല്ലെങ്കിൽ അതി​െൻറ സ്വാധീനശേഷി ക്ഷയിച്ചുവരുന്നു എന്ന്​​.

ക്ലബ്​ ഹൗസ്​ ചർച്ചകളിൽ ഇസ്​ലാമി​െൻറ ലേബലിൽ സ്​ത്രീ വിരുദ്ധത വിളമ്പുന്നതൊക്കെ പൗരോഹിത്യത്തി​െൻറ അൽപ പ്രാണമായ പിടച്ചിലാണ്​. അതെന്നും വക​വെക്കാതെ ഈ സമുദായത്തിനകത്തെ യുവതയിൽ ആവേശകരമായ മാറ്റമാണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​. അതിനുള്ള കാരണം, കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടിനിടെ ഏറ്റവും അധികം വിമർശനത്തിനും വിചാരണക്കും വിധേയമാക്കപ്പെട്ട ഒരു ജനവിഭാഗം അതിൽ നിന്ന്​ പാഠമുൾക്കൊണ്ട്​ മാറ്റത്തെ സ്വീകരിക്കാൻ സ്വയം തയ്യാറാവുന്നു എന്നതു തന്നെയാണ്​. അത്രയധികം വിചാരണ നേരിടേണ്ടി വന്നിട്ടില്ലാത്ത സഹോദര സമുദായങ്ങളിലെ സ്​ത്രീകളോളമോ അതിനപ്പുറമോ ഇന്ന്​ മുസ്​ലിം യുവതികൾക്ക്​ കാലുറപ്പിക്കാൻ കഴിയുന്നുണ്ട്​. അക്ഷരം പഠിക്കൽ ‘ഹറാമാക്കിയ’ പൗരോഹിത്യ തിട്ടൂരങ്ങളെ പുറംകാൽ കൊണ്ട്​ തൊഴിച്ച്​ അവർ ഇതിനകത്ത്​ നിന്നുകൊണ്ടു​തന്നെ നടത്തിയ വിപ്ലവം കാണാതിരിക്കൽ കണ്ണടച്ച്​ ഇരുട്ടാക്കൽ ആണ്​. അതി​െൻറ പിൻബലത്തിൽ ഒരു രക്ഷകരെയും ഞങ്ങൾക്ക്​ ആവശ്യമില്ലെന്ന്​ പറയാനുള്ള ആർജ്ജവം ഇന്നവർക്കുണ്ട്​.

ഉള്ളിൽ വിഷം പേറി നടക്കുന്നവർക്ക്​ നാനാ മണ്ഡലങ്ങളിലെ ഇവരുടെ ഈ മാറ്റം ഉണ്ടാക്കുന്നത്​ കടുത്ത അസ്വസ്​ഥതയാണ്​. അതിൽ നിന്നുയരുന്ന നൈരാശ്യവും അസൂയയും ഒക്കെ ചേർന്ന്​ കുഴച്ചുണ്ടാക്കുന്ന കഥകൾ സംഘ്​ പരിവാർ തൽപര്യത്തിന്​ വളമാവുന്ന തരത്തിൽ വികസിപ്പിക്കാൻ കച്ച കെട്ടിയത്​ വളരെ കുറഞ്ഞ ശതമാനം ആളുകൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ അവരുടെ എണ്ണം കൂടിവരുന്നതായി കാണുന്നു. ഇത്​ അപകടകരമായ സൂചനയാണ്​. ഇതി​െൻറ പിന്നിലെ താൽപര്യങ്ങൾ ചെറുതല്ല. ഭരണകൂടങ്ങളോളം സ്വാധീനശേഷിയുണ്ട്​ അതിന്​. അതി​െൻറ ഒടുക്കത്തെ ഫലത്തിൽ നിന്ന്​ വേട്ടക്കാർക്കു​വേണ്ടി പണിയെടുക്കുന്നവർക്കുപോലും ഒഴിഞ്ഞുമാറാനാവില്ല എന്നതാണ്​ ഏറ്റവും വലിയ യാഥാർത്ഥ്യം. ഇത്​ തിരിച്ചറിയാൻ ശേഷിയുള്ള നല്ല മനുഷ്യർ ഈ വിഷം കലക്കലിനെതിരെ രംഗത്തുവരുമെന്നും യാഥാർഥ്യ ബോധത്തോടെയുള്ള സഹവർത്തിത്വത്തിന്​ കൈകോർക്കുമെന്നും​ തന്നെയാണ്​ പ്രതീക്ഷ.

3 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34