MLM നെറ്റ്‌വർക്ക് എന്ന മൂഢ സ്വർഗ്ഗം; വാഗ്ദാനപ്പെരുമഴയിൽ കോടികൾ നഷ്ടപ്പെട്ട മലയാളികൾ

ലോകത്തു വിജയിച്ച ഒരു മനുഷ്യനും ഒരു ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ വിജയിച്ചവരല്ല.

കൊറോണ കാലഘട്ടം രൂക്ഷമായതു മുതൽ സോഷ്യൽ മീഡിയ വഴിയും ഫോൺ കാളുകൾ വഴിയും ഏറ്റവും കേൾക്കുന്ന ഒരു സംഗതിയാണ് ഈ എം എൽ എം നെറ്റ്‌വർക്ക്. കാലഘട്ടത്തിനു പറ്റിയ ബിസിനസാണ് എം ൽ എം നെറ്റ്‌വർക്ക് എന്നത്, ഇനിയുള്ള കാലം എം ൽ എം നെറ്റ്‌വർക്ക് ബിസിനസ് ചെയ്യുന്നവർക്ക് മാത്രമേ പിടിച്ചു നിൽക്കാൻ പറ്റുള്ളൂ എന്നൊക്കെ. ഇത് കേട്ട പലരും പല പഴയ വീഞ്ഞ് പുതിയ കുപ്പികളിലാക്കി ഇറങ്ങിയിട്ടുണ്ട്.

എം എൽ എം നെറ്റ്‌വർക്ക്കാരുടെ രീതിയേയും പ്രവർത്തനങ്ങളെയും പറ്റിയുള്ള ഒരു പഠനം ആണ് ഈ ലേഖനം. എം എൽ എം നെറ്റ്‌വർക്ക് വഴി ഒരുപാട് പേരാണ് ഒരുപക്ഷെ തങ്ങൾക്കു വിജയിക്കാവുന്ന മേഖല വിട്ടു അതിവേഗം പണം ഉണ്ടാക്കാമെന്ന വ്യാമോഹത്തിൽ പെട്ട് പരാജിതരായി തീർന്നിട്ടുള്ളത്. ലക്ഷത്തിൽ ഒരാൾ മാത്രമായിരിക്കും ഇതിൽ ഭേദപ്പെട്ട വരുമാനം ഉണ്ടാക്കിയ ഒരാൾ എന്ന നിലയിൽ ചൂണ്ടി കാണിക്കുവാനായി ഉള്ളത്.

കേരളത്തിലെ മൂന്നര കോടി ജനങ്ങളിൽ ആരോട് ചോദിച്ചാലും അവർ ഏതെങ്കിലും ഒരു എം എൽ എം നെറ്റ്‌വർക്ക് ബിസിനസ് ചെയ്തവരോ, ചെയ്യുന്നവരോ, പരിചയമുള്ളവരോ ആയിരിക്കും. എന്നാൽ അതുകൊണ്ടു അതിസമ്പന്നനായ ഒരാളെ പരിചയമുണ്ടോ എന്ന് ചോദിച്ചാൽ ഭൂരിപക്ഷത്തിനും ഇല്ല എന്ന ഉത്തരം ആയിരിക്കും. അതെ സമയം മറ്റു അനേകം കാര്യങ്ങൾ ചെയ്തു ജീവിത വിജയം കൈവരിച്ചവരും, അതി സമ്പന്നരും ആയി മാറിയ അനേകം പേരെ നമുക്കറിയാം ഒരാളെയെങ്കിലും എല്ലാവർക്കും വ്യക്തിപരമായി പരിചയവും കാണും.

വിഡ്ഢികളുടെ മൂഢസ്വർഗ്ഗം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന എം എൽ എം നെറ്റ്‌വർക്കിലേക്ക് കയറി പോകുന്നതിനു മുൻപ് ചില കാര്യങ്ങൾ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അതിൽ ഏറ്റവും പ്രധാനമാണ് കുറച്ചു ധനം ഉണ്ടാക്കുന്നത് മാത്രമല്ല ജീവിത വിജയം എന്ന തിരിച്ചറിവ്.

സ്വപ്ന വ്യാപാരികൾ

ഏതു നെറ്റ്‌വർക്ക് മാർക്കറ്റിങ്ങുകാരനും ആദ്യം ശ്രമിക്കുക എതിരെ ഇരിക്കുന്ന ആൾ ഇത് വരെ ചെയ്തതും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും തെറ്റാണെന്നു സ്ഥാപിക്കുക ആണ്.

മുൻപിൽ ഇരിക്കുന്ന ആൾ ധനികനാണെങ്കിൽ അയാൾക്ക് സമയം (കുടുംബത്തിന്റെ കൂടെ ചിലവഴിക്കാൻ ) ഇല്ലെന്നു സ്ഥാപിക്കും .

ഇനി മുൻപിൽ ഇരിക്കുന്ന ആൾ സമയം ഉള്ള ആളാണെങ്കിൽ അയാൾക്ക് ധനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത സ്ഥാപിച്ചെടുക്കും.

ഇനി അഥവാ മുൻപിൽ ഇരിക്കുന്ന ആൾ ആവശ്യത്തിനും ധനവും കുടുംബത്തിന്റെ കൂടെ ആവശ്യത്തിന് സമയം ചിലവഴിക്കുന്ന ആൾ ആണെന്ന് കണ്ടാൽ അയാളുടെ ധനത്തിനു സുരക്ഷിതത്വം ഇല്ല എന്ന് സ്ഥാപിച്ചു കളയും.

മുൻപിൽ ഇരിക്കുന്ന ആൾ ജീവിതത്തെ കുറിച്ച് എത്ര പ്ലാനിങ്ങും ബോധ്യവും ഉള്ള ആളാണെങ്കിലും അത് തെറ്റ് ആണെന്ന് അവർ സ്ഥാപിക്കും. അതിനായി കുറെ ആവർത്തിച്ചു ഹൃദിസ്ഥമാക്കിയ ഉദാഹരണങ്ങളും കഥകളും അവരുടെ കയ്യിൽ ഉണ്ട്. എല്ലാ നെറ്റ്‌വർക്ക് മാർക്കറ്റ്കാരുടെയും സിലബസ് ഒന്ന് തന്നെയാണ്.

അടുത്ത സ്റ്റെപ് മുൻപിൽ ഇരിക്കുന്ന ആളിന് ഇത് ചെയ്തേ പറ്റൂ എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയും പിന്നീടുള്ള കാലത്തു ഇവരെ തങ്ങളുടെ സ്വാധീനത്തിൽ നിർത്താൻ വേണ്ടിയും കുറെ സ്വപ്‌നങ്ങൾ മുന്നോട്ടു വയ്ക്കും അവയെ ഒന്ന് പരിശോധിക്കാം.

1. വലിയ മാസ വരുമാനം

വരുന്ന എല്ലാവർക്കും വലിയ മാസ വരുമാനം ഉണ്ടാക്കാം പക്ഷെ ഗ്യാരന്റി ഇല്ല. അവർക്കു ആകെ ചൂണ്ടി കാണിക്കാൻ പറ്റുന്നത് അവരുടെ ചില ലീഡേഴ്‌സ് അത്രയും ലഭിക്കുന്നവരാണെന്നാണ്. ഇതിലെ യാഥാർഥ്യം എന്താണെന്ന് വച്ചാൽ ഇവരെല്ലാം എപ്പോഴെങ്കിലും ലഭിച്ച ഏറ്റവും വലിയ ചെക്ക് അവരുടെ താഴെ ഉള്ളവരെ കാണിച്ചു എല്ലാ മാസവും അത്രയും ലഭിക്കുന്നുണ്ട് എന്ന് വിശ്വസിപ്പിക്കും. അത് അവരുടെ ഒരു ആവശ്യം കൂടി ആണ്. അത് വിശ്വസിച്ചു കൂടുതൽ ആൾക്കാർ ചേരുമ്പോൾ മാത്രമാണല്ലോ അവർക്കും വരുമാനം കൂടുന്നത്.

2. ആഡംബര വാഹനങ്ങൾ

ഏതൊരു മനുഷ്യന്റെയും പിച്ച വയ്ക്കുമ്പോൾ മുതലുള്ള സ്വപ്നം ആണ് അവർക്കു ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കുക എന്നത്. നമ്മുടെ നാട്ടിലെ ഹൈസ്‌കൂളിൽ പഠിക്കുന്ന ആരോട് ചോദിച്ചാലും അവരുടെ സ്വപ്‌നങ്ങൾ ഫെറാറി, ലംബോർഗിനി പിന്നെ ബുഗാട്ടി ആണ്. ബെൻസ്, ബി എം ഡബ്ള്യു, ഓഡി ഇതൊന്നും അവരെ സംബന്ധിച്ച് കാറുകൾ അല്ല. ഈ കാറുകൾ ഒക്കെ എന്തിനു വേണ്ടി, ഇത് ഓടിക്കാനുള്ള റോഡ് നാട്ടിലുണ്ടോ, കയ്യിലുള്ള സ്വത്തിന്റെയും ഉപയോഗിക്കുന്ന കാറിന്റെ വിലയും തമ്മിൽ മാച്ച് ആകുന്നുണ്ടോ എന്നതെല്ലാം ഇവരെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യമേ അല്ല.

ഏതോരു എം എൽ എം നെറ്റ്‌വർക്ക്കാരനും ആദ്യം വർത്തമാനം തുടങ്ങുന്നത് തന്നെ തന്റെ ബിസിനസിലെ അപ് ലൈനിന്റെ വിലകൂടിയ കാറിനെ വർണ്ണിച്ചു കൊണ്ടായിരിക്കും. ഒരു എം എൽ എം നെറ്റ്‌വർക്ക് മാർക്കറ്റിങ് കാരനെ സംബന്ധിച്ച് ഒരു ജർമൻ മേഡ് കാർ ഇല്ലാത്തവരെല്ലാം ജീവിതത്തിൽ പരാജയപ്പെട്ടവരാണ്.

3. ആഡംബര വീട്

മനുഷ്യനായി ജീവിക്കുന്ന എല്ലാവരുടെയും നല്ല സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് എന്നത്. എത്ര വലിയ വീട് കെട്ടിപ്പൊക്കിയാലും അവർ അതിൽ സംതൃപ്തർ അല്ല എന്നതാണ് സത്യം. ഇനി ആരെങ്കിലും സംതൃപ്തരാണെങ്കിലും അത് സ്വന്തമായി പൈസ മുടക്കി ഉണ്ടാക്കിയതിലായിരിക്കും. മാതാപിതാക്കൾ ഉണ്ടാക്കിയ വീടുകൾ മിക്കവർക്കും പഴഞ്ചനാണ്. ഇന്ന് കേരളത്തിൽ നോക്കുകയാണെങ്കിൽ 50 വർഷം മുൻപുള്ള വീടുകൾ എണ്ണപ്പെട്ടതാണ്. ഇപ്പോൾ എത്ര പണം മുടക്കി നിർമ്മിക്കുന്നതാണെങ്കിലും 50 – 100 വർഷത്തിന് ഉള്ളിൽ തന്നെ അത് പൊളിച്ചു പണിയപ്പെടും. വീട് പണിയരുതെന്നല്ല, ആവശ്യത്തിലേറെയും അത്യാഡംബരവുമായി നിർമ്മിക്കുന്നത് വിണ്ടു വിചാരം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

4. നല്ല ആൾക്കാരുമായി സൗഹൃദം

ഒരു നെറ്റ്‌വർക്ക് മാർക്കറ്റിംഗ് നടത്തുന്ന ആളെ സംബന്ധിച്ച് ലോകത്തു പോസിറ്റീവ് ആയിട്ടുള്ളവരും, വിജയികളായി ജീവിക്കുന്നവരും, സർവ്വോപരി നല്ലവരും ആയിട്ടുള്ളവർ അവരുടെ എം എൽ എം നെറ്റ്‌വർക്കിൽ ഉള്ളവർ മാത്രമായിരിക്കും.

നെറ്റ്‌വർക്ക് മാർക്കെറ്റിംഗിന് എതിരെ സംസാരിച്ചിട്ടുള്ളവരും അത് ചെയ്യാൻ മടികാണിച്ചവരും കുറെ നാൾ ചെയ്തിട്ട് പിരിഞ്ഞു പോയവരും എല്ലാം വളരെ നെഗറ്റീവ് ആയുള്ള ആൾക്കാരും അതിലേറെ തോൽവികളും ആണ്. യാഥാർഥ്യം നോക്കിയാൽ വളരെ അത്യാഗ്രഹികളും അസൂയ ഉള്ളവരും തങ്ങളോട് “നോ” എന്ന് പറഞ്ഞവരെ പിന്നീട് വഴിയിൽ വച്ച് കണ്ടാൽ പോലും മിണ്ടാത്തത്ര കഠിന ഹൃദയരുമാണ്. എല്ലാ ബന്ധത്തിലും പണം മാത്രം കാണുന്ന ഇവർ എങ്ങനെയാണ് നല്ലവർ എന്ന കാറ്റഗറിയിൽ എത്തുന്നത് എന്ന് ഗവേഷണം നടത്തേണ്ട കാര്യമാണ്.

5. വേൾഡ് ടൂർ / ലോകം ചുറ്റൽ

യാത്ര ചെയാൻ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണെന്നു പറയാം. എം എൽ എം നെറ്റ്‌വർക്ക് മാർക്കറ്റിംഗ് കമ്പനികളുടെ ഫ്രീ വേൾഡ് ടൂർ പാക്കേജുകൾ വളരെ നല്ലതും ലക്ഷ്വറിയും തന്നെയാണ്. എതിർക്കുന്ന എല്ലാവര്ക്കും ഉത്തരം മുട്ടുന്ന ഒരു ഓഫർ ആണ് ഇത്. ഒരു പക്ഷെ നമുക്ക് പരിചയം ഉള്ള പലരും വേൾഡ് ടൂറിനു പോയിട്ടുണ്ടായിരിക്കും. യാഥാർഥ്യം എന്തെന്ന് ചോദിച്ചാൽ ഒരു കോടി രൂപയ്ക്കു മുകളിലെങ്കിലും ബിസിനസ് എത്തിക്കുന്നവർക്കാണ് ഒന്നോ രണ്ടോ ലക്ഷം രൂപയുടെ ഈ ഓഫർ കിട്ടുന്നത്. അതായത് കമ്പനി ലാഭമായി കിട്ടിയതിൽ രണ്ടു ശതമാനം ചിലവഴിക്കുന്നു.

6. മറ്റുള്ളവരെ സഹായിക്കൽ

“എല്ലാവരുടെയും വിവാഹത്തിനും മറ്റു ചടങ്ങുകൾക്കും പോയി സമയം കളയരുത്. അത്രയും സമയം കൂടി ബിസിനസ് ചെയ്യുക. പിന്നീട് പണം ഉണ്ടാകുമ്പോൾ ഒരു ഗിഫ്റ് കൊടുത്താൽ അപ്പോൾ അവർക്കു അതായിരിക്കും ഏറ്റവും സന്തോഷം “….. ഒരു ബിസിനസ്സ് മീറ്റിംഗിൽ കേട്ട പഠിപ്പിക്കൽ ആണ് ഇത്.

പണം കൊണ്ട് മാത്രം എല്ലാത്തിനെയും അളക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. മറ്റുള്ളവരെ സഹായിക്കൽ എന്നത് കൊണ്ട് അവർ ഉദ്ദേശിക്കുന്നത് പണം ഉണ്ടാകുമ്പോൾ അതിൽ കുറച്ചെടുത്തു ചാരിറ്റി നടത്തുക എന്നത് മാത്രമാണ്. തങ്ങളുടെ ബിസിനസിൽ ചേരാത്തവരായ നെഗറ്റീവ് ആൾക്കാരെ സഹായിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

ഒരാളുടെ സാന്നിദ്യം അതുമല്ലെങ്കിൽ സ്നേഹത്തോടെയുള്ള ഒരു വാക്ക് അതുമല്ലെങ്കിൽ ഒരു സ്വാന്തനം ഒക്കെ ചിലപ്പോൾ കോടികൾ വിലമതിക്കുന്നതാണ് എന്ന് എം എൽ എം നെറ്റ്‌വർക്ക്കാർ പലപ്പോഴും മറന്നുപോകുന്ന യാഥാർഥ്യം ആണ്.

7. അടുത്ത തലമുറക്കായി റോയൽറ്റി

ബൾബ് കണ്ടു പിടിച്ച തോമസ് ആൽവാ എഡിസൺ ആണ് ഇക്കാര്യത്തിൽ അവരുടെ ചൂണ്ടയിലെ ഇര. ഒരു ബൾബിനു ഒരു രൂപ വച്ച് എഡിസന്റെ കൊച്ചു മകൻറെ മകന് പേറ്റന്റ് റോയൽറ്റി പോകുന്നു എന്നാണു തട്ടിവിടുന്നത്. എഡിസൺന്റെ പിന്തലമുറ ഇന്ന് ലോകത്തുണ്ടോ എന്ന് അവർക്കറിയില്ല. അവർക്ക് മുൻപ് എം എൽ എം നെറ്റ്‌വർക്ക് കമ്പനിയിൽ ചേർന്നവർ പറഞ്ഞത് അവരും പറയുന്നു അത്രതന്നെ.

തോമസ് ആൽവാ എഡിസൺ ഓർക്കപ്പെടുന്നത് ഒരു ധനികൻ എന്ന നിലയിൽ അല്ല, മഹാനായ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ആണ്. ഇന്ന് നൂറു വർഷങ്ങൾ മുമ്പ് ജീവിച്ചിരുന്ന ആരെയെങ്കിലും നമ്മൾ ഓർത്തിരിക്കുന്നു എങ്കിൽ അത് ധനം സമ്പാദിച്ചതിന്റെ പേരിലല്ല, അയാൾ ചെയ്ത ഏതെങ്കിലും സത്പ്രവർത്തിയോ ദുഷ്പ്രവർത്തിയോ കാരണം ആയിരിക്കും. നൂറു വർഷത്തെ ചരിത്രം എടുത്താൽ തന്നെ പല ധനികരായ രാജാക്കന്മാരുടെ ചെറുമക്കളും ഇന്ന് ഒരു ഗവണ്മെന്റ് ജോലിക്കു വേണ്ടി ഉറക്കമിളച്ചു പഠിക്കുന്നുണ്ട്.

8. സ്റ്റേജിൽ നിർത്തിയുള്ള അംഗീകരിക്കൽ

എം എൽ എം നെറ്റ്‌വർക്കിനോടു നല്ല വിരോധം ഉള്ള പലരും വീഴുന്ന ഒരു ട്രാപ് ആണ് ഇത്. പ്രത്യക്ഷത്തിൽ അംഗീകരിക്കൽ എന്ന് തോന്നുന്ന ഈ സ്റ്റേജിൽ കയറ്റി നിർത്തിയുള്ള കയ്യടി കൊടുക്കൽ, ഇതേ ബിസിനസ്സ് ഇതേ ലെവലിൽ നിർത്താനുള്ള ബാധ്യതപ്പെടുത്തലാണ്. വ്യക്തമായി പറഞ്ഞാൽ അതിനും മുകളിലോട്ടുള്ളവരുടെ ബിസിനസ് കുറഞ്ഞു പോകാതിരിക്കാൻ താഴെയുള്ളവരുടെ പൊള്ളത്തരത്തിലേക്കു ഊതി കയറ്റുന്ന കാറ്റ്.

ജീവിതത്തിൽ എന്ത് ചെയ്തിട്ടും ഒരു പ്രശംസ കിട്ടാത്തവർ ഈ ഒറ്റ കയ്യടി കിട്ടുമ്പോൾ ഒരു സ്വർഗ്ഗരാജ്യത്തു എത്തിച്ചേരും അടുത്ത മീറ്റിംഗിലും ഇതേ അനുഭൂതി നുകരാൻ അവർ കൂടുതൽ ആൾക്കാരെ പിടിക്കാനുള്ള വലയുമായി ഇറങ്ങും.

ബിസിനസ്സ് മീറ്റിംഗുകൾ

ഒരു എം എൽ എം നെറ്റ്‌വർക്ക് മീറ്റിങ് എന്ന് വച്ചാൽ തള്ളുകളുടെയും മോട്ടിവേഷൻ കഥകളുടെയും സംസ്ഥാന സമ്മേളനം ആണ്. പേടിത്തൊണ്ടനായ മുഹമ്മദലി ഇന്റർനാഷണൽ ഇടികാരനായ കഥയൊക്കെ പറയുന്നത് കേട്ടാൽ നമുക്ക് തോന്നും അദ്ദേഹവും എം എൽ എം നെറ്റ്‌വർക്ക്ൽ ചേർന്ന ആളായിരുന്നു എന്ന്. അംബാനിയും, സ്റ്റീവ് ജോബ്‌സും സുക്കർബർഗും തുടങ്ങി നെപോളിയനും കർണ്ണനും ഭഗത്സിങ്ങും വരെ പ്രചോദന സിംഹങ്ങളാകും. പക്ഷെ ഈ ബഹളത്തിന് നടുവിൽ കേട്ടിരിക്കുന്നവൻ പോലും തിരിച്ചറിയാത്ത ഒരു കാര്യമുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടായി എം എൽ എം നെറ്റ്‌വർക്ക് തുടങ്ങിയിട്ടും അത് ചെയ്തു മഹാനായ ഒരാളുടെ പേര് എടുത്തു പറയാൻ അവർക്കില്ലാ എന്നുള്ള സത്യം.

ഒരു ബിസിനസ്സിന് ആഴ്ചയിൽ 2-3 പരിശീലന സെഷനുകളും കോൺഫറൻസുകളും മനോഭാവ സെഷനുകളും ആവശ്യമാണെങ്കിൽ, ആ ബിസിനസ്സ് മോഡലിനു ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. നിങ്ങൾ ജോലി ചെയ്യുന്ന കമ്പനിയിൽ, അല്ലെങ്കിൽ വേറെതെങ്കിലും ബിസിനസ്സിൽ പ്രതിവർഷം എത്ര മണിക്കൂർ പരിശീലനത്തിനായി നീക്കിവച്ചിരിക്കുന്നു; എല്ലാ ആഴ്ചയും പരിശീലന സെഷനുകളിൽ ഇരിക്കാൻ അവർ നിങ്ങളോട് ആവശ്യപ്പെടുന്നുണ്ടോ?

ചുരുക്കത്തിൽ ആദ്യത്തെ അഞ്ചു വർഷം കൊണ്ട് രണ്ടു ലക്ഷം രൂപയെങ്കിലും മീറ്റിംഗ് ചെലവുകൾക്കായി നിങ്ങളുടെ കയ്യിൽ നിന്ന് ചിലവായിട്ടുണ്ടായിരിക്കും.

ബിസിനസ് വേഷം

വിജയികളായ ബിസിനസ് കാരുടെ അംഗീകൃത വേഷമാണ് ടൈയും കോട്ടും എന്നാണു ആഗോള എം എൽ എം നെറ്റ്‌വർക്ക്ക്കാരുടെ വിശ്വാസം. അങ്ങനെ നോക്കുമ്പോൾ അമേരിക്കയിലുള്ള ടി ഷർട്ടും ജീൻസും ധരിക്കുന്ന സുക്കർബർഗും കേരളത്തിലുള്ള മുണ്ടുടുക്കുന്ന ചിറ്റിലപ്പള്ളിയും ഒക്കെ ആരായി. തങ്ങൾ അല്ലാത്ത ഒരു കാര്യമാണ് തങ്ങൾ എന്ന് പ്രതിഫലിപ്പിക്കാനുള്ള ഒരു കുറുക്കു വഴിയാണ് ഈ വേഷം കെട്ടലിലൂടെ അവർ തിരഞ്ഞെടുക്കുന്നത്.

ബിസിനസ് ഭാഷ

എപ്പോഴും സകാരാത്മകമായി അഥവാ പോസിറ്റീവായി സംസാരിക്കുന്നവർ ആകണം എം എൽ എം നെറ്റ്‌വർക്കുകാർ എന്നത് വാശിയുള്ള കാര്യമാണ്. അത് മറ്റൊന്നും കൊണ്ടല്ല ഈ ബിസിനസിനെ പറ്റി ആരും സംശയം ചോദിക്കാതിരിക്കുക എന്നതാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശം. എം എൽ എം ബിസിനസിനെ പറ്റി സംശയകരമായി എന്ത് ചോദിച്ചാലും അയാൾ ശുഭാപ്തി വിശ്വാസം ഇല്ലാത്ത നെഗറ്റീവ് ആയ വ്യക്തി എന്ന് ചാപ്പ അടിച്ചു തരും. ചിലപ്പോൾ പൊതുവായി പരിഹസിച്ചു കളയും അതുകൊണ്ടു തന്നെ മിക്കവാറും ആരും ഈ സാഹസത്തിനു മുതിരാറില്ല.

ബിസിനസ് സഹായക സിഡി/ ബുക്സ്

ബിസിനസ് മീറ്റിംഗുകളോടൊപ്പം തന്നെ ഒരു കൗണ്ടറും കാണും, എം എൽ എം നെറ്റ്‌വർക്കിലുള്ള ഉന്നതരായ നേതാക്കന്മാരുടെ പ്രസംഗങ്ങളുടെ സി ഡി യും കുറെ മോട്ടിവേഷണൽ ബുക്കുകളും ആയിരിക്കും അതിലുണ്ടാവുക. നിങ്ങൾക്ക് അത് ആവശ്യം ഉണ്ടോ എന്നതിന് പ്രാധാന്യം ഇല്ല, നിങ്ങളെ ബിസിനസ്സിൽ കൊണ്ടുവരുന്നവരുടെ പ്രീതിപ്പെടുത്തലിനായി അത് വാങ്ങിയേ മതിയാവൂ. ഇപ്പോൾ വാർഷീക സബ്‌സ്‌ക്രിപ്‌ഷൻ സ്കീമുകൾ ഒക്കെയായി അത് മാറിയിട്ടുണ്ട്. വർഷത്തിൽ നല്ലൊരു തുക തന്നെ ഇതിനായി മാറ്റി വയ്‌ക്കേണ്ടി വരും.

സിഡികളുടെ യാഥാർഥ്യം പരിശോധിച്ചാൽ ഒരു മണിക്കൂറിൽ ആദ്യ മുപ്പതു മിനിട്ടു തങ്ങൾക്കുള്ള സ്വത്തുക്കളുടെ വിവരണം ആണ്. അത് കാറുകൾ, ടൂറുകൾ, വീടുകൾ ഇങ്ങനെ പോകും പിന്നീടുള്ള മുപ്പതു മിനുട്ട് ലോകത്തു ഈ ബിസിനസ്സ് ചെയ്യുന്നവർ ബുദ്ധിമാന്മാരും ബാക്കിയുള്ള എല്ലാവരും ബുദ്ധിയില്ലാത്ത നെഗറ്റീവ് ആയ ആൾക്കാർ ആണെന്ന സ്ഥാപിക്കലും ആണ്. അതായത് ഒരു സിഡി വാങ്ങിയാൽ 100 സിഡി വാങ്ങിയതിന് തുല്യം. സംസാരിക്കുന്ന ആള് മാത്രമേ മാറുന്നുള്ളൂ സംസാരിക്കുന്നതു ഒന്ന് തന്നെ ആയിരിക്കും.

ബുക്കിന്റെ കാര്യം വരുമ്പോൾ ചെറിയ ഒരു വ്യത്യാസം ഉണ്ട്. അത് എഴുതിയത് ഒരിക്കലും എം എൽ എം നെറ്റ്‌വർക്ക് ചെയ്യുന്നവർ ആയിരിക്കില്ല.

ഈ സിഡികൾ എപ്പോഴും ഓവർ റേറ്റഡ് ആയിരിക്കും. തങ്ങളെ പറ്റി പുകഴ്ത്തി പറയുന്നത് നാട്ടുകാര് കേൾക്കുന്നതിന് നൂറു രൂപ ഈടാക്കുന്ന ലോകത്തിലെ ഏക ഒരു ബിസിനസ്സ് ഈ സിഡി കച്ചവടം ആണ്. സത്യസന്ധതയുടെ മൂർത്തിമത് ഭാവങ്ങളായ ഉയർന്ന റാങ്കിലുള്ള അപ് ലൈൻ ആൾക്കാർ തങ്ങളുടെ ഡൌൺ ലൈൻ ആൾക്കാരോട് ഇതിന്റെ കോപ്പി എടുക്കരുത് എന്ന് പ്രത്യേകം പഠിപ്പിക്കുന്നുണ്ട്. ഒരു സിഡി ഡാമേജ് ആയാൽ പോലും അത് കോപ്പി ചെയ്യരുത് പുതിയത് വാങ്ങുകയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്‌താൽ മാത്രമേ നിങ്ങളും ആ ലെവലിൽ ചെല്ലുമ്പോൾ നിങ്ങൾക്ക് ലാഭം ഉണ്ടാകുകയുള്ളൂ.

സ്വതന്ത്ര ബിസിനസ് സംരംഭകൻ

എല്ലാ എം എൽ എം നെറ്റ്‌വർക്ക്കളിലും അപ് ലൈൻ ഡൌൺ ലൈൻ ബന്ധം ആണ് ഉള്ളത്. ഏകദേശം ഒരു അടിമ ഉടമ ബന്ധം. അപ് ലൈൻനെ ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ല. അയാൾ നിങ്ങൾക്ക് വേണ്ടി സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു തന്ന ദേവത ആണ്. ഈ വിധേയത്വം മുകളിലോട്ടു ചെല്ലും തോറും കാണാം.

മാസത്തിൽ ഒരിക്കൽ ഡൌൺലൈൻ അപ് ലൈൻന്റെ അടുത്ത് കൗൺസിലിംഗിന് വിധേയമാകണം. ഒരുദാഹരണത്തിനു, ഡൌൺ ലൈൻ ഒരു ഐ എ എസ്സ് ഉദ്യോഗസ്ഥനും അപ് ലൈൻ ഒരു പ്രൈമറി സ്കൂൾ ടീച്ചറും ആണെന്ന് വയ്ക്കുക. എന്നാലും നിങ്ങൾ ബിസിനസ് നിയമം അനുസരിച്ചു ആ ആൾക്ക് വിധേയപ്പെട്ടിരിക്കണം. നിങ്ങളുടെ ബിസിനസ്സിന്റെ എല്ലാ ഡീറ്റൈലും അയാളുമായി ചർച്ച ചെയ്തു വേണം മുന്നോട്ടു പോകുവാൻ. കാരണം, അയാൾ നിങ്ങളുടെ ജീവിത വിജയത്തിന്റെ താക്കോൽ സ്ഥാനീയനാണ്.

ഇൻഡിപെൻഡന്റ് ബിസിനസ്സ് ഓണർ (IBO) എന്ന അടിസ്ഥാന ആശയം (നിങ്ങളെ ബിസിനസ്സിൽ ചേർക്കുമ്പോൾ ഏറ്റവും മുഖ്യമായി പറഞ്ഞത് ) ഇവിടെ ലംഘിക്കപ്പെടുന്നു. നിങ്ങളുടെ സ്വാതന്ത്ര്യം ഇവിടെ അടിയറവു വയ്ക്കപ്പെടുന്നു. നിങ്ങൾ എത്ര സമയം ജോലി ചെയ്യണം, എവിടെയൊക്കെ പോയി ജോലി ചെയ്യണം, എത്രമാത്രം ട്രൈനിങ്ങിൽ പങ്കെടുക്കണം, ഏതൊക്കെ പരിപാടികൾ പങ്കെടുക്കണം, പങ്കെടുക്കാൻ പാടില്ല എന്നതെല്ലാം അപ് ലൈൻ തീരുമാനിക്കുന്നു.

റാങ്കിങ് ശ്രേണി

എല്ലാ എം എൽ എം നെറ്റ്‌വർക്ക്കളിലും ഒരു റാങ്കിങ് ശ്രേണി ഉണ്ട്. മിക്കവയിലും അത് സിൽവർ, ഗോൾഡ്, പ്ലാറ്റിനം മുതൽ റൂബിയും, സഫയറും, എമറാൾഡും, ഡയമണ്ടും ഒക്കെ വരെയാണ്. അത്യാവശ്യം നല്ല പണം സമ്പാദിക്കുവാൻ പറ്റുക എന്ന് പറയുന്നത് ഡയമണ്ട് ഒക്കെ ആയാൽ മാത്രമാണ്. ഈ ഒരു ലെവലിൽ എത്തുന്നത് പതിനായിരത്തിൽ ഒരാൾ ഒക്കെയാണ്. അഞ്ചു പത്തു വർഷം ഒക്കെ എടുത്താണ് ഇവിടെ വരെ എത്തുന്നത്. ഇരുപതു വർഷമായിട്ടും ഇവിടെ വരെ എത്താതെ ഇതും സ്വപനം കണ്ടു ഇതിനു വേണ്ടി രാപകൽ അദ്ധ്വാനിക്കുന്നവരെ കണ്ടിട്ടുണ്ട് ഒരാളല്ല കുറെ ഏറെ പേര്.

പൊതുവെ സംഭവിക്കുന്ന ഒരു കാര്യം വിശദീകരിക്കാം. കൂടിയ പിൻലെവലിൽ നിൽക്കുന്നവർ അവരുടെ അടുത്ത പിൻലവിലിലേക്കു എത്തുവാൻ ചെയ്യുന്ന ഒരു പണിയുണ്ട്. അവർ തങ്ങളുടെ കീഴിലുള്ള കുറച്ചു പേരെ ഐഡന്റിഫൈ ചെയ്യുന്നു. തുടർന്ന് അവരെ സ്റ്റേജിൽ നിർത്തി കുറെ പുകഴ്ത്തും. എന്നിട്ടു ഒരു പ്രവചനം നടത്തും, ഇവർ ഇത്രയും പേര് രണ്ടു മാസത്തിനുള്ളിൽ ഒരു പിൻ ലെവലിൽ എത്തുമെന്ന്. എല്ലാവരും അത് കേട്ട് കയ്യടിക്കും. പിന്നീട് എല്ലാ ദിവസവും രാവിലെയും വൈകിട്ടും അവരെ ഫോൺ വിളിച്ചു അല്പം കാറ്റടിച്ചു കൊടുത്താൽ അടുത്ത രണ്ടു മാസം അവർ സർവ്വ ശക്തിയും സംഭരിച്ചു പണിയെടുക്കും.

തങ്ങൾ മിടുക്കന്മാർ ആണെന്നും പറഞ്ഞാൽ വാക്കു പാലിക്കുന്നവരും ആണെന്ന് മറ്റുള്ളവരുടെ മുൻപിൽ തെളിയിക്കേണ്ടത് അവരുടെ ബാധ്യത ആയി മാറുന്നു. പറഞ്ഞ സമയത്തിനുള്ളിൽ ടേൺ ഓവർ കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ കിട്ടാനിരിക്കുന്ന കയ്യടി നഷ്ടപ്പെടാതിരിക്കാൻ അവർ ലോൺ എടുത്തിട്ടായാലും അത്രയും വാങ്ങി വീട്ടിൽ വയ്ക്കും. ഈ ചൂതാട്ടത്തിലൂടെ കടന്നു പോയവർ ഇതേ ഗെയിം തന്നെ കുറെ നാളുകൾക്കു ശേഷം തങ്ങളുടെ താഴെയുള്ളവരിലും പ്രയോഗിക്കും അത് അങ്ങനെ തുടർന്ന് കൊണ്ടിരിക്കും.

എല്ലാ കമ്പനികളുടെയും നിബന്ധനകൾ അനുസരിച്ചു അതാത് മാസത്തെ ടേൺ ഓവർ അനുസരിച്ചാണ് ശ്രേണി നിശ്ചയിക്കപ്പെടുന്നത്. യാഥാർഥ്യം എന്താണെന്ന് വച്ചാൽ, ഈ പിൻ ലവൽ ഒക്കെ ഒരിക്കൽ എത്തിപിടിച്ചവർ ചിലപ്പോൾ രണ്ടു മൂന്ന് വർഷം കഴിഞ്ഞായിരിക്കും അത്രയും ടേൺ ഓവറിൽ വീണ്ടും എത്തുന്നത്. എങ്കിലും പൊതുവെ അവർ എത്തിപ്പെട്ട ആ പിൻ ലെവലിൽ ആയിരിക്കും അറിയപ്പെടുന്നത്. സത്യസന്ധരുടെ ഹോൾ സെൽ മാർക്കറ്റായ എം എൽ എം നെറ്റ്‌വർക്ക്കാർ കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണ് ഈ തെറ്റിദ്ധരിപ്പിക്കൽ.

ഇവർ ചെയ്യുന്ന ഇതേ സമർപ്പണ മനോഭാവത്തോടെ പതിനഞ്ചു ഇരുപതു വർഷം ഏതു ബിസിനസും ചെയ്തു നേടുന്നതിനേക്കാൾ കൂടുതലായൊന്നും ഇവർ നേടുന്നില്ല എന്നതാണ് സത്യം. ഒരു പക്ഷെ അതിൽ കൂടുതൽ. ലോകത്തിലെ ഏറ്റവും മഹത്തരം എന്ന് അവർ വിശ്വസിക്കുന്ന എം എൽ എം നെറ്റ്‌വർക്ക് വന്നു പതിറ്റാണ്ടുകൾക്ക് ശേഷം ആണ് ഫേസ്ബുക്കും ആമസോണും ഫ്ളിപ് കാർട്ടും ഒക്കെ മാർക്കറ്റിൽ വന്നതും ബില്യൺ ഡോളർ ബിസിനസ് ഒക്കെയായി മാറിയത്. ഇത്തരം ഐഡിയ പിന്തുടർന്ന് ആയിരക്കണക്കിന് ആൾക്കാർ കോടിപതികളായി മാറിയിട്ടുണ്ട്. ഒരു പക്ഷെ സുക്കർബർഗും അംബാനിയുമൊക്കെ എം എൽ എം നെറ്റ്‌വർക്ക് ചെയ്തിരുന്നെങ്കിൽ ഇന്ന് ഡയമണ്ട് പിൻലെവലിൽ എത്തുമായിരുന്നു.

ഇന്ന് സ്വപ്ന തുല്യമായ വരുമാനം ഉണ്ടാക്കിയവരെന്നു പറയുന്ന പല ഡയമണ്ട് ആൾക്കാരും അതിൽ നിന്ന് കിട്ടിയ വരുമാനം റിയൽ എസ്റ്റേറ്റിലും ഷെയർ മാർക്കറ്റിലും ഒക്കെ ഇൻവെസ്റ്റ് ചെയ്തു അവരുടെ ഭാഷയിലെ ട്രഡീഷണൽ നെഗറ്റീവ് മാർക്കറ്റിലേക്ക് വന്നു “ജോലി ” ചെയ്യുന്നത് അന്വേഷിച്ചാൽ കാണാവുന്നതേ ഉള്ളൂ. കേരളത്തിൽ തന്നെയുള്ള ചിലർ ഒരു എം എൽ എം നെറ്റ്‌വർക്ക് കമ്പനിയുടെ ഏറ്റവും വലിയ പിൻലെവലിൽ ഒക്കെ എത്തിയിട്ട് അവിടുന്ന് തമ്മിലടിച്ചു എല്ലാവർക്കും മാതൃകയായി സ്വന്തം എം എൽ എം നെറ്റ്‌വർക്ക് കമ്പനി തുടങ്ങി തങ്ങൾ പറഞ്ഞു പറ്റിച്ചവരെ വീണ്ടും പറഞ്ഞു പറ്റിക്കുന്നതു കഴിഞ്ഞ പത്തു പതിനഞ്ചു വർഷത്തിനകത്തു നമ്മൾ പല പ്രാവശ്യം കണ്ടതാണ്. പറ്റിയ്ക്കപ്പെടാൻ ഒരു വലിയ ജനക്കൂട്ടം തന്നെ തയ്യാറായി നിൽക്കുന്നത് കൊണ്ട് ഇത് അനസ്യൂതം തുടരും.

ഉത്പന്നങ്ങൾ

എം എൽ എം നെറ്റ്‌വർക്ക് കമ്പനികൾ ഇപ്പോഴും എഫ് എം സി ജി പ്രൊഡക്ടുകൾ. അതായത് വീട്ടാവശ്യത്തിനും വ്യക്തി ആവശ്യത്തിനും നിത്യവും ഉപയോഗിക്കുന്ന സാധനങ്ങൾ ആണ് വിൽക്കുന്നത് എന്നൊരു അന്ധവിശ്വാസം ഉണ്ട്. അത് ഒരു പരിധി വരെ പറഞ്ഞു പറ്റിക്കലാണ്. ഈ ബിസിനസ്സിൽ ഉൾപ്പെട്ട പലരും തിരിച്ചറിയാത്തവിധം അത് ആവർത്തിച്ചു ഉരുവിട്ട് ആ വിശ്വാസത്തിൽ ആക്കിത്തീർക്കും.

അത് വ്യക്തമായി മനസ്സിലാക്കണമെങ്കിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. അരിയോ ഗോതമ്പോ എണ്ണയോ പയറോ പഞ്ചസാരയോ വിൽക്കുന്ന ഏതെങ്കിലും ഒരു എം എൽ എം നെറ്റ്‌വർക്ക് കമ്പനി ഉണ്ടോ എന്ന് നോക്കുക. അവരുടെ നൂറു കണക്കിന് സാധനങ്ങളിൽ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ഈ നിത്യോപയോഗ സാധനങ്ങൾ അവർ എന്ത് കൊണ്ട് ഉൾപ്പെടുത്തിയിട്ടില്ല. ഉൽപ്പാദകനിൽ നിന്ന് നേരിട്ട് ഉപഭോക്താവിലേക്കാണെന്നു പറയുമ്പോൾ ഈ സാധനങ്ങൾക്ക് എന്തെ അയിത്തം കല്പിച്ചിരിക്കുന്നു.

അവർ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങൾ ഒന്ന് സപ്ലിമെന്ററി ഫുഡ് വിഭാഗത്തിൽ പെടുന്ന പ്രോട്ടീൻ പൗഡറുകൾ വൈറ്റമിൻ ഗുളികകൾ ജ്യൂസ് കൾ, പ്രതിരോധ ഔഷധങ്ങൾ എന്ന പേരിൽ ചില പൊടികളും ജ്യൂസുകളും ഗുളികകളും ഒക്കെയാണ് കൂടാതെ ബസ്മതി അരി പോലെയും ഒലിവ് എണ്ണ ഡ്രൈ ഫ്രൂട്ട് കൾ പോലെയുമുള്ള അധികം ആരും ഉപയോഗിക്കാത്തതും വിലകൂടിയതുമായ ഭക്ഷ്യ സാധനങ്ങൾ ആയിരിക്കും . രണ്ടാമതായി അവരുടെ വിഭാഗം സൗന്ദര്യ വർധക വസ്തുക്കളും വസ്ത്രങ്ങൾ പാത്രങ്ങൾ വാഹനങ്ങൾ മുതലായവയ്ക്കുള്ള ക്ളീനിങ് സാധനങ്ങളും ആയിരിക്കും. ഇവയെല്ലാം ഇല്ലാത്ത ഗുണങ്ങൾ ആരോപിച്ചു ഉയർന്ന വിലയ്ക്ക് വിൽപ്പിക്കുന്നു.

ഇവരുടെ സാധനങ്ങൾ ഇല്ലാതെ തന്നെ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ജീവിക്കാൻ പറ്റുന്ന ഒരു സമൂഹത്തിലാണ് അതില്ലെങ്കിൽ സമൂഹം തന്നെ ഒരു വലിയ വിപത്തിലേക്കും നീങ്ങും എന്ന ഭയപ്പെടുത്തലോടു കൂടി ഇവർ ഇത് അവതരിപ്പിക്കുന്നത്. അവരുടെ സാധനങ്ങൾ മിക്കതും അധിക വില യുള്ളതും അധിക ഗുണങ്ങളുണ്ടെന്നു ഊതിപ്പെരുപ്പിച്ചതും ആയിരിക്കും. ഇതേ വിലയ്ക്ക് ഇതിലും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മാർക്കറ്റിൽ കിട്ടും എന്നത് പകൽ പോലെ യാഥാർഥ്യം ആണ്. അതുപോലെ കുറെ ഏറെ രോഗങ്ങൾക്ക് മരുന്നാണെന്നു പറഞ്ഞു അവരുടെ സപ്ലിമെന്ററി ഫുഡ് കൾ രോഗികളിൽ അടിച്ചേൽപ്പിക്കുകയും പലപ്പോഴും വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. എട്ടാംക്ലാസ്സിലെ ബയോളജി പരീക്ഷപോലും പാസ്സാകാത്തവരായിരിക്കും ഈ ഡോക്‌ടർ കളിച്ചു കേമന്മാരാകുന്നത്.

ഇവരുടെ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഒക്കെ മോഡലുകൾ ഈ കമ്പനികൾ ഉണ്ടാകുന്നതിനു മുൻപേ സൗന്ദര്യം ഉള്ളവരാണ്. മുഖത്തെ തൊലി കറുത്തതാണെങ്കിൽ അവർ ജീവിതത്തിൽ പരാജയപ്പെട്ടവരാണെന്നു വിശ്വസിക്കുന്ന ഇവരാണ് നല്ല വ്യക്തിത്വങ്ങൾ, സകാരാത്മക ചിന്തകർ, മറ്റുള്ളവരെ സഹായിച്ചു മറിക്കുന്നവർ എന്നൊക്കെ മഹാന്മാരാകുന്നത്.

കെണിയിൽ പെടരുത്, പെടുത്തരുത്

ലോകത്തു വിജയിച്ച ഒരു മനുഷ്യനും ഒരു ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ വിജയിച്ചവരല്ല. തങ്ങളുടെ ഉള്ളിലെ കഴിവുകളെ മനസ്സിലാക്കി അതിനെ വളർത്തുവാൻ മറ്റു പലതും ത്യജിക്കുകയും ഒട്ടേറെ സഹനങ്ങളിൽ കൂടി കടന്നും ആണ് വിജയ ചഷകം അവർ രുചിച്ചതു. ചിലർ മഹാന്മാരായതു അവരുടെ മരണ ശേഷം ആണെന്നതും വസ്തുതയാണ് .

ഒരു ലക്ഷത്തിൽ ഒരാൾക്ക് വിജയ സാധ്യത ഉള്ള എം എൽ എം നെറ്റ്‌വർക്ക് അല്ല നിങ്ങൾക്ക് ജീവിത വിജയി ആകുവാനുള്ള ഏക വഴി. നിങ്ങൾ ചിന്തിച്ചാൽ ചുറ്റുമൊന്നു തിരിഞ്ഞു നോക്കിയാൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതും നിങ്ങളുടെ കഴിവുകൾ എല്ലാം പ്രകടിപ്പിക്കാവുന്നതു വിജയിക്കാവുന്നതും ആയ അനേകം വഴികൾ കാണാൻ പറ്റും.

തലതൊട്ടപ്പന്മാരില്ലാതെ സ്വന്തം കഴിവുകൊണ്ട് ജീവിത വിജയം കൈവരിച്ചവർ അനന്ത സംഖ്യയാണ്.

അത് രാഷ്ട്രീയത്തിൽ,

സാഹിത്യത്തിൽ,

കായിക രംഗത്തു ,

ക്രിക്കറ്റ് മുതൽ കബഡിയിൽ വരെ,

സിനിമയിൽ ഷോർട് ഫിലിം മുതൽ ഹോളിവുഡ് വരെ,

അധ്യാപനത്തിൽ (മിട്ടു പൂച്ചയുടെ കഥപറഞ്ഞ പ്രൈമറി സ്‌കൂൾ അധ്യാപിക മുതൽ സുകുമാർ അഴിക്കോട് മാഷുവരെ നമ്മുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചവരാണ്).

കച്ചവടത്തിൽ (പ്രളയ സമയത്തു തന്റെ കടയിലെ മുഴുവൻ തുണികളും മറ്റുള്ളവർക്ക് എടുത്തു കൊടുത്ത നൗഷാദ് മുതൽ ലോകരാജ്യങ്ങളിൽ നേതാക്കൻമ്മാരോടൊപ്പം വേദി പങ്കിടുന്ന യൂസഫലി വരെ).

പത്തു സെന്റ് വസ്തുവിൽ കൃഷി ചെയ്തു മാസം മുപ്പതിനായിരം രൂപയുണ്ടാക്കുന്ന ഒരു സഹോദരിയെപ്പറ്റി വായിച്ചതോർക്കുന്നു.

കറുത്ത തൊലിയും മുഖ സൗന്ദര്യവും ഇല്ലാത്ത പലരും തങ്ങളെടെ രാജ്യത്തിന് തന്നെ അഭിമാനമായി പലതവണ നിൽക്കുന്നത് നാമെല്ലാവരും കണ്ടിട്ടുണ്ട് നൂറു കണക്കിന് ആൾക്കാർ നമുക്ക് പ്രചോദനങ്ങളായും പാഠപ്പുസ്തകങ്ങളായും ഉണ്ട്. ഇവരാരും മഹാന്മാരായതു ഏതെങ്കിലും എം എൽ എം നെറ്റ്‌വർക്കിൽ ചേർന്നത് കൊണ്ടല്ല എന്ന യാഥാർഥ്യവും ഓർത്തിരിക്കുക .

സ്വന്തം കഴിവ് കണ്ടെത്തുക, അതിൽ ഒരു കയ്യൊപ്പു ചാർത്തുക, നാം ഓരോരുത്തരും മഹാന്മാരാകും.

2.9 21 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version