ചില വ്യക്തികൾ ചരിത്രം തകർക്കും ചിലർ ചരിത്രം വളച്ചൊടിക്കും ചിലർമാത്രം ചരിത്രം സൃഷ്ഠിക്കും. കുഞ്ഞാമൻ സാർ ഇതിൽ മൂന്നാമൻ ആയിരുന്നു.
നിലവിലെ വ്യവസ്തികളോട് അദ്ദേഹം തർക്കിച്ചിരുന്നില്ല. വ്യവസ്ഥിതീകളെ മാറ്റാൻ കഴിയുന്നവരുടെ നിസ്സംഗതയെ അദ്ദേഹം മുഖം നോക്കാതെ എതിർത്തിരുന്നു.
കാലം മാറിയിട്ടും മാറാതെ നിൽക്കുന്ന അയിത്തതെ, ജാതീയതയെ വിദ്യാഭ്യാസം കൊണ്ടു മാത്രം മാറ്റാൻ കഴില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയം അദ്ദേഹത്തിന് എന്നും വ്യവസ്ഥിതികളോടൊപ്പം സഞ്ചരിക്കുന്ന തമാശയായെ തോന്നിയിട്ടുള്ളൂ.
ദളിത് നേതാവ് മായാവതി നീട്ടിയ രാജ്യസഭംഗം വേണ്ടെന്നു വച്ചതും ഈ ഒരു നിലപാടുകൊണ്ടാവാം.
കുട്ടിക്കാലവും കൗമാരവും യൗവനവും തനിക്കു നൽകിയ പരിഹാസവും അപഹാസ്യവും അല്പം പോലും തളർത്താത്ത കുഞ്ഞാമൻ അറിവുകൊണ്ട് നേടാൻ കഴിയാത്തതെന്തെന്നു വിശ്വസിച്ചിരുന്നു ഒരു കാലത്ത്.
അറിവിനുമപ്പുറം തന്നെയാണ് ജാതിയും ജാതി ചിന്തകളുമെന്ന് മനസ്സിലായപ്പോൾ രാഷ്ട്രീയം കൊണ്ട് നേരിടാമെന്ന ചിന്ത അദ്ദേഹത്തെ ഇടതു പക്ഷ ചിന്തകനാക്കിയിരുന്നു.
പിന്നീട് അധികാരം എല്ലാ തത്വശാസ്ത്രങ്ങളെയും നിഷ്പ്രബമാക്കുമെന്ന യഥാർഥ്യത്തിനു മുന്നിൽ എല്ലാ പക്ഷത്തോടും എതിർപ്പു പ്രകടിപ്പിച്ചിരുന്നു അദ്ദേഹം.
ഈ നിസ്സംഗത എഴുപതിനാലു വയസ്സിൽ ജീവിക്കാനുള്ള ആഗ്രഹം മതിയാക്കി എന്തൊക്കെയോ പറയാതെ പറഞ്ഞ് എവിടെയോ പറന്നു പോയിരിക്കുന്നു.
സാറുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതുപോലുള്ള ഒരു സ്കോളറെ അധികമൊന്നും ഞാൻ കണ്ടിട്ടില്ല.
ഒന്നിനെയും പേടിയില്ലാത്ത പ്രകൃതം. നൊബേൽ സമ്മാനം കിട്ടിയ ഇക്കണോമിക്സ് തിയറി ലേല സിദ്ധാന്തത്തെക്കുറിച്ച് ഞാനെഴുതിയ കലാകൗമുദിയിലെ ലേഖനത്തെക്കുറിച്ച് എന്നോട് വിളിച്ചന്വേഷിച്ചിരുന്നു.
ലേല സിദ്ധാന്തത്തെക്കുറിച്ച് വിവരിച്ചതിനപ്പുറം അതിലെ മാനവികതയായിരുന്നു അദ്ദേഹം എടുത്തു പറഞ്ഞത്.
അദ്ദേഹത്തിന്റെ ഓരോ എഴുത്തുകളും നമ്മുടെ വ്യവസ്ഥിതീകൾക്കെതിരെ ഇടതും വലതും നോക്കാതെയുള്ള ശകാരമായിരുന്നു. ജീവിതം പഠിപ്പിച്ച പാഠങ്ങളിൽ കരുത്തനായ മാഷ് ആരെ തോൽപ്പിക്കാനാണ് ഈ കടുംകൈചെയ്തത് എന്നറിയില്ല.
മാറാത്ത വ്യവസ്ഥിതീകളിൽ നിന്ന് സ്വയം മാറി നിൽക്കാൻ തീരുമാനിച്ചോ അതോ വ്യവസ്തികകൾ മാറിയാലും മനുഷ്യൻ മാറില്ലെന്ന തോന്നലോ, എന്താണെന്ന് അറിയാൻ ഇനിയും കാലം കുറേ ദൂരം സഞ്ചരിക്കേണ്ടി വരും.
അക്ഷരം പഠിപ്പിക്കേണ്ട അധ്യാപകൻ ജാതിപ്പേര് വിളിച്ചപ്പോൾ ഇനിയെന്നെ അങ്ങിനെ വിളിക്കരുത് സാർ എനിക്കൊരു പേരുണ്ടെന്ന് പറഞ്ഞതിന് അഹങ്കാരി എന്നുപറഞ്ഞ് കവിളത്തു കിട്ടിയ അടി, അതും കൊണ്ട് വീട്ടിലെത്തിയ കുഞ്ഞാമനെ കണ്ട് നമ്മൾ സഹിക്കുകയല്ലാതെ എന്താക്കും മക്കളെ എന്ന് കരഞ്ഞ അമ്മ, അതെ അറിവ് കൊണ്ട് സ്വയം പഠിച്ചു അധ്യാപകനും വാഗ്മിയുമായ കുഞ്ഞാമൻ.
ജീവിതം കൊണ്ട് കിട്ടിയ ഉൽക്കരുത്തിനെ വാക്കുകൊണ്ടും വിരലുകൊണ്ടും അനീതിക്കെതിരെ, ജാതീയതക്കെതിരെ ഇടതു വലതു ഭേദമില്ലാതെ പ്രതികരിച്ചിരുന്നപ്പോൾ എത്രയെത്ര പേർ നിശബ്ദരായി പോയിരുന്നു.
ലോകം അറിയുന്ന ഇക്കണോമിക്സ് പണ്ഡിതനായ, ടാറ്റാ സ്കൂളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ യു ജിസിയുടെ മെമ്പറുമായ കുഞ്ഞാമനെ എന്തു കൊണ്ട് നമ്മുടെ സർക്കാരിന് ഒരു യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ ആക്കാൻ കഴിഞ്ഞില്ല എന്നതിനുത്തരവും ആരായിരുന്നു കുഞ്ഞാമൻ എന്നതിന്റെ തെളിവായിരുന്നു.
Be the Best Whatever you be എന്ന കവിതയിൽ പറഞ്ഞപോലെ പൈൻ മരമാവാൻ കഴിഞ്ഞില്ലെന്നു വരാം പക്ഷെ കുറ്റിച്ചെടിയാകൂ, നല്ല കുറ്റിച്ചെടി എന്ന കവിതയെ അന്വർത്ഥമാക്കുന്ന, ആയിരം പൈൻ മരങ്ങൾ ഒരു കാറ്റിൽ നിലം പതിച്ചാലും മണ്ണിനോടോട്ടി നിൽക്കുന്ന കുറ്റിചെടി പിടിച്ചു നിൽക്കും ഏത് വമ്പൻ പ്രതിസന്ധിയെയുമെന്ന ജീവിതസത്യം പറഞ്ഞ കുഞ്ഞാമൻ,
എന്തേ മടുത്തുപോയി ഈ ലോകത്തോട്, എന്തൊക്കെയോ പറയാതെ പറയുന്നു ഈ വിയോഗം.
ആഷിക്ക് കെ പി
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
