മിശ്രവിവാഹമെന്ന് കേട്ടാൽ ലവ് ജിഹാദ് എന്ന് പറഞ്ഞു പോകുന്ന മന:ശാസ്ത്രം കേവലം ഒറ്റപ്പെട്ട സംഭവമല്ല. അതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും നീതിയും ന്യായവും ഒക്കെ നമുക്ക് മുറുകെ പിടിക്കാമെങ്കിലും അതിനെയൊക്കെ അപ്രസക്തമാക്കുന്നതാണ് വോട്ട് , അധികാരം എന്നിവ. എല്ലാം വോട്ടിനു വേണ്ടിയാവുമ്പോൾ ഒരോരുത്തന്റെയും മാലികാവകാശങ്ങൾ വരെ ഇടപെടാവുന്ന മേഖലയാക്കി മാറ്റി കൂടുതൽ വോട്ട് എവിടെ നിന്ന് കരസ്ഥമാക്കാമെന്ന ജീർണ്ണത രാഷ്ട്രീയത്തിലും കടന്നു കൂടിയിട്ട് കാലം കുറച്ചായി . ഏതു പ്രശ്നത്തെയും വർഗ്ഗീയ വൽക്കരിച്ച് എതിർഭാഗത്തിന്റെ കൈയ്യടി വാങ്ങി സ്വന്തം പക്ഷത്തേക്ക് എത്തിക്കാനുള്ള തന്ത്രം പുതിയ രീതിയിൽ , പുതിയ ഭാവത്തിൽ വളരെ വേഗം കടന്നുവരുന്നതിന്റെ വാർത്തയാണ് കേവലമൊരു പ്രണയ വിവാഹവും ഒളിച്ചോടലിനുമപ്പുറം ഒരു വലിയ പ്രസ്ഥാനത്തിന്റെ നേതാവിന് പറയാൻ തോന്നിയത് എങ്കിൽ അത് കേവലം ഒരു ഒറ്റപ്പെട്ട യാദൃശ്ചിക സംഭവമല്ല, സമീപകാലങ്ങളിലെ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ സാമൂഹ്യ വിഷയങ്ങളിലും ആവർത്തിച്ചു കൊണ്ടിരിക്കുന്ന സംഭവമാണ്. കെ റെയിലിന് എതിരായി നിസ്സഹായരായ ഒരു കൂട്ടം ആളുകൾ സമരം ചെയ്യുമ്പോഴും അതിനെയും മതവൽക്കരിക്കാൻ ശ്രമം നടക്കുന്നു. രാഷ്ട്രീയവും മതവും രണ്ട് ദ്രുവങ്ങളിൽ നിർത്തേണ്ട താണ് എന്ന് കൃത്യമായി പ്രത്യയശാസ്ത്ര പ്രമേയങ്ങളിലൂടെയും സിദ്ധാന്തങ്ങലിലൂടെയും നിർവചിക്കുമ്പോഴും അതിനപ്പുറം കടന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സുപ്രധാന ഘടകം അധികാരവും വിഘടന മെന്ന ചിന്താഗതിയും തന്നെയാണ്. സ്വാതന്ത്ര്യത്തോളം മൂല്യമേറിയതാണ് പ്രണയമെന്നത് യാഥാർത്ഥ്യമാണ്. അല്ലാത്ത പക്ഷം തികച്ചും ഭ്രമാത്മകതയായി അത് മാറിപ്പോകും എന്നും കൃത്യമായ നവോത്ഥാന മാനങ്ങൾ അതിനുണ്ടെന്നന്നു മുള്ളതു കൊണ്ട് തന്നെയാണ് മതേതരത്വം എന്നതിൽ നമ്മുടെ സങ്കൽപങ്ങളെ നിയമ വിധേയമാക്കിയത്.

നരകത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്കുള്ള കോണിയെന്നാണ് കബീർ പ്രണയത്തെ വിശേഷിപ്പിച്ചത്. പ്രണയത്തിന്റെ ദർശനത്തിൽ ദൈവത്തിന്റെ ദർശനം ലഭിക്കുന്നതുപോലെ .
അസ്വസ്ഥമാകുന്ന മനസ്സിന്റെ അന്വേഷണമാണ് പ്രണയം. അതിരുകളില്ലാത്ത അനുഭൂതികളിലേക്കുള്ള യാത്ര. അതിനെ നിർവചിക്കാൻ കഴിയില്ല, അളക്കാനും താരതമ്യം ചെയ്യാനും സാധ്യമേയല്ല, കാരണം അത് നിങ്ങൾക്ക് മാത്രം എത്തിച്ചേരാനാണ്, ഒറ്റപ്പെടുമ്പോഴാവണമെന്നില്ല, ഒരുമിച്ചു ചേരുമ്പോഴുമാവാം. അതിൽ നിറയെ സ്വാതന്ത്യമാണ്. എഴുതപ്പെട്ട സിദ്ധാന്തങ്ങൾക്കുമപ്പുറം ഹൃദയത്തിൽ നിന്നു വരുന്ന ബോധം.
രമണ മഹർഷി ഏകാന്തതയിൽ പ്രണയത്തെ കണ്ടു, റുമി തന്റെ പ്രിയ ഷംസിന്റെ വിരഹത്തിലും, അന്വേഷണത്തിന്റെ അന്ധ്യത്തിൽ തിരിച്ചു കപിലവസ്തുവിലെത്താതെ, അവരെ ഒപ്പം കൂട്ടാതെ നേടിയ ബോധോദയത്തിന്റെ പ്രതിഫലനമെങ്ങനെ സാധ്യമാവുമെന്ന ആനന്ദനോടുള്ള ബുദ്ധന്റെ ചോദ്യവും പ്രണയത്തിന്റെ വൈവിധ്യത്തെ തന്നെ കാണിക്കുന്നു.
ദൈവതോടുള്ള പ്രണയമാണ് ദൈവീക ചിന്തയിൽ നമ്മെ എത്തിക്കുക. ദൈവീക ചിന്ത നൈതികത യിലൂന്നിയുള്ള സമസ്ത കര്മങ്ങളിലേക്കും നമ്മെ നയിക്കും, ആചാരങ്ങളോ അനുഷ്ടാനങ്ങളോ അതിലേക്കുള്ള പാതയാക്കാം, എന്നാൽ അതിലൂടെ പരമമായ ആനന്ദത്തെ അനുഭവിക്കാനാവില്ല, കാരണം അത് തേടി പോകേണ്ടതല്ല, അതിലേക്ക് അന്വേഷിച്ചെത്തേണ്ടതുമല്ല, അറിയാതെ നിങ്ങളിലേക്ക്, നിങ്ങളുടെ ജീവിതത്തിലൂടെ വന്നു ചേരുന്നതാണ്. ആരാണ് അതിലേക്കു നയിക്കുക? ആരാണ് ഗുരു? ആരുമല്ല. നിങ്ങൾ തന്നെ, നിങ്ങളുടെ തിരിച്ചറിവ്, നിങ്ങളെ നിങ്ങളെ പച്ചയായ ഒരു മനുഷ്യനാക്കും, യാഥാർഥ്യ ബോധത്തിലൂടെ സഞ്ചരിപ്പിക്കും, നിരീക്ഷണ കുതുകിയാക്കും, എല്ലാറ്റിനെയും ഉൾകൊള്ളാനും സഹിക്കാനുമുള്ള മനോഭാവത്തിലധിഷ്ടിധമാക്കും, അപ്പോളറിയാതെ നാം എത്ര സുന്ദരമായി ഓരോന്നിനെയും അനുഭവിച്ചറിയാൻ ശ്രമിക്കും, എതിർക്കാതെ, കലഹിക്കാതെ, നിർമലമായ അനുഭൂതിയോടെ അനുഭവിക്കും അതാണ് പ്രണയം, അതാണ് ആനന്ദം.
പ്രണയങ്ങൾ എങ്ങിനെയായിരിക്കണമെന്ന് നിർവ്വചിക്കുമ്പോൾ നാം വീണ്ടും ഒരു പുതിയ വേലികൾ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും മേലെ പണിയാൻ ശ്രമിക്കുകയാണ് , യാഥാർത്ഥ്യത്തിൽ നിന്ന് അകന്ന് , അറിഞ്ഞിട്ടും അറിയാതെ എന്ന ഭാവത്തിൽ സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാൻ
വികലമായ രാഷ്ട്രീയ ബോധം കൊണ്ട് അത് അസ്വസ്ഥമാക്കരുത്. സിദ്ധാന്തങ്ങൾ കൊണ്ടും വരട്ടുതത്വ വാദങ്ങൾ കൊണ്ടും അതിനെ ജീർണ്ണിപ്പിക്കരുത്. സകല ബന്ധനങ്ങളിൽ നിന്നുമുള്ള മോചനമാണ് പ്രണയം , ഒട്ടിപ്പിടിച്ചായിരിക്കണമതെന്ന തോന്നൽ അസംബന്ധ പ്രത്യയ ശാസ്ത്രമെന്ന് വിവക്ഷിക്കാം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
