ചാർട്ടേഡ് വിമാനം: പുതിയ നിബന്ധനകളുമായി കേരള സർക്കാർ, പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു

ജിദ്ദ: വിദേശത്ത്‌ നിന്ന് കേരളത്തിലേക്ക് ചാർട്ടർ വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന റിപോർട്ട് നിർബന്ധമാക്കി കേരള സർക്കാർ. യാത്ര തുടങ്ങുന്നതിന്റെ 48 മണിക്കൂർ മുന്നേ കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ.

നിലവിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് ഇത് ബാധകമല്ല. 20ന് ശേഷം മാത്രമെ നടപ്പിലാക്കുകയുള്ളൂ എന്നും ബഹ്‌റൈൻ കേരള സമാജത്തിന് നൽകിയ കത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞു.

സർക്കാറിന്റെ പുതിയ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികൾക്കിടയിൽ നിന്നുയരുന്നത്. നിലവിൽ രോഗലക്ഷണങ്ങളില്ലാത്തവർക്ക് സൗജന്യ PCR ടെസ്റ്റ് സൗദിയടക്കം പല ഗൾഫ് രാജ്യങ്ങളിലും ലഭ്യമല്ല. ഈ സഹചര്യത്തിൽ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരും. ഏതാണ്ട് 1500 സൗദി റിയാൽ ചിലവ് വരുന്ന ടെസ്റ്റ് പ്രവാസിക്ക് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. അതേ സമയം ഇത്രയും യാത്രക്കാർക്ക് ടെസ്റ്റ് നടത്താൻ സ്വകാര്യ മേഖലക്ക് നിലവിൽ പ്രാപ്തിയുണ്ടോ എന്നതും സംശയാസ്പദമാണ്.

ഈ തീരുമാനവും മാറ്റേണ്ടി വരും എന്ന് തന്നെയാണ് പ്രാസികൾ ഒന്നടങ്കം പറയുന്നത്.

‘വന്ദേ ഭാരത് മിഷന്റെ’ മൂന്നാം ഘട്ട ഷെഡ്യൂൾ സൗദിയെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്, ഈ സമയത്താണ് ‘വന്ദേ ഭാരതി’നില്ലാത്ത പുതിയ നിബന്ധന കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നത്, ഇത് തികച്ചും മനുഷ്യത്വ വിരുദ്ധമാണ്, പ്രവാസികളെ മരണ കയത്തിലേക്ക് വലിച്ചെറിയുകയാണ് കേരള സർക്കാർ ഈ നടപടിയിലൂടെയെന്നും നാല് പതിറ്റാണ്ടിലധികം പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ സലാഹ് കാരാടൻ ഓപ്പൺ പ്രസ്സിനോട് പ്രതികരിച്ചു.

എങ്ങിനെയെങ്കിലും കൂടണയാൻ ശ്രമിക്കുന്ന പ്രവാസികളോട് നിങ്ങൾ ഇങ്ങോട്ട് വരേണ്ട എന്ന് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി ഈ നിലപാടിലുടെ പറയുന്നത് എന്ന് OICC നേതാവ് കെ.ടി.എ മുനീർ പ്രതികരിച്ചു. നേരത്തെ ക്വാറന്റേൻ ചാർജിന്റെ പേരിലും ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചും എടുത്ത പ്രവാസി വിരുദ്ധ തീരുമാനങ്ങളുടെ തുടർച്ചയാണ് ഇതൊന്നും അദ്ദേഹം കൂട്ടിചേർത്തു.

സൗദി അറേബ്യയിലെ പ്രവാസികളോട് ഇരട്ടത്താപ്പ് നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ച കൊണ്ടിരിക്കുന്നത്. ഗൾഫ് മേഖലയിൽ തന്നെ കൂടുതൽ പ്രവാസികളുള്ള സൗദി അറേബ്യയെ ‘വന്ദേ ഭാരത് മിഷൻ‘ പാടെ അവഗണിക്കുന്ന സാഹചര്യത്തിലാണ് കെ.എം.സി.സി ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി തേടിയത്. ജിദ്ദയിൽ നിന്ന് മാത്രം 25 വിമാന സർവീസുകൾക്ക് കെ.എം.സി.സിക്ക് അനുമതി ലഭിക്കുകയുണ്ടായി. എന്നാൽ കേരള സർക്കാരിന്റെ പുതിയ നിലപാടുകൾ ഗർഭിണികളും രോഗികളും അടക്കം പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ യാത്ര അസാധ്യമാക്കുകയാണ്. അനുദിനം മരിച്ചുവീണുകൊണ്ടിരിക്കുന്ന പ്രവാസികളോട് കേരള സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിഷേധാത്മക നിലപാടിന്റെ തുടർച്ചയാണിതെന്ന് കെ.എം.സി.സി നേതാവ് അബൂബക്കർ അരിമ്പ്ര ഓപ്പൺ പ്രസ്സിനോട് പ്രതികരിച്ചു.

കേരള സർക്കാറിന്റെ ഇരട്ടത്താപ്പിനെതിരെ പ്രവാസി കുടുംബാംഗങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് കെ.എം.സി.സി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version