പ്രാർത്ഥനയുടെ ലോകം മറ്റെല്ലാത്തിൽ നിന്നും വേർപെട്ടുകിടക്കുന്നു. വിശാലമായ ഈ പ്രപഞ്ചത്തെ താൻ വരച്ച വൃത്തത്തിനുള്ളിൽ നിന്ന് പുറത്തേക്കു കൊണ്ടുവരാൻ അത് സഹായിക്കുന്നു. തന്നിൽ നിന്ന് തന്നിലേക്കുള്ള യാത്ര.
എവിടെയൊക്കെയോ സഞ്ചരിച്ചു എന്തിനെയൊക്കെയോ പ്രണയിച്ചു പരന്ന ഈ ആകാശത്തിലേക്ക് ഒഴുകിനടക്കുന്ന അനുഭൂതി.
പ്രാർത്ഥന തപസ്സാണ്, വൈവിധ്യ്മാർന്ന കഥകളും കഥാപാത്രങ്ങളും ഉച്ചസ്ഥായിയിലും ദ്രുതതാളങ്ങളിലും അരങ്ങു തകർത്തു ശേഷം പിൻവാങ്ങുന്ന തപസ്സ്. അനുഭൂതിയുടെ ആകെത്തുകയാണ് ജീവിതം. അതിനെ പ്രണയിക്കുകയാണ് ആനന്ദത്തിന്റെ പൊരുൾ.
ജീവിതം വളരെ ഹ്രസ്വമെന്നു പറയാറുണ്ട്. ജീവിതം ഹ്രസ്വമാകുന്നതാർക്കാണ്, ജീവിതത്തെ പ്രണയിക്കാത്തവർക്കാണ്. വിരസമായ ജീവിതത്തിലേ നിരാശയും ദുഖവുമുണ്ടാകൂ. നിരാശ യുടെ ലോകം ലോകത്തെ തന്റെ ചുറ്റും പ്രതിഷ്ഠിക്കുമ്പോഴാണ്. തന്നിൽ നിന്നും തന്റെ മനസ്സിനെ പരന്ന ഈ പ്രപഞ്ചത്തിലേക്കു പറത്തിവിടുക, അത് സഞ്ചരിക്കട്ടെ, ദേശങ്ങളോ കാലങ്ങളോ ഇല്ലാതെ, അവിടെ നിങ്ങൾക്ക് ആനന്ദത്തെ തൊട്ടറിയാം.
അനുരാഗവും വേദനയും ഹൃദയമുരുകിയ പ്രാർത്ഥനയും നിങ്ങളിൽനിന്നും പുറത്തേക്കൊഴുകട്ടെ. നമ്മുടെ വികാരങ്ങളുടെ തരംഗങ്ങൾ എല്ലാ മട്ടുപ്പാവുകളെയും മുകളിലൂടുയർന്നു പറക്കട്ടെ. മെല്ലെ, വളരെ മെല്ലെ അത് നിങ്ങളെ തേടിയെത്തട്ടെ. അതിന്റെ ഉറവിടവും അന്ധ്യവും നിങ്ങളിലേക്കുതന്നെയായിരിക്കും.
അപ്പോൾ സുഖത്തിന്റെ, സംതൃപ്തിയുടെ, ഒരു നേർത്ത തരംഗം നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. ആ തരംഗങ്ങളുടെ വഴികൾ ഏതുമാവട്ടെ, മതങ്ങൾ, ദൈവങ്ങൾ, നിരീശ്വര ബോധം, ഏതും. അവയുടെ പേരും മുഖങ്ങളും എന്തിന്, അതുണ്ടാക്കുന്ന തരംഗങ്ങൾ അതിലേക്ക് നോക്കാം.
വായന നിങ്ങളെ എങ്ങോട്ടു കൊണ്ടുപോകുന്നു, സംഗീതം നിങ്ങളെ എവിടെയെത്തിക്കുന്നു, അതുപോലെ അനുഭൂതികളിലേക്കുള്ള അനന്തമായ യാത്രയാണ് പ്രാർത്ഥന. അവിടെ നിങ്ങൾ മാത്രമേയുള്ളൂ, എന്നാൽ നിങ്ങളുടെയിടം നിങ്ങളിൽ നിന്ന് വളരെ ഉയരത്തിലും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
