ചില ആളുകൾ അങ്ങിനെയാണ് അവരുടെ കയ്യിൽ ആയുധങ്ങളോ, അധികാരങ്ങളോ ഉണ്ടാവില്ല, എന്നാൽ അവരെ ഭയപ്പെട്ടു ജീവിക്കുന്ന സർവ ശക്തരായ അധികാരികളെ നമുക്ക് കാണാം. ഗാന്ധിജിയെ വല്ലാതെ ഭയന്നിരുന്നു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണാധികാരികൾ. ഗാന്ധിജിയുടെ കയ്യിലൊന്നുമില്ലായിരുന്നു, ഒരു താങ്ങു വടിയല്ലാതെ. ബുദ്ധനുമില്ലായിരുന്നു സമ്പാദ്യങ്ങൾ. ദൈലൈലാമയും ഇങ്ങു ധര്മശാലയിൽ സാധാരണക്കാരനായി ജീവിക്കുന്നു.
ചിലയാളുകൾ അങ്ങിനെയാണ്. അവർ ചരിത്രം സൃഷ്ടിക്കുന്നവരാണ്. ചിലർ ചരിത്രത്തെ തകർക്കാൻ ശ്രമിക്കുന്നു. ചരിത്രത്തെ തകർക്കാൻ ശ്രമിക്കുന്നയാളുകളെ അവർ എത്ര ശക്തിയുള്ളവരാണെങ്കിലും പിന്നീട് എല്ലാവരും അവജ്ഞയോടെ മറന്നുകളയും. എന്നാൽ ചരിത്രം സൃഷ്ടിക്കുന്ന മഹാരഥന്മാരെ ലോകം എന്നുമോർക്കും. അവരെ, അധികാര മോഹത്താൽ ചിലപ്പോൾ കൊല്ലാനോ നശിപ്പിക്കാനോ കഴിയും, എന്നാൽ ഓരോ പ്രാവശ്യം തകർക്കുമ്പോഴും അവർ പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.
ഗാന്ധിജിയെ എത്രയോ തവണ ഗോഡ്സെക്ക് ശേഷവും വെടിവെച്ചും മറ്റും നാം തകർക്കാൻ ശ്രമിച്ചു, എന്നാൽ പൂർവാധികം ശക്തിയോടെ ഇന്നും ഗാന്ധിജിയും അദ്ദേഹത്തിന്റെ ചിന്തകളും ഉയിർത്തെഴുന്നേൽക്കുന്നു. ഈ കോവിഡുകാലത്തുപോലും ഗാന്ധിജിയുടെ പ്രത്യയ ശാസ്ത്രങ്ങൾ എത്ര പ്രസക്തമാണ്.
സാമ്രാജ്യങ്ങൾ വികസിപ്പിക്കാൻ അസ്വസ്ഥരാവുന്ന ചൈനീസ്സാമ്രാജ്യത്തോട് ദലൈലാമയുടെ ഒരു ചെറിയ ചോദ്യമുണ്ട്. സാമ്രാജ്യങ്ങളുടെ വലുപ്പം അവിടെയുള്ള മനുഷ്യരുടെ, അവരുടെ പൈതൃകങ്ങളുടെ, സംസ്കാരങ്ങളുടെ വലുപ്പമാണ്, അതിന് ഭൂവിസ്തൃതിയെക്കാൾ മാനവികതയുടെ വിശാലതയാണ് വേണ്ടത്.
ഗാന്ധിജിയിലും മാർക്സിലും കാണുന്നതും ഈ വിശ്വമാനവസങ്കല്പമാണ്, അത് തന്നെയാണ് എന്റെ ജീവിതവും അതു തന്നെയാണെന്റെ സങ്കൽപ്പവും. ഇത് കേവലം ചൈനയോട് മാത്രമുള്ള ഒരു ചോദ്യമല്ല, മറിച് അധികാരം കയ്യാളാൻ എന്ത് മാർഗവും സ്വീകരിക്കുന്ന വിടുവായന്മാരോടും പാവപ്പെട്ടവരും നിസ്സഹായരുമായ മനുഷ്യരോട് കൈയ്യൂക്ക് കാണിക്കുന്ന എല്ലാ ഭരണാധികാരികളോടുമുള്ള ചോദ്യമാണ്. ഈ ലോകത്ത് സ്വതന്ത്രനായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും ചോദ്യം.
ആധുനിക വിദ്യാഭ്യാസവും സാങ്കേതികതയും സ്വീകരിക്കുമ്പോൾ തന്നെ മാനുഷികവും ആത്മീയവുമായ മൂല്യങ്ങളും സാംസ്‌കാരിക പാരമ്പര്യവും നിലനിർത്തി മുന്നോട്ടുപോകണമെന്ന് അന്തർദേശീയ ഭഗവദ്ഗീത സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി ലാമ നടത്തിയ പ്രഭാഷണത്തിൽ എന്തുകൊണ്ട് ഇന്ത്യ ലോകത്തിനു മാതൃകയെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയിരുന്നു.
നാനാജാതി മതങ്ങളെയും സംസ്കാരങ്ങളെയും വ്യത്യസ്ത ചിന്തകളെയും വൈവിധ്യങ്ങളെയും ഒരേ മനസ്സോടെ കാണാനുള്ള സഹിഷ്ണുതയാണ് ഇന്ത്യ എന്ന രാജ്യം ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നത് എന്ന ലാമയുടെ ലോകത്തോടായുള്ള പ്രഭാഷണം ഇന്ത്യയുടെ പ്രൗഢിയേയും മഹത്തായ സംസ്കൃതിയെയും എത്ര സമ്പന്നമാക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അത് നഷ്ടപ്പെട്ടുകൂടാ, അത് നാം മുറുകെപ്പിടിക്കുക തന്നെ വേണം.
മതമൗലികവാദത്തിന്റെയോ ജാതീയ ചിന്തകളുടെ പേരിലോ അധികാരം നിലനിർത്താനും വീണ്ടുടുക്കുവാനുമുള്ള ഭ്രമത്തിലോ അത്തരം അവസ്ഥ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടു തന്നെ ദലൈലാമ ടിബറ്റുകാരുടെ ആത്മീയ നേതാവ് മാത്രമല്ല ഈ ലോകത്തെ ഒന്നായിക്കാണാൻ ആഗ്രഹിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളാനും മറ്റുള്ളവരെ പരിഗണിക്കുകയും ചെയ്യുന്ന, നീതിബോധമുള്ള, എല്ലാ നല്ല മനുഷ്യരുടെയും നേതാവാണ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
