അകറ്റാൻ കഴിയാത്ത അകലങ്ങൾ; കോവിഡു മുതൽ വാരിയംകുന്നൻ വരെ

ആഷിക്ക്. കെ. പി

സംസ്ഥാന കരിക്കുലം കമ്മിറ്റി മുൻ അംഗം, പ്രിൻസിപ്പൽ, റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്.

 

സാമൂഹിക അകലങ്ങൾ പാലിക്കുക എന്നതാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗം എന്നാണ് എവിടെയും മുഴങ്ങിക്കൊണ്ടിരിക്കുന്നത്. സമൂഹം എന്നത് ഒരു കൂട്ടം ആളുകളുടെ സഹവാസമാണ്. സമൂഹമെന്ന പദം സാമൂഹ്യമായ ജീവി എന്ന നിലയിൽ മനുഷ്യന് വളരെ ഏറെ പ്രാധാന്യമുള്ളതാണ്. സാമൂഹ്യ ബോധവും സാമൂഹ്യ പ്രവർത്തനവും നമ്മുടെ നിലനിൽപിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. സാമൂഹ്യ അകലമാണോ ശാരീരിക അകലമാണോ മഹാമാരികളെ അകറ്റാൻ പാലിക്കേണ്ടത് എന്ന് ഇനിയും നാം ചിന്തിച്ചിട്ടില്ല.

അകലങ്ങളിൽ തന്നെയാണ് ഇപ്പോഴും ലോകത്തിലെ മിക്കരാജ്യങ്ങളും. കറുത്തവനും വെളുത്തവനും തമ്മിലുള്ള അകലം, സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം, സാക്ഷരനും നിരക്ഷരനും തമ്മിലുള്ള അകലം. സവർണനും അവർണനും തമ്മിലുള്ള അകലം. എവിടെയുമീ അസമത്വം കാണാം. അതിന് വികസിതമെന്നോ വികസ്വരമെന്നോ ഉള്ള രാഷ്ട്ര വ്യത്യാസമില്ല. ആരോഗ്യകരമായ സ്ഥിതിവിശേഷം അല്ല ഇത് എന്നെല്ലാർക്കുമറിയാം. എന്നാൽ ആരോഗ്യം നശിക്കുമ്പോഴേ ഇത്തരം അസമത്വങ്ങൾ കൊണ്ടെന്തു നേടി എന്നതിനെ ക്കുറിച്ചു നാം മനുഷ്യർ ചിന്തിക്കൂ എന്നത് വലിയ തമാശയാണ്. മഹാമാരികൾ പോലും അകലങ്ങൾ ഇല്ലാതാകുന്നില്ല എന്നത് സമീപകാല സംഭവങ്ങളെ എടുത്തുനോക്കിയാൽ നമുക്ക് കാണാവുന്നതേയുള്ളൂ.

ലോക്ഡൌൺ കാലത്തെ പലായനങ്ങൾ നമ്മുടെ മുമ്പിലുണ്ട്. അവിടെയും ദാരിദ്ര്യവും ജാതീയവുമായ അകലങ്ങൾ എത്ര ക്രൂരമായ രീതിയിൽ വന്നു ഭവിച്ചു. വിണ്ടുകീറിയ പാദങ്ങളുമായി കിലോമീറ്ററുകളോളം നടന്നു നാട്ടിലെത്താൻ ശ്രമിച്ചവരെ നിഷ്ടൂരമായി മർദിക്കുന്നവരുടെ മനസ്സിൽ എത്ര മാത്രം കഠിനമായ വിരോധമായിരിക്കും ഉണ്ടാവുക. ഇത്തരം പൗരാവകാശ ധ്വംസനങ്ങൾ, ജാതീയ അധിക്ഷേപങ്ങൾ, വേർതിരിവുകൾ ഇവയൊക്കെയും കോവിഡ് എന്ന മഹാ മാരിയിൽ ഒന്നും ചെയ്യാനാകാതെ വീട്ടിനുള്ളിൽ അടച്ചിട്ടിരിക്കുമ്പോഴും മനസ്സുകളിൽനിന്ന് മാറിപ്പോകുന്നില്ല എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.

അകലവും അകൽച്ചയും

വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി പോലും ചർച്ചാ വിഷയമാകുന്ന അല്ലെങ്കിൽ ആക്കുന്ന മാനസികാവസ്ഥ പോലും ഇതിൽ നിന്നും ഉടലെടുക്കുന്നത് തന്നെയാണ്. മലബാർ കലാപം കേവലം ഒരു ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടമായിരുന്നോ അതോ ഹിന്ദു മുസ്ലിം വർഗീയ കലാപമായിരുന്നോ എന്ന ചർച്ച എന്തുകൊണ്ട് ഇപ്പോഴും സജീവമാകുന്നു എന്നത് ഇതിന് ഉദാഹരണമാണ്. ഏതു തരം നിർവചനം നൽകിയാലും അവിടെ നടന്നത് അകലങ്ങൾ തമ്മിലുള്ള കലാപം തന്നെയായിരുന്നു. സവർണരും ഭൂവുടമകളും ബ്രിട്ടീഷ് പട്ടാളവും ഒരു ഭാഗത്തും മാപ്പിളമാരും കീഴാളരും മറു ഭാഗത്തുമുള്ള സമരം. ഹിംസ ഒന്നിനും പരിഹാരമല്ലെങ്കിലും നൂറുകണക്കിന് മനുഷ്യരുടെ ജീവൻ ഈയൊരു കലാപം കൊണ്ടുണ്ടായി എന്നത് സത്യമാണ്. ബ്രിട്ടീഷുകാർ പക്ഷം ചേരുന്ന എല്ലാ പോരാട്ടങ്ങളെയും സ്വാതന്ത്ര്യ പോരാട്ടങ്ങളെന്നു ലളിതമായ ചരിത്രം പഠിച്ച നമ്മളെ അതിൽ നിന്ന് അകറ്റി അതൊരു വർഗീയ കലാപമാക്കി മാറ്റുന്നതിന് പിന്നിലും ഈയൊരു സങ്കുചിത ചിന്ത, അകറ്റി നിർത്താനുള്ള ചിന്ത തന്നെയല്ലേ എന്നാലോചിക്കണം.

സാമൂഹ്യമായി മനുഷ്യനെ അകറ്റി നിർത്തരുത്. സാമൂഹ്യ അകലം ശാരീരികവും മാനസികവുമായ അകലമാണ്. വൈറസുകൾ ശരീരത്തിലേ പ്രവേശിക്കുകയുള്ളൂ. മനസ്സിൽ അതിനെ പ്രവേശിപ്പിച്ചുകൂടാ. ശാരീരികമായ അകലത്തിൽനിന്നു മാനസികമായ അകലം സ്ഥാപിക്കാൻ മുതലാളിത്തവും വർഗീയതയും കുറെയായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ മഹാമാരികാലത്തും ഇത്തരം അകറ്റലുകളും വേര്തിരിവുകളും കാണുന്നു എന്നത് നിർഭാഗ്യകരമാണ്. ഒരുകാലത്തു കൊടികുത്തിവാണിരുന്ന ജാതിവ്യവസ്ഥയും സവർണ സമ്പദ്‌വ്യവസ്ഥയും നമ്മുടെ നാടിനെ ഭ്രാന്താലയം ആക്കി മാറ്റിയിരുന്നു. വിഭജനങ്ങളുണ്ടാക്കിയ മുറിവുകൾ 60 വർഷം കഴിഞ്ഞും നമ്മളിൽനിന്ന് ഉണങ്ങിയിട്ടില്ല. ഇപ്പോഴും അവ കുത്തി പുറത്തെത്തിക്കാനുള്ള അവസരങ്ങൾ പലരും തേടി നടക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്.

നിസ്സഹാ‍യരായ ജനവിഭാഗങ്ങൾ

രോഗങ്ങളും പ്രശ്നങ്ങളും മനുഷ്യരെ മാനസികമായി അടുപ്പിക്കണ്ടതുണ്ട്. വൈവിധ്യങ്ങളോടൊപ്പം വൈരുധ്യങ്ങളും ഏറെയുള്ള നാടാണ് ഇന്ത്യ. ജാതീയതയും വർഗീയതയും എല്ലാ അപകട സന്ധികളിലും പ്രകൃതി ദുരന്തങ്ങളിലും , എന്തിനേറെ ഈ മഹാമാരിയുടെ കാലത്തുപോലും കത്തിച്ചു നിർത്താനുള്ള ശ്രമം എല്ലാ ഭാഗത്തും നടന്നു വരുന്നു. ഇത് ആത്യന്തികമായി അടിച്ചേൽപ്പിക്കുന്നത് ദരിദ്രരിൽ ആണ് എന്നുള്ളതാണ് മറ്റൊരു ദുഃഖകരമായ അവസ്ഥ. എല്ലാ ദുരിതങ്ങളുടെയും, കോവിഡ് എന്ന മഹാമാരി പോലും ആത്യന്തികമായി സ്പർശിക്കുന്നത് ദരിദ്രരെയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയുമാണ് എന്നത് പറയാതെ തന്നെ നമുക്കറിയാം.

മധ്യവർഗ വോട്ട് ബാങ്ക് എന്നതിന്റെ മുന്നിലോ പണവും വിദ്യാഭ്യാസവും അധികാരവും ഇടകലർന്ന ജനാധിപത്യ വ്യവസ്ഥിതി കൊണ്ടോ ദരിദ്രർ അന്നും ഇന്നും എന്നും വിശപ്പിനുമുന്നിൽ നിസ്സഹായരായിപ്പോകുന്ന കാഴ്ച നമുക്കുകാണാം. 98% ജനതയുടെ മൊത്തം സാമ്പത്തിക നേക്കാൾ രണ്ട് ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയിൽ സമ്പത്തുള്ള രാജ്യത്ത്, വികസിത രാജ്യങ്ങളുടെ ജനസംഖ്യയെക്കാൾ കോടീശ്വരൻമാരുടെ നാട്ടിൽ, 11,000 കോടി രൂപ ഒരു ഈടും ഇല്ലാതെ അതിസമ്പന്നനു വായ്പകൊടുത്തു അയാളെ സ്വതന്ത്രമായി നാടുവിടാൻ ഒത്താശ ചെയ്തവരുടെ നാട്ടിൽ തന്നെയാണ് മലമൂത്രവിസർജനം ചെയ്യാൻ കഴിയാതെ പുലർച്ചെ റോഡ് സൈഡിൽ ഇരുന്ന പാവത്തിനെ അടിച്ചുകൊന്നതു എന്ന വൈരുദ്ധ്യങ്ങളും എന്നതാണ് കഷ്ടം.

കേവലം 24 മണിക്കൂർ പോലും സമയം കിട്ടാതെ ഒരു മഹാമാരിയെ തടയാൻ ഇന്ത്യ മഹാരാജ്യത്ത് ലോക് ഡൌൺ പ്രഘ്യാപിച്ചപ്പോൾ, അത് അത്യന്താപേക്ഷിതമായിരുന്നു എങ്കിലും അതേറ്റുവാങ്ങിയ ഇരകൾ മിക്കതും പരമ ദരിദ്രരായിരുന്നു എന്നതാണ് വസ്തുത. അവരുടെ ദൈന്യതയും നിസ്സഹായതയും മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്‌. വിശപ്പും ദാഹവും സഹിച്ച് കിലോമീറ്ററോളം നടന്ന് സ്വന്തം ഗ്രാമങ്ങളിലെക്കു എത്താൻ ഓടിക്കൊണ്ടിരുന്ന പാവങ്ങളെ അടിച്ചോടിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. സ്വന്തമായ ഒരു കൂരപോലുമില്ലാത്ത കോടി കോടിക്കണക്കിന് ജനത നിറഞ്ഞുനിൽക്കുന്ന നമ്മുടെ നാട്ടിൽ മട്ടുപ്പാവിലിരുന്നു പാത്രം മുട്ടാൻ പറയുന്ന, നിസ്സഹായരായി പൊരിവെയിലത്തു അത് നിശ്ശബ്ദം കേട്ടുനിൽക്കേണ്ടി വന്ന പരമ ദരിദ്രരുടെ അവസ്ഥ നാം ഓർക്കേണ്ടതാണ്. അവരുടെ മുന്നിൽ വിശപ്പാണ് വൈറസിനേക്കാൾ ഭീകരം.

ഉത്തർപ്രദേശിലും മധ്യപ്രദേശിലും 18 ജില്ലകളിലായി ഇന്ത്യയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ ഒരു പ്രദേശമാണ് ബുന്ദേൽഖണ്ഡ്. ഒരുകാലത്തു കൃഷികൊണ്ടും സമ്പന്നത കൊണ്ടും സമൃദമായിരുന്ന ഒരു പ്രദേശം. എന്നാൽ ഇന്ന് ആ പ്രദേശത്തുകൂടെ യാത്ര ചെയ്താൽ നാം കാണുന്ന കാഴ്ച നേർ വിപരീതമാണ്. വരൾച്ചയും ക്ഷാമവും കൊണ്ട്, കൃഷി നശിച്ചു, ഭക്ഷണം കിട്ടാതെ, മരിച്ചു വീഴുന്ന ആയിരങ്ങളുടെ, അവരുടെ പലായനങ്ങളുടെ, വിശപ്പടക്കാൻ പുല്ലുപറിച്ചു പൊടിയാക്കി വേവിക്കുന്ന ഒരു ജനതയുടെ ചിത്രമാണ് ഇന്ന് ബുന്ദേൽഖണ്ഡ്.

വോട്ടു രാഷ്ട്രീയത്തിന്റെ അജണ്ടയുടെ പുറത്ത് നിർത്തിയ ജനവിഭാ‍ഗം

സ്വാതന്ത്ര്യം കിട്ടി നീണ്ട 60 വർഷം കഴിഞ്ഞിട്ടും, എത്രയോ പഞ്ചവത്സര, ദരിദ്രനിർമാർജനപദ്ധതികളിലൂടെ കോടിക്കണക്കിനു രൂപ വക ഇരുത്തിയിട്ടും അതൊന്നും നടപ്പിലാവാത്തതിന്റെ കാരണം എന്താണ്. മധ്യവർഗ്ഗ വോട്ടു രാഷ്ട്രീയത്തിൽ മാത്രം ചിന്തിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇവരെ കാണുന്നില്ല എന്നത് തന്നെയാണ് യാഥാർഥ്യം. ഇവർ വീണ്ടും അകലുകയാണ് സമൂഹത്തിൽ നിന്ന്, അടുക്കുകയുമാണ് ദാരിദ്ര്യത്തിലേക്കും മരണത്തിലേക്കും. ഏറെ സങ്കടകരം ഇവരിൽ ഭൂരിഭാഗവും പിന്നോക്കക്കാർ തന്നെയെന്നതാണ്.

ഒരു ഭരണാധികാരിയുടെ പ്രഥമ പരിഗണന ഒരു വരിയുടെ അവസാനം നില്കുന്നയാൾ ആയിരിക്കണമെന്ന രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ നമുക്ക് കഴിയുന്നില്ല. വിദ്യാഭ്യാസവും, പരിഷ്കാരങ്ങളും സ്വയം തൊഴിൽ പദ്ദതികളും ആർക്കുവേണ്ടി ആവണം എന്ന് ഒരിക്കൽ കൂടി നാം ചിന്തിക്കേണ്ടതുണ്ട്. ബാക്കിവരുന്ന ധാ ന്യങ്ങളുപയോഗിച്ചു മാസ്കുനിർമിക്കാൻ ആസൂത്രണം ചെയ്യുന്ന അവസരത്തിൽ ഭക്ഷണം കിട്ടാതെ മരിച്ചുപോകുന്ന പാവങ്ങൾക്ക് കൊടുക്കാനുള്ള ശ്രദ്ധ എവിടെനിന്നുണ്ടാവണം എന്ന് ഈ ദുരന്തങ്ങൾ ക്കിടയിലും ചിന്തിക്കേണ്ടതാണ്.

മഹാമാരികൾ ഇനിയും ധാരാളം ആയി ഉണ്ടാകാം പ്രതീക്ഷയോടെ അതിനെ നേരിടാൻ ഒരു ജനതയ്ക്ക് കഴിയേണ്ടതുണ്ട്. ഒറ്റപ്പെടുമ്പോഴോ ഒറ്റപ്പെടുത്തുമ്പോഴോ അല്ല, മറിച്ച് കൂട്ടിച്ചേർതുകൊണ്ടു ഞങ്ങളുണ്ട് കൂടെ എന്ന ഭരണകർത്താക്കളുടെ ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനമാണാവശ്യം. വിഘടിപ്പിക്കുവാൻ എളുപ്പമാണ്, കൂട്ടിച്ചേർക്കുക എന്നത് തന്നെയാണ് വിഷമകരം. അതുകൊണ്ടുതന്നെ ശാരീരിക അകലങ്ങൾ നിലനിൽക്കട്ടെ മാനസികവും സാമൂഹ്യവുമായ അകലങ്ങൾ വേണ്ട എന്നതാവണം നമ്മുടെ സുരക്ഷിതമായ നിലനിൽപ്പിന് ഈ മഹാ മാരിയുടെ കാലത്തും നാം മുന്നോട്ട് വെക്കേണ്ട മുദ്രാവാക്യം.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version