Feature

അകറ്റാൻ കഴിയാത്ത അകലങ്ങൾ; കോവിഡു മുതൽ വാരിയംകുന്നൻ വരെ

ആഷിക്ക്. കെ. പി

സംസ്ഥാന കരിക്കുലം കമ്മിറ്റി മുൻ അംഗം, പ്രിൻസിപ്പൽ, റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്.

 

സാമൂഹിക അകലങ്ങൾ പാലിക്കുക എന്നതാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗം എന്നാണ് എവിടെയും മുഴങ്ങിക്കൊണ്ടിരിക്കുന്നത്. സമൂഹം എന്നത് ഒരു കൂട്ടം ആളുകളുടെ സഹവാസമാണ്. സമൂഹമെന്ന പദം സാമൂഹ്യമായ ജീവി എന്ന നിലയിൽ മനുഷ്യന് വളരെ ഏറെ പ്രാധാന്യമുള്ളതാണ്. സാമൂഹ്യ ബോധവും സാമൂഹ്യ പ്രവർത്തനവും നമ്മുടെ നിലനിൽപിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. സാമൂഹ്യ അകലമാണോ ശാരീരിക അകലമാണോ മഹാമാരികളെ അകറ്റാൻ പാലിക്കേണ്ടത് എന്ന് ഇനിയും നാം ചിന്തിച്ചിട്ടില്ല.

അകലങ്ങളിൽ തന്നെയാണ് ഇപ്പോഴും ലോകത്തിലെ മിക്കരാജ്യങ്ങളും. കറുത്തവനും വെളുത്തവനും തമ്മിലുള്ള അകലം, സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം, സാക്ഷരനും നിരക്ഷരനും തമ്മിലുള്ള അകലം. സവർണനും അവർണനും തമ്മിലുള്ള അകലം. എവിടെയുമീ അസമത്വം കാണാം. അതിന് വികസിതമെന്നോ വികസ്വരമെന്നോ ഉള്ള രാഷ്ട്ര വ്യത്യാസമില്ല. ആരോഗ്യകരമായ സ്ഥിതിവിശേഷം അല്ല ഇത് എന്നെല്ലാർക്കുമറിയാം. എന്നാൽ ആരോഗ്യം നശിക്കുമ്പോഴേ ഇത്തരം അസമത്വങ്ങൾ കൊണ്ടെന്തു നേടി എന്നതിനെ ക്കുറിച്ചു നാം മനുഷ്യർ ചിന്തിക്കൂ എന്നത് വലിയ തമാശയാണ്. മഹാമാരികൾ പോലും അകലങ്ങൾ ഇല്ലാതാകുന്നില്ല എന്നത് സമീപകാല സംഭവങ്ങളെ എടുത്തുനോക്കിയാൽ നമുക്ക് കാണാവുന്നതേയുള്ളൂ.

ലോക്ഡൌൺ കാലത്തെ പലായനങ്ങൾ നമ്മുടെ മുമ്പിലുണ്ട്. അവിടെയും ദാരിദ്ര്യവും ജാതീയവുമായ അകലങ്ങൾ എത്ര ക്രൂരമായ രീതിയിൽ വന്നു ഭവിച്ചു. വിണ്ടുകീറിയ പാദങ്ങളുമായി കിലോമീറ്ററുകളോളം നടന്നു നാട്ടിലെത്താൻ ശ്രമിച്ചവരെ നിഷ്ടൂരമായി മർദിക്കുന്നവരുടെ മനസ്സിൽ എത്ര മാത്രം കഠിനമായ വിരോധമായിരിക്കും ഉണ്ടാവുക. ഇത്തരം പൗരാവകാശ ധ്വംസനങ്ങൾ, ജാതീയ അധിക്ഷേപങ്ങൾ, വേർതിരിവുകൾ ഇവയൊക്കെയും കോവിഡ് എന്ന മഹാ മാരിയിൽ ഒന്നും ചെയ്യാനാകാതെ വീട്ടിനുള്ളിൽ അടച്ചിട്ടിരിക്കുമ്പോഴും മനസ്സുകളിൽനിന്ന് മാറിപ്പോകുന്നില്ല എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.

അകലവും അകൽച്ചയും

വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി പോലും ചർച്ചാ വിഷയമാകുന്ന അല്ലെങ്കിൽ ആക്കുന്ന മാനസികാവസ്ഥ പോലും ഇതിൽ നിന്നും ഉടലെടുക്കുന്നത് തന്നെയാണ്. മലബാർ കലാപം കേവലം ഒരു ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടമായിരുന്നോ അതോ ഹിന്ദു മുസ്ലിം വർഗീയ കലാപമായിരുന്നോ എന്ന ചർച്ച എന്തുകൊണ്ട് ഇപ്പോഴും സജീവമാകുന്നു എന്നത് ഇതിന് ഉദാഹരണമാണ്. ഏതു തരം നിർവചനം നൽകിയാലും അവിടെ നടന്നത് അകലങ്ങൾ തമ്മിലുള്ള കലാപം തന്നെയായിരുന്നു. സവർണരും ഭൂവുടമകളും ബ്രിട്ടീഷ് പട്ടാളവും ഒരു ഭാഗത്തും മാപ്പിളമാരും കീഴാളരും മറു ഭാഗത്തുമുള്ള സമരം. ഹിംസ ഒന്നിനും പരിഹാരമല്ലെങ്കിലും നൂറുകണക്കിന് മനുഷ്യരുടെ ജീവൻ ഈയൊരു കലാപം കൊണ്ടുണ്ടായി എന്നത് സത്യമാണ്. ബ്രിട്ടീഷുകാർ പക്ഷം ചേരുന്ന എല്ലാ പോരാട്ടങ്ങളെയും സ്വാതന്ത്ര്യ പോരാട്ടങ്ങളെന്നു ലളിതമായ ചരിത്രം പഠിച്ച നമ്മളെ അതിൽ നിന്ന് അകറ്റി അതൊരു വർഗീയ കലാപമാക്കി മാറ്റുന്നതിന് പിന്നിലും ഈയൊരു സങ്കുചിത ചിന്ത, അകറ്റി നിർത്താനുള്ള ചിന്ത തന്നെയല്ലേ എന്നാലോചിക്കണം.

സാമൂഹ്യമായി മനുഷ്യനെ അകറ്റി നിർത്തരുത്. സാമൂഹ്യ അകലം ശാരീരികവും മാനസികവുമായ അകലമാണ്. വൈറസുകൾ ശരീരത്തിലേ പ്രവേശിക്കുകയുള്ളൂ. മനസ്സിൽ അതിനെ പ്രവേശിപ്പിച്ചുകൂടാ. ശാരീരികമായ അകലത്തിൽനിന്നു മാനസികമായ അകലം സ്ഥാപിക്കാൻ മുതലാളിത്തവും വർഗീയതയും കുറെയായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ മഹാമാരികാലത്തും ഇത്തരം അകറ്റലുകളും വേര്തിരിവുകളും കാണുന്നു എന്നത് നിർഭാഗ്യകരമാണ്. ഒരുകാലത്തു കൊടികുത്തിവാണിരുന്ന ജാതിവ്യവസ്ഥയും സവർണ സമ്പദ്‌വ്യവസ്ഥയും നമ്മുടെ നാടിനെ ഭ്രാന്താലയം ആക്കി മാറ്റിയിരുന്നു. വിഭജനങ്ങളുണ്ടാക്കിയ മുറിവുകൾ 60 വർഷം കഴിഞ്ഞും നമ്മളിൽനിന്ന് ഉണങ്ങിയിട്ടില്ല. ഇപ്പോഴും അവ കുത്തി പുറത്തെത്തിക്കാനുള്ള അവസരങ്ങൾ പലരും തേടി നടക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്.

നിസ്സഹാ‍യരായ ജനവിഭാഗങ്ങൾ

രോഗങ്ങളും പ്രശ്നങ്ങളും മനുഷ്യരെ മാനസികമായി അടുപ്പിക്കണ്ടതുണ്ട്. വൈവിധ്യങ്ങളോടൊപ്പം വൈരുധ്യങ്ങളും ഏറെയുള്ള നാടാണ് ഇന്ത്യ. ജാതീയതയും വർഗീയതയും എല്ലാ അപകട സന്ധികളിലും പ്രകൃതി ദുരന്തങ്ങളിലും , എന്തിനേറെ ഈ മഹാമാരിയുടെ കാലത്തുപോലും കത്തിച്ചു നിർത്താനുള്ള ശ്രമം എല്ലാ ഭാഗത്തും നടന്നു വരുന്നു. ഇത് ആത്യന്തികമായി അടിച്ചേൽപ്പിക്കുന്നത് ദരിദ്രരിൽ ആണ് എന്നുള്ളതാണ് മറ്റൊരു ദുഃഖകരമായ അവസ്ഥ. എല്ലാ ദുരിതങ്ങളുടെയും, കോവിഡ് എന്ന മഹാമാരി പോലും ആത്യന്തികമായി സ്പർശിക്കുന്നത് ദരിദ്രരെയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയുമാണ് എന്നത് പറയാതെ തന്നെ നമുക്കറിയാം.

മധ്യവർഗ വോട്ട് ബാങ്ക് എന്നതിന്റെ മുന്നിലോ പണവും വിദ്യാഭ്യാസവും അധികാരവും ഇടകലർന്ന ജനാധിപത്യ വ്യവസ്ഥിതി കൊണ്ടോ ദരിദ്രർ അന്നും ഇന്നും എന്നും വിശപ്പിനുമുന്നിൽ നിസ്സഹായരായിപ്പോകുന്ന കാഴ്ച നമുക്കുകാണാം. 98% ജനതയുടെ മൊത്തം സാമ്പത്തിക നേക്കാൾ രണ്ട് ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയിൽ സമ്പത്തുള്ള രാജ്യത്ത്, വികസിത രാജ്യങ്ങളുടെ ജനസംഖ്യയെക്കാൾ കോടീശ്വരൻമാരുടെ നാട്ടിൽ, 11,000 കോടി രൂപ ഒരു ഈടും ഇല്ലാതെ അതിസമ്പന്നനു വായ്പകൊടുത്തു അയാളെ സ്വതന്ത്രമായി നാടുവിടാൻ ഒത്താശ ചെയ്തവരുടെ നാട്ടിൽ തന്നെയാണ് മലമൂത്രവിസർജനം ചെയ്യാൻ കഴിയാതെ പുലർച്ചെ റോഡ് സൈഡിൽ ഇരുന്ന പാവത്തിനെ അടിച്ചുകൊന്നതു എന്ന വൈരുദ്ധ്യങ്ങളും എന്നതാണ് കഷ്ടം.

കേവലം 24 മണിക്കൂർ പോലും സമയം കിട്ടാതെ ഒരു മഹാമാരിയെ തടയാൻ ഇന്ത്യ മഹാരാജ്യത്ത് ലോക് ഡൌൺ പ്രഘ്യാപിച്ചപ്പോൾ, അത് അത്യന്താപേക്ഷിതമായിരുന്നു എങ്കിലും അതേറ്റുവാങ്ങിയ ഇരകൾ മിക്കതും പരമ ദരിദ്രരായിരുന്നു എന്നതാണ് വസ്തുത. അവരുടെ ദൈന്യതയും നിസ്സഹായതയും മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്‌. വിശപ്പും ദാഹവും സഹിച്ച് കിലോമീറ്ററോളം നടന്ന് സ്വന്തം ഗ്രാമങ്ങളിലെക്കു എത്താൻ ഓടിക്കൊണ്ടിരുന്ന പാവങ്ങളെ അടിച്ചോടിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. സ്വന്തമായ ഒരു കൂരപോലുമില്ലാത്ത കോടി കോടിക്കണക്കിന് ജനത നിറഞ്ഞുനിൽക്കുന്ന നമ്മുടെ നാട്ടിൽ മട്ടുപ്പാവിലിരുന്നു പാത്രം മുട്ടാൻ പറയുന്ന, നിസ്സഹായരായി പൊരിവെയിലത്തു അത് നിശ്ശബ്ദം കേട്ടുനിൽക്കേണ്ടി വന്ന പരമ ദരിദ്രരുടെ അവസ്ഥ നാം ഓർക്കേണ്ടതാണ്. അവരുടെ മുന്നിൽ വിശപ്പാണ് വൈറസിനേക്കാൾ ഭീകരം.

ഉത്തർപ്രദേശിലും മധ്യപ്രദേശിലും 18 ജില്ലകളിലായി ഇന്ത്യയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ ഒരു പ്രദേശമാണ് ബുന്ദേൽഖണ്ഡ്. ഒരുകാലത്തു കൃഷികൊണ്ടും സമ്പന്നത കൊണ്ടും സമൃദമായിരുന്ന ഒരു പ്രദേശം. എന്നാൽ ഇന്ന് ആ പ്രദേശത്തുകൂടെ യാത്ര ചെയ്താൽ നാം കാണുന്ന കാഴ്ച നേർ വിപരീതമാണ്. വരൾച്ചയും ക്ഷാമവും കൊണ്ട്, കൃഷി നശിച്ചു, ഭക്ഷണം കിട്ടാതെ, മരിച്ചു വീഴുന്ന ആയിരങ്ങളുടെ, അവരുടെ പലായനങ്ങളുടെ, വിശപ്പടക്കാൻ പുല്ലുപറിച്ചു പൊടിയാക്കി വേവിക്കുന്ന ഒരു ജനതയുടെ ചിത്രമാണ് ഇന്ന് ബുന്ദേൽഖണ്ഡ്.

വോട്ടു രാഷ്ട്രീയത്തിന്റെ അജണ്ടയുടെ പുറത്ത് നിർത്തിയ ജനവിഭാ‍ഗം

സ്വാതന്ത്ര്യം കിട്ടി നീണ്ട 60 വർഷം കഴിഞ്ഞിട്ടും, എത്രയോ പഞ്ചവത്സര, ദരിദ്രനിർമാർജനപദ്ധതികളിലൂടെ കോടിക്കണക്കിനു രൂപ വക ഇരുത്തിയിട്ടും അതൊന്നും നടപ്പിലാവാത്തതിന്റെ കാരണം എന്താണ്. മധ്യവർഗ്ഗ വോട്ടു രാഷ്ട്രീയത്തിൽ മാത്രം ചിന്തിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇവരെ കാണുന്നില്ല എന്നത് തന്നെയാണ് യാഥാർഥ്യം. ഇവർ വീണ്ടും അകലുകയാണ് സമൂഹത്തിൽ നിന്ന്, അടുക്കുകയുമാണ് ദാരിദ്ര്യത്തിലേക്കും മരണത്തിലേക്കും. ഏറെ സങ്കടകരം ഇവരിൽ ഭൂരിഭാഗവും പിന്നോക്കക്കാർ തന്നെയെന്നതാണ്.

ഒരു ഭരണാധികാരിയുടെ പ്രഥമ പരിഗണന ഒരു വരിയുടെ അവസാനം നില്കുന്നയാൾ ആയിരിക്കണമെന്ന രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ നമുക്ക് കഴിയുന്നില്ല. വിദ്യാഭ്യാസവും, പരിഷ്കാരങ്ങളും സ്വയം തൊഴിൽ പദ്ദതികളും ആർക്കുവേണ്ടി ആവണം എന്ന് ഒരിക്കൽ കൂടി നാം ചിന്തിക്കേണ്ടതുണ്ട്. ബാക്കിവരുന്ന ധാ ന്യങ്ങളുപയോഗിച്ചു മാസ്കുനിർമിക്കാൻ ആസൂത്രണം ചെയ്യുന്ന അവസരത്തിൽ ഭക്ഷണം കിട്ടാതെ മരിച്ചുപോകുന്ന പാവങ്ങൾക്ക് കൊടുക്കാനുള്ള ശ്രദ്ധ എവിടെനിന്നുണ്ടാവണം എന്ന് ഈ ദുരന്തങ്ങൾ ക്കിടയിലും ചിന്തിക്കേണ്ടതാണ്.

മഹാമാരികൾ ഇനിയും ധാരാളം ആയി ഉണ്ടാകാം പ്രതീക്ഷയോടെ അതിനെ നേരിടാൻ ഒരു ജനതയ്ക്ക് കഴിയേണ്ടതുണ്ട്. ഒറ്റപ്പെടുമ്പോഴോ ഒറ്റപ്പെടുത്തുമ്പോഴോ അല്ല, മറിച്ച് കൂട്ടിച്ചേർതുകൊണ്ടു ഞങ്ങളുണ്ട് കൂടെ എന്ന ഭരണകർത്താക്കളുടെ ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനമാണാവശ്യം. വിഘടിപ്പിക്കുവാൻ എളുപ്പമാണ്, കൂട്ടിച്ചേർക്കുക എന്നത് തന്നെയാണ് വിഷമകരം. അതുകൊണ്ടുതന്നെ ശാരീരിക അകലങ്ങൾ നിലനിൽക്കട്ടെ മാനസികവും സാമൂഹ്യവുമായ അകലങ്ങൾ വേണ്ട എന്നതാവണം നമ്മുടെ സുരക്ഷിതമായ നിലനിൽപ്പിന് ഈ മഹാ മാരിയുടെ കാലത്തും നാം മുന്നോട്ട് വെക്കേണ്ട മുദ്രാവാക്യം.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of
25 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Rashid
1 year ago

കാലം മായ്ക്കാത്ത അകലങ്ങൾ , സമൂഹ മനസ്സും ശരീരവും ഇന്നുമെന്ത്മാത്രം മലിനമാക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ വായനയാണു ഹൃദ്യവും ശക്തവുമായി ആഷിക്ജി വരച്ചുകാണിക്കുന്നത്‌. ഉച്ചവെയിലിനു സമാനമായ തീപിടിച്ച ആശയങ്ങൾ കൊണ്ടല്ലാതെ ഈ മുറിവുകൾക്ക്‌ ശാശ്വത പരിഹാരം തീർക്കാനാകൂ.. ഇത്തരം രചനകൾ സജീവമാകുന്നത്‌ ഏറെ പ്രതീക്ഷ നൽകുന്നു.

റാശിദ്‌ ഗസ്സാലി

Rashid
1 year ago

കാലം മായ്ക്കാത്ത അകലങ്ങൾ , സമൂഹ മനസ്സും ശരീരവും ഇന്നുമെന്ത്മാത്രം മലിനമാക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ വായനയാണു ഹൃദ്യവും ശക്തവുമായി ആഷിക്ജി വരച്ചുകാണിക്കുന്നത്‌. ഉച്ചവെയിലിനു സമാനമായ തീപിടിച്ച ആശയങ്ങൾ കൊണ്ടല്ലാതെ ഈ മുറിവുകൾക്ക്‌ ശാശ്വത പരിഹാരം കാണാൻ കഴിയില്ല. ഇത്തരം രചനകൾ സജീവമാകുന്നത്‌ ഏറെ പ്രതീക്ഷ നൽകുന്നു
റാശിദ്‌ ഗസ്സാലി

Nazaria
1 year ago

Well said sir….

റമീഷ് ഖാൻ
1 year ago

കെട്ടുറപ്പും സാമൂഹിക അടുപ്പവുമുള്ള ജനങ്ങളെ വാർത്തെടുക്കാനാണ് ഏതൊരു ഭരണാധികാരികളും ശ്രമിക്കേണ്ടത്. അത്തരം ഭരണാധികാരികൾക്ക് മാത്രമേ രാജ്യത്തിന്റെ പരമധികാരം നിലനിർത്താൻ പറ്റുകയുള്ളൂ. ബ്രിട്ടീഷുകാർ ചെയ്ത ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ഇപ്പോഴത്തെ ഭരണാധികാരികളുടെ താത്പര്യം.

ലോകത്തെ ഇപ്പോഴത്തെ സാമൂഹിക അരക്ഷിതാവസ്ത തുറന്നുകാട്ടുന്ന ആശിഖ്സാറിന്റെ ഈ ലേഖനത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

മുനീർ vc
1 year ago

ചോദ്യങ്ങൾക്ക് ഉത്തരവും ഉദ്ദേശങ്ങൾ മാത്രമല്ല അതിനു വേണ്ട നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്ന നല്ലൊരു ലേഖനം..

വിജോഷ് സെബാസ്റ്റ്യൻ
1 year ago

ചരിത്രം പഠിപ്പിച്ച പാഠം ഇനിയും നമ്മൾ പഠിക്കാതെ ഇരിക്കുന്നു.അറിഞ്ഞിട്ടും അറിയാതെ ഇരിക്കുന്നു.പുനർവായനയും തുടർ വായനയും ആവശ്യം വരുന്ന ലേഖനമാണിത്.അകലങ്ങളിലെ അടുപ്പങ്ങളും അടുപ്പങ്ങെളിെലെ അകലങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക മാറ്റം വളരെ വലുതാണ്.ഈ ഈ മാറ്റത്തെ അതർഹിക്കുന്ന രീതിയിൽ എടുത്തു കാണിക്കുന്നുണ്ട് ഈ ലേഖനം.

Vinod c
1 year ago

കാലഘട്ടത്തിന് യോജിച്ച ലേഖനം . കാലം മായ്ക്കക്കാത്ത കുറെ ചരിത്രങ്ങൾ കൂടി,ഈ കോവിഡ കാലത്ത്- അകറ്റാൻ കഴിയാത്ത സത്യങ്ങളായി – ബദ്ധിപ്പിച്ച് എഴുതിയ ശൈലി നന്നായി. എന്റെ ചിന്തകൾക്ക് യോജിക്കാത്ത ചില വരികൾ ഉണ്ടെങ്കിൽ കൂടി. വളെരെ മനോഹരമായ എഴുത്തും ലേഖനവുമാണ് ആശിഖ്

Sreenath
1 year ago

???

qurshid ahammed.pt
1 year ago

വളരെ പ്രസക്തമായ ഒരു ലേഖനം തന്നെയാണിത് .സമകാലിക സംഭവ വികാസങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട് .എന്റെ അധ്യാപകനും കൂടിയായ ആഷിഖ് സാറിന് എല്ലാ വിധ പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കട്ടെ …

Thomas P
1 year ago

Your expressions are simply superb. A writer according to the need of the hour.
People try to divide nation on religious back ground. But educated mass should not be a prey but the pity is that majority are illiterate.
Congratulations Sir

മുഹമദ് സക്കീർ ponnani
1 year ago

വളരെ നല്ല ലേഖനം വർത്തമാനകാലത്തിന്റെ സൂക്ഷ്മ നിരീക്ഷണങ്ങൾ . ഇത്തരം ലേഖനങ്ങൾ ഇനിയും പ്രതീക്ഷിച്ചു കൊണ്ട്

Sajith K
1 year ago

കാലിക പ്രസക്തം… എന്റെ സ്വന്തം എന്ന ചിന്ത അതി വേഗം വളരുന്ന വർത്തമാന കാലത്തിന് മുഖക്കണ്ണാടി ആവട്ടെ.. ആത്മ വിമർശനത്തിനും നേർ വഴിക്കും ഏവർക്കും പ്രചോദനമാകട്ടെ.. അഭിനന്ദനങ്ങൾ…

Dr. Manoj Kumar T
1 year ago

ഡിയർ ആഷിക് സാർ ,
താങ്കളുടെ ലേഖനം വളരെ ഹൃദയസ്പർശിയാണ്. അകലം എന്ന വാക്ക് എത്രത്തോളം മാനവരാശിയെ വ്രണപ്പെടുത്തി എന്നുള്ളതിന് ദൃഷ്ടാന്ത ഉദാഹരണങ്ങൾ നിരവധി ലേഖനത്തിലുണ്ട് . ലേഖനം വായിക്കുംതോറും മനസ്സിലാകുന്നത് നമ്മുടെ ബ്യൂറോക്രസിയും ഭരണസംവിധാനങ്ങളും ഇപ്പോഴും ആ പഴയ അടിമ-ഉടമ അകലത്തിൻ്റ ഹാങ്ങോവറിലാണ് ജീവിക്കുന്നത് എന്നാണ്.

ശറഫുദ്ധീൻ
1 year ago

തികച്ചും ഒരു വേറിട്ട ശൈലിയിലൂടെ സ്വാതന്ത്രത്തിന്റെ പൂർണതയില്ലായ്മയെ തുറന്നു കാട്ടിയ ലേഖനം. സ്വാതന്ത്ര്യം എന്നത് തികച്ചും സാങ്കല്പികമായിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്, അത് വാക്കുകളിൽ മാത്രം പ്രകാശിക്കുന്ന പ്രതിഭാസം.

Abdurahiman DIET Kozhikode
1 year ago

ശാരീരിക അകലങ്ങളെ ക്കാൾ വർത്തമാന കാലത്ത്
കുടുംബത്തിലും അയൽപക്കത്തും നാട്ടിലും സംജാതമായി കൊണ്ടിരിക്കുന്നത് മാനസികമായ അകലങ്ങൾ തന്നെയാണ്.
കൃത്യമായ Awareness campaign ലൂടെ ഒരു പരിധി വരെ ഇത് കുറക്കാനാവും

അബ്ദുറഹിമാൻ. വി. ടി
1 year ago

ശാരീരിക അകലം നിലനിർത്തിക്കൊണ്ട് മാനസിക അടുപ്പം വർദ്ധിപ്പിച് കൊറോണയെ നേരിടേണ്ട കാലഘട്ടത്തിന്റെ ആവശ്യകതയെ ഓർമപ്പെടുത്തുന്നു ആഷിക്ക് മാഷുടെ എഴുത്ത്. പലതരം തന്ത്രങ്ങൾ ഉപയോഗിച്ച് മനസ്സിൽ വിഭാഗീയത സൃഷ്ടിച്ച് ബാലറ്റ് പെട്ടിയിൽ വോട്ടാക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾ വിജയം കാണുന്ന ഈ കാലത്തും, നന്മയുടെ നല്ലവാർത്തകൾ മനുഷ്യ മനസ്സിന്റെ ആർദ്രതയെ വരച്ചുകാട്ടുന്നു. കഴിഞ്ഞ ദിവസം അമ്മയുടെ കരൾ മാറ്റശസ്ത്രക്രിയക്ക് പണമില്ലാതെ ആശുപത്രിക്ക് മുന്നിൽ പൊട്ടിക്കരയുന്ന പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ മണിക്കൂറുകൾക്കുള്ളിൽ ആ അമ്മയുടെ അക്കൗണ്ടിലേക്ക് ഒഴുകിയ സഹായം, ആവശ്യത്തിൽ അധികമായെന്നും ഇനി അയക്കേണ്ട എന്നും എഴുതി അക്കൗണ്ട് ക്ലോസ് ചെയ്ത സംഭവം നാം കണ്ടു. ഭരണകൂടങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് മുകളിൽ സ്നേഹത്തിന്റെ കൊടിപറക്കട്ടെ.
ലേഖനം നന്നായി. അഭിവാദ്യങ്ങൾ.

സുരേഷ് ബത്തേരി
1 year ago

????

Mehboob
1 year ago

The article simply alludes to the socio , economic and political disparities existing in the society even during a crisis when the desperate need of being together is more important than ever before.

The article emphasizes the underlying facts and the adverse consequences of divergent ideologies that leads to extreme attitudes.

In deed the term ‘social distancing’ is inappropriate in any context whereas the term ‘physical distancing’ could make more sense in the current pandemic environment.
Good work Ashik .

Abdul Majeed MT
1 year ago

അത്യന്തം നിഗൂഢതകൾ അലിഞ്ഞിരിക്കുന്ന ഒളിയിടമാണ് മനുഷ്യപ്രകൃതി. സ്വാർത്ഥത, നാട്യം, ആധിപത്യബോധം എന്നിവയാണ് അതിൻ്റെ നൈസർഗ്ഗിക ഭാവം. അനുകൂലനങ്ങളുടെ അഭാവത്തിൽ ഇവ അമർത്തി വെക്കപ്പെന്നു. നിയമത്തിൻ്റെ കാർക്കശ്യം, മാനഹാനി, സ്വന്തം ദൗർബല്യം എന്നിവയാണ് ഇവയുടെ അരങ്ങേറ്റത്തെ തടുത്തു നിർത്തുന്നത് . ധാർമ്മിക ബോധം, ദൈവഭയം എന്നിവയക്കു പോലും പരിമിതമായേ സ്വാവാധീനമുള്ളൂ.
സ്വാർത്ഥതയുടെ ഒരു ഉപോൽപ്പന്നമാണ് ആധിപത്യ മനോഭാവം. സ്വാർത്ഥത പെരുക്കുകയും സാഹചര്യങ്ങൾ അനുകൂലമാകുകയും ചെയ്യമ്പോൾ ഹിംസയുടെ വിളയാട്ടമായി!
മനുഷ്യർ സ്വയവും പരസ്പരവും തീർക്കുന്ന അകലവും അന്യവൽക്കരണവും വിശദീകരിക്കുവാൻ ഇതിൽ കൂടുതൽ വ്യാഖ്യാനത്തിൻ്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ലേഖനത്തിലെ നിരീക്ഷണങ്ങളോട് യോജിക്കുന്നു.
ഭാവുകങ്ങൾ ….

Abdul Majeed MT
1 year ago

അത്യന്തം നിഗൂഢതകൾ അലിഞ്ഞിരിക്കുന്ന ഒളിയിടമാണ് മനുഷ്യപ്രകൃതി. സ്വാർത്ഥത, നാട്യം, ആധിപത്യബോധം എന്നിവയാണ് അതിൻ്റെ നൈസർഗ്ഗിക ഭാവങ്ങൾ. അനുകൂലനങ്ങളുടെ അഭാവത്തിൽ ഇവ അമർത്തി വെക്കപ്പെടുന്നു. നിയമത്തിൻ്റെ കാർക്കശ്യം, മാനഹാനി, സ്വന്തം ദൗർബല്യം എന്നിവയാണ് ഇവയുടെ അരങ്ങേറ്റത്തെ തടുത്തു നിർത്തുന്നത് . ധാർമ്മിക ബോധം, ദൈവഭയം എന്നിവയ്ക്കു പോലും പരിമിതമായേ സ്വാധീനമുള്ളൂ.
സ്വാർത്ഥതയുടെ ഒരു ഉപോൽപ്പന്നമാണ് ആധിപത്യ ബോധം. സ്വാർത്ഥത പെരുക്കുകയും സാഹചര്യങ്ങൾ അനുകൂലമാകുകയും ചെയ്യമ്പോൾ ഹിംസയുടെ വിളയാട്ടമായി!
മനുഷ്യർ സ്വയവും പരസ്പരവും തീർക്കുന്ന പല വിധ അകലങ്ങളും അന്യവൽക്കരണവും വിശദീകരിക്കുവാൻ ഇതിൽ കൂടുതൽ വ്യാഖ്യാനത്തിൻ്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ലേഖനത്തിലെ നിരീക്ഷണങ്ങളോട് യോജിക്കുന്നു.
ഭാവുകങ്ങൾ ….

വഹാബ് കെ പി
1 year ago

വന്നു ഭവിച്ച മഹാമാരിയിൽ നിന്നുംരക്ഷപ്പെടാനുള്ള ഉപായമായി സ്വീകരിക്കപ്പെട്ട “സാമൂഹിക അകലം” നിക്ഷിപ്ത സമൂഹങ്ങളെ അറകളിലാക്കി പരസ്പരം അകറ്റാനുള്ള ഉപായമായി ഭരണവർഗ്ഗം ഉപയോഗപ്പെടുത്തുന്നു എന്നു വേണം ചിന്തിക്കാൻ!

രോഗാണു ഭീതിയിൽ പ്രജകൾ പാലിക്കുന്ന അച്ചടക്കത്തിന്റെ അനുസരണം നിക്ഷിപ്ത താൽപര്യങ്ങൾ നടത്താൻ, ഭരിക്കുന്നവർക്ക് സഹായകരമാവുകയും ചെയ്യുന്നു!
ജനാധിപത്യം മേമ്പൊടിക്ക് മാത്രമുള്ള ഫാസിസ്റ്റ് ഭരണകൂടം അസുലഭ സന്ദർഭമായാണ് ഇത് കൊണ്ടാടുന്നത്!
Social Distancing എന്നത് Social Disparity യിലേക്ക് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ!
അങ്ങ് അമേരിക്കയിൽ കറുത്തവനായ ഒരു ഫ്ലോയിഡ് ആണെങ്കിൽ ഇങ്ങ് ഇന്ത്യയിൽ സഫൂറ സർഗാരിയെ പോലെ നിരവധി പേരുടെ ഉദാഹരണങ്ങൾ നിരത്താം…
ആഷിഖ് തന്റെ അനിതര സാധാരണ ശൈലിയിൽ എഴുതിയ ഈ ലേഖനം അകലങ്ങൾ കാത്തു സൂക്ഷിക്കാൻ വിധിക്കപ്പെട്ട ഈ കോവിഡ് കാലത്തും ആശങ്കകൾ ഉണർത്തി വിടുന്നു….
അഭിനന്ദനം!

-വഹാബ് കെ പി

Shahina
1 year ago

മാഷേ , തകർത്തു…!

അബുബക്കർ. ടി
1 year ago

ഇപ്പോഴത്തെ ഭരണം കഴിയുമ്പോൾ ആഷിക് സഞ്ചരിച്ച പോലുള്ള ഗ്രാമങ്ങളിൽ ഇന്ത്യയിൽ നിരവധി ഉണ്ടാകും. സാമൂഹിക അകലം വളരെ കൂടുകയും ചെയ്യും

മഞ്ജു
1 year ago

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ എഴുതപ്പെടേണ്ട ലേഖനം..

മഞ്ജു
1 year ago

നിലവിലെ പ്രതിസന്ധിയിൽ എഴുതപ്പെടേണ്ട ലേഖനം…

ഇത് വായിച്ചിരുന്നോ
Close
Back to top button
25
0
Would love your thoughts, please comment.x
()
x