ഇന്ദിരാഗാന്ധിയുടെ കാലത്താണ് പി.എം. ഒ ഓഫീസ് അധികാര കേന്ദ്രീകരണത്തിന്റെ തുടക്കമിട്ടത്. എല്ലാ കാര്യങ്ങളും പി.എം. ഒ ഓഫീസിലൂടെ മാത്രം കണ്ട് പാസ്സാക്കി പോവുക.
വകുപ്പ് സെക്രട്ടറിമാർ പി.എം. ഒ ഓഫീസിൽ നിന്നും സ്ഥിരമായി നിർദ്ദേശങ്ങൾ സ്വീകരിക്കുക. മന്ത്രിമാർക്ക് നിർദ്ദേശങ്ങൾ എത്ര ചെറുതാണെങ്കിലും അവിടെ കൊടുക്കാം.
ആശയങ്ങൾ സ്വീകരിക്കുന്നതും വിനിമയം ചെയ്യുന്നതും ഈ ഓഫീസും അതിലെ സംഘവും. ഇന്നത്തെ മന്ത്രി നാളെ ഗവർണ്ണറാവാം.
അങ്ങിനെ അധികാരത്തെ കേന്ദീകരിച്ച് ഒരു ജനാധിപത്യ ഭരണം മുന്നാട്ടു പോകുന്ന ഈ രീതി പിന്നീട് അത്രയേറെ ശക്തമല്ലെങ്കിലും രാജീവിന്റെ കാലത്തും ഏറെക്കുറെ മുന്നോട്ടു പോയി.
ഉപജാപക സംഘങ്ങൾ ഇതേറ്റെടുത്തപ്പോഴാണ് ഇതിന്റെ ദോഷങ്ങൾ എത്ര ഭീകരമാണെന്ന് മനസ്സിലായത്. അവിടെ തുടങ്ങി കോൺഗ്രസ്സിന്റെ ക്ഷീണ കാലവും.
അതിലെ തകരാറുകൾ, പാർട്ടി വേരുകളുടെ ക്ഷയം, ഭാവി നേതൃത്വ ശേഷണം ഇതൊക്കെ ഇതിന്റെ മറുഭാഗമാണ്. ശക്തനായ നേതാവെങ്കിൽ ഒറ്റനോട്ടത്തിൽ ഉദ്യോഗസ്ഥർക്കും നാടിനും കാര്യങ്ങൾ എളുപ്പമാക്കാൻ കഴിയും എന്നത് ശരിയാണ്.
ഇതിനൊരുദാഹരണമാണ് ജയലളിത. അഴിമതി പോലും കേന്ദ്രീകരിച്ചു നടത്തി എന്ന് തമാശയ്ക്ക് പറയാറുണ്ട്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഭക്ഷണം, സൈക്കാൾ, ടി വി , ഫ്രീ സമ്മാനങ്ങൾ തുടങ്ങി അവരെ കൈയിലെടുക്കാനും ആരാധിപ്പിക്കാനും എളുപ്പമാണ്.
ഭരണവും ചിലപ്പോൾ എളുപ്പവും ആകർഷകവും ആവാം. തീരുമാനങ്ങൾ എടുക്കുകയും അത് നടത്താൻ മാത്രം വകുപ്പുകളെ ഏൽപിച്ചാലും മതി. ശേഷം രണ്ടാം മോദി സർക്കാർ കൃത്യമായി ഇത്തരം കേന്ദ്രീകരണ ഭരണം എങ്ങിനെ നടത്താമെന്ന് കാണിച്ചു തന്നു.
നോട്ടു നിരോധനവും ലോക്ക് ഡൗണും ഒക്കെ പെട്ടെന്ന് എടുക്കാനും നേതാവിനാൽ പാർട്ടിയും ഭരണവും അറിയാനും മുന്നോട്ടു പോവാനും സാധിച്ചു. രണ്ടാം പിണറായി സർക്കാറും ഈ രീതിയാൽ നയിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്.
ജനാധിപത്യ രീതിയാണോ ഇതെന്ന് ചോദിച്ചാൽ തീർച്ചയായും അല്ല, എന്നാൽ കാര്യങ്ങൾ നടത്താൻ ഒരു ഭരണാധികാരിക്ക് വളരെ എളുപ്പമാണ് ഈ സംവിധാനം.
ഒരു ജനാധിപത്യ സംവിധാനത്തിൽ അധികാരങ്ങൾ വികേന്ദ്രീകൃതമാവണം. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ അവിടെ നിന്ന് തന്നെ തുടങ്ങി , അവിടെ തന്നെ നടപ്പിലാക്കി വരണം.
അപ്പോഴേ കഴിവുറ്റ ഒരു രണ്ടാം നിര ഉണ്ടാവുകയുള്ളൂ. അല്ലാത്ത പക്ഷം അടിവേരുകൾ നഷ്ടപ്പെട്ടു പോവുന്ന നയിക്കാൻ ത്രാണിയില്ലാത്ത, മറ്റാരെയും അംഗീകരിക്കാത്ത രീതിയിലേക്ക് ഗതിമാറും.
താൻ മാത്രമല്ല, വ്യത്യസ്ത മനുഷ്യരുടെ ചിന്തകളാണ് ഒരുമിച്ചു നീങ്ങേണ്ടത് എന്ന രീതിയിൽ പാർട്ടികൾ മാറുമ്പോഴേ നേതാവു വന്നാലും പോയാലും പാർട്ടിയും ഭരണവും മുന്നോട്ടു പോവൂ.
രണ്ടാം പിണറായി സർക്കാർ ഇങ്ങനെ CMO ഓഫീസ് കേന്ദ്രീകൃത മനോഭാവത്തിലേക്ക് നയിക്കപ്പെടുവാനാണ് സാധ്യത. ഇത് ജനാധിപത്യ വ്യവസ്ഥയിൽ സി.പി.എം ന് ദൂരവ്യാപകമായ നഷ്ടങ്ങൾ ഉണ്ടാക്കും.
ചർച്ചകൾക്ക് മാത്രമുള്ള, കേൾവിക്കാർ മാത്രമുള്ള പാർട്ടി സംവിധാനവും ഏകീകൃത തീരുമാന കേന്ദ്രവും , ഭരണം സുഗമമാക്കാം. എന്നാൽ ദൂരവ്യാപകമായ പ്രത്യാഘാതം അത്തരം സംവിധാനങ്ങൾക്ക് ഉണ്ടാകും എന്ന് കാലം തെളിയിച്ചതാണ്.
അടിത്തറയും വേരുകളും ശക്തമാവണം. അവിടെ നിന്നു തുടങ്ങണം ആശയവും ആസൂത്രണവും. അത് സ്വീകരിക്കാനും സ്വതന്ത്രമായി നടത്താനും വകുപ്പുകൾക്ക് കഴിയണം. 21 നേതാക്കൾക്ക് പകരം എല്ലാം ഒരു ഓഫീസിലേക്ക് മാറുമ്പോൾ നേതാവ് അജയ്യനാവാം. പക്ഷേ പാർട്ടിയും ഭരണവും സ്ഥായിയായി നിലനിൽക്കില്ല.
നേതാവിനു ശേഷം ശൂന്യമായ അവസ്ഥയായി മാറും. ഇത് നമ്മുടെ ജനാധിപത്യത്തെ ക്ഷീണിപ്പിക്കും. ഉദ്യോഗസ്ഥ മേധാവിത്വം വർധിക്കും. ഒരാളോട് വിധേയപ്പെട്ടാൽ മതി എന്ന തോന്നൽ ഉണ്ടാവും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
