Health

കൺകുരു നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുവോ ! ഇത് തീർച്ചയായും വായിക്കണം

ആരോഗ്യം / Dr.സജി കുമാർ


അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ നിന്നും സൂക്ഷ്മാണുക്കളിൽ നിന്നും നമ്മുടെ കണ്ണുകളെ സംരക്ഷിച്ചു നിറുത്തുന്ന, ഒരു തിരശ്ശീല പോലെ പ്രവർത്തിക്കുന്ന അവയവമാണു നമ്മുടെ കൺപോളകൾ. സെബം എന്ന് പേരുള്ള എണ്ണമയമുള്ള സ്രവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അനേകം ഗ്രന്ഥികൾ കണ്പോളകളിലുണ്ട്. കണ്‍മിഴിയേയും അകത്തെ കണ്‍പോളയേയും യോജിപ്പിക്കുന്ന ചര്‍മ്മപാളിയായ കൺജൻറ്റൈവയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള പോഷകങ്ങളും രോഗാണുനാശകമായ പദാർത്ഥങ്ങളും നൽകുന്നത് ഈ സ്രവങ്ങളാണ്. ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ ഈ നനവ് മാറാതെ നിലനിന്നു പോകുന്നത്.


എന്തുകൊണ്ട് കണ്‍കുരു ഉണ്ടാകുന്നു?

ചിലപ്പോൾ അണുബാധ മൂലമോ നീർകെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള കൺപോളകളിലെ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് സ്രവങ്ങൾ അവിടെ കെട്ടിക്കിടന്നു നല്ല വേദനയോടുകൂടി ഒരു കൺകുരു രൂപപ്പെടുകയും ചെയ്യും. ഇടയ്ക്കിടെ കണ്ണ് ചൊറിയുമ്പോൾ കൈയിൽ നിന്നും അണുബാധ കണ്ണിലേക്കു പടരാം. സ്റ്റെഫൈലൊക്കൊക്കസ് എന്ന ബാക്ടീരിയയാണ് സാധാരണ കണ്കുരുവിനു നിദാനമായ സൂക്ഷ്മാണു. കണ്ണിന്റെ പവർ കൃത്യമല്ലാത്തവരിൽ ഇടയ്ക്കിടെ കണ്ണ് തിരുമുന്നത് മൂലവും കൺകുരു ഉണ്ടാവാറുണ്ട്. സ്ഥിരമായി കണ്ണട ഉപയോഗിക്കേണ്ടവര്‍ കണ്ണട വയ്ക്കാതിരുന്നാലും തലയിലെ താരനും പ്രമേഹം നിയന്ത്രിക്കാത്തതുമെല്ലാം കുരുവിന് കാരണമാകാറുണ്ട്.
പോഷകാഹാരകുറവ്, ഉറക്കമില്ലായ്മ, വൃത്തിഹീനത, ജലദൗർലഭ്യം, കണ്ണുകൾ അമർത്തി തിരുമ്മൽ, ഇവയൊക്കെ കൺകുരുജന്യതയ്ക്ക് അനൂകൂല ഘടകങ്ങളായി വർത്തിക്കാം. സ്ത്രീപ്രുഷ/പ്രായഭേദമന്യേ കണ്ടുവരുന്ന ഒന്നാണ് ഈ രോഗാവസ്ഥ.


കണ്‍കുരുവിന്റെ ലക്ഷണങ്ങള്‍.
കൺപോളയിൽ നിന്നും സൂചികുത്ത് പോലത്തെ വേദനയും ഭാരവുമായിട്ടായിരിക്കും ഇത് തുടങ്ങുന്നത്. കണ്‍പോളകളുടെ അറ്റത്ത് ചുവന്ന നിറത്തിലുള്ളതും വേദനയുള്ളതുമായ വീക്കം ഉണ്ടാകുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം. സ്രവം,കണ്ണീര്‍ ഒലിക്കുക, കണ്‍പോളകള്‍ക്ക് വേദന,കൺപോള ഘനം തൂങ്ങുന്നു എന്നിവയും ഉണ്ടാവാം. കണ്ണുകൾക്ക് ചുവപ്പ് നിറവും കണ്ണിനു ചൊറിച്ചിലും അനുഭപ്പെടുന്നു. പ്രകാശം അസഹ്യമാവുക ഇമവെട്ടൽ അസ്വസ്ഥതയുളവാക്കുക എന്നിവയും തുടർന്നുണ്ടാകുന്നു. കൺപോളയിൽ കൺപീലിയോട് അടുത്തുള്ള ഭാഗങ്ങളിൽ നിന്ന് വേദനയുള്ള കുരുക്കളും കൺപീലിയിൽ നിന്നും അകന്നുള്ളത് വേദനരഹിതമായ കുരുക്കളുമാണ്. ഇവ രണ്ടും നേത്രഗോളത്തിനു ക്ഷതമേൽപ്പിക്കാത്തവയാണ്.


സങ്കീർണതകൾ
മിക്കപ്പോഴും കൺകുരു അതിന്റെ സ്വാഭാവികഗതിപൂർത്തിയാക്കി അപ്രത്യക്ഷമാവാറാണ് പതിവ്. അപൂർവ്വമെങ്കിലും സങ്കീർണതകൾ ഉണ്ടാവാം.
ഗ്രന്ഥിതടസ്സം മൂലമുണ്ടാകുന്ന വലിയ നീർക്കെട്ടിനെ കലാസിയോൻ (chalazion) എന്ന് പറയുന്നു. ഇത് പ്രകടമായ വൈരൂപ്യമായി നിലകൊള്ളും. നേത്രപാടയിൽ തകരാറുകൾ സംഭവിക്കാം (corneal irritation). ഇതിനു ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. പോള വൈകൃതം, കൺപീലി രോമവളർച്ചമുരടിക്കൽ എന്നിവയും സങ്കീർണതളാണ്. അണുബാധ കൂടിയാൽ ചിലപ്പോൾ കൺപോളകൾ മുഴുവൻ നീരുവന്ന് ചുവക്കാം.


കണ്‍കുരു വന്നാൽ ശ്രദ്ധിക്കാന്‍
ഒരു കാരണവശാലും കണ്‍കുരു കൈകൊണ്ട് അമര്‍ത്തിയോ ഞെക്കിയോ പൊട്ടിക്കരുത്. കുരു പൊട്ടുന്നത് അണുബാധ ഉണ്ടാക്കാനും അത് പിന്നീട് വ്യാപിക്കാനും ഇടയാക്കും. ഇടയ്ക്കിടെ കുരു തൊട്ടുനോക്കുന്നതും ഒഴിവാക്കുക. കൈ കൊണ്ട് കണ്ണു തിരുമ്മുകയും മറ്റും ചെയ്യുന്നത് ഒഴിവാക്കണം
കുരു കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കൺകുരുവിന് മുകളിൽ വയ്ക്കുക. ചൂട് വെയ്ക്കുന്നത് ഓരോ ദിവസവും 5 മുതൽ 10 മിനിറ്റ് വരെ മൂന്നോ നാലോ തവണ വെയ്യണം. പഴുപ്പ് ഉണ്ടെങ്കിലോ കുരുവില്‍ വെള്ളം നിറഞ്ഞിരിക്കുന്നുണ്ടെങ്കിലോ കുരുവിലെ ദ്രാവകം തനിയെ പുറത്തുപോവും. സാധാരണഗതിയിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കണ്‍കുരു മാറും. ഒരു ആഴ്ചയ്ക്കു ശേഷവും കണ്‍കുരു മാറിയില്ലെങ്കില്‍ ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടതാണ്.


ചികിത്സ
ഒട്ടുമിക്ക രോഗികളിലും പ്രത്യേക ചികിത്സയൊന്നും കൂടാതെ രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്‍കുരു താനേ ഭേദമായിക്കൊള്ളും. കണ്‍കുരു വേദനയുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായാല്‍ മാത്രമേ ചികിത്സയുടെ ആവശ്യമുണ്ടാകുന്നുള്ളൂ.
ചികിത്സക്കായി ആന്റിബയോട്ടിക് തുള്ളിമരുന്നുകളാണ് സാധാരണ ഉപയോഗിക്കുന്നത്.ആന്റിബയോട്ടിക്ക് ഓയിന്റ്മെന്റുകളും പുരട്ടേണ്ടതായും വരും. വേദനയും അണുബാധയും കൂടുതലുണ്ടെങ്കിലോ കണ്‍കുരു വളരെ വലുതാകുന്ന അവസരത്തിലോ കഴിക്കുന്നതിനുള്ള ആന്റിബയോട്ടിക്കുകള്‍ വേണ്ടിവരും. നല്ല വേദനയുണ്ടെങ്കിൽ നീർക്കെട്ടിനും വേദനക്കും എതിരെ പ്രവർത്തിക്കുന്ന ഗുളികകളും കഴിക്കാം.
ചിലപ്പോൾ കുരു വലുതാവുകയും ചുവപ്പ് നിറത്തോട് കൂടി കണ്ണ് വേദനിക്കുകയും ചെയ്താൽ ഡോക്ടര്‍ ചെറിയൊരു മുറിവു സൃഷ്ടിച്ച് അതിലെ ദ്രാവകം വറ്റിച്ചു കളയുന്നു. വളരെ ലളിതമായി ഓ. പി. യിൽ വെച്ചു തന്നെ ഇത് ചെയ്യാം. എന്നാല്‍ ഇത് സ്വയം ചെയ്യാന്‍ ശ്രമിക്കരുത്. പ്രായമായവരിലെയും രോഗപ്രതിരോധാവസ്ഥ കുറഞ്ഞവരിലെയും ദീർഘകാലമായുള്ള കൺകുരുവിന് തുടർപരിശോധനയും ചികിത്സയും ആവശ്യമായി വരും.
കൺകുരു വരാതെ തടയാം
ശുചിത്വം തന്നെയാണ് ഏറ്റവും ഉത്തമമായ പ്രതിരോധം. കണ്ണിലെ അണുബാധകള്‍ ഒഴിവാക്കുന്നതാണ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ അണുനാശിനികളും ഉപയോഗിക്കുക. കൈകൾ വൃത്തിയായി കഴുകുന്നത് കൺകുരു മാത്രമല്ല ധാരാളം രോഗങ്ങളുടെ വ്യാപനം തടയുന്നു.
പഴയ സൗന്ദര്യവര്‍ധക വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. ഒരാളുടെ സൗന്ദര്യവര്‍ധകവസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.
രാത്രിയിയിൽ കണ്ണുകൾ നല്ലതുപോലെ കഴുകി മേക്കപ്പ് മാറ്റിയിട്ടു വേണം ഉറങ്ങാൻ.
കോണ്ടാക്ട് ലെന്‍സുകള്‍ അണുനാശനം നടത്തിയ ശേഷം ഉപയോഗിക്കുക. കൈകള്‍ വൃത്തിയാക്കിയ ശേഷം വേണം കോണ്ടാക്ട് ലെന്‍സുകളില്‍ സ്പര്‍ശിക്കേണ്ടത്.
ഇടയ്ക്കിടെ കൺകുരു വരാറുള്ളവർ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തേണ്ടതാണ്.
താരൻ മൂലം ഇടയ്ക്കിടെ കൺകുരു വരുന്നവർ കൺപോളകളുടെ കാര്യത്തിൽ ശുചിത്വം പാലിക്കുക. ബേബി ഷാംപൂ പതപ്പിച്ച് അതിൽ മുക്കിയ ബഡ്‌സ് ഉപയോഗിച്ച് ദിവസവും കൺപീലിയുടെ മാർജിൻ വൃത്തിയാക്കുക.
കൺകുരുവിന്റെ തുടക്കത്തിൽ തന്നെ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളർച്ച തടയും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x