KeralaNewsPoliticalWomen

പ്രതികരിച്ച പെണ്കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ്; കേരളത്തിൽ പോലീസ് രാജോ ?

കേരള പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം എന്താണെന്ന കാര്യത്തിൽ ജനങ്ങൾ വളരെ ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. കൊല്ലം ചടയമംഗലത്ത് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന പേരിൽ ഒരു യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ പേരിൽ ഒരാളെ ബുദ്ധിമുട്ടിക്കുന്നത് ചോദ്യം ചെയ്തതാണ് വിഷയം. പോലീസിനെ ചോദ്യം ചെയ്യാൻ പാടില്ല എന്ന് പോലീസേമാന്മാർക്ക് തോന്നുമെങ്കിലും നാട്ടുകാർക്ക് അങ്ങനെയൊരു തോന്നൽ പാടില്ല. മറ്റേത് സർക്കാർ സംവിധാനവും പോലെ ജനങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള അധികാരവും ഉത്തരം ലഭിക്കാനുള്ള അവകാശവുമുള്ള മറ്റൊരു സർക്കാർ വകുപ്പ് മാത്രമാണ് പൊലീസ്. പൊലീസിന്റെ നടപടികളെ സമാധാനപരമായി ചോദ്യം ചെയ്യാൻ ഏതൊരു പൗരനുമുല്ല അവകാശത്തെ കള്ളക്കേസുകൾ ചുമത്തി ഭയപ്പെടുത്തി തടയാനുള്ള പോലീസുകാരുടെ ഇത്തരം ശ്രമങ്ങൾ ഇതാദ്യമല്ല. എന്നാൽ അത്തരത്തിലുള്ള ജനാധിപത്യവിരുദ്ധത അംഗീകരിക്കാനാവില്ല എന്ന് വ്യക്തമാക്കേണ്ട രാഷ്ട്രീയ ചുമതല സർക്കാരിനുണ്ട്.

ഒരു പെണ്ണായതുകൊണ്ടാണ് അല്ലെങ്കിൽ പിടിച്ചുകയറ്റി സ്റ്റേഷനിൽ കൊണ്ടുപോയേനെ എന്നാണ് ചടയമംഗലം സംഭവത്തിലെ ദൃശ്യത്തിൽ പോലീസേമാൻ ഭീഷണി മുഴക്കുന്നത്. ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഒരു ഭീഷണിയാണിത്. തീർച്ചയായും ഒരു പുരുഷനാണെങ്കിൽ അവരത് ചെയ്തേനെ. അതിനുശേഷം അയാൾക്ക് കിട്ടുന്ന തല്ലും തെറിയും നമ്മളാരും അറിയുക പോലുമില്ല. സ്റ്റേഷനിൽ വെച്ച് കിട്ടുന്ന തെറിയും തല്ലുമൊക്കെ ആരോട് എങ്ങനെ ഇവിടെ പരാതിപ്പെട്ടിട്ടാണ് ഇക്കണ്ടകാലത്തിനിടയിൽ ഒരു നടപടിയുണ്ടായിട്ടുള്ളത്? അതുകൊണ്ട് പരസ്യമായ അപമാനവും പേറി മനുഷ്യർ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങിവരും. നീണ്ട കാലം കേസുമായി ചുറ്റിത്തിരിയും. എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ആരെയെങ്കിലുമൊക്കെ കയ്യും കാലും പിടിച്ച് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വരെ പരാതിയെത്തിച്ചാലോ, വേണ്ട നടപടികൾ അന്വേഷിച്ച് കൈക്കൊള്ളും എന്നൊരുത്തരം ലഭിക്കും. ഈ സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഉറപ്പ് എന്ന് വേണമല്ലോ കരുതാൻ.

എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ ആദ്യകാലത്ത് ഒരു ഐ പി എസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്ര എന്ന സംസ്കാരശൂന്യൻ തന്റെ അധികാരഗർവ്വിൽ കണ്ണൂരിൽ സാധാരണക്കാരായ മനുഷ്യരെ പരസ്യമായി ഏത്തമിടുവിച്ചപ്പോഴും മേൽപ്പറഞ്ഞ മറുപടി കിട്ടി. എന്നിട്ട് എന്തുണ്ടായി, എന്ത് നടപടിയാണെടുത്തത്? സംസ്ഥാനത്ത് പലയിടത്തും ആളുകളെ കോമാളികളാക്കി ദൃശ്യങ്ങൾ എടുത്ത് അപമാനിച്ച് അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോലീസുകാർക്കെതിരെ എന്ത് നടപടിയാണെടുത്തത്? അതിന്റെ ഇരകൾക്ക് എന്ത് നീതിയാണ് ലഭിച്ചത്? അങ്ങനെയൊന്നും ഉണ്ടാകാത്തതുകൊണ്ടാണ് പോലീസുകാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം എന്ന പേരിൽ ജനങ്ങളുടെ പൗരാവകാശങ്ങൾക്കും ആത്മാഭിമാനത്തിനും മേൽ ഗുണ്ടാ സംഘങ്ങളെപ്പോലെ പെരുമാറുന്ന ഒരു കൂട്ടം പോലീസുകാർ കുതിര കയറുന്നത്.

Remedial measures കാര്യക്ഷമമായി പ്രവർത്തിക്കുക എന്നതാണ് അധികാര ദുർവിനിയോഗം തടയാനുള്ള ജനാധിപത്യ സംവിധാനത്തിലെ വഴി. കേരള പോലീസിന്റെ തെമ്മാടിത്തരങ്ങൾക്കെതിരെ നിങ്ങള്ക് എന്താണ് ഇത്തരത്തിലൊരു നീതി സാധ്യത? പരാതിക്കാരനെ നീണ്ടകാലം വട്ടം കറക്കുന്ന, ഒടുവിൽ വെറും ഏഴാംകൂലിയായി അപമാനിച്ചു പറഞ്ഞുവിടുന്ന ചില പരാതിപരിഹാര നാടകസഭകൾ മാത്രമാണുള്ളത്.

ആത്മാഭിമാനം ഒരു ജനാധിപത്യ അവകാശമാണ്. സ്വകാര്യത ഒരു മൗലികാവകാശമാണ്. കേരളം പൊലീസിന് ഇതിനെയൊക്കെ മാനിക്കാൻ ബാധ്യതയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് പോലീസിനെ ഭരിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്തയച്ച പ്രതിനിധികളും സർക്കാരുമാണ്. അവരത് ചെയ്യുന്നില്ല എന്നത് എത്രയോ കാലങ്ങളായി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഹെഡ് ഇടിയൻ കുട്ടൻപിള്ള പൊലീസുമാരെ കേരളം നിലയ്ക്ക് നിർത്തിയത് മനോവീര്യത്തിന്റെ കായകല്പ ചികിത്സ കൊണ്ടല്ല അടിച്ചാൽ തിരിച്ചുകിട്ടും എന്ന് മുഷ്ടി ചുരുട്ടി മനുഷ്യർ പറഞ്ഞിട്ടാണ്. ആ സാധ്യത ഇപ്പോഴും അന്വേഷിക്കേണ്ടിവരുന്നു എന്നത് നമ്മുടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും ഈ നാടിനെയെത്തിച്ച ഗതികേടാണ്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x