
‘കാക്കിയണിഞ്ഞ ക്രിമിനൽ സംഘം’ ; ജനമൈത്രി എന്ന് പെരുമാറ്റിയാൽ ജനാധിപത്യത്തിലെ പോലീസ് ആകില്ല
പ്രതികരണം/പ്രശാന്ത് പ്രഭാ സരംഗാധരൻ
144 ലംഘിച്ചാൽ അടിച്ചു കണ്ണുപൊട്ടിക്കാമെന്നു പറയുന്ന നിയമ പുസ്തകം ഏതാണ് പോലീസെ..? “60 വർഷങ്ങൾക്കു മുൻപ് അലഹബാദ് ഹൈക്കോടതി ജഡ്‌ജി ആയിരുന്ന ജസ്റ്റിസ്.എ.എൻ. മുള്ള “കാക്കിയണിഞ്ഞ ക്രിമിനൽ സംഘം” എന്നാണ് പോലീസിനെ വിശേഷിപ്പിച്ചത്. ഇന്ത്യൻ പോലീസ് എന്ന ഈ സംഘടിത യൂണിറ്റ് ചെയ്യുന്ന അത്രയും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു നിയമവിരുദ്ധ സംഘം പോലും ഈ രാജ്യത്തുണ്ടാകില്ല എന്നും അന്ന് കോടതി നിരീക്ഷിച്ചു.
“പ്രിയ സുഹൃത്തേ, ക്രൂരമായി തല്ലിച്ചതക്കാൻ ഷഫീക്കും സബാഹും ഷമീറും ഒക്കെ ചെയ്ത കുറ്റം എന്തായിരുന്നു ? ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഫോർട്ട് കൊച്ചി നെല്ലുകടവിൽ ക്രിക്കറ്റ് കളി കഴിഞ്ഞു നിൽക്കുമ്പോഴാണ് ആ ചെറുപ്പക്കാർ ആക്രമിക്കപ്പെട്ടത്. ഇരകളെ ഓടിച്ചിട്ട് പിടിക്കുന്ന ചെന്നായ്ക്കളെ പോലെ സ്ഥലത്തെത്തിയ പോലീസ് സംഘം ആ ചെറുപ്പക്കാരെ ലാത്തിയും ചൂരലും കൊണ്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ സബാഹിന്റെ ഇടതു കണ്ണിനു മുകളിലാണ് ചൂരൽ കൊണ്ടുള്ള അടിയേറ്റത്. അത് കണ്ണിൽ കൊണ്ടിരുന്നെങ്കിൽ ആ ചെറുപ്പക്കാരന്റെ കണ്ണിന്റെ കാഴ്ച തന്നെ പോകുമായിരുന്നു. പോലീസിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഫീക്കിന് കൈയ്ക്കും കാലിനും ചതവ് പറ്റി നടുവിനും കടുത്ത വേദന നിമിത്തം കിടപ്പ് തന്നെയാണ് ഈ ചെറുപ്പക്കാരൻ.
ഇത്ര ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിക്കാൻ ഈ ചെറുപ്പക്കാർ ചെയ്ത കുറ്റം എന്താണ് ? കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 144 പ്രകാരമുള്ള ഉത്തരവിന് വിരുദ്ധമായി അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തു ചേർന്നു എന്നതാണ് പോലീസ് അവരെ ആക്രമിക്കാനിടയാക്കിയത്. 144 പ്രകാരമുള്ള ഉത്തരവ് ലംഘിച്ചാൽ അടിച്ചു കണ്ണുപൊട്ടിക്കാം എന്ന് ഏതു നിയമ പുസ്തകത്തിലാണ് പറഞ്ഞിരിക്കുന്നത് എന്ന് ഈ ക്രൂരത കാണിച്ച പോലീസുകാർ ഒന്ന് പറഞ്ഞു തരണം.
144 ലംഘിച്ചെന്നു പൊലീസിന് ബോധ്യമായാൽ പിന്നെ ആകെ ചെയ്യാവുന്നത് അവരെ അറസ്റ്റ് ചെയ്യുക, കേസ്സു രജിസ്റ്റർ ചെയ്യുക, ജാമ്യത്തിൽ വിട്ടയക്കുക എന്നതാണ്. അതാണ് നിയമം പറയുന്നത്. പക്ഷെ ഇവിടെ നിയമം പൊലീസിന് ബാധകമല്ലല്ലോ. അങ്ങനെയാണ് ചില പോലീസുകാർ എങ്കിലും കാണുന്നത്.

ഇന്ത്യൻ പോലീസ് എന്ന ഈ സംഘടിത യൂണിറ്റ് ചെയ്യുന്ന അത്രയും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു നിയമവിരുദ്ധ സംഘം പോലും ഈ രാജ്യത്തുണ്ടാകില്ല എന്നും അന്ന് കോടതി നിരീക്ഷിച്ചു. പിന്നീട് സുപ്രീം കോടതി ഈ നിരീക്ഷണങ്ങൾ അനാവശ്യമാണെന്ന് കണ്ടു ഉത്തരവിൽ നിന്നും നീക്കം ചെയ്യുകയാണുണ്ടായി. ഉത്തരവിൽ നിന്നും പൊലീസിനെതിരായ നിരീക്ഷണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടു വന്ന ഹർജി പരിഗണിക്കുന്ന വേളയിൽ ജസ്റ്റിസ് മുള്ള തന്നെ ഇങ്ങനെ വിധിയിൽ എഴുതിവച്ചു, “ആ വാക്കുകൾ ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്നും മനസ്സുകളിൽ മാറ്റാൻ ആകില്ല.”
60 വർഷം കഴിഞ്ഞിട്ടും ജസ്റ്റിസ് മുള്ള പറഞ്ഞത് ശരിയാണെന്നു വിളിച്ചു പറയുന്നതാണ് പോലീസ് നടത്തുന്ന ഓരോ നിയമലംഘനങ്ങളും. വിധിയിൽ നിന്നും നീക്കം ചെയ്ത വാക്കുകൾ ജനങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നീക്കം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അനാവശ്യമായ കേസ്സുകൾ ചുമത്തിയും, അന്യായമായി ആളുകളെ മർദ്ദിച്ചും, തടവിലിട്ടും കാക്കിയണിഞ്ഞ ക്രിമിനൽ സംഘം എന്ന ജസ്റ്റിസ് മുള്ളയുടെ വാക്കുകൾ ഇന്നും സത്യമാണെന്നു പോലീസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
അവരെ സംബന്ധിച്ചിടത്തോളം ദരിദ്രരും തൊഴിലാളികളും തിങ്ങി പാർക്കുന്ന ചേരികളും ക്രിമിനലുകളുടെ കേന്ദ്രം മാത്രമാണ്. തല്ലിയും തടവിലിട്ടും അച്ചടക്കം പഠിപ്പിക്കേണ്ട ക്രിമിനലുകൾ മാത്രമാണ് പൊലീസിന് ചേരികളിൽ താമസിക്കുന്ന മനുഷ്യർ. കൊച്ചിയെ ഇന്ന് കാണുന്ന പകിട്ടുള്ള നഗരമാക്കിയത് ഈ ചേരികളിൽ പാർക്കുന്ന മനുഷ്യരുടെ അദ്ധ്വാനമാണെന്നു അവർ ഓർക്കില്ല.

ചില സന്ദർഭങ്ങളിൽ മിതമായ ബലപ്രയോഗം നടത്താമെന്നു നിയമം പറയുന്നുണ്ടെങ്കിലും ആളുകളെ മർദ്ദിക്കാൻ നിയമപ്രകാരം പൊലീസിന് അധികാരമില്ല. അപ്പോൾ പിന്നെ അന്യായമായി മർദ്ദിച്ചതിന് എന്ത് ന്യായം ? അവിടെയാണ് രണ്ടാമത്തെ നിയമലംഘനം !! അന്യായമായി തല്ലിചതച്ച ചെറുപ്പക്കാർക്കെതിരെ കളവായി കേസ്സെടുക്കുക. പോലീസിന്റെ നിയമപരമായ ആജ്ഞയെ ധിക്കരിച്ചു, ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ തടസ്സം വരുത്തി, എന്ന് തുടങ്ങി പോലീസിനെ ആക്രമിച്ചു എന്ന് വരെ എഴുതി കളവായി കേസ്സെടുക്കാൻ യാതൊരു മടിയുമുണ്ടാകില്ല.
നിയമപരമായ അധികാരം ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾക്കു ഉപയോഗിച്ചാൽ പിന്നെ നാട്ടിൽ നീതിയും ന്യായവും സ്വാതന്ത്ര്യവും ജനാധിപത്യവും ഉണ്ടെന്നു അവകാശപ്പെടാൻ കഴിയുകയില്ല. ഇത്തരം മർദ്ദകരായ പോലീസുകാർ സർക്കാർ ജോലി ചെയ്തു നമ്മുടെ നികുതി പണത്തിൽ നിന്നും ശമ്പളം വാങ്ങാൻ യോഗ്യരല്ല. അവർ നിയമ വ്യവസ്ഥയെയും ഭരണഘടനയെയും ആണ് വെല്ലുവിളിക്കുന്നതും ആക്രമിക്കുന്നതും.
ഈ ചെറുപ്പക്കാരെ ആക്രമിച്ച പോലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കാനും സർവ്വീസിൽ നിന്നും പിരിച്ചു വിടാനും സർക്കാർ തയ്യാറാകണം. അതോടൊപ്പം ആക്രമിക്കപ്പെട്ട ചെറുപ്പക്കാർക്കെതിരെ കളവായി ചുമത്തിയ കേസ് റദ്ദാക്കുകയും വേണമെന്നു കേരള സർക്കാരിനോട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു.
ജനങ്ങൾക്കെതിരെ ഇനിയുമൊരു അന്യായമായ പോലീസ് മർദ്ദനം ഉണ്ടാകരുത്!! ജനമൈത്രി എന്ന് പെരുമാറ്റിയാൽ ജനാധിപത്യത്തിലെ പോലീസ് ആകില്ല!! പൗരാവകാശങ്ങൾ മാനിക്കാത്ത പോലീസുകാർ ജനാധിപത്യത്തിന് അപകടം !! മർദ്ദകരായ പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടുക!!