ജാമിഅ മില്ലിയ ഐഎംഎയും ഉള്‍പ്പെടെ 6000ത്തോളം സ്ഥാപന- സന്നദ്ധ സംഘടനകളുടെ വിദേശഫണ്ട് ലൈസൻസ് റദ്ദാക്കി കേന്ദ്രം

രാജ്യത്തെ 6000ലേറെ സ്ഥാപന- സന്നദ്ധ സംഘടനകൾക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി കേന്ദ്ര സർക്കാർ.
ജാമിയ മിലിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഡല്‍ഹി ഐഐടി, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ഉള്‍പ്പെടെ ആറായിരത്തോളം സ്ഥാപനങ്ങളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള രജിസ്‌ട്രേഷന്‍ കാലാവധി ശനിയാഴ്ച്ചയോടെ അവസാനിക്കും. അവയുടെ എഫിസിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ കേന്ദ്രം തള്ളി.
മദര്‍തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയുടെ എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കാനുള്ള അനുമതി നിഷേധിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കുന്നത്.
ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാത്തവ, തൃപ്തികരമായ രേഖകളില്ലാത്തതിനാല്‍ ആഭ്യന്തരമന്ത്രാലയയം അപേക്ഷ തള്ളിയവ… ഇങ്ങനെ പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് 6003 സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് മോദി സർക്കാർ റദ്ദാക്കിയത്. രാജ്യത്ത് 22,832 സ്ഥാപനങ്ങളാണ് വിദേശ ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്.
പുതിയ സാഹചര്യത്തില്‍ ഇവയുടെ എണ്ണം 16,829 ആയി കുറഞ്ഞു. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറി, കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍റ് ടെലിവിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും ലൈസന്‍സ് നഷ്ടമായവയുടെ പട്ടികയില്‍പെടുന്നു.
12,000ലധികം സംഘടനകള്‍ക്ക് ലൈസന്‍സ് റദ്ദായി എന്ന വിവരമാണ് വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടതെങ്കിലും മുന്‍വര്‍ഷങ്ങളില്‍ ലൈസന്‍സ് റദ്ദായവയുടെ കൂടി ഉള്‍പ്പെടുത്തിയ കണക്കാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ സെപ്തംബര്‍ 29നും വരുന്ന മാര്‍ച്ച് 31നുമായി ലൈസന്‍സ് കാലാവധി കഴിയുന്ന സംഘടനകള്‍ക്ക് മാര്‍ച്ച് 31 വരെ പുതുക്കാനുള്ള സമയം ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നു. ലൈസന്‍സ് റദ്ദായ സംഘടനകള്‍ക്ക് അപ്പീൽ നൽകാം. ഈ പശ്ചാത്തലത്തില്‍ മിഷനറീസ് ഓഫ് ചാരിറ്റിക്കും അപ്പീൽ നൽകാമെങ്കിലും തീർപ്പാകുന്നതു വരെ വിദേശസംഭാവന സ്വീകരിക്കാനാവില്ല.


