Opinion

ഡാൻ ബ്രൗണിൻ്റെ ‘ഇൻഫെർണോ’ യും ഇന്ത്യയിലെ കോവിഡ് വ്യാപനവും

പ്രതികരണം/മുഹ്സിന മുബാറക്ക്

തീർത്തും യാദൃശ്ചികമായാണ് രണ്ട് വർഷം മുമ്പ് ഡാൻ ബ്രൗണിൻ്റെ ‘ഇൻഫെർണോ’ വായിക്കാനിടയാവുന്നത്.

അജ്ഞാതമായ ഒരു സാംക്രമിക രോഗം ലോകത്തെയാകെ നശിപ്പിക്കാനൊരുങ്ങുന്നുവെന്ന് വിവരം ലഭിക്കുന്ന ലോകാരോഗ്യ സംഘടന, അതിനെ തടയാൻ ശ്രമിക്കുന്നതാണ് നോവലിൻ്റെ ഉള്ളടക്കം.

പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലാകെ പടർന്നു പിടിച്ച പ്ലേഗ് മഹാമാരിയെക്കുറിച്ച് പുസ്തകത്തിൽ ആദ്യാവസാനം പരാമർശമുണ്ട്.

2013 ലാണ് ഡാൻ ബ്രൗണിൻ്റെ ‘ഇൻഫെർണോ’ എന്ന പുസ്തകം പുറത്തിറങ്ങുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം 2016-ൽ ടോം ഹോങ്ക്സ് നായകവേഷത്തിലെത്തുന്ന സിനിമയായി അത് സ്ക്രീനിലെത്തി.

ഒരു പാൻഡെമികിനെ അതിവിദഗ്ധമായി വളർത്തിയെടുക്കാൻ വില്ലനും അതിനെ തടയാൻ നായകനും നടത്തുന്ന സാഹസികതകൾ ജനം ശ്വാസമടക്കിപ്പിടിച്ച് കണ്ടു. വീണ്ടും മൂന്ന് വർഷങ്ങൾക്ക് ശേഷം 2019 ഡിസംബർ 31 ന്, ചൈനയിലെ വുഹാനിൽ നിന്ന് അതിവേഗം പടർന്നു പിടിക്കുന്ന ഒരു തരം ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

നമ്മളൊരു മഹാമാരിയെ നേരിട്ട് കണ്ടുമുട്ടുകയായിരുന്നു. ഡാൻ ബ്രൗണിലെ ദീർഘദൃക്കിനെയോർത്ത് അത്ഭുതപ്പെട്ട സന്ദർഭങ്ങൾ വേറെയുമുണ്ട്. The Lost Symbol വായിച്ചു കൊണ്ടിരിക്കെയാണ് Capitol Hill ആക്രമണം നടക്കുന്നതെന്നത് ഒരു ഉദാഹരണം.

ഇൻഫെർണോയിലെ ജനിതക ശാസ്ത്രജ്ഞനായ ബെർട്രാൻറ് സോബ്രിസ്റ്റ് പാൻഡെമിക്കിനെ പടർത്താൻ തെരഞ്ഞെടുക്കുന്ന സ്ഥലം ഇസ്തംബൂളിലെ ഏറെ പുരാതനമായ ഒരു ഗുഹയാണ്. വെള്ളം കെട്ടി നിൽക്കുന്ന, അന്തരീക്ഷത്തിൽ ഈർപ്പമുള്ള, സംഗീത വിരുന്നിനു വേണ്ടി അനേകമാളുകൾ തിങ്ങി നിറയുന്ന ഇടുങ്ങിയ ഇടം. ഒരു എയർ ബോൺ വൈറസിനു ഏറ്റവും വേഗത്തിലും ഫലപ്രദമായും പടർന്നു പിടിക്കാവുന്ന സാഹചര്യം.

ഇന്നത്തെ ടേമുകൾ ഉപയോഗിച്ചാൽ ഒരു തികഞ്ഞ Super Spreader Event ( SSE). ( Super Spreader Event എന്ന ടേം രൂപപ്പെടുന്നത് 2015 ലാണ്. ബ്രൗൺ ഈ ബുക്കെഴുതുന്ന സമയത്ത് അതില്ലായിരുന്നു).

ആൾക്കൂട്ടങ്ങളും അന്തരീക്ഷത്തിലെ ഈർപ്പവും വൈറസിനു പടർന്നു പിടിക്കാൻ ഏറ്റവും അനുകൂല സാഹചര്യമാണെന്നിരിക്കെയാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു രാജ്യത്ത് നാൽപെത്തിയെട്ടര ലക്ഷത്തിലധികം ആളുകൾ കുംഭസ്നാനത്തിനായി ഒരുമിച്ച് കൂടുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ ഭരണാധികാരികൾ തന്നെ നേതൃത്വം നൽകിയ ഇലക്ഷൻ റാലികൾ നടന്നത്. റൂയിട്ടേഴ്സിൻ്റെ കണക്കുകൾ പ്രകാരം ലോകത്താകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ പോസിറ്റീവ് കേസുകളിൽ മൂന്നിലൊന്ന് ഇന്ത്യയിൽ നിന്നാണ്.

വരാനിരിക്കുന്ന കണക്കുകളുടെ ഭീകരത ഊഹിക്കാൻ പോലുമാവുന്നില്ല. ജനിതകമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന, ഇനിയും പൂർണമായി മനസ്സിലാക്കാനാകാത്ത വൈറസ്, അതുണ്ടാക്കുന്ന സെക്കൻഡ് വേവ് കടന്നാക്രമിക്കുമ്പോഴും SSE കൾ തടയാനാവുന്നില്ല എന്നിടത്താണ് നമ്മുടെ വലിയ പരാജയം.

എങ്കിൽ പിന്നെ അതിൻ്റെ ആഘാതം കുറക്കാനെങ്കിലും ശ്രമിക്കാമായിരുന്നില്ലെ? SSE കൾ സംഭവിച്ച് കഴിഞ്ഞാൽ അവരെ കമ്മ്യൂണിറ്റി ക്വാറൻ്റൈൻ ചെയ്യുന്ന ഒരാശയം പങ്കുവെക്കുന്നുണ്ട് UK യിൽ നിന്ന് പുറത്തിറങ്ങുന്ന Journal of Infection (82nd Edition).

ഒരു നിശ്ചിത സമയത്തേക്ക് ഇവൻ്റിൽ പങ്കെടുത്തവരെ നിശ്ചയിക്കപ്പെട്ട പരിധിക്ക് പുറത്ത് പോവാൻ അനുവദിക്കാതെ ക്വാറൻൈറൻ ചെയ്യുന്ന രീതി. എന്തുകൊണ്ടോ നമ്മുടെ ആരോഗ്യ വിദഗ്ധരോ നേതൃത്വമോ അതിനെ കുറിച്ച് സംസാരിച്ച് കണ്ടില്ല.

ഇന്ത്യയിലിതു വരെ 4.5 % ആളുകളെയാണ് വാക്സിനേറ്റ് ചെയ്തത്. പ്രതിദിനം 3,243,306 ഡോസ് എടുക്കുന്നു. ഇതേ നിരക്കിൽ 10% പേരെ വാക്സിനേറ്റ് ചെയ്യാൻ 85 ദിവസമെടുക്കുമെന്ന് റൂയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

WHO യ്ക്ക് സമർപ്പിച്ച കണക്ക് പ്രകാരം ഇന്ത്യ ആരോഗ്യ മേഖലയിൽ ചെലവഴിക്കുന്നത് GDP യുടെ 4.69% മാത്രമാണ്. പ്രശ്നവും പരിഹാരവും വ്യക്തമാണ്.

പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ വെനീസിലെ തടാകങ്ങളിലൂടെ ഒഴുകി നടന്ന ഭീതിദമായ ചരിത്രം ഓർക്കുന്നുണ്ട് ബ്രൗൺ പുസ്തകത്തിൽ. ഗുജറാത്തിനിപ്പോൾ വെന്ത മനുഷ്യ മാംസത്തിൻ്റെ മണമാണെന്ന് കേൾക്കുന്നു…

കാര്യങ്ങളെ ശാസ്ത്രീയമായി പഠിക്കുന്നതിലോ വിശകലനം ചെയ്യുന്നതിലോ നമ്മുടെ ഭരണകൂടത്തിന് താല്പര്യമില്ല, അവർ ഇൻഫെർണോ പോലെയുള്ള കഥകളെങ്കിലും വായിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു…

3.3 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x