
തിരുവനന്തപുരം പാളയം ഇമാമിന്റെ ഇന്നത്തെ ജുമുഅ ഖുതുബയിലെ വരികൾ കേട്ടു.. “ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം. അവർക്ക് വേണ്ടി മസ്ജിദുകളും വീടുകളും തുറന്നു കൊടുക്കണം, നോമ്പ് വിഭവങ്ങൾ അവർക്കായി നല്കണം. അവർ നമ്മുടെ അതിഥികളാണ് “
ഈ വിശുദ്ധ റമദാനിൽ കേട്ട ഏറ്റവും മനോഹരമായ വാക്കുകൾ..
വേറൊരു വിശ്വാസവുമായി ബന്ധപ്പെട്ടതാകയാൽ അതിന്റെ ചടങ്ങുകളിൽ നമ്മൾ പങ്ക് കൊള്ളുന്നില്ലെങ്കിലും അതിനെത്തുന്നവർ നമ്മുടെ അതിഥികളാണെന്ന് ഇമാം സുഹൈബ് മൗലവി ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികളെ ഉണർത്തുന്നു. ഒരു ബഹുസ്വര സാംസ്കാരികത എങ്ങിനെയാണ് അതിന്റെ വെള്ളവും വളവും സ്വീകരിക്കുന്നത് എന്നതിന്റെ അതിമനോഹരമായ ഉദാഹരണം.
ഇതൊക്കെയാണ് നമ്മുടെ സ്റ്റോറികൾ.. പക്ഷേ നിർബന്ധിച്ചു വായിൽ ബീഫ് കുത്തിക്കേറ്റുന്നവരുടെ നാടായാണ് നാം ചിത്രീകരിക്കപ്പെടുന്നത്. ആ സിനിമ നാളെ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും റിലീസ് ചെയ്യപ്പെടുകയാണ്. വിവിധ മതസമൂഹങ്ങൾ ഏറ്റവും സൗഹാർദ്ദപരമായി ജീവിക്കുന്ന ഒരു മണ്ണിനെ അതിന്റെ നേർ വിപരീത ദിശയിൽ ചിത്രീകരിക്കുന്ന ദുരന്തം നാളെ മുതൽ തിയേറ്ററുകളിൽ ആഘോഷിക്കപ്പെടും. ടാക്സ് ഫ്രീയും ദേശീയ അവാർഡുകളും അതിനെ തേടിയെത്തും.
ഹോളിക്ക് മുന്നോടിയായി മുസ്‌ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മറച്ച് വെക്കുന്ന പണികൾ യുപിയിൽ തുടങ്ങിയതായി കഴിഞ്ഞ ദിവസം വാർത്ത കണ്ടിരുന്നു. അത്തരമൊരു സാമൂഹ്യാവസ്ഥ സൃഷ്ടിച്ചെടുത്ത് അധികാരത്തിൽ തുടരുന്ന മനുഷ്യദ്രോഹികൾ തന്നെയാണ് ഇത്തരം സിനിമകൾക്കും പിറകിലുള്ളത്. ഒരു മതാഘോഷം നടക്കുമ്പോൾ മറ്റൊരു മതത്തിന്റെ പള്ളി മൂടി വെക്കേണ്ട ഗതികേട് ഒരിടത്ത്.. ഒരു മത ചടങ്ങ് നടക്കുമ്പോൾ മറ്റൊരു മതത്തിന്റെ പള്ളി അവർക്കായി തുറന്ന് കൊടുക്കുന്ന ബഹുസ്വരത നമ്മുട മണ്ണിൽ.. എന്നിട്ടും അവർ നമ്മെ മുദ്ര കുത്തുന്നത് ഭീകരരുടെ നാട് എന്ന്..
മനുഷ്യർ മനുഷ്യരായി ജീവിക്കുന്ന കേരളം പോലുള്ള തുരുത്തുകളെപ്പോലും ഇല്ലാതാക്കുക എന്നതാണ് അവരുടെ ലാർജർ പ്ലാൻ.
പക്ഷേ അവരുടെ തന്ത്രങ്ങളേയും പ്ലാനുകളുയുമെല്ലാം അതിജയിക്കുവാനും ആട്ടിയോടിക്കുവാനുമുള്ള കരുത്ത് കേരളത്തിനുണ്ട്. എത്ര ‘കേരള സ്റ്റോറി’കൾ ഇറങ്ങിയാലും അതിനെയൊക്കെ നേരിടാനുള്ള ഒരു സാംസ്കാരിക സർഗ്ഗാത്മകത നമ്മുടെ മണ്ണിനുണ്ട്. പാളയം പള്ളിയിൽ നിന്ന് കേട്ട ഖുതുബയുടെ സന്ദേശം അതാണ് നമ്മോട് പറയുന്നത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS