The post വെള്ളിയാഴ്ച പള്ളികളിലെ ഖുതുബ; ബോറടിപ്പിക്കാതെ ചുരുക്കി പറയണം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>വെള്ളിയാഴ്ചകളിൽ പള്ളികളിൽ നടക്കുന്ന പ്രാർത്ഥനയുടെ ഭാഗമാണ് ഖുതുബ. ലോകത്തിന്റെ എല്ലാ ഭാഗത്തും മുസ്ലിംകൾ നിർവഹിച്ചു പോരുന്ന ഖുതുബയുടെ കേരളത്തിൽ കാണുന്ന ചില കൗതുക കാഴ്ചകൾ പറയാനുണ്ട്.
കേരളത്തിൽ പലതരം ഖുതുബകളുണ്ട്.
അടുത്തകാലത്ത് പങ്കെടുത്ത ചില ഖുതുബകൾ ഉദാഹരണമായി എടുക്കാം.
1) താമരശ്ശേരി ടൗണിലെ സുന്നി പള്ളി : മുഅദ്ദിൻ വന്ന് മഹ്ശറ വിളിക്കുന്നു (എന്താണ് ഖുതുബ, എന്താണ് വെള്ളിയാഴ്ചയുടെ പ്രത്യേകത, ഖുതുബ നടക്കുമ്പോൾ കാണിക്കേണ്ട അദബുകൾ എന്ത് എന്ന് ചുരുക്കിപ്പറയുന്നത്) അത് അറബിയിലാണ്. അറബി അറിയാത്തവർക്ക് ഒന്നും മനസ്സിലാകില്ല.
പിന്നീട് ഇമാം മിമ്പറിൽ കയറി ഒരു കിതാബ് നോക്കി മനോഹരമായി ഓതും. ചെറിയൊരു പ്രാർത്ഥന, എല്ലാം അറബിയിൽ.
നിസ്കാരത്തിനും പ്രാർഥനക്കും ശേഷം പ്രസംഗം ഉണ്ടോ എന്നറിയില്ല. തൊണ്ണൂറു ശതമാനം ആളുകളും സുന്നത്ത് നിസ്കാരത്തോടെ പിരിയും.
ഈ ഖുതുബ ഈ പോസ്റ്റിലെ തുടർ ചർച്ചയിൽ പരാമർശ വിധേയമല്ല കേട്ടോ, അങ്ങനെ നടത്തുന്ന ഖുതുബയോട് വ്യകതിപരമായി എതിർപ്പൊന്നുമില്ല, ഓരോരുത്തർക്കും അവരവരുടെ വിശ്വാസ രീതികളും ആചാരങ്ങളുമുണ്ടാകും, മതത്തിന് ഇക്കാര്യത്തിലൊന്നും വലിയ കടുംപിടുത്തമില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്.
2) താമരശ്ശേരിക്കടുത്ത കോരങ്ങാട് പള്ളി : പള്ളിയിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ ഖുതുബ തുടങ്ങുന്നതിന് മുമ്പ് ഇമാം മൈക്കിന് മുന്നിലെത്തി കുറച്ചു നേരം സംസാരിക്കും. മനോഹരമായ ഗൗരവപൂർവ്വമായ സംസാരം. എല്ലാവരും സാകൂതം കേട്ടിരിക്കും.
3) ഈയിടെ ഞാൻ പോയ കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്ത പള്ളി : സുന്നിപ്പള്ളിയല്ല, (വഹാബികളിൽ ഏത് വിഭാഗത്തിന്റേതാണ് എന്നറിയില്ല) ഞാൻ കയറി ചെല്ലുമ്പോൾ മനോഹരമായ പ്രസംഗമാണ്, പത്ത് മിനിറ്റ് കേട്ട് കഴിഞ്ഞപ്പോൾ ബോറടിച്ചു തുടങ്ങി, ചുറ്റും നോക്കുമ്പോൾ ആദ്യം പ്രസംഗത്തിൽ ശ്രദ്ധിച്ചിരുന്ന പലരും മൊബൈൽ ഫോണിലേക്ക് മാറിയിരിക്കുന്നു, ഖുതുബ ഒരുപാട് സമയം തുടർന്നു, ആനുകാലികവും രാഷ്ട്രീയവുമൊക്കെയുണ്ട്.
ഇതൊന്ന് നിർത്തിക്കിട്ടിയിരുന്നെങ്കിൽ എന്ന് ആളുകൾക്ക് തോന്നുന്നത്ര നീണ്ടു പോയ ഖുതുബ.
4) കഴിഞ്ഞ വർഷം തിരുവനന്തപുരം നഗരത്തിലെ ഒരു സുന്നി പള്ളിയിൽ ജുമുഅക്ക് കയറി : ഖുതുബക്ക് മുമ്പ് ഉസ്താദ് പ്രസംഗം തുടങ്ങി, പള്ളിക്ക് ആയിരം രൂപ സംഭാവന കൊടുത്ത, എൻട്രൻസ് എക്‌സാമിന് പോകുന്ന പെൺകുട്ടിക്ക് വേണ്ടിയുള്ള പ്രാർത്ഥന മുതൽ കുറെ വ്യക്തിപരമായ പ്രാർത്ഥനകൾ, സാമാന്യം നല്ല വെറുപ്പിക്കലായിരുന്നു.
പള്ളിയുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളും വെള്ളിയാഴ്ചയുമായോ വിശ്വാസവുമായോ ബന്ധപ്പെട്ട കാര്യങ്ങൾ കാര്യമായി ഒന്നുമില്ല.
ഇപ്പറഞ്ഞതിൽ മിമ്പറിന് മുകളിലോ താഴെയോ നിന്ന് മലയാളത്തിൽ പറയുന്നവരോട് മാത്രമാണ് പറയാനുള്ളത്.
നിങ്ങൾ നടത്തുന്ന പ്രസംഗം 10-15 മിനിറ്റിൽ കൂടാതിരിക്കുകയും കാര്യമാത്ര പ്രസക്തമാവുകയും ചെയ്‌താൽ കേൾക്കുന്നവർക്ക് പ്രയോജനപ്പെടും.
നീട്ടിപ്പരത്തിപ്പറയാതെ പറയേണ്ട കാര്യങ്ങൾ നോട്ടു ചെയ്ത് മുമ്പിലിരിക്കുന്ന എല്ലാ മനുഷ്യർക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശത്തോടെ സംസാരിക്കേണ്ടതുണ്ട്.
പഴയ കാലമല്ല, ഒരു മിനിറ്റ് റീൽ പൂർണ്ണമായി കാണാനുള്ള ക്ഷമയില്ലാതെ അടിച്ചു വിടുന്ന മനുഷ്യരാണ്, കുറഞ്ഞ വാക്കിൽ കാര്യം പറഞ്ഞാൽ അവർക്ക് മനസ്സിലാകും, പല തിരക്കുകളുമുണ്ടാകും യാത്രക്കാരുണ്ടാകും അവരെ പരിഗണിച്ച് കൊണ്ട് വേണം സംസാരിക്കാൻ.
ഏതാനും ആഴ്ചകൾക്ക് മുമ്പ് അടിവാരം അങ്ങാടിയിലെ പള്ളിയിൽ ഉസ്താദിന്റെ പ്രസംഗം കാടുകയറിയപ്പോൾ ഒരാൾ എഴുന്നേറ്റ് നിന്ന് ഞങ്ങൾ ജുമുഅക്ക് വന്നതാണ്, നിങ്ങളുടെ വയള് കേൾക്കാൻ വന്നതല്ല എന്ന് വിളിച്ചു പറഞ്ഞു. ഹൈവേകളിലെ പള്ളികളിലൊക്കെ നൂറ് തിരക്കുകളുമായി പോകുന്നതിനിടെ ഓടിക്കയറുന്ന മനുഷ്യരെ പരിഗണിക്കേണ്ടതുണ്ട്.
വെള്ളിയാഴ്ച പ്രസംഗങ്ങളിലെ വിഷയങ്ങൾ തെരെഞ്ഞെടുക്കുന്നിടത്തും പ്രശ്നമുണ്ട്, ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കളയേണ്ട സമയമല്ലല്ലോ അത്.
പല രാജ്യങ്ങളിലും അതാത് ആഴ്ചകളിലെ വിഷയങ്ങളും, പലപ്പോഴും ഖുതുബകൾ പൂർണമായും മതകാര്യവകുപ്പ് എത്തിച്ചു കൊടുക്കുന്ന ഏർപ്പാടുണ്ട്.
പള്ളികൾ നിയന്ത്രിക്കുന്ന സംഘടനകൾ ഓരോ ആഴ്ചയിലേക്കുമുള്ള ഹൃസ്വമായ പ്രസംഗം എത്തിച്ചു കൊടുക്കുന്നത് ഇമാമുമാർക്ക് പ്രയോജനപ്പെടും.
വിശ്വാസികൾ ഒട്ടും ബോറടിക്കാതെ കേട്ടിരിക്കുകയും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വിഷയം അല്ലാഹുവിനെക്കുറിച്ചുള്ള, അവൻ്റെ ദാത്ത്, സ്വിഫാത്ത്, അഫ്‍ഹാൽ, ആസാർ സംബന്ധിയായ വിഷയങ്ങളാണ്.
റൂഹുകൾക്ക് അതിൽ ലയിച്ചിരിക്കാൻ സാധിക്കും. കാരണം അവൻ്റെ റൂഹിൽ നിന്ന് ഊതിയ റൂഹുകളാണ് ഓരോ മനുഷ്യരിലും കുടികൊള്ളുന്നത്. അതിൻ്റെ കൂടെ അതാത് ആഴ്ചകളിലെ സമുദായത്തെ അറിയിക്കേണ്ട പരീക്ഷകൾ പോലുള്ള പൊതു വിഷയങ്ങൾക്കായി രണ്ടു മിനിറ്റ് കൂടി മാറ്റിവെച്ചാൽ ഖുതുബ കഴിഞ്ഞിട്ട് പള്ളിയിൽ കയറാം എന്ന് വിചാരിക്കുന്നവർ പോലും അഞ്ചു മിനിറ്റ് മുമ്പെത്തി ഖുതുബക്ക് കാത്തിരിക്കും.
ആബിദ് അടിവാരം
The post വെള്ളിയാഴ്ച പള്ളികളിലെ ഖുതുബ; ബോറടിപ്പിക്കാതെ ചുരുക്കി പറയണം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post മുസ്ലിം നവോത്ഥാനത്തിന്റെ പ്രത്യയശാസ്ത്രം ലിബറലിസം അല്ല appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ഖുര്‍ആനിലും, പ്രവാചകാധ്യാപനങ്ങളിലും പ്രകടമായ കാര്യങ്ങളുണ്ട്. എന്നാല്‍ വിവിധ കാലങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങള്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രകടമായ ഉത്തരങ്ങളുണ്ടാകില്ല. അപ്പോള്‍ ഖുര്‍ആനിന്റെയും, പ്രവാചകാധ്യാപനങ്ങളുടെയും മൂല്യങ്ങളില്‍ ഊന്നി നിന്ന് മുന്‍കാല പഠനങ്ങളുടെയും ധിഷണയുടെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഗവേഷണം നടത്തി കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നു. ഇതിനെ ഇസ്‌ലാമിന്റെ ഭാഷയില്‍ ഇജ്തിഹാദ് (ഗവേഷണം) എന്നു വിളിക്കുന്നു. നിലനില്‍ക്കുന്ന കാലത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ പ്രസ്ഥാനങ്ങളും, സംഘങ്ങളും, വ്യക്തികളും മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തില്‍ ഉടനീളം കാണാം. ഓരോ ദേശത്തും, കാലത്തും വിഭിന്നമായ ഇജ്തിഹാദുകള്‍ ഉണ്ടാകും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും, കെ എം മൗലവിയും വിഭിന്നമായ ഗവേഷണം നടത്തിയവരാണ്.ലിബറലിസം വ്യക്തിവാദത്തില്‍ അടിസ്ഥാനമായ പ്രത്യയശാസ്ത്രമാണ്. ഇസ്ലാമിക സമൂഹത്തില്‍ വിവിധ കാലങ്ങളില്‍ നടന്ന പരിഷ്‌കരണവും, ഗവേഷണങ്ങളുടെയും അടിസ്ഥാനം ഇസ്‌ലാമിക പ്രമാണങ്ങളാണ്. അതിനാല്‍ തന്നെ ലിബറലിസവും ഇസ്ലാമിക നവോത്ഥാനവും വ്യത്യസ്തമാണ്. ഇന്ത്യന്‍ ജനാധിപത്യത്തോട് രാജ്യത്തെ മുസ്ലിംകള്‍ ചേര്‍ന്നുനിന്നത് ലിബറല്‍ ആശയങ്ങളുടെ ഭാഗമായിട്ടല്ല. ഇസ്‌ലാമിക പാരമ്പര്യങ്ങളെ മുറുകെ പിടിച്ച ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും, ബി പോക്കര്‍ സാഹിബും ഭരണഘടനാ അസംബ്ലിയില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചവരായിരുന്നു. അവര്‍ക്ക് അവരുടെ മതപരമായ സാധുത ജനാധിപത്യ ഇന്ത്യയുടെ ഭാഗമാകാന്‍ ഉണ്ടായിരുന്നു. ബി പോക്കര്‍ സാഹിബും, അബുല്‍കലാം ആസാദും ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗങ്ങളായിരിക്കുമ്പോള്‍ തന്നെ അവര്‍ സലഫികളായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. രാജ്യത്തെ മുസ്‌ലിം ലീഗും, പാരമ്പര്യ സുന്നികളും സലഫികളും മുക്കാല്‍ നൂറ്റാണ്ട് മുമ്പേ ലിബറല്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാജ്യത്ത് ജീവിച്ചത് എന്ന് സാമാന്യബോധത്തോടെ സിദ്ധാന്തിക്കാന്‍ സാധിക്കില്ല. മതപരമായ സാധുതയുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമായത്.
സർ സയ്യിദ് ലിബറലോ?

ഇന്ത്യയില്‍ ഇസ്ലാമിനകത്തെ ലിബറല്‍ നിലപാടുകള്‍ സ്വീകരിച്ച മുന്‍ഗാമി സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ (1817-1898) ആണെന്ന നിരീക്ഷണവും ചരിത്രപരമായി സാധുതയില്ലാത്തതാണ്. സര്‍ സയ്യിദ് അഹമ്മദ് ഖാനെ കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. സര്‍ സയ്യിദിന്റെ സന്തത സഹചാരിയായിരുന്ന മൗലാനാ അല്‍താഫ് ഹുസൈന്‍ ഹാലി എഴുതിയ ‘ഹയാതെ ജാവീദി’ ആണ് അതില്‍ ഏറ്റവും ആധികാരിക ഗ്രന്ഥം. ഷാ വലിയുള്ള അദ്ദഹലവിയുടെ മതകാഴ്ചപ്പാടുകളാണ് സര്‍ സയ്യിദിന്റെ വീക്ഷണങ്ങളെ സ്വാധീനിച്ചതെന്ന് ചരിത്രം പറയുന്നുണ്ട്. ഷാ വലിയുള്ള അദ്ദഹലിവിയാകട്ടെ ഇന്ത്യാ ഉപഭൂഖണ്ഡത്തെ ഏറ്റവും സ്വാധീനിച്ച മതപരിഷ്‌കര്‍ത്താവാണ്. സര്‍ സയ്യിദിനെ കുറിച്ച് പല കഥകളും രാജ്യത്ത് പ്രചരിച്ചിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്താണ് മക്കയിലെ കഅബ. മുസ്ലിംകള്‍ പടിഞ്ഞാറോട്ട് നിന്ന് നിസ്‌കരിക്കുമ്പോള്‍ സര്‍ സയ്യിദ് കിഴക്കോട്ട് തിരിഞ്ഞാണ് നിസ്‌കരിക്കുക എന്നതായിരുന്നു പ്രചാരത്തിലിരുന്ന പ്രധാന കഥ. അലീഗഡില്‍, പില്‍ക്കാലത്ത് അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയായിത്തീര്‍ന്ന കോളെജിലെ പള്ളിയില്‍ പടിഞ്ഞാറോട്ട് തിരിഞ്ഞ് തന്നെ സയ്യിദ് അഹമ്മദ് ഖാന്‍ നിസ്‌കരിക്കുന്നത് കണ്ടപ്പോഴാണ് സാധാരണ ജനങ്ങള്‍ക്ക് നുണപ്രചാരണങ്ങളുടെ അര്‍ഥശൂന്യത ബോധ്യമായത്. സര്‍ സയ്യിദിന്റെ മതവീക്ഷണം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ വിശദീകരിക്കാം: ‘സമുദായത്തോടുള്ള സ്‌നേഹം സത്യവിശ്വാസത്തിന്റെ ഭാഗമാകുന്നു. ആര് സമുദായത്തിന്റെ അന്തസ്സിന് വേണ്ടി പ്രവര്‍ത്തിച്ചുവോ നിശ്ചയം അയാള്‍ തന്റെ മതത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്’. കുര്‍ത്തയും, ഷെര്‍വാണിയും, തുര്‍ക്കിത്തൊപ്പിയും ധരിച്ച് തന്റെ സ്വത്വവും വിശ്വാസവും ഉയര്‍ത്തിപ്പിടിച്ച സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ലിബറലിസത്തിന്റെ പ്രതിനിധിയാണെന്ന പ്രസ്താവം ചരിത്രവിരുദ്ധമാണ്. ‘ഞാനൊരു മുസ്‌ലിമാണ്, ഞാനൊരു ഇന്ത്യക്കാരനാണ്, വംശപരമായി ഞാനൊരു അറബിയാണ്, അറബികളെ പുറത്ത് നിന്നുള്ള ആരും ഭരിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച സർ സയ്യിദിനെ ലിബറലുകളുടെ പട്ടികയില്‍ പെടുത്താനാവില്ല. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ പ്രസിദ്ധീകരിച്ചിരുന്ന തഹ്ദീബുല്‍ അഖ്‌ലാഖില്‍ എഴുതി വെച്ചതാണ് അ്‌ദ്ദേഹത്തിന്റെ മതകാഴ്ചപ്പാട്.
വക്കം മൗലവിയുടെ കത്ത്

കേരളത്തില്‍ 1920കളില്‍ രൂപപ്പെട്ട മുസ്‌ലിം സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ചരിത്രം ഏറെക്കുറെ ലിഖിത രൂപത്തില്‍ ലഭ്യമാണ്. അതിന്റെ ആശയസ്രോതസ്സ് സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ അലീഗഡ് പ്രസ്ഥാനമാണോ, ഈജിപ്തിലെ അഫ്ഗാനി- അബ്ദു- റശീദ് രിദ സംഘത്തിന്റെ സലഫിയ്യ: ആണോ എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമില്ല. പല ഉത്തരങ്ങളും രാഷ്ട്രീയപരമായും, ചരിത്രപരമായും ഭാഗികമായ ശരികളാണ്. 1921കളിലെ മലബാര്‍ കലാപാനന്തര സാമൂഹ്യാവസ്ഥകള്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തിയുള്ള ഭൂമികയായി കേരളത്തെ മാറ്റുകയും ചെയ്തു. 1921ല്‍ തുടക്കംകുറിച്ച കേരള മുസ്‌ലിം ഐക്യസംഘം അതിന്റെ ഉപദേശക സമിതിയായി കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭക്കാണ് രൂപം നല്കിയത്. കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമേയങ്ങള്‍ ലിഖിത രൂപത്തില്‍ ലഭ്യമാണ്. ഖുര്‍ആന്‍, ഹദീസ് എന്നിവയാണ് അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മതകാഴ്ചപ്പാട് അദ്ദേഹത്തിന്റെ രചനകളിലൂടെ വായിച്ചെടുക്കാവുന്നതാണ്. ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദ്) പ്രചാരണത്തിന് വേണ്ടി വക്കം മൗലവി നിലകൊണ്ടു. മുസ്‌ലിംകള്‍ക്കിടയിലെ അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും എതിരെ അദ്ദേഹം പ്രചാരണം നടത്തി. ഈജിപ്തില്‍ നിന്നും പുറത്തിറങ്ങിയിരുന്ന അൽമനാറിന്റെ 1929 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ച മൗലവിയുടെ കത്തിൽ നിന്നും അദ്ദേഹത്തിന്റെ മതകാഴ്ചപ്പാട് വ്യക്തമാണ്. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ എന്ന നിലയിലാണ് മലയാള പത്രപ്രവര്‍ത്തന ചരിത്രം വക്കം മൗലവിയെ ഓര്‍ക്കുന്നത്. വക്കം മൗലവി പത്രം പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രസ് ഇംഗ്ലണ്ടില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. പ്രസ്സ് മാത്രമേ അദ്ദേഹം യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ളൂ. നിശിതമായ കൊളോണിയല്‍ വിരുദ്ധനായിരുന്നു വക്കം മൗലവി. അദ്ദേഹം ലിബറലിസമോ, മാര്‍ക്‌സിസമോ യൂറോപ്പില്‍ നിന്ന് കടം കൊണ്ടിട്ടില്ല. അദ്ദേഹം ഊര്‍ജ്ജം സ്വീകരിച്ചത് ഈജിപ്തിലെ ഇസ്‌ലാമിക പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ നിന്നാണ്.

ഇന്ത്യയിലെ മുസ്‌ലിം സമൂഹം രാജ്യത്ത് അതിജീവിക്കാന്‍ വേണ്ടി ലിബറലുകളുടെ ആശയങ്ങളെ സ്വീകരിച്ചുവെന്ന് പറയുന്നത് ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ വിശാലതയെ റദ്ദ് ചെയ്യലാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിപുലമായ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ പിന്തുണയോടെയാണ് രാജ്യത്തെ മുസ്‌ലിംകള്‍ ജനാധിപത്യത്തോടും, മതേതരത്വത്തോടും ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. മുസ്‌ലിം സമൂഹങ്ങളിലെ ഇജ്തിഹാദ് (ഗവേഷണം), തജ്ദീദ് (മതപരിഷ്‌കരണം) എന്നിവ കാണുമ്പോള്‍ ഇതാണ് ലിബറലിസമെന്നും, അതുകൊണ്ട് ലിബറലുകള്‍ക്കും ഇസ്‌ലാമില്‍ ഒരു മുറി സംവരണം ചെയ്യണമെന്നും ആവശ്യപ്പെടുന്നത് ആശയപരമായ സത്യസന്ധതയില്ലായ്മയാണ്. അല്ലാതെ തന്നെ മുസ്ലിം സമൂഹത്തിന്റെ ഭാഗമായി നിൽക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്.
The post മുസ്ലിം നവോത്ഥാനത്തിന്റെ പ്രത്യയശാസ്ത്രം ലിബറലിസം അല്ല appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ മരണം എന്ത് കൊണ്ട് എന്നെ ഇത്രമേൽ വേദനിപ്പിച്ചു? appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>Dr. Abdul Rasheed Pattath
ഹൃദയം കൊണ്ടെഴുതുന്ന കുറിപ്പാണിത്.
നാട്ടിൽ അവധിയിൽ പോയ സമയം. കുറച്ചു ദിവസങ്ങൾ കൊണ്ട് ഏറെ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള ബദ്ധപ്പാട്.
സെപ്റ്റംബർ പതിനേഴാം തിയതി രാത്രി.
പതിവുപോലെ തിരക്കേറിയ ഒരു ദിവസത്തിന്റെ അവസാനം ഉറങ്ങാൻ കിടന്നു. ഒരു ഫോൺ സന്ദേശത്തിന്റെ ശബ്ദം കേട്ടപ്പോൾ ഇനിയും ഉറങ്ങിയിട്ടില്ലല്ലോ എന്ന് മനസ്സിലോർത്തു. ഫോൺ തപ്പിയെടുത്ത് അപ്പോൾ വന്ന മെസ്സേജ് നോക്കി.
ശ്രീ മുബാറക് പി എ അല്പം മുമ്പ് മരണപ്പെട്ടു എന്ന സന്ദേശമായിരുന്നു അതിൽ.
അതു വായിച്ച് നിമിഷങ്ങളോളം ഞാൻ തരിച്ചിരുന്നു. അപ്രതീക്ഷിതമായ വാർത്ത എന്നു പറയാൻ കഴിയില്ല. പ്രതീക്ഷിച്ചതാണെന്നുപോലും പറയാം. എങ്കിൽ പോലും മനസ്സിനെ വിശ്വസിപ്പിക്കാൻ പാടുപെട്ടു. സ്വപ്നം കണ്ടതാണോ എന്നുപോലും സംശയം തോന്നി. ജാലകത്തിന്റെ തിരശ്ശീല നീക്കി പുറത്തേക്കു നോക്കി. ലുലു മാളിലെ വിളക്കുകളെല്ലാം അണഞ്ഞിരിക്കുന്നു. എന്നാൽ തൊട്ടപ്പുറത്ത് Marriot ഹോട്ടലിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അപ്പോളും തെളിഞ്ഞുകാണാം.
സ്വപ്നമല്ലെന്ന് ഉറപ്പ്.
ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ മരണവാർത്ത. അഞ്ചു മാസങ്ങൾക്കുമുമ്പ് അദ്ദേഹത്തെക്കുറിച്ച് ഞാൻ പറഞ്ഞു കേട്ടിട്ടുപോലുമില്ലായിരുന്നു. 2003 മുതൽ ദോഹയിലുള്ള ഞാൻ അദ്ദേഹത്തെക്കുറിച്ച് ഈ വർഷം മാർച്ച് 30ന് മുമ്പ് കേട്ടിട്ടില്ല എന്നത് അവിശ്വസനീയമായി തോന്നിയേക്കാം. ഗൾഫിലെ ഏറ്റവും വലിയ പ്രവാസി സംഘടനക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തി. പ്രഗൽഭനായ പത്രപ്രവർത്തകൻ. പത്രമാധ്യമ സംഘടനകളുടെ ഭാരവാഹി. ഇങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന മുബാറക്ക്ക്കയെ എന്തുകൊണ്ടോ കഴിഞ്ഞ 18 വർഷത്തിനിടയിൽ ഖത്തറിൽ ഞാൻ നടന്ന വഴികളിൽ കണ്ടുമുട്ടിയില്ല. അദ്ദേഹം നേതൃത്വം നൽകിയിരുന്ന പ്രവാസി സംഘടനയുടെ പ്രവർത്തകർക്ക് ഒന്നിലധികം തവണ ഞാൻ ഹെൽത്ത് ക്ലാസുകൾ എടുത്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ കണ്ടുമുട്ടിയില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ we were not destined to meet.
ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, മാർച്ച് 30ന് മുമ്പ് കേട്ടിട്ടില്ലാത്ത ഒരാളുടെ മരണം എന്നെ ഇത്രമാത്രം വേദനിപ്പിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിക്കും.
മാർച്ച് 30 മുതൽ ഏപ്രിൽ 30 വരെ കൃത്യമായി ഒരു മാസം ഞങ്ങളുടെ വഴികൾ കൂട്ടിമുട്ടി. ഒരിക്കലും മായാത്ത ഓർമ്മകളായി ആ ദിവസങ്ങൾ ഇന്നും എന്റെ കൂടെയുണ്ട്. അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ആ ഓർമ്മകൾ തിരശ്ശീലയിലെന്നപോലെ എനിക്കു വീണ്ടും കാണാം, കേൾക്കാം.
മാർച്ച് 30 ന് ആദ്യമായി അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. “ഭാര്യ കോവിഡ് പോസിറ്റീവ് ആയി ഹമദ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വിവരങ്ങളറിയാൻ യാതൊരു മാർഗവുമില്ല. നാട്ടിലെ ഒരു ബന്ധുവിൽ നിന്നാണ് ഡോക്ടറുടെ നമ്പർ കിട്ടിയത്. ഡോക്ടർ കഴിയുമെങ്കിൽ ഒന്നന്വേഷിക്കണം”.ഇതേ കാര്യം പറഞ്ഞ് നാട്ടിൽ നിന്നും രണ്ടുപേർ അൽപസമയം മുമ്പ് വിളിച്ചിരുന്നു.
എന്റെ ഫോൺ നമ്പർ ദോഹയിലെ നിരവധി മലയാളികൾക്ക് easily accessible ആണ്. എല്ലാകാലത്തും. ജോലി കഴിഞ്ഞു വീട്ടിലെത്തിയാലും മണിക്കൂറുകളോളം എനിക്ക് രോഗികളോടും ബന്ധുക്കളോടും ഫോണിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ സായാഹ്നങ്ങളും രാത്രികളുടെ നല്ലൊരുപങ്കും അസുഖങ്ങളെക്കുറിച്ചുള്ള സംശയ നിവാരണങ്ങൾക്കും ആശ്വാസ വാക്കുകൾക്കുമായി നീക്കിവെച്ചതാണ്. അതു പ്രതീക്ഷിച്ചു വിളിക്കുന്ന നിസ്സഹായരായ മനുഷ്യരോട് അറിയാതെ പോലും ഒരിക്കലും ദേഷ്യപ്പെട്ടു സംസാരിച്ചിട്ടില്ല. എന്നിട്ടും മുബാറക്കിക്ക വിളിച്ചപ്പോൾ ഞാൻ വല്ലാത്ത ധർമ്മസങ്കടത്തിലായി. ഖത്തറിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നത് ഏറെ സ്വകാര്യത ഉറപ്പുവരുത്തിയാണ്. ഹാർട്ട് ഹോസ്പിറ്റലിൽ ഇരുന്നുകൊണ്ട് എച്ച് എം സിയിലെ മറ്റൊരു ആശുപത്രിയിലെ ഐ സി യുവിൽ കോവിഡിന് ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുടെ ഇലക്ട്രോണിക് റെക്കോർഡ്സ് നോക്കുന്നതിലെ ‘ethical’ വശം എന്നെ വിഷമിപ്പിച്ചു.
പക്ഷേ അദ്ദേഹത്തിൻ്റെ ദുഃഖവും ആശങ്കയും നിസ്സഹായതയും ഫോൺ വെച്ചതിനു ശേഷവും എൻ്റെ മനസ്സിൽ നിന്നും മാഞ്ഞുപോയില്ല. കോവിഡ് വന്നവരുടെ രോഗാവസ്ഥയിൽ ഓരോ ദിവസവും ഉണ്ടാകുന്ന മാറ്റങ്ങളും വ്യതിയാനങ്ങളും അറിയാൻ ബന്ധുക്കൾക്ക് ഒരുപാട് പരിമിതികളുണ്ട്. അനുഭവിച്ചവർക്കേ അത് മനസ്സിലാകൂ. ഇതിനിടയിൽ നമുക്ക് നൽകാൻ കഴിയുന്ന എത്ര ചെറിയ വിവരങ്ങളാണെങ്കിലും അത് അവർക്ക് വലിയ ആശ്വാസമാകും. മനസ്സിൽ ഇതുപോലെയുള്ള ചിന്തകൾ കാടു കയറുന്നതിനിടയിൽ എറണാകുളത്തുനിന്നും ദുബായിൽ നിന്നും രണ്ടു കോളുകൾ കൂടി വന്നു. നജിയ എന്ന രോഗിയുടെ വിവരം അറിയാനും എന്റെ ഒരു ശ്രദ്ധ വേണം എന്ന അഭ്യർത്ഥനയുമായും.
ജോലിത്തിരക്ക് അല്പം കുറഞ്ഞപ്പോൾ ഞാൻ ഡെസ്ക് ടോപ്പിൽ അവരുടെ ഇലക്ട്രോണിക് റെക്കോർഡ് തുറന്നു. ശ്വാസകോശത്തിന്റെ എക്സ്റേയും സി ടി സ്കാൻ ഇമേജും കണ്ടപ്പോൾ അവർ ഇതിനകം വെന്റിലേറ്ററിൽ പോയില്ല എന്നത് അതിശയകരമായി തോന്നി.
രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കുന്നു. രക്തസമ്മർദ്ദം കുറവായിരുന്നു എന്നത് എന്നെ തികച്ചും നിരാശപ്പെടുത്തി. കോവിഡ് ന്യൂമോണിയ വന്ന് രക്തത്തിലൂടെ infection വ്യാപകമാകുന്ന സെപ്റ്റിസീമിയ എന്ന സ്ഥിതിയിലേക്ക് അവർ പോകുന്നോ എന്നു ഭയക്കേണ്ടിയിരിക്കുന്നു. എന്നാൽ ആ അവസ്ഥയിൽ രക്തത്തിൽ അളവുകൂടുന്ന ചില inflammatory markers കാര്യമായി കൂടിയിട്ടില്ല. ഇതു മാത്രമാണ് നേരിയ പ്രതീക്ഷ. HGHലെ ഐസിയുവിലെ ഏറ്റവും മികച്ച ഡോക്ടർമാരുടെ കൈകളിൽ തന്നെയായിരുന്നു അവർ. Records വിശദമായി പരിശോധിച്ചതിനുശേഷം ഞാൻ ഒരു വോയ്സ് മെസ്സേജായി അപ്പോഴത്തെ സ്ഥിതിവിവരങ്ങൾ മുബാറക്കിക്കയ്ക്ക് അയച്ചു കൊടുത്തു. പല സ്ഥലങ്ങളിൽ നിന്നും രോഗിയുടെ വിവരങ്ങൾ അന്വേഷിച്ചു ഫോൺ കോളുകൾ വരുന്നതുകൊണ്ട് ഞാൻ കൊടുക്കുന്ന വിവരങ്ങൾ വോയ്സ് മെസ്സേജസ് ആയിരിക്കും നല്ലത് എന്ന് എനിക്ക് തോന്നി. വെന്റിലേറ്ററിൽ പോയിട്ടില്ല എന്നത് സമാധാനം നൽകുന്ന കാര്യമാണ്. പക്ഷേ രക്തസമ്മർദ്ദം കുറവാണെന്നത് അത്ര ശുഭകരമല്ല എന്നും കൂട്ടിച്ചേർത്തു.
അന്നു രാത്രിയിൽ, ഞാൻ ഭയപ്പെട്ടതുപോലെ സെപ്സിസിന്റെ ലക്ഷണങ്ങൾ കൂടുകയും അവരുടെ കണ്ഠനാളത്തിലൂടെ ട്യൂബിട്ട് വെന്റിലേറ്ററിൽ ആക്കുകയും ചെയ്തു. ഈ വിവരങ്ങൾ എല്ലാം വെച്ചുകൊണ്ട് ഞാൻ അടുത്ത ദിവസം രാവിലെ അദ്ദേഹത്തിന് വീണ്ടും വോയ്സ് മെസ്സേജ് അയച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം നന്ദി പറഞ്ഞു കൊണ്ട് രണ്ടും മൂന്നും തവണ ഓരോ ദിവസവും എനിക്ക് മെസ്സേജ് അയക്കും. അദ്ദേഹവും മക്കളും മരുമക്കളും എന്റെ ശബ്ദത്തിനായി കാത്തിരിക്കുന്നു എന്നു പറയും. പക്ഷേ ഒരിക്കൽപോലും അദ്ദേഹം എന്നെ മനപ്പൂർവ്വം ബുദ്ധിമുട്ടിച്ചില്ല. എന്റെ തിരക്കുകൾ മനസ്സിലാക്കുന്നുവെന്നും എത്ര സമയം വേണമെങ്കിലും എൻ്റെ മെസ്സേജിന് വേണ്ടി കാത്തിരിക്കാം എന്നും പറയും.
പിന്നീടുള്ള ദിവസങ്ങളിൽ അതൊരു ദിനചര്യയായി മാറി. എല്ലാ ദിവസവും ഒരിക്കലെങ്കിലും, ചില ദിവസങ്ങളിൽ രണ്ടു നേരവും മൂന്നുനേരവും നജിയത്തയുടെ വിവരങ്ങൾ ഞാൻ അദ്ദേഹത്തിന് വോയ്സ് മെസ്സേജായി അയച്ചു കൊടുത്തു. ദിവസത്തിൽ തന്നെ പല തവണ ഞാൻ അവരുടെ electronic records തുറന്നു.
22 വർഷമായി ഏറ്റവും ആധുനികമായ ഐ സി യു(ICU)കളിൽ രോഗികളെ ചികിത്സിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ തീവ്രപരിചരണത്തിൽ കഴിയുന്ന ഒരു രോഗിക്ക് ഓരോ ദിവസവും, ഓരോ നിമിഷവും എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഒരു തിരക്കഥ പോലെ എന്റെ മുന്നിൽ തെളിയും. രോഗിയെ ഞാൻ കാണുന്നില്ലെങ്കിൽ പോലും.
പ്രതീക്ഷകൾ നൽകുന്ന നല്ല നിമിഷങ്ങളും പ്രതീക്ഷയറ്റു പോകുന്ന മോശം നിമിഷങ്ങളും കൂടിച്ചേർന്നതാണ് ICUവിൽ കിടക്കുന്ന രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ദിവസങ്ങൾ. ഇവിടെ ഈ രോഗിയെ ചികിത്സിക്കാതെ, നേരിട്ടു കാണുക പോലും ചെയ്യാതെ ഞാൻ സമ്മിശ്രമായ ആ നിമിഷങ്ങളിലൂടെ കടന്നു പോയി. പലപ്പോഴും ഞാൻ മനസ്സിൽ കരുതും. ‘ഇന്നു ഞാൻ അദ്ദേഹത്തോട് നല്ലതായി എന്തുപറയും? മിക്കവാറും മോശം അവസ്ഥയാണല്ലോ. ഇല്ലാത്ത പ്രതീക്ഷ കൊടുക്കാൻ കഴിയില്ല. പക്ഷേ പ്രതീക്ഷയുടെ ഒരു നേരിയ കണിക ഉണ്ടെങ്കിൽ അത് പങ്കുവെക്കാതിരിക്കാനും കഴിയില്ല’.
അദ്ദേഹത്തിന് തൻ്റെ ഭാര്യയോടുള്ള അഗാധമായ സ്നേഹം അദ്ദേഹത്തിന്റെ ശബ്ദത്തിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞു. ഭാര്യാഭർത്തൃബന്ധം സമാനതകളില്ലാത്ത ബന്ധമാണല്ലോ. അദ്ദേഹത്തിൻ്റെ ആ സ്നേഹവും കരുതലും എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു. പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചത്തിനുവേണ്ടി ഞാൻ നജിയത്തയുടെ റെക്കോർഡ്സ് വീണ്ടും വീണ്ടും തുറന്നു. ഞാൻ ചികിത്സിക്കുന്ന രോഗികളെയല്ലാതെ, എന്റെ ഐസിയുവിൽ കിടക്കുന്ന രോഗികളെയല്ലാതെ മറ്റൊരു രോഗിയുടെ റെക്കോർഡിന് മുന്നിൽ ഞാൻ ഇത്രയും സമയം ചിലവഴിച്ചിട്ടില്ല. പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പിന് വേണ്ടി ഞാൻ records മുഴുവൻ പരതി. രണ്ടുമൂന്നു തവണ നജിയത്ത കിടക്കുന്ന ഐ സി യു വിലെ കൺസൾട്ടന്റ് ഡോക്ടറോട് ഫോണിൽ വിളിച്ചു സംസാരിച്ചു.
വൈദ്യശാസ്ത്രത്തിൽ ഒരു അലിഖിത നിയമമുണ്ട്. രോഗിയോടും ബന്ധുക്കളോടും നാം അനുകമ്പ കാണിക്കണം. പക്ഷേ സഹതാപം പാടില്ല.You can show empathy to them but not sympathy. വൈകുന്നേരം അയക്കുന്ന എൻ്റെ ശബ്ദത്തിൽ സഹതാപവും സങ്കടവും ഇല്ലാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പക്ഷേ അനുകമ്പയോടെ സംസാരിച്ചു.
ഇതിനിടയിൽ നോമ്പു തുടങ്ങിയപ്പോൾ മെല്ലെമെല്ലെ ഞാൻ voice messages വൈകുന്നേരങ്ങളിലേക്ക് മാറ്റി. ഞാൻ നൽകുന്ന മോശം വിവരങ്ങൾ സഹിക്കാനുള്ള ശക്തി അദ്ദേഹത്തിനും മക്കൾക്കും ഉണ്ടാകണമല്ലോ. ഒരിക്കൽ അദ്ദേഹം കണ്ഠമിടറിക്കൊണ്ടു ഫോണിലൂടെ പറഞ്ഞു എന്റെ ശബ്ദം അവരുടെ നോമ്പുതുറയുടെ ഭാഗമായി എന്ന്.
വളരെ ചെറിയ പ്രതീക്ഷകളും അതിലേറെ നിരാശകളും നൽകി പതിനഞ്ചു ദിവസങ്ങൾ കടന്നു പോയിട്ടുണ്ടാകും. നജിയത്തയുടെ രക്തസമ്മർദ്ദം നോർമലായി. ഹൃദയം നന്നായി പ്രവർത്തിക്കുന്നു. എന്നാൽ ശ്വാസകോശത്തിലും ഒരുപക്ഷേ രക്തത്തിലുമുള്ള ഇൻഫെക്ഷൻ നിയന്ത്രണവിധേയമാകുന്നില്ല.
കിഡ്നിയുടെ പ്രവർത്തനം മോശമായി. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു. Inflammatory markersന്റെ അളവുകൾ ഉയരുന്നു.
ഇതിന്റെയെല്ലാം നിരാശ മെസ്സേജ് അയക്കുമ്പോൾ എൻ്റെ ശബ്ദത്തിലും നിഴലിച്ചിട്ടുണ്ടാകാം.
ഒരു ദിവസം റെക്കോർഡ് തുറന്ന എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നജിയത്തയുടെ രക്തത്തിൽ ഓക്സിജന്റെ മർദ്ദം (PaO2) മെച്ചപ്പെട്ടിരിക്കുന്നു. അത് നൂറിനുമുകളിൽ എത്തിയിരിക്കുന്നു. നാല്പതിനും അമ്പതിനും ഇടയ്ക്ക് കിടന്നിരുന്നതാണ്. ഞാൻ വീണ്ടും വീണ്ടും ആ സംഖ്യയിലേക്ക് നോക്കി. 124mmHg!! അതും 60% മാത്രം ഓക്സിജൻ കൊടുത്തുകൊണ്ട്. ഒപ്പം രക്തത്തിലെ കാർബൺഡയോക്സൈഡിന്റെ മർദ്ദവും നോർമൽ റേഞ്ചിൽ നിൽക്കുന്നു. അവരുടെ റെക്കോർഡ് നോക്കിത്തുടങ്ങിയതിനു ശേഷം ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം. ക്ഷണികമായിരിക്കാം ഇത്, ശാശ്വതമായിരിക്കില്ല എന്ന് മനസ്സ് പറഞ്ഞെങ്കിലും recordൽ കണ്ട നല്ല കാര്യങ്ങൾ ഞാൻ വൈകുന്നേരം അദ്ദേഹത്തെ അറിയിച്ചു. തീർച്ചയായും എന്റെ ശബ്ദത്തിൽ സമാധാനവും അല്പം ഉത്സാഹവും ഉണ്ടായിരുന്നു. കുറച്ചെങ്കിലും സന്തോഷവും സമാധാനവും അവർക്കും ലഭിക്കട്ടെ എന്നു തന്നെ ഞാൻ കരുതി.
രണ്ടുമൂന്നു ദിവസം ആ നല്ല നില തുടർന്നു. ഇതിനിടയിൽ ഒരിക്കൽ അദ്ദേഹം ഫോണിൽ പറഞ്ഞു. “എന്റെ ഭാര്യയുടെ അസുഖം മാറിയാൽ ഞങ്ങൾ ആദ്യം വരുന്നത് ഡോക്ടറെ കാണാൻ ആയിരിക്കും.
ഇൻഷാ അള്ളാഹ്…”. ഇതുകേട്ട് എൻ്റെ കണ്ണുകൾ നനഞ്ഞു. ഞാൻ ഒരിക്കലും കാണാത്ത, ഒരു മാസം മുമ്പുവരെ അറിയാതിരുന്ന ഒരു രോഗിയുടെ വിവരങ്ങൾ ഒരു ദിവസം പോലും ഒഴിവാക്കാതെ ഞാൻ അദ്ദേഹത്തിന് അയച്ചു കൊടുത്തു. “ഡോക്ടറും ഡോക്ടറുടെ ശബ്ദവും ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നു”. അദ്ദേഹം വീണ്ടും ഫോണിലൂടെ പറയും.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ കാര്യങ്ങൾ വീണ്ടും കൈവിട്ടുപോയി. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു.
ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനങ്ങൾ മോശമാകുന്ന multi organ dysfunction എന്നൊരു അവസ്ഥയിലേക്ക് അവർ പോയിക്കൊണ്ടിരുന്നു.
ഈ അവസരത്തിൽ ഖത്തറിൽ കോവിഡ് രണ്ടാം തരംഗം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നു. ഹാർട്ട് ഹോസ്പിറ്റലിലെ സ്പെഷ്യലൈസ്ഡ് ICUs മാനേജ് ചെയ്യുന്ന ഞങ്ങളെയടക്കം കോവിഡ് ICUs മാനേജ് ചെയ്യാൻ അധികാരികളിൽ നിന്നും വിളി വന്നു. അങ്ങനെ ഞങ്ങൾ ഹാർട്ട് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോക്ടർമാർ ഇൻഡസ്ട്രിയൽ ഏരിയയിലെ ആശുപത്രിയിലെ കോവിഡ് ഐസിയു manage ചെയ്യാൻ പോയിത്തുടങ്ങി.
April 20 മുതൽ മൂന്നാഴ്ച എൻ്റെ ഊഴമായിരുന്നു. അതിൽ ആദ്യത്തെ രണ്ടാഴ്ച ഇൻഡസ്ട്രിയൽ ഏരിയയിലും മൂന്നാമത്തെ ആഴ്ച ഹമദ് ജനറൽ ആശുപത്രി(HGH)യിലെ കോവിഡ് ഐസിയുവിലും ആയിരുന്നു എന്നെ post ചെയ്തിരുന്നത്. നജിയത്ത കിടന്നിരുന്നത് HGHലെ ഐസിയുവിൽ ആയിരുന്നു. മൂന്നാമത്തെ ആഴ്ചയെങ്കിലും അവർ കിടക്കുന്ന ഐസിയുവിൽ എത്താം എന്നുള്ള ഒരു പ്രതീക്ഷ. ICU മാനേജ് ചെയ്യുന്ന കൺസൾട്ടന്റ് ഡോക്ടർമാർ എല്ലാവരും വളരെയധികം കഴിവുള്ളവരും ഏറെ പരിചയ സമ്പന്നരും ആയിരുന്നു. എങ്കിൽപോലും അവർ കിടക്കുന്ന ഐസിയുവിൽ ഒരാഴ്ച്ച ചികിത്സിക്കാൻ കഴിഞ്ഞാൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിലോ എന്നുള്ള ഒരു പ്രത്യാശ മനസ്സിൽ വന്നു. ഈ വിവരം കേട്ടപ്പോൾ മുബാറക്കിക്കയുടെ ശബ്ദത്തിലും പ്രതീക്ഷ നിഴലിക്കുന്നതായി തോന്നി.
ഇൻഡസ്ട്രിയൽ ഏരിയയിലെ ആശുപത്രിയിലെ കോവിഡ് ഐസിയുവിൽ എത്തിയപ്പോൾ ഞാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ തിരക്കായി. വൈകുന്നേരം വീട്ടിൽ വന്നതിനു ശേഷം മാത്രമേ പലപ്പോഴും ഫോൺ ഉപയോഗിക്കാൻ കഴിയാറുള്ളൂ. എങ്കിലും നോമ്പു തുറന്ന വേളകളിൽ ഞാൻ എന്റെ voice messages നിർബാധം തുടർന്നു. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ നജിയത്തയുടെ കണ്ടീഷൻ കൂടുതൽ മോശമായിക്കൊണ്ടിരുന്നു. ഞാൻ HGHലെ ഐസിയുവിൽ ഡ്യൂട്ടിക്ക് പോകാൻ ഇനിയും ഒരാഴ്ച കൂടിയുണ്ട്.
ഒരു വ്യാഴാഴ്ച രാത്രി ഉറങ്ങുന്നതിനു മുമ്പ് വീണ്ടും റെക്കോർഡ് തുറന്നു. അവരുടെ ഓക്സിജൻ സാച്ചുറേഷൻ (SpO2) താഴ്ന്നുകൊണ്ടിരിക്കുന്നു.എന്തു ചെയ്തിട്ടും അത് കൂടുന്നില്ല. അവസാനിക്കാറായി എന്ന് എൻ്റെ മനസ്സ് പറഞ്ഞു. അന്നത്തെ പതിവ് വോയ്സ് മെസ്സേജസ് എല്ലാം വൈകുന്നേരം കഴിഞ്ഞതാണ്. ഇനി ഇപ്പോൾ അദ്ദേഹത്തെ വിളിക്കേണ്ട എന്നു കരുതി. വെള്ളിയാഴ്ച രാവിലെ (ഏപ്രിൽ 30) എഴുന്നേറ്റു ഞാൻ ആശുപത്രിയിൽ പോകാൻ തയ്യാറെടുത്തു.
ഫോൺ നോക്കിയപ്പോൾ 6:10ന് മുബാറക്ക്ക്കയുടെ ഒരു മിസ്ഡ് കോൾ കണ്ടു. അതു കണ്ട ഉടനെ തിരിച്ചു വിളിച്ചില്ല. നേരെ ലാപ്ടോപ് ഓൺ ചെയ്ത് ഇലക്ട്രോണിക് റെക്കോർഡ് തുറന്നു.
ഞാൻ ഭയന്നതുപോലെ തന്നെ എല്ലാം അവസാനിച്ചിരുന്നു. She passed away that day early morning.
മനസ്സാന്നിധ്യം വീണ്ടെടുക്കാൻ കുറച്ചു സമയമെടുത്തു. അതിനുശേഷം അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. ഞാൻ ആശുപത്രിയിൽ പോകുകയാണെന്നും ഖബറടക്കത്തിന് വരില്ലെന്നും പറഞ്ഞു. ഒരിക്കലും കണ്ടിട്ടില്ലാത്ത നജിയത്തയെ ഇങ്ങനെ കാണാൻ മനസ്സു വരുന്നില്ലെന്നും പറഞ്ഞു. ഒരു മാസത്തെ ഓരോ ദിവസവും എന്റെ മനസ്സിൽ നിറഞ്ഞു. എല്ലാം മറക്കാൻ ശ്രമിച്ച് ഞാൻ അന്നു വൈകുന്നേരം വരെ എന്റെ രോഗികളുടെ ചികിത്സയിൽ മുഴുകി.
(കൂട്ടത്തിൽ പറയട്ടെ. വലിയ നഷ്ടങ്ങൾ നൽകിയാണ് ഏപ്രിൽ മാസം കടന്നു പോയത്.എന്റെ വളരെ അടുത്ത ഒരു ബന്ധു ഏതാണ്ട് സമാനമായ സാഹചര്യങ്ങളിൽ ഇതേ ഏപ്രിലിൽ മരണമടഞ്ഞു. അതിനെക്കുറിച്ച് പിന്നീടൊരിക്കൽ പറയാം)
ഒന്നു രണ്ടാഴ്ചയ്ക്കുശേഷം അദ്ദേഹത്തെ വിളിച്ചു. വേർപാടിന്റെ നൊമ്പരം അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ പ്രതിഫലിച്ചിരുന്നു. “ഡോക്ടർ തീർച്ചയായും ഒരിക്കൽ വീട്ടിൽ വരണം. ഞങ്ങൾക്ക് ഡോക്ടറെ കാണണം”. ഒരിക്കൽ വരാമെന്നും നേരിട്ട് കാണാമെന്നും ഞാൻ പറഞ്ഞു.
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു. ഞാൻ എൻ്റെ തിരക്കുകളുമായി മുന്നോട്ടുപോയി. രണ്ടു മൂന്നു മാസങ്ങൾക്കു ശേഷം അദ്ദേഹത്തിൻ്റെ ഒരു വോയ്സ് മെസ്സേജ് വന്നു. അദ്ദേഹം HGH എമർജൻസിയിൽ അഡ്മിറ്റഡ് ആയിരുന്നു. ഡിസ്ചാർജ് ആയി. കരളിന് ചെറുതല്ലാത്ത പ്രശ്നങ്ങളുണ്ട്. വയറിലും കാലിലും നീരു കെട്ടുന്നു. ഞാൻ അപ്പോൾ നാട്ടിൽ പോകാനായി തയ്യാറെടുക്കുകയായിരുന്നു.
“ഡോക്ടർ തിരിച്ചുവന്നാൽ എൻ്റെ റെക്കോർഡ്സെല്ലാം ഒന്നു വിശദമായി നോക്കണം”. അദ്ദേഹം പറഞ്ഞു.
തീർച്ചയായും നോക്കാം എന്നു ഞാനും.
നാട്ടിൽ അവധിയിൽ ആയിരിക്കുമ്പോൾ ആഗസ്റ്റ് അവസാനം ഞങ്ങൾ ഒന്നുരണ്ടു തവണ ചാറ്റ് ചെയ്തിരുന്നു. പക്ഷേ സെപ്റ്റംബറിൽ ഞാൻ അയച്ച മെസ്സേജസിന് മറുപടി കിട്ടിയില്ല. അടുത്തദിവസം എൻ്റെ മെസ്സേജ് കണ്ട് അദ്ദേഹത്തിൻ്റെ മരുമകൻ Parvéz Vallikkad എന്നെ വിളിച്ചു. കാര്യങ്ങൾ കൈ വിട്ടു പോയിരിക്കുന്നു. ഇനിയൊന്നും ചെയ്യാനില്ല എന്ന് ഡോക്ടർമാർ പറയുന്നു.
ഞാൻ തരിച്ചിരുന്നുപോയി. ദ്വീപ് എന്ന സിനിമയിലെ ആ അവിസ്മരണീയമായ ഗാനം ക്ഷണിക്കാതെ എന്റെ മനസ്സിലേക്ക് കടന്നു വന്നു.
‘കണ്ണീരിൻ മഴയത്തും നെടുവീർപ്പിൻ കാറ്റത്തും കരളേ ഞാൻ നിന്നെയും കാത്തിരിക്കും
ഖബറിന്നടിയിലും കാത്തിരിക്കും ഞാൻ കാത്തിരിക്കും…’
മരണമില്ലാത്ത ആ വരികൾ എന്റെ ചെവിയിൽ മുഴങ്ങി. ചിന്തകളെ തടുത്തു നിർത്താൻ ഞാൻ വല്ലാതെ പാടുപെട്ടു.
അതുകൊണ്ടുതന്നെ ഒടുവിൽ മരണവാർത്ത വന്നപ്പോൾ അപ്രതീക്ഷിതമായി തോന്നിയില്ല.
സെപ്റ്റംബർ പതിനേഴാം തീയതി രാത്രി അദ്ദേഹത്തിന്റെ മരണവിവരം പർവേസ് തന്നെയാണ് അറിയിച്ചത്. അങ്ങനെ ഒരിക്കലും നേരിട്ടു കാണാൻ ഇനിയൊരു അവസരം നല്കാതെ അദ്ദേഹവും പോയി.
അഞ്ചു മാസങ്ങൾക്കു മുമ്പ് തുടങ്ങിയ പരിചയം രണ്ടു മരണങ്ങൾ നൽകി കടന്നുപോയി. ഉറങ്ങാൻ കഴിയാതെ ഒരുപാടു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. Probably we were never destined to meet. അതുകൊണ്ടാകണം ഞാൻ ആ സമയത്ത് നാട്ടിലായത്.
നജിയത്ത ഇല്ലാത്ത ഈ ലോകത്തു ജീവിക്കാൻ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകില്ല.
മരണത്തിനു പോലും വേർപ്പെടുത്താൻ കഴിയില്ലെന്ന് തെളിയിച്ചു അദ്ദേഹം അവരുടെ അടുത്തേക്ക് പോയി. വെറും നാലഞ്ചു മാസങ്ങൾക്കകം.
ഹൃദയം കൊണ്ടെഴുതുന്ന കുറിപ്പാണിത്.
നിറകണ്ണുകളോടെയാണ് ഇത് എഴുതി തീർക്കുന്നത്. മുബാറക്ക്ക്കയുടേയും നജിയത്തയുടേയും ഓർമ്മകൾക്കു മുന്നിൽ ഇതു ഞാൻ സമർപ്പിക്കുന്നു. അവരുടെ മക്കൾക്കും കുടുംബത്തിനും എന്നും നന്മകൾ മാത്രം നേരുന്നു.
The post ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ മരണം എന്ത് കൊണ്ട് എന്നെ ഇത്രമേൽ വേദനിപ്പിച്ചു? appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post കാർലയുടെയും ശൈഖിൻ്റെയും മനോഹരമായ ലോകം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ഓക്സ്ഫോർഡിലെ കാപ്പിക്കടയിൽ വെച്ച് കാർല പവർ ശൈഖ് അകറമിനെ വീണ്ടും കണ്ടുമുട്ടുമ്പോൾ ലോകം വല്ലാതെ മാറിയിരുന്നു.
വേൾഡ് ട്രൈഡ് സെൻ്റർ ആക്രമണം നടന്ന് രണ്ട് വർഷം ആവുന്നതേയുള്ളൂ. അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ബുഷ് ലോകത്തെ കറുപ്പും വെളുപ്പുമായി രണ്ടായി വിഭജിച്ചിരുന്നു. മറ്റെല്ലാ നിറങ്ങളും അതിനിടയിൽ മാഞ്ഞ് പോയിരുന്നു.
തങ്ങളോടൊപ്പമുള്ളവരും തങ്ങളെ എതിർക്കുന്നവരുമായി രണ്ടായി പകുക്കപ്പെട്ട, നാഗരിക സംഘർഷങ്ങളെ കുറിച്ച് സിദ്ധാന്തങ്ങൾ രചിക്കപ്പെടുന്ന ലോകത്ത് അമേരിക്കൻ ഫെമിനിസ്റ്റായ കാർലയ്ക്കും പാരമ്പര്യ ഇസ്ലാമിക പണ്ഡിതനായ ശൈഖ് അകറമിനും സ്നേഹപൂർവ്വം സംവദിക്കാവുന്ന പൊതു ഇടം എവിടെയാണ്?
ലോകത്തിലെ ഏറ്റവും പൗരാണിക സർവ്വകലാശാലകളിൽ ഒന്നായ ഓക്സ്ഫോർഡിൽ വെച്ച് അവർ ആദ്യമായി പരിചയപെട്ടത് തെണ്ണൂറുകളിലാണ്.
ബെർലിൻ മതിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴുകയും, പടിഞ്ഞാറിൻ്റെ ആകാശത്ത് ശീത വാതങ്ങൾ ഒതുങ്ങുകയും പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ ഉപേക്ഷിച്ച് പാശ്ചാത്യനും പൗരസ്ത്യനും പരസ്പരം പുണരുകയും ബഹുസ്വരതയെ കുറിച്ചും, സാംസ്കാരിക സങ്കലനത്തെ കുറിച്ചും അതിരുകളില്ലാത്ത ലോകത്തെ കുറിച്ചുമുള്ള പ്രത്യാശകൾ ചിറക് വിരിച്ച് പറക്കുകയും ചെയ്യുന്ന കാലം.
അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകങ്ങൾ അധികമൊന്നുമില്ലായിരുന്നു. എന്നിട്ടും അവർ നല്ല സുഹൃത്തുക്കളും സഹപ്രവർത്തകരുമായി.
ഉത്തര പ്രദേശിലെ തൻ്റെ കൊച്ചു ഗ്രാമത്തിൽ നിന്നും പാരമ്പര്യ രീതിയിൽ മതം പഠിച്ചു കൊണ്ടാണ് പയ്യനായ അകറം വിദ്യാഭ്യാസം തുടങ്ങിയത്. പിന്നീട് ലഖ്നോവിലെ നദവത്തുൽ ഉലൂമിൽ ചേർന്നു. അവിടെ ഒരു അധ്യാപകനാവണം എന്നതിലപ്പുറമുള്ള മോഹമൊന്നും അവനുണ്ടായിരുന്നില്ല.
ഉറുദു, പേർഷ്യൻ, അറബി ഭാഷകളിലുള്ള ഗഹനമായ പാണ്ഡിത്യം. ഹാഫിസിനെയും റൂമിയെയും ഇഖ്ബാലിനെയും വായിച്ചാണ് അവൻ വളർന്നത്.
എന്നാൽ ഒരു നിയോഗം പോലെ ഓക്സ്ഫോർഡിൽ ചേർന്ന് പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരം വന്നപ്പോൾ അതിൻ്റെ ഭൗതിക സാധ്യതകളിൽ പ്രലോഭിതനായവൻ്റെ ആവേശമൊന്നും അകറമിനുണ്ടായില്ല.
എന്നാൽ തൻ്റെ കൊച്ചു ഗ്രാമത്തിലെ പരിചിതമായ പാരമ്പര്യ ഇടത്തിൽ നിന്നും നാഗരിക ലോകത്തിൻ്റെ കേന്ദ്ര സ്ഥാനത്ത് നിൽക്കുന്ന ഒരു സർവ്വകലാശാലിയിലേക്ക് ചേക്കേറുന്നവൻ്റെ ഉൽക്കണ്ഠയുമുണ്ടായില്ല.
മനുഷ്യൻ ഭൂമിയിൽ ഒരു വഴിപോക്കനാണെന്നും ഇഹലോകം വളരെ വേഗം മാഞ്ഞ് പോവുന്ന ഒരു വെയിലാണെന്നും അകറമിന് അറിയാമായിരുന്നു. വിശ്വാസത്തിൻ്റെ തണലിൽ ജീവിതത്തെ ശാന്തമായി കാണാനുള്ള യുവാവായ അകറമിൻ്റെ ശേഷിയാണ് കാർലയിൽ അദ്ദേഹത്തെ കുറിച്ച് കൗതകം ജനിപ്പിച്ചത്.
അകറമിൻ്റെ നേരെ വിപരീതമാണ് കാർലയുടെ ജിവിത വീക്ഷണം. അച്ഛൻ ക്വാക്കറും അമ്മ യഹൂദയും. കോളേജ് അധ്യാപകനായ അച്ഛനോടൊപ്പം പല മുസ്ലിം നാടുകളിലും അവൾ ജീവിച്ചിട്ടുണ്ട്. ഇറാനും അഫ്ഗാനിസ്ഥാനും ഈജിപ്തും അവൾ ജീവിച്ച നാടുകളാണ്.
മാധ്യമങ്ങൾ കറുപ്പും വെളുപ്പുമായി ലളിതവത്കരിക്കുന്ന മുസ്ലിം നാടുകളുടെ സാംസ്കാരിക രാഷ്ട്രീയ സങ്കീർണതകൾ അവൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
കന്തഹാറിലെ പത്താൻമാരുടെ ചിത്രങ്ങൾ അവരുടെ അനുമതി കൂടാതെ കാമറയിൽ പകർത്തിയാൽ അവർ അരിശം കൊണ്ടെന്ന് വരും. എന്നാൻ അവർ നൽകുന്ന ചായ നിരസിച്ചാലും അത്ര തന്നെ അരിശമുണ്ടാവും.
കാർല അമേരിക്കൻ ഫെമിനിസ്റ്റാണ്. നുരഞ്ഞ് പതയുന്ന അഹം ബോധമുള്ള, അതിരുകളില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന, ഈ ലോകത്തിന് ഒരു ഉടയവനുണ്ടന്നോ, മരണത്തിനപ്പുറം മനുഷ്യൻ്റെ പ്രജ്ഞയിൽ എന്തെങ്കിലും ബാക്കി നിൽക്കുമെന്നോ ഉറപ്പില്ലാത്ത, നിരന്തരമായ സന്ദേഹം സഹജ ഭാവമായ ആധുനിക സ്ത്രീ സങ്കല്പത്തിൻ്റെ മാതൃകാ പതിപ്പ്.
ഒരു വിശ്വാസത്തിൻ്റെ ആലംബമില്ലാത്തതിൻ്റെ ഉൽക്കണ്ഠകൾ അവൾക്കുണ്ട്. എന്നാൽ തുറന്ന മനസ്സോടെ അപര വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും അറിയാനുള്ള ആകാംക്ഷയുമുണ്ട്.

Newsweek നുംTime നും വേണ്ടി പ്രവർത്തിക്കുന്ന പത്രലേഖിക എന്ന നിലയിൽ വിശ്വാസങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള പാരസ്പര്യത്തിൻ്റെ പ്രാധാന്യം അവൾക്ക് നല്ല പോലെ അറിയാം.
അങ്ങിനെയാണ് തൻ്റെ പഴയ കൂട്ടുകാരനായ, ഇപ്പോൾ ലോകം അറിയുന്ന പണ്ഡിതനും, കനത്ത ഉച്ചാരണത്തോടെ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കുന്ന ശൈഖ് അകറമിൽ നിന്നും ഒരു വർഷം വിശുദ്ധ ഖുർആൻ പഠിക്കാൻ തീരുമാനിച്ചത്.
ജീവിത വീക്ഷണത്തിലും സ്വഭാവത്തിലും സാംസ്കാരിക പൈതൃകത്തിലുമുള്ള എല്ലാ വിത്യാസങ്ങൾക്കിടയിലും ഒരുമയുടെയും യോജിപ്പിൻ്റെയും ഒരു പാട് മേഖലകൾ അവർക്ക് കണ്ടെത്താനാവുന്നു.
ഖുർആനും നബിചര്യയും അവലംബമാക്കി സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ചുള്ള ശൈഖിൻ്റെ കാഴ്ചപ്പാടുകളും ഓക്സ്ഫോർഡ് വിദ്യാഭ്യാസം നേടിയ പെൺമക്കളുടെ പെരുമാറ്റത്തിലെ നൈസർഗ്ഗികതയും സ്ത്രീ സ്വത്വ വാദിയായ കാർലയെ പ്രത്യേകം ആകർശിക്കുന്നു.
ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീകളെ കുറിച്ച് വളരെ ലളിതമായി ശൈഖ് തുടങ്ങിയ ഗവേഷണ പ്രവർത്തനം 40 – വാള്യങ്ങൾ പിന്നിട്ട മഹത്തായ സംരഭമായി മാറിയത് രണ്ട് പേരെയും അത്ഭുതപ്പെടുത്തുന്നു.
കാഴ്ചയിൽ വളരെ നിസാരനായി തോന്നുന്ന, ഭുമിയിൽ ഒരു പഥികനെ പോലെ നടക്കുന്ന, തൻ്റെ പഴയ കൂട്ടുകാരൻ്റെ തലയിൽ മഹത്തായ ജ്ഞാനവും വെളിച്ചവുമുണ്ടെന്നത് കാർലയെ വളരെയേറെ സന്തോഷിപ്പിക്കുന്നു.
നാഗരിക സംഘട്ടനത്തിനു വേണ്ടി ആർത്തു വിളിക്കുന്ന അല്പജ്ഞാനികൾ മാത്രമല്ല, തുറന്ന മനസ്സും നിതാന്തമായ അന്വേഷണവും സപര്യയാക്കിയവരും ചുറ്റുമുണ്ടെന്ന് ശൈഖും അനുഭവിച്ചറിയുന്നു.
ചില വീക്ഷണങ്ങൾ അദ്ദേഹം തിരുത്തുന്നു. പലതും കാർലയും.
തികഞ്ഞ ആത്മീയവാദിയും അരാഷ്ട്രീയക്കാരനുമാണ് ശൈഖ്. വിശ്വാസവും നല്ല കർമങ്ങളും കൊണ്ട് പടച്ചവനിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിൻ്റെ നിർദേശം.
എന്നാൽ ദുർബലരായ മനുഷ്യരുടെയും സമുദായങ്ങളുടെയും പ്രാഥമിക അവകാശങ്ങൾ പോലും ചവിട്ടിയരക്കപ്പെടുന്ന ലോകത്ത് നീതിക്ക് വേണ്ടി ചെറുത്തു നിൽക്കാതെ സമാധാനം എങ്ങനെ സാധ്യമാവും എന്ന സങ്കീർണമായ ചോദ്യത്തിന് തൃപ്തികരമായ ഉത്തരമില്ല.
പ0നം പുരോഗമിക്കുന്നതോടെ കാർല ശൈഖിൻ്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയാവുന്നു. അവളുടെ പ്രിയപ്പെട്ട അമ്മയുടെ വേർപാട് കൊണ്ട് വന്ന സങ്കടം മറികടക്കുന്നതിൽ ശൈഖിൻ്റെയും കുടുംബത്തിൻ്റെയും ആർദ്രമായ പെരുമാറ്റം കുറച്ചൊന്നുമല്ല സഹായിച്ചത്.
പിന്നീട് ഒരു ദിവസം ശൈഖിൻ്റെ ഉമ്മയും ഈ ലോകത്തോട് വിട പറയും. വിശ്വാസം ഒരു സാന്ത്വനമായി ശൈഖ് അകറമിനെ പൊതിയുമെങ്കിലും ഒരു മനുഷ്യനെന്ന നിലയിലുള്ള വൈകാരിക സമ്മർദ്ദങ്ങൾ അദ്ദേഹം അനുഭവിക്കുന്നത് കാർല തിരിച്ചറിയുന്നു.
വിത്യസ്തമായ ജീവിത വീക്ഷണവും മത വിശ്വാസവുമുള്ളർക്ക് പരസ്പര ബഹുമാനത്തോടെയും നിർഭയമായും കാപ്പിക്കടകളിൽ ഇരുന്ന് ചർച്ച ചെയ്യാനും പഠിക്കാനും കഴിയുന്ന ലോകമാണ് മനോഹരമായ ലോകം.
The post കാർലയുടെയും ശൈഖിൻ്റെയും മനോഹരമായ ലോകം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ഓക്സിജനിൽ മതം ചേർക്കരുത്; മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുത് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ഒരാൾക്ക് അയാളുടെ മതം പവിത്രമാണെന്നും ശാസ്ത്രീയമാണെന്നും തോന്നും. തെറ്റില്ല. എന്നാൽ മറ്റു മതങ്ങളോടൊക്കെ പരമ പുച്ഛവും വെറുപ്പും തോന്നുക ഒരിക്കലും ഒരു മതേതര സാമൂഹ്യ വ്യവസ്ഥയിൽ അംഗീകരിക്കാനാവില്ല.
ഞാൻ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു. അതുകൊണ്ട് മുസ്ലീമായി. ഞാൻ കൃസ്ത്യൻ കുടുംബത്തിലാണെങ്കിൽ കൃസ്ത്യനാവും. എന്നു കരുതി ഞങ്ങളെങ്ങനെ മനുഷ്യൻ എന്ന രീതിയിൽ വ്യത്യസ്ഥനാവുന്നു. വിഘടിതനാവുന്നു.
ഇത്തരം ദുഷ്ചിന്തകൾ എല്ലാറ്റിനെയും വെറുപ്പിന്റെ അവജ്ഞയുടെ കണ്ണിൽ കാണുക ഈയടുത്തായി തുടങ്ങിയതാണ്. സങ്കടകരം പുരോഗമന ചിന്താഗതിയുള്ള സാംസ്കാരിക ഔന്നത്യമുള്ള മതേതര ദർശനവും മാനവ ദർശനവുമുള്ള സാംസ്കാരിക വേദികളുയടെ ആളുകൾ പോലും ഇത്തരം ഇടുങ്ങിയ ചിന്തകൾ വച്ചുപുലർത്തുന്നു എന്നതാണ്.
അഞ്ചു നേരം നമസ്കരിക്കുക എന്നാൽ ഓരോ അഞ്ചു നേരവും കൈയും കാലും കഴുകി ദേഹശുദ്ധി വരുത്തി മനസ്സിനെ ദൈവത്തിൽ സമർപ്പിച്ച് സ്വയം ശുദ്ധീകരിക്കുക എന്നതാണ്. ഞാൻ ഈ ലോകത്ത് കേവലം ഒരു നിസ്സാര ജീവി എന്ന സ്വയം തിരിച്ചറിയലിലേക്ക് ദൈവ സമർപ്പണം നടത്തുക എന്നതാണ്.
ഒരുപക്ഷേ എല്ലാ മതങ്ങളുടെയും പ്രാർത്ഥന ഈ സ്വയം തിരിച്ചറിവിന് തന്നെയാണ്. അത് സാധ്യമാണെങ്കിൽ വിശ്വ മാനവ സ്നേഹം വേണം. അസ്വസ്ഥനായ അർജുനന് എല്ലാ ധൈര്യവും നൽകി ഭഗവാൻ കൃഷ്ണനും അവസാനം പറയുന്നത് ഇതൊക്കെ ഞാൻ പറഞ്ഞത് കേട്ട് നീ പ്രവർത്തിക്കണമെന്നില്ല , നിന്റെ മന:സാക്ഷിയോട് ചോദിക്കൂ എന്നാണ്.
മറ്റു മനുഷ്യനെ സഹോദര തുല്ല്യം സ്നേഹിക്കാത്ത ഒരു മതത്തെയും എനിക്ക് അംഗീകരിക്കാൻ കഴിയില്ല. അർജുനനെ എന്തു കൊണ്ട് നേതാവാക്കുന്നു എന്ന് അസ്വസ്ഥനായ ദുര്യോധനനോടും പാണ്ഡവ കൗരവ ഭാഗത്തോടും ഗുരുവായ ദ്രോണർ പറഞ്ഞത് രണ്ടിടത്ത് വിജയിക്കുന്നവനാണ് യഥാർത്ഥ നേതാവെന്നാണ്.
ഒന്ന് അയാളെ തന്നെയും രണ്ട് ചുറ്റുപാടിനെയും. മനുഷ്യനെ സഹായിക്കുന്നിടത്ത് ജാതിയും മതവും കാണരുത്. വേർതിരിവ് കാണരുത്. സനാതന ധർമ്മമാണത്.
മുഹമ്മദ് നബി അത് കണ്ടില്ല. യേശുവും കണ്ടില്ല. രാമനും കൃഷണനും കണ്ടില്ല. മാർക്സും ലെനിനും ഗാന്ധിയും കണ്ടില്ല. വിവേകാനന്ദനും നാരായണ ഗുരുവും ഋഷിമാരും കണ്ടില്ല.
എന്നാൽ ഇന്ന് അർത്ഥവും ന്യായവും നിരത്തി നാമത് കാണാൻ ശ്രമിക്കുന്നു. ഒരു കൈ സഹായിക്കുന്നത് മറുകൈ അറിയരുതെന്നാണ് നബിവചനം. അവിടെ വാങ്ങുന്നവന്റെ ജാതിയല്ല. മതമല്ല.
മഹാഭാരത യുദ്ധത്തിലെ പാപങ്ങൾ നീർക്കാൻ നടത്തിയ യജ്ഞവേദിയിലെത്തിയ കീരി പറയുന്ന ഒരു കഥയുണ്ട്. അത് ഇന്നത്തെ സകല മനുഷ്യരോടുമാണ്. ചെറിയ ചെറിയ വിഷത്തുള്ളികൾ കൊച്ചു പ്രായത്തിൽ നിറച്ച്, വിദ്വേഷത്തിന്റെ വിഘടനവാദത്തിന്റെ വിത്തുകൾ പാകി മുസ്ലിം രക്ഷകരാണെന്ന് തോന്നിപ്പിച്ച് സംഘടനകൾ ഉണ്ടാക്കി ബോധവൽക്കരിച്ച് ആയിരങ്ങളെ കുരുതി കൊടുക്കുന്നവർ ഓർക്കുന്നില്ല അവർ പാകിയ വിത്തുകൾ പിന്നീട് നശിക്കാതെ തഴച്ചു വളരുന്നു എന്ന്.
മറുഭാഗത്ത് ഭൂരിപക്ഷ ഐക്യമെന്ന പേരിൽ നടത്തുന്ന ഓരോ പ്രവർത്തനങ്ങളും ഒരോ വിഭാഗത്തെയും കൂടുതൽ വിഭാഗീയരും അക്രമികളുമാക്കുന്നു. കൂടെയില്ലാ ജനിക്കുന്ന നേരത്തും കൂടെയില്ലാ മരിക്കുന്നനേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് കലഹിക്കുന്നത് എന്തിന് നാം വൃഥാ എന്ന വരികൾ എന്നും കേൾക്കുന്ന നാമെന്തേ ഇത്ര ചെറുതാകുന്നു.
ഞാൻ മൂകാംബികയിലും ഗുരുവായൂരും മധുര, പഴനി, തുടങ്ങി ആയിരക്കണക്കിന് ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഉള്ളാൾ , അജ്മീർ, നാഗൂർ, ഡൽഹി മസ്ജിദ്, ഹൈദരാബാദ് മസ്ജിദ് തുടങ്ങി പള്ളികളും ദർഗകളും കണ്ടിട്ടുണ്ട്. യതിയുടെയും നാരയണ ഗുരുവിന്റെയും കരുണാകര ഗുരുവിന്റെയും ആശ്രമങ്ങളിലും താമസിച്ചിട്ടുണ്ട്.
അവിടെയൊക്കെ എനിക്ക് കാണാൻ കഴിഞ്ഞത് നിസ്സഹായരായ ഭക്തരുടെ ശരണം വിളികളും പ്രാർത്ഥനകളുമാണ്. അവരുടെ വേദനകളിൽ നിന്നും ശാരീരിക മാനസിക പ്രശ്നങ്ങളിൽ നിന്നുമുള്ള പരിഹാരത്തിന്.
മാർക്സും എംഗൽസും നാരായണ ഗുരുവും അത് മനഷ്യനെക്കൊണ്ടുതന്നെ പരിഹരിക്കാമെന്ന് പറഞ്ഞു. ഗാന്ധിജി അതിനെ ഒരു വൃക്ഷത്തിന്റെ വിവിധ ഇലകൾ എന്നു പറഞ്ഞു.
ഞാൻ എന്റെ ജീവിതം കൊണ്ട് പഠിച്ച പാഠം എന്റെ മതബോധം തികച്ചും എന്റെ വ്യക്തിപരം. അതിനെ പുറത്തേക്ക് കൊണ്ടുപോയി മഹത്വവൽക്കരിച്ച് മറ്റുള്ളതിനെ ഇകഴ്ത്തേണ്ട. എല്ലാറ്റിലും കാണുന്ന നൻമയെ സ്വീകരിക്കാം. എല്ലാറ്റിലും കാണുന്ന തിന്മകളെ മനുഷ്യ വിരുദ്ധ നിലപാടുകളെ നിരാകരിക്കാം.
മതങ്ങൾ, നമുക്കതിനെ രണ്ടു രീതിയിലെടുക്കാം. ഒന്ന് അതിനെ കേവലം ആചാരമായും അനുഷ്ടാനമായും മാത്രം കണ്ടു, ഭയപ്പെടുത്തൽ, സങ്കുചിത ജീവിത നിയന്ത്രണ മാർഗം, നമ്മളെന്നും അവരെന്നുമുള്ള (വിശ്വാസികളും അവിശ്വാസികളും ) കൃത്യമായ വേര്തിരിവുണ്ടാക്കുന്ന തരത്തിൽ.
രണ്ട്, അതൊരു വ്യക്തിപരമായ തിരിച്ചറിവിലേക്കും ജീവിതത്തിന്റെ നൈതികത സമൂഹത്തിന്റെ നൻമ, എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള സഹാനുഭൂതി എന്നീ നിലയിൽ.
ഇവിടെ, സ്വയം സജ്ജരായി ഒരാൾ തയ്യാറാവാത്തിടത്തോളം അയാളെ പ്രബോധിപ്പിച്ചു തന്റെ രീതികളിലേക്കാകര്ഷിക്കാൻ വേറൊരാള്ക്കെന്തവകാശം. എല്ലാം ദൈവത്തിന്റെ മക്കൾ.
നിങ്ങളതിനെ എന്നു നമ്മളെന്നും അവരെന്നും വേർതിരിക്കുന്നുവോ അത് വർഗീയതയാണ്, അത് മതമല്ല, മതമൗലികവാദമാണ്, അറിഞ്ഞോ അറിയാതെയോ ലോകത്തിലുള്ള സകല തീവ്രവാദങ്ങളുടെയും ഹേതു ഇത്തരം മതമൗലികവാദമാണ്.
അല്ലെങ്കിൽ, ഇതൊക്ക മാറ്റിവച്ചു തികച്ചും വ്യക്തിപരമായി ഒരു way of life ( ജീവിത ക്രമം ) എന്ന നിലയിൽ മതങ്ങളെ കാണാൻ ശ്രമിക്കൂ, ഭൂതമോ ഭാവിയോ നോക്കാതെ അതിന്റെ മൂല്യങ്ങളെയും നൈതികതയും ഉൾക്കൊണ്ടു 5000/1500 വര്ഷങ്ങളിൽ നിന്ന് അതേപടി പ്രവർത്തികമാക്കാതെ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊണ്ടു, മാറുന്ന കാലത്തേ പരമാവധി സ്വീകരിച്ചു മതങ്ങളെ ഉൾക്കൊള്ളാൻ ശ്രമിച്ചാൽ അതായിരിക്കും എന്റെ മതം.
തികഞ്ഞ സ്നേഹത്തോടെ, വികാരവായ്‌പോടെ, അനുഭൂതിയോടെ അതിൽ ലയിക്കാൻ കഴിഞ്ഞാൽ അത് ഒരു പക്ഷെ ആദ്യത്തേതിനേക്കാളും ഒരുപടി മുന്നിലായിരിക്കും. അതുകൊണ്ടുതന്നെ മതങ്ങളല്ല പ്രശ്നവും ദോഷവും അതിനെ കാണുന്നിടത്താണ്, സ്വീകരിക്കുന്നിടത്താണ്.
എന്താണോ ഓരോ മതങ്ങളുടെയും പ്രവാചകർ പറഞ്ഞത് അതിലെ മൂല്യങ്ങളാണ് ഉൾക്കൊള്ളേണ്ടത്, മറിച്ചു ചര്യയെ ഉൾകൊള്ളുമ്പോൾ നിങ്ങൾ ചാണക മൂത്രസേവയിലും ടൂത് ബ്രെഷിനു പകരം മിസ്‌വാക്ക് കീശയിലിട്ടും എല്ലാരും കൂടെ തിന്നു തുപ്പി നാറ്റുന്ന ആടുമേക്കാൻ മരുഭൂമിയിലേക്ക് പോകുന്ന ധ്യാനക്കൃഷി വിലയിക്കുന്നിടത്തേക്കും സൂറത്തുകളോതി രോഗം മാറ്റാനും ശ്രമിക്കും.
ഇസ്ലാം മതത്തിലെ ഇത്തരം അനാശ്യാസങ്ങൾ ക്കെതിരെ കേരളത്തിൽ ഒരു ചലനം സൃഷ്ടിക്കാൻ ചില മുജാഹിദുകൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ അവിടെയും കുത്തിത്തിരുപ്പുകൾ ഉണ്ടാക്കി, അല്ലെങ്കിൽ മതവും രാഷ്ട്രവും ഒന്നാണെന്ന മിഥ്യ ധാരണയുണ്ടാക്കി പുതിയ കേഡർ സംഘടനകളുണ്ടാക്കി, പേരിനു സാമൂഹ്യ സേവനവും ഉള്ളിൽ പ്രാസ്ഥാനിക സ്നേഹവുമായി സംഘടനകളുണ്ടാക്കി ഇത്തരം പ്രകാശങ്ങളെ അപ്രസക്തമാക്കാൻ ശ്രമിക്കുന്നു.
ഇവരുടെ സഹതാപം ഉമ്മത്തിനോടോ കൗമിനോടോ അല്ല മറിച്ചു വർഗീയത, മതരാഷ്ട്ര സങ്കല്പം അധികാരം, ധന സമ്പാദനം എന്നിവയാണ്. ഇവർക്കൊരു തന്ത്രമുണ്ട്, ആശയങ്ങളെ വൈകാരികമാക്കുക, ദൈവ ത്തിനെതിരാണെന്നു പറയുക.
ദൈവം നിങ്ങളുടെ ഹൃദയത്തിലേക്ക് നോക്കുന്നു. നിങ്ങളുടെ ഈ ലോകത്തെ സദ് പ്രവർത്തനങ്ങളെ നോക്കുന്നു. പള്ളിയിൽ മാത്രം പ്രാര്ഥിച്ചിരുന്ന പുരോഹിതന്റെ ഭാര്യ പരാതി പറഞ്ഞപ്പോൾ അധ്വാനിച്ചു കുടുംബം പോറ്റി വീട്ടിലിരുന്നതിനു ശേഷം മതി പള്ളിയിലേക്ക് എന്ന ഖലീഫ ഉമറിന്റെ വാക്കുകൾ ഓർക്കുക.
ഹിന്ദു മതത്തിലുള്ള ജാതീയതക്കെതിരെയായിരുന്നു സ്വാമി വിവേകാനന്ദനും, ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയുമൊക്കെ ശ്രമിച്ചിരുന്നത്, അത്തരം ശ്രമങ്ങൾ ആദ്യകാലങ്ങളിലൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു.
എന്നാൽ പിന്നീട് ജാതി, വോട്ടു രാഷ്ട്രീയങ്ങൾ അതിനെ വീണ്ടും തകിടം മറിക്കാൻ ശ്രമം തുടങ്ങി. മാതൃകാ പുരുഷനായ ശ്രീരാമനെ ജയ് ശ്രീറാം എന്ന് ഭീഷണിപ്പെടുത്തി വിളിപ്പിക്കുമ്പോൾ യഥാർത്ഥ ശ്രീരാമനിൽ നിന്നുള്ള അകലം എത്രയാണ് എന്ന് ആലോചിക്കുക.
മതങ്ങൾ ആത്മ സാക്ഷാത്കാരത്തിനുള്ളതാണ്, വ്യക്തിപരം, കർമങ്ങളിലൂടെ സ്വയം ശുദ്ധീകരിക്കുന്ന പ്രവർത്തി, അത് മറ്റുള്ളവനെ ബോധനം ചെയ്യുന്നതിനേക്കാൾ താനാരാണെന്നും തന്റെ കര്മങ്ങളെന്താണെന്നും ആത്മസംയമനത്തോടെ മനസ്സിലാക്കാനുള്ള മാർഗം.
ഭയത്തിൽ ഉടലെടുക്കുന്നതല്ല, ആനന്ദമാണതിനടിസ്ഥാനം, അനുഭൂതിയാണതിന്റെ ലക്ഷ്യം. മാളങ്ങളിലൊളിച്ചുരുന്നു പ്രാര്ഥിക്കാതെ, എന്താണ് മതമെന്നും അത് തന്റെ ചുറ്റു പാടിനെ എങ്ങിനെ കരുതലോടെ കാണണമെന്നുള്ള സങ്കല്പത്തിലേക്കു നയിക്കാൻ മനസ്സിനെ പ്രാപ്തമാക്കുക.
മത പ്രവർത്തനങ്ങളിലെ തെറ്റുകൾ കാണിക്കുകയാണ് മൂടിവെയ്ക്കുയല്ല ദൈവഹിതം. ദൈവത്തിന് നിങ്ങളുടെ കാപട്യം ആവശ്യമില്ല. സ്നേഹമാണത്തിന്റെ പൊരുൾ, അതാണ് ദൈവികം. മറിച്ചുള്ളതൊക്കെ കേവലം വികാരങ്ങളോ കപട നാട്യങ്ങളോ ആണ്.
The post ഓക്സിജനിൽ മതം ചേർക്കരുത്; മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുത് appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ഖുർആൻ ശാസ്ത്ര വിരുദ്ധമോ? വെബിനാർ വെള്ളിയാഴ്ച appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ആധുനിക ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും പേരു പറഞ്ഞ് വിശുദ്ധ ഖുർആനിനെതിരെ നടക്കുന്ന യുക്തി രഹിതമായ ആരോപണങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രോഗ്രാമിൽ പ്രശസ്ത പണ്ഡിതന്മരായ ടി പി എം റാഫി, പ്രൊഫ.പി കെ ശബീബ്.ഫൈസൽ നന്മണ്ട എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഇസ്‌ലാഹി സെന്റർ ഔദ്യോഗിക യു ട്യൂബ് ചാനലായ N -Light Media യിലൂടെയാണ് പരിപാടി നടക്കുന്നത്.
ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി യോഗം പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി.
പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു.ഖുർആൻ ലേണിംഗ് സ്കൂൾ ചെയർമാൻ സിറാജ് ഇരിട്ടി, ഷമീർ വലിയവീട്ടിൽ കെ.എൻ. സുലൈമാൻ മദനി, മുജീബ് കുനിയിൽ, നിസാർ ചെട്ടിപ്പടി, നാസിറുദീൻ ചെമ്മാട്, ഡോ. റസീൽ, സൈനബ ടീച്ചർ, തൗഹീദ റഷീദ് എന്നിവർ സംസാരിച്ചു.
The post ഖുർആൻ ശാസ്ത്ര വിരുദ്ധമോ? വെബിനാർ വെള്ളിയാഴ്ച appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post ദലൈലാമയുടെ പ്രത്യയശാസ്ത്രം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>ചില ആളുകൾ അങ്ങിനെയാണ് അവരുടെ കയ്യിൽ ആയുധങ്ങളോ, അധികാരങ്ങളോ ഉണ്ടാവില്ല, എന്നാൽ അവരെ ഭയപ്പെട്ടു ജീവിക്കുന്ന സർവ ശക്തരായ അധികാരികളെ നമുക്ക് കാണാം. ഗാന്ധിജിയെ വല്ലാതെ ഭയന്നിരുന്നു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണാധികാരികൾ. ഗാന്ധിജിയുടെ കയ്യിലൊന്നുമില്ലായിരുന്നു, ഒരു താങ്ങു വടിയല്ലാതെ. ബുദ്ധനുമില്ലായിരുന്നു സമ്പാദ്യങ്ങൾ. ദൈലൈലാമയും ഇങ്ങു ധര്മശാലയിൽ സാധാരണക്കാരനായി ജീവിക്കുന്നു.
ചിലയാളുകൾ അങ്ങിനെയാണ്. അവർ ചരിത്രം സൃഷ്ടിക്കുന്നവരാണ്. ചിലർ ചരിത്രത്തെ തകർക്കാൻ ശ്രമിക്കുന്നു. ചരിത്രത്തെ തകർക്കാൻ ശ്രമിക്കുന്നയാളുകളെ അവർ എത്ര ശക്തിയുള്ളവരാണെങ്കിലും പിന്നീട് എല്ലാവരും അവജ്ഞയോടെ മറന്നുകളയും. എന്നാൽ ചരിത്രം സൃഷ്ടിക്കുന്ന മഹാരഥന്മാരെ ലോകം എന്നുമോർക്കും. അവരെ, അധികാര മോഹത്താൽ ചിലപ്പോൾ കൊല്ലാനോ നശിപ്പിക്കാനോ കഴിയും, എന്നാൽ ഓരോ പ്രാവശ്യം തകർക്കുമ്പോഴും അവർ പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.
ഗാന്ധിജിയെ എത്രയോ തവണ ഗോഡ്സെക്ക് ശേഷവും വെടിവെച്ചും മറ്റും നാം തകർക്കാൻ ശ്രമിച്ചു, എന്നാൽ പൂർവാധികം ശക്തിയോടെ ഇന്നും ഗാന്ധിജിയും അദ്ദേഹത്തിന്റെ ചിന്തകളും ഉയിർത്തെഴുന്നേൽക്കുന്നു. ഈ കോവിഡുകാലത്തുപോലും ഗാന്ധിജിയുടെ പ്രത്യയ ശാസ്ത്രങ്ങൾ എത്ര പ്രസക്തമാണ്.

സാമ്രാജ്യങ്ങൾ വികസിപ്പിക്കാൻ അസ്വസ്ഥരാവുന്ന ചൈനീസ്സാമ്രാജ്യത്തോട് ദലൈലാമയുടെ ഒരു ചെറിയ ചോദ്യമുണ്ട്. സാമ്രാജ്യങ്ങളുടെ വലുപ്പം അവിടെയുള്ള മനുഷ്യരുടെ, അവരുടെ പൈതൃകങ്ങളുടെ, സംസ്കാരങ്ങളുടെ വലുപ്പമാണ്, അതിന് ഭൂവിസ്തൃതിയെക്കാൾ മാനവികതയുടെ വിശാലതയാണ് വേണ്ടത്.
ഗാന്ധിജിയിലും മാർക്സിലും കാണുന്നതും ഈ വിശ്വമാനവസങ്കല്പമാണ്, അത് തന്നെയാണ് എന്റെ ജീവിതവും അതു തന്നെയാണെന്റെ സങ്കൽപ്പവും. ഇത് കേവലം ചൈനയോട് മാത്രമുള്ള ഒരു ചോദ്യമല്ല, മറിച് അധികാരം കയ്യാളാൻ എന്ത് മാർഗവും സ്വീകരിക്കുന്ന വിടുവായന്മാരോടും പാവപ്പെട്ടവരും നിസ്സഹായരുമായ മനുഷ്യരോട് കൈയ്യൂക്ക് കാണിക്കുന്ന എല്ലാ ഭരണാധികാരികളോടുമുള്ള ചോദ്യമാണ്. ഈ ലോകത്ത് സ്വതന്ത്രനായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും ചോദ്യം.
ആധുനിക വിദ്യാഭ്യാസവും സാങ്കേതികതയും സ്വീകരിക്കുമ്പോൾ തന്നെ മാനുഷികവും ആത്മീയവുമായ മൂല്യങ്ങളും സാംസ്‌കാരിക പാരമ്പര്യവും നിലനിർത്തി മുന്നോട്ടുപോകണമെന്ന് അന്തർദേശീയ ഭഗവദ്ഗീത സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി ലാമ നടത്തിയ പ്രഭാഷണത്തിൽ എന്തുകൊണ്ട് ഇന്ത്യ ലോകത്തിനു മാതൃകയെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയിരുന്നു.

നാനാജാതി മതങ്ങളെയും സംസ്കാരങ്ങളെയും വ്യത്യസ്ത ചിന്തകളെയും വൈവിധ്യങ്ങളെയും ഒരേ മനസ്സോടെ കാണാനുള്ള സഹിഷ്ണുതയാണ് ഇന്ത്യ എന്ന രാജ്യം ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നത് എന്ന ലാമയുടെ ലോകത്തോടായുള്ള പ്രഭാഷണം ഇന്ത്യയുടെ പ്രൗഢിയേയും മഹത്തായ സംസ്കൃതിയെയും എത്ര സമ്പന്നമാക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അത് നഷ്ടപ്പെട്ടുകൂടാ, അത് നാം മുറുകെപ്പിടിക്കുക തന്നെ വേണം.
മതമൗലികവാദത്തിന്റെയോ ജാതീയ ചിന്തകളുടെ പേരിലോ അധികാരം നിലനിർത്താനും വീണ്ടുടുക്കുവാനുമുള്ള ഭ്രമത്തിലോ അത്തരം അവസ്ഥ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടു തന്നെ ദലൈലാമ ടിബറ്റുകാരുടെ ആത്മീയ നേതാവ് മാത്രമല്ല ഈ ലോകത്തെ ഒന്നായിക്കാണാൻ ആഗ്രഹിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളാനും മറ്റുള്ളവരെ പരിഗണിക്കുകയും ചെയ്യുന്ന, നീതിബോധമുള്ള, എല്ലാ നല്ല മനുഷ്യരുടെയും നേതാവാണ്.
The post ദലൈലാമയുടെ പ്രത്യയശാസ്ത്രം appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>The post പ്രാർത്ഥന appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>പ്രാർത്ഥനയുടെ ലോകം മറ്റെല്ലാത്തിൽ നിന്നും വേർപെട്ടുകിടക്കുന്നു. വിശാലമായ ഈ പ്രപഞ്ചത്തെ താൻ വരച്ച വൃത്തത്തിനുള്ളിൽ നിന്ന് പുറത്തേക്കു കൊണ്ടുവരാൻ അത് സഹായിക്കുന്നു. തന്നിൽ നിന്ന് തന്നിലേക്കുള്ള യാത്ര.
എവിടെയൊക്കെയോ സഞ്ചരിച്ചു എന്തിനെയൊക്കെയോ പ്രണയിച്ചു പരന്ന ഈ ആകാശത്തിലേക്ക് ഒഴുകിനടക്കുന്ന അനുഭൂതി.
പ്രാർത്ഥന തപസ്സാണ്, വൈവിധ്യ്മാർന്ന കഥകളും കഥാപാത്രങ്ങളും ഉച്ചസ്ഥായിയിലും ദ്രുതതാളങ്ങളിലും അരങ്ങു തകർത്തു ശേഷം പിൻവാങ്ങുന്ന തപസ്സ്. അനുഭൂതിയുടെ ആകെത്തുകയാണ് ജീവിതം. അതിനെ പ്രണയിക്കുകയാണ് ആനന്ദത്തിന്റെ പൊരുൾ.
ജീവിതം വളരെ ഹ്രസ്വമെന്നു പറയാറുണ്ട്. ജീവിതം ഹ്രസ്വമാകുന്നതാർക്കാണ്, ജീവിതത്തെ പ്രണയിക്കാത്തവർക്കാണ്. വിരസമായ ജീവിതത്തിലേ നിരാശയും ദുഖവുമുണ്ടാകൂ. നിരാശ യുടെ ലോകം ലോകത്തെ തന്റെ ചുറ്റും പ്രതിഷ്ഠിക്കുമ്പോഴാണ്. തന്നിൽ നിന്നും തന്റെ മനസ്സിനെ പരന്ന ഈ പ്രപഞ്ചത്തിലേക്കു പറത്തിവിടുക, അത് സഞ്ചരിക്കട്ടെ, ദേശങ്ങളോ കാലങ്ങളോ ഇല്ലാതെ, അവിടെ നിങ്ങൾക്ക് ആനന്ദത്തെ തൊട്ടറിയാം.

അനുരാഗവും വേദനയും ഹൃദയമുരുകിയ പ്രാർത്ഥനയും നിങ്ങളിൽനിന്നും പുറത്തേക്കൊഴുകട്ടെ. നമ്മുടെ വികാരങ്ങളുടെ തരംഗങ്ങൾ എല്ലാ മട്ടുപ്പാവുകളെയും മുകളിലൂടുയർന്നു പറക്കട്ടെ. മെല്ലെ, വളരെ മെല്ലെ അത് നിങ്ങളെ തേടിയെത്തട്ടെ. അതിന്റെ ഉറവിടവും അന്ധ്യവും നിങ്ങളിലേക്കുതന്നെയായിരിക്കും.
അപ്പോൾ സുഖത്തിന്റെ, സംതൃപ്തിയുടെ, ഒരു നേർത്ത തരംഗം നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. ആ തരംഗങ്ങളുടെ വഴികൾ ഏതുമാവട്ടെ, മതങ്ങൾ, ദൈവങ്ങൾ, നിരീശ്വര ബോധം, ഏതും. അവയുടെ പേരും മുഖങ്ങളും എന്തിന്, അതുണ്ടാക്കുന്ന തരംഗങ്ങൾ അതിലേക്ക് നോക്കാം.
വായന നിങ്ങളെ എങ്ങോട്ടു കൊണ്ടുപോകുന്നു, സംഗീതം നിങ്ങളെ എവിടെയെത്തിക്കുന്നു, അതുപോലെ അനുഭൂതികളിലേക്കുള്ള അനന്തമായ യാത്രയാണ് പ്രാർത്ഥന. അവിടെ നിങ്ങൾ മാത്രമേയുള്ളൂ, എന്നാൽ നിങ്ങളുടെയിടം നിങ്ങളിൽ നിന്ന് വളരെ ഉയരത്തിലും.
The post പ്രാർത്ഥന appeared first on OPEN PRESS | ഓപ്പണ്‍ പ്രസ്സ്.
]]>