CultureSpiritual

മുസ്ലിം നവോത്ഥാനത്തിന്റെ പ്രത്യയശാസ്ത്രം ലിബറലിസം അല്ല

ടി റിയാസ് മോന്‍

ഓരോ നൂറ്റാണ്ടിലും ഈ സമുദായത്തില്‍ പരിഷ്‌കരണം ഉണ്ടാക്കാന്‍ അല്ലാഹു ഒരു നേതാവിനെ നിയോഗിക്കുമെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). ഈ പ്രവാചക വചനത്തെ കുറിച്ചുള്ള ഇമാം സുയൂത്വിയുടെ വിശദീകരണം 1929 ജൂലൈ ലക്കം ‘അല്‍ മനാറി’ല്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. ഇതേ ലക്കത്തിൽ തന്നെയാണ് കേരളത്തിൽ നിന്നുള്ള വക്കം മൌലവിയുടെ അറബിയിലുള്ള കത്ത് പ്രസിദ്ധീകരിക്കുന്നത്. അല്ലാഹുവില്‍ നിന്നുള്ള സന്മാര്‍ഗ്ഗത്തെ പുതുക്കുക, യാഥാര്‍ഥ്യവും വസ്തുതയും വ്യക്തമാക്കുക, മതത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്തതിനെയും അതിരുകവിയലുകളെയും നിരാകരിക്കുക, മതത്തിന്റെ സംസ്ഥാപനത്തെ പ്രചോദിപ്പിക്കുക, സൃഷ്ടികളുടെ നന്മയെ പരിഗണിക്കുക, സമൂഹത്തിന്റെ നിയമങ്ങളെയും ശരീഅത്തിന്റെ നാഗരികതയെയും പരിഗണിക്കുക എന്നിവ മതപരിഷ്‌കരണത്തിന്റെ (തജ്ദീദ്) അര്‍ഥമായി ഇമാം സുയൂത്വി വിശദീകരിക്കുന്നുണ്ട്.

ഖുര്‍ആനിലും, പ്രവാചകാധ്യാപനങ്ങളിലും പ്രകടമായ കാര്യങ്ങളുണ്ട്. എന്നാല്‍ വിവിധ കാലങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങള്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രകടമായ ഉത്തരങ്ങളുണ്ടാകില്ല. അപ്പോള്‍ ഖുര്‍ആനിന്റെയും, പ്രവാചകാധ്യാപനങ്ങളുടെയും മൂല്യങ്ങളില്‍ ഊന്നി നിന്ന് മുന്‍കാല പഠനങ്ങളുടെയും ധിഷണയുടെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഗവേഷണം നടത്തി കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നു. ഇതിനെ ഇസ്‌ലാമിന്റെ ഭാഷയില്‍ ഇജ്തിഹാദ് (ഗവേഷണം) എന്നു വിളിക്കുന്നു. നിലനില്‍ക്കുന്ന കാലത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ പ്രസ്ഥാനങ്ങളും, സംഘങ്ങളും, വ്യക്തികളും മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തില്‍ ഉടനീളം കാണാം. ഓരോ ദേശത്തും, കാലത്തും വിഭിന്നമായ ഇജ്തിഹാദുകള്‍ ഉണ്ടാകും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും, കെ എം മൗലവിയും വിഭിന്നമായ ഗവേഷണം നടത്തിയവരാണ്.ലിബറലിസം വ്യക്തിവാദത്തില്‍ അടിസ്ഥാനമായ പ്രത്യയശാസ്ത്രമാണ്. ഇസ്ലാമിക സമൂഹത്തില്‍ വിവിധ കാലങ്ങളില്‍ നടന്ന പരിഷ്‌കരണവും, ഗവേഷണങ്ങളുടെയും അടിസ്ഥാനം ഇസ്‌ലാമിക പ്രമാണങ്ങളാണ്. അതിനാല്‍ തന്നെ ലിബറലിസവും ഇസ്ലാമിക നവോത്ഥാനവും വ്യത്യസ്തമാണ്. ഇന്ത്യന്‍ ജനാധിപത്യത്തോട് രാജ്യത്തെ മുസ്ലിംകള്‍ ചേര്‍ന്നുനിന്നത് ലിബറല്‍ ആശയങ്ങളുടെ ഭാഗമായിട്ടല്ല. ഇസ്‌ലാമിക പാരമ്പര്യങ്ങളെ മുറുകെ പിടിച്ച ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും, ബി പോക്കര്‍ സാഹിബും ഭരണഘടനാ അസംബ്ലിയില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചവരായിരുന്നു. അവര്‍ക്ക് അവരുടെ മതപരമായ സാധുത ജനാധിപത്യ ഇന്ത്യയുടെ ഭാഗമാകാന്‍ ഉണ്ടായിരുന്നു. ബി പോക്കര്‍ സാഹിബും, അബുല്‍കലാം ആസാദും ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗങ്ങളായിരിക്കുമ്പോള്‍ തന്നെ അവര്‍ സലഫികളായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. രാജ്യത്തെ മുസ്‌ലിം ലീഗും, പാരമ്പര്യ സുന്നികളും സലഫികളും മുക്കാല്‍ നൂറ്റാണ്ട് മുമ്പേ ലിബറല്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാജ്യത്ത് ജീവിച്ചത് എന്ന് സാമാന്യബോധത്തോടെ സിദ്ധാന്തിക്കാന്‍ സാധിക്കില്ല. മതപരമായ സാധുതയുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമായത്.

സർ സയ്യിദ് ലിബറലോ?

ഇന്ത്യയില്‍ ഇസ്ലാമിനകത്തെ ലിബറല്‍ നിലപാടുകള്‍ സ്വീകരിച്ച മുന്‍ഗാമി സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ (1817-1898) ആണെന്ന നിരീക്ഷണവും ചരിത്രപരമായി സാധുതയില്ലാത്തതാണ്. സര്‍ സയ്യിദ് അഹമ്മദ് ഖാനെ കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. സര്‍ സയ്യിദിന്റെ സന്തത സഹചാരിയായിരുന്ന മൗലാനാ അല്‍താഫ് ഹുസൈന്‍ ഹാലി എഴുതിയ ‘ഹയാതെ ജാവീദി’ ആണ് അതില്‍ ഏറ്റവും ആധികാരിക ഗ്രന്ഥം. ഷാ വലിയുള്ള അദ്ദഹലവിയുടെ മതകാഴ്ചപ്പാടുകളാണ് സര്‍ സയ്യിദിന്റെ വീക്ഷണങ്ങളെ സ്വാധീനിച്ചതെന്ന് ചരിത്രം പറയുന്നുണ്ട്. ഷാ വലിയുള്ള അദ്ദഹലിവിയാകട്ടെ ഇന്ത്യാ ഉപഭൂഖണ്ഡത്തെ ഏറ്റവും സ്വാധീനിച്ച മതപരിഷ്‌കര്‍ത്താവാണ്. സര്‍ സയ്യിദിനെ കുറിച്ച് പല കഥകളും രാജ്യത്ത് പ്രചരിച്ചിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്താണ് മക്കയിലെ കഅബ. മുസ്ലിംകള്‍ പടിഞ്ഞാറോട്ട് നിന്ന് നിസ്‌കരിക്കുമ്പോള്‍ സര്‍ സയ്യിദ് കിഴക്കോട്ട് തിരിഞ്ഞാണ് നിസ്‌കരിക്കുക എന്നതായിരുന്നു പ്രചാരത്തിലിരുന്ന പ്രധാന കഥ. അലീഗഡില്‍, പില്‍ക്കാലത്ത് അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയായിത്തീര്‍ന്ന കോളെജിലെ പള്ളിയില്‍ പടിഞ്ഞാറോട്ട് തിരിഞ്ഞ് തന്നെ സയ്യിദ് അഹമ്മദ് ഖാന്‍ നിസ്‌കരിക്കുന്നത് കണ്ടപ്പോഴാണ് സാധാരണ ജനങ്ങള്‍ക്ക് നുണപ്രചാരണങ്ങളുടെ അര്‍ഥശൂന്യത ബോധ്യമായത്. സര്‍ സയ്യിദിന്റെ മതവീക്ഷണം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ വിശദീകരിക്കാം: ‘സമുദായത്തോടുള്ള സ്‌നേഹം സത്യവിശ്വാസത്തിന്റെ ഭാഗമാകുന്നു. ആര് സമുദായത്തിന്റെ അന്തസ്സിന് വേണ്ടി പ്രവര്‍ത്തിച്ചുവോ നിശ്ചയം അയാള്‍ തന്റെ മതത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്’. കുര്‍ത്തയും, ഷെര്‍വാണിയും, തുര്‍ക്കിത്തൊപ്പിയും ധരിച്ച് തന്റെ സ്വത്വവും വിശ്വാസവും ഉയര്‍ത്തിപ്പിടിച്ച സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ലിബറലിസത്തിന്റെ പ്രതിനിധിയാണെന്ന പ്രസ്താവം ചരിത്രവിരുദ്ധമാണ്. ‘ഞാനൊരു മുസ്‌ലിമാണ്, ഞാനൊരു ഇന്ത്യക്കാരനാണ്, വംശപരമായി ഞാനൊരു അറബിയാണ്, അറബികളെ പുറത്ത് നിന്നുള്ള ആരും ഭരിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച സർ സയ്യിദിനെ ലിബറലുകളുടെ പട്ടികയില്‍ പെടുത്താനാവില്ല. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ പ്രസിദ്ധീകരിച്ചിരുന്ന തഹ്ദീബുല്‍ അഖ്‌ലാഖില്‍ എഴുതി വെച്ചതാണ് അ്‌ദ്ദേഹത്തിന്റെ മതകാഴ്ചപ്പാട്.

വക്കം മൗലവിയുടെ കത്ത്

കേരളത്തില്‍ 1920കളില്‍ രൂപപ്പെട്ട മുസ്‌ലിം സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ചരിത്രം ഏറെക്കുറെ ലിഖിത രൂപത്തില്‍ ലഭ്യമാണ്. അതിന്റെ ആശയസ്രോതസ്സ് സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ അലീഗഡ് പ്രസ്ഥാനമാണോ, ഈജിപ്തിലെ അഫ്ഗാനി- അബ്ദു- റശീദ് രിദ സംഘത്തിന്റെ സലഫിയ്യ: ആണോ എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമില്ല. പല ഉത്തരങ്ങളും രാഷ്ട്രീയപരമായും, ചരിത്രപരമായും ഭാഗികമായ ശരികളാണ്. 1921കളിലെ മലബാര്‍ കലാപാനന്തര സാമൂഹ്യാവസ്ഥകള്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തിയുള്ള ഭൂമികയായി കേരളത്തെ മാറ്റുകയും ചെയ്തു. 1921ല്‍ തുടക്കംകുറിച്ച കേരള മുസ്‌ലിം ഐക്യസംഘം അതിന്റെ ഉപദേശക സമിതിയായി കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭക്കാണ് രൂപം നല്കിയത്. കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമേയങ്ങള്‍ ലിഖിത രൂപത്തില്‍ ലഭ്യമാണ്. ഖുര്‍ആന്‍, ഹദീസ് എന്നിവയാണ് അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മതകാഴ്ചപ്പാട് അദ്ദേഹത്തിന്റെ രചനകളിലൂടെ വായിച്ചെടുക്കാവുന്നതാണ്. ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദ്) പ്രചാരണത്തിന് വേണ്ടി വക്കം മൗലവി നിലകൊണ്ടു. മുസ്‌ലിംകള്‍ക്കിടയിലെ അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും എതിരെ അദ്ദേഹം പ്രചാരണം നടത്തി. ഈജിപ്തില്‍ നിന്നും പുറത്തിറങ്ങിയിരുന്ന അൽമനാറിന്റെ 1929 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ച മൗലവിയുടെ കത്തിൽ നിന്നും അദ്ദേഹത്തിന്റെ മതകാഴ്ചപ്പാട് വ്യക്തമാണ്. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ എന്ന നിലയിലാണ് മലയാള പത്രപ്രവര്‍ത്തന ചരിത്രം വക്കം മൗലവിയെ ഓര്‍ക്കുന്നത്. വക്കം മൗലവി പത്രം പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രസ് ഇംഗ്ലണ്ടില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. പ്രസ്സ് മാത്രമേ അദ്ദേഹം യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ളൂ. നിശിതമായ കൊളോണിയല്‍ വിരുദ്ധനായിരുന്നു വക്കം മൗലവി. അദ്ദേഹം ലിബറലിസമോ, മാര്‍ക്‌സിസമോ യൂറോപ്പില്‍ നിന്ന് കടം കൊണ്ടിട്ടില്ല. അദ്ദേഹം ഊര്‍ജ്ജം സ്വീകരിച്ചത് ഈജിപ്തിലെ ഇസ്‌ലാമിക പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ നിന്നാണ്.

ഇന്ത്യയിലെ മുസ്‌ലിം സമൂഹം രാജ്യത്ത് അതിജീവിക്കാന്‍ വേണ്ടി ലിബറലുകളുടെ ആശയങ്ങളെ സ്വീകരിച്ചുവെന്ന് പറയുന്നത് ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ വിശാലതയെ റദ്ദ് ചെയ്യലാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിപുലമായ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ പിന്തുണയോടെയാണ് രാജ്യത്തെ മുസ്‌ലിംകള്‍ ജനാധിപത്യത്തോടും, മതേതരത്വത്തോടും ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. മുസ്‌ലിം സമൂഹങ്ങളിലെ ഇജ്തിഹാദ് (ഗവേഷണം), തജ്ദീദ് (മതപരിഷ്‌കരണം) എന്നിവ കാണുമ്പോള്‍ ഇതാണ് ലിബറലിസമെന്നും, അതുകൊണ്ട് ലിബറലുകള്‍ക്കും ഇസ്‌ലാമില്‍ ഒരു മുറി സംവരണം ചെയ്യണമെന്നും ആവശ്യപ്പെടുന്നത് ആശയപരമായ സത്യസന്ധതയില്ലായ്മയാണ്. അല്ലാതെ തന്നെ മുസ്ലിം സമൂഹത്തിന്റെ ഭാഗമായി നിൽക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്. 

3.3 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x