Opinion

ഡിജിപി ബെഹ്‌റ ടിപി സെൻകുമാറിന് പഠിക്കുന്നുവോ?

പ്രതികരണം / ഹരിമോഹൻ

അഞ്ചുവർഷം ഞാൻ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഉത്തരവാദപ്പെട്ട ഒരുപാടു ഫയലുകൾ കാണാൻ കഴിഞ്ഞു. ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഫയലുകളും കണ്ടു. ഇസ്രത്ത് ജഹാന്റെ കേസ് നടന്നു. മോദിയും അമിത് ഷായും കൂട്ടുപ്രതികളായ ഒരുപാടു കേസുകൾ. ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അന്നു ബെഹ്‌റ. ആ മനുഷ്യൻ മോദിയെയും ഷായെയും വെള്ള പൂശാൻ അന്നു തയ്യാറാക്കിയ റിപ്പോർട്ട്‌ ഞങ്ങൾക്കു വിസ്മയം ഉളവാക്കി.

അഞ്ചുവർഷം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഒരിക്കൽ പറഞ്ഞതാണ്. കേന്ദ്ര സർക്കാരിൽ വളരെ സുപ്രധാനമായ സ്ഥാനം വഹിച്ചിരുന്ന ഒരു വ്യക്തി താൻ നേരിട്ടുകണ്ട റിപ്പോർട്ടുകളെക്കുറിച്ചാണ് ഈ പറഞ്ഞതൊക്കെയും.

ഇതിന്നും ഇന്നലെയും കേൾക്കുന്നതല്ല. 2003-ൽ നരേന്ദ്ര മോദിയുടെ ഗുജറാത്ത്‌ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഹരെൺ പാണ്ഡ്യയുടെ കൊലപാതകത്തിന്റെ അന്വേഷണം മുതൽ ഒരറ്റത്തു ബെഹ്‌റയും മറ്റേ അറ്റത്തു മോദിയും ഷായുമുണ്ട്.

2002-ലെ ഗുജറാത്ത് കലാപം അന്വേഷിക്കുന്ന വി.ആർ കൃഷ്ണയ്യരുടെ സമിതിക്കു മുന്നിൽ പാണ്ഡ്യ നടത്തിയ വെളിപ്പെടുത്തലാണ് അയാളുടെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് അന്വേഷണ സംഘ റിപ്പോർട്ട്‌ വിശ്വസിക്കുന്നവർ ഒഴികെയുള്ളവർക്കെല്ലാം ഇന്നും ഉറപ്പാണ്. കലാപം നടന്ന രാത്രിയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിൽ വെച്ചുനടന്ന യോഗത്തിൽ വെച്ചു കലാപകാരികളെ തടയരുതെന്നും ഗോധ്രക്കു നീതി ലഭിക്കണമെന്നും മോദി പറഞ്ഞതായി പാണ്ഡ്യ വെളിപ്പെടുത്തിയെന്ന് അന്നൊട്ടേറെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനുശേഷം നടന്ന പാണ്ഡ്യയുടെ കൊലപാതകം അന്വേഷിച്ച സി.ബി.ഐ സംഘത്തിൽ ബെഹ്‌റയുമുണ്ടായി. ഗുജറാത്ത്‌ പോലീസിനു പുറമേ ഈ സി.ബി.ഐ സംഘവും വിധിയെഴുതിയത്, പാണ്ഡ്യയുടെ കൊലപാതകത്തിനു പിന്നിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐയും ഭീകരസംഘടനയായ ലഷ്‌കർ ഇ തോയ്‌ബയും ദാവൂദ് ഇബ്രാഹിമും ആണെന്നാണ്.

ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസിലും ബെഹ്‌റയുടെ ഇടപെടൽ ശ്രദ്ധിക്കേണ്ടതാണ്. മുല്ലപ്പള്ളി ആരോപിച്ചതുപോലെ തന്നെയായിരുന്നു കാര്യങ്ങൾ. 2004-ൽ ഇസ്രത്ത് ജഹാൻ അടക്കം നാലുപേരെ അഹമ്മദാബാദ് പോലീസിന്റെ ക്രൈം ബ്രാഞ്ച് വെടിവെച്ചുകൊന്ന കേസ് അന്വേഷിച്ച ഗുജറാത്ത് പോലീസ് കൊല്ലപ്പെട്ടവർ ലഷ്‌കർ ഭീകരർ ആണെന്നും മുഖ്യമന്ത്രി മോദിയെ കൊല്ലുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും വിധിയെഴുതി.

അതേ സമയം ബെഹ്‌റ നേതൃത്വം നൽകിയ മൂന്നംഗ എൻ.ഐ.എ സംഘം മുംബൈ ഭീകരാക്രമണത്തിൽ (26/11) സംശയിച്ചിരുന്ന ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ മൊഴി 2010-ൽ രേഖപ്പെടുത്തി. ഈ മൊഴിയിൽ ഇസ്രത്തിന്റെ പേരുണ്ടായിരുന്നു എന്നു പിൽക്കാലത്തു ബെഹ്‌റ പരോക്ഷമായും ബി.ജെ.പി പ്രത്യക്ഷത്തിലും വാദിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇസ്രത്ത് ഭീകരവാദിയാണെന്ന കാര്യം ഉണ്ടായിരുന്നില്ല. ഇത് അന്ന് ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ്‌ മനഃപൂർവം ഒഴിവാക്കിയതാണെന്നായിരുന്നു ബി.ജെ.പിയുടെ വാദം. മോദിയുടെ ഗുജറാത്ത് പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലയെ ന്യായീകരിക്കാൻ ബെഹ്‌റ നൽകിയ റിപ്പോർട്ട്‌ മൻമോഹൻ സിംഗിന്റെ സർക്കാർ അംഗീകരിച്ചില്ല.

പക്ഷേ അന്നും ഇന്നും ബെഹ്‌റ മോദിക്കു പ്രിയപ്പെട്ടവനാണ്. അതുകൊണ്ടാണല്ലോ അവസാനം വരെ ബെഹ്‌റയുടെ പേര് സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്കു പറഞ്ഞുകേട്ടതും.

ഏറ്റുമുട്ടൽ കൊലകളെ ന്യായീകരിക്കുന്ന, വർഗീയ കലാപങ്ങളെ വെള്ളപൂശുന്ന അതേ ബെഹ്‌റയെത്തന്നെയാണ് ഇക്കാലമത്രയും പിണറായി വിജയൻ എന്ന മുഖ്യമന്ത്രി മടിയിലിരുത്തി ലാളിച്ചത്. മോദിയോടെന്ന പോലെ അയാൾ ഈ മുഖ്യമന്ത്രിയോടും വിശ്വസ്തനായിരുന്നു. അതുകൊണ്ടാണല്ലോ അയാൾ യു.എ.പി.എ നടപ്പാക്കുന്നതിനെയും മാവോയിസ്റ്റ് വേട്ടകളെയും ഒരു മടിയുമില്ലാതെ ന്യായീകരിക്കുന്നത്.

അവിടെയും തീരുന്നില്ല. ഗുജറാത്ത് കലാപകാലത്തു കണ്ട ബെഹ്‌റയാണു കേരളത്തെ ഭീകരരുടെ താവളമായി സ്ഥാപിക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്. കാലങ്ങളായി കേരളത്തിന്റെ മുകളിൽ സംഘപരിവാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പട്ടമാണ് ബെഹ്‌റ അനായാസമായി, സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്റെ പ്രിവിലേജ് ഉപയോഗിച്ച്, മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ ചാർത്തിത്തന്നത്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x