Political

മണിപ്പൂരിലെ മെയ്തേയ്-കുക്കി സംഘർഷം; ബിജെപിയുടെ ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിൻ്റെ ബ്ലൂപ്രിന്റ്

ക്രിസ്ത്യാൻ ഭൂരിപക്ഷ ഗോത്രവർഗക്കാർക്കെതിരെ മെയ്തേയ്കളെ (Meitei) ഉയർത്തി കാണിച്ച് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അപകടകരമായ വർഗീയ രാഷ്ട്രീയം കളിക്കുകയാണ്.

മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു മാസത്തിലേറെയായി. സംസ്ഥാനത്തെ മെയ്തി വിഭാഗവും കുക്കി (Kuki) വിഭാഗവും തമ്മിൽ രാഷ്ട്രീയ സംഘർഷത്തിലാണ്.

നിരവധി പേർ മരിക്കുകയും വസ്തുവകകൾ നശിപ്പിക്കപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേരാണ് കഴിയുന്നത്. ഗോത്രവർഗ്ഗക്കാരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളായതിനാൽ സംസ്ഥാനത്തുടനീളം 40-ലധികം പള്ളികൾ തകർക്കുകയും കത്തിക്കുകയും ചെയ്തു.

കുടിയിറക്കപ്പെട്ട വ്യക്തികൾക്കും ആരാധനാലയങ്ങൾക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ശാന്തമാണെന്ന് തോന്നിപ്പിക്കുമെങ്കിലും മണിപ്പൂർ എല്ലായ്‌പ്പോഴും പിടികൊടുക്കാത്ത പല സാമൂഹിക-രാഷ്ട്രീയ സ്വഭാവമുള്ള പ്രദേശമാണ്.

ഭൂരിഭാഗം മെയ്തേയ് ജനങ്ങളും താഴ്വരയിലാണ് താമസിക്കുന്നത്. മെയ്തികൾക്കിടയിൽ മുസ്ലീങ്ങളായ ഒരു പ്രധാന സമൂഹവുമുണ്ട്. നാഗ സാന്നിദ്ധ്യം മത-സാംസ്കാരിക സമവാക്യങ്ങളിൽ കാര്യമായ വ്യത്യാസമുണ്ടാക്കുന്നുണ്ട്. അവരിൽ പലരും ഹിന്ദുമതത്തിലേക്കോ ക്രിസ്തുമതത്തിലേക്കോ പരിവർത്തനം ചെയ്തിട്ടില്ല.

1980-കളിൽ മണിപ്പൂരിനെ മൊത്തത്തിൽ ‘പ്രക്ഷുബ്ധം’ എന്ന് തരംതിരിക്കുകയും 1958-ലെ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമത്തിന് (AFSPA) കീഴിൽ കൊണ്ടുവരികയും ചെയ്തു.

കോൺഗ്രസ് എംഎൽഎ ആൽഫ്രഡ് കണ്ണം ആർതർ മലനിരകൾക്കും താഴ്‌വരയ്ക്കും ഇടയിലുള്ള ആനുപാതികമല്ലാത്ത ബജറ്റ് വിഹിതത്തെക്കുറിച്ചുള്ള വസ്തുതകൾ തുറന്നുകാട്ടി.

2016 നും 2021 നും ഇടയിൽ പ്ലാൻ ഫണ്ടിൽ 22,000 കോടി രൂപ ബജറ്റ് വിഹിതത്തിൽ നിന്ന് ആദിവാസികൾക്ക് ലഭിച്ചത് 500 കോടിയിൽ താഴെയാണ്. താഴ്‌വരയിൽ നിന്ന് 40 എംഎൽഎമാർ ഉള്ളപ്പോൾ മലയോരത്ത് നിന്ന് കേവലം 20 എംഎൽഎമാർ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഇത് രാഷ്ട്രീയവും സാമ്പത്തികവുമായ അസമത്വത്തിന് കാരണമാവുന്നു.

വൻതോതിലുള്ള അഴിമതിയും ആദിവാസി ക്ഷേമത്തിനായി നിയോഗിക്കപ്പെട്ട ഫണ്ട് വകമാറ്റവും സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന്റെയും അഭാവം നിമിത്തം കുക്കി ജനങ്ങൾ വലിയ പ്രയാസത്തിലാണ് എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

മണിപ്പൂരിൽ എല്ലായ്‌പ്പോഴും മെയ്തേയ്കൾക്ക് മുൻതൂക്കം ഉണ്ടായിട്ടുണ്ട്. പട്ടികവർഗമായി അംഗീകരിക്കണമെന്ന ഇവരുടെ ആവശ്യം നീതികരിക്കാനാവില്ല. മലയോര മേഖലകളിൽ ആധിപത്യം നേടാനുള്ള ശ്രമമായാണ് ആദിവാസി സമൂഹങ്ങൾ ഈ ഒരു നീക്കത്തെ കാണുന്നത്.

ST പദവിയുള്ളതിനാൽ കുന്നുകൾക്ക് സ്വയംഭരണാവകാശമുണ്ട്. ഭരണഘടനയും മറ്റ് നിയമങ്ങളും മണിപ്പൂരിലെ മലയോര പ്രദേശങ്ങൾക്കായി പ്രത്യേക വ്യവസ്ഥകളിലൂടെ ആദിവാസി അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്. ആദിവാസി ഭൂമികൾ ആദിവാസികളല്ലാത്തവർക്ക് കൈമാറുന്നത് വിലക്കുന്നതടക്കമുള്ള പ്രത്യേക നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. അതൊക്കെ തട്ടിയെടുത്ത് മലയോര മേഖല കൈപിടിയിലെടുക്കാനുള്ള ശ്രമമായിട്ടാണ് കുക്കി വിഭാഗം ഇതിനെ കാണുന്നത്.

ഭൂരിപക്ഷം ക്രിസ്ത്യൻ മതവിശ്വാസികളായ ഗോത്രവർഗക്കാർക്കെതിരെ മെയ്തേയ്കളെ ‘ഹിന്ദുക്കൾ’ എന്ന ലേബലിൽ പിന്തുണച്ച് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അപകടകരമായ വർഗീയ നാടകമാണ് അവർ കളിക്കുന്നത് എന്ന് ആദിവാസി സമൂഹങ്ങൾ കരുതുന്നു.

താഴ്‌വരയിൽ ഈ വർഗീയവാദം വളരുന്നതിന് കാരണം ഹിന്ദുത്വ ദേശീയതയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ തീവ്ര നീക്കങ്ങൾ ന്യൂനപക്ഷ മത വിഭാഗങ്ങളെ കീടക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്.

അറംബൈ തെങ്കോൾ (Arambai Tengol) എന്ന സംഘടനയുടെ ബാനറിന് കീഴിലായാണ് മെയ്തേയ് യുവാക്കൾ ഇപ്പോൾ സംഘടിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത മതങ്ങളെ തങ്ങളുടെ കൊടിക്കീഴിലാക്കി ആധിപത്യം സ്ഥാപിക്കാനാണ് ബിജെപിയുടെ ശ്രമം.

പള്ളികൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ പ്രാദേശിക സഭാ നേതാക്കൾ രംഗത്തെത്തിയിരുന്നു. ദേവാലയങ്ങളും മറ്റ് സ്ഥാപനങ്ങളും അക്രമിക്കപ്പെടുകയും 20 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായും കണക്കാക്കുന്നു. അവരുടെ ക്രിസ്ത്യൻ ഐഡന്റിറ്റിയാൽ വ്യാപകമായി അക്രമിക്കപ്പെടുന്നു എന്നും സംസ്കാരിക സംരക്ഷണത്തിന്റെ മറവിൽ ക്രിസ്തുമതത്തെ ആ നാട്ടിൽ നിന്ന് ഇല്ലതെയാക്കാൻ ആക്രമികൾ ശ്രമിക്കുന്നുവെന്നും അവർ ചൂണ്ടികാണിക്കുന്നു.

ഭിന്നത രൂക്ഷമാവാൻ ഹൈകോടതി വിധി കാരണമായി

മെയ്തേയ് സമുദായത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട മണിപ്പൂർ ഹൈക്കോടതിയുടെ തീരുമാനമാണ് ഈ കലാപത്തിൻ്റെ പ്രധാന കാരണം.

പട്ടികവർഗക്കാർക്ക് രാഷ്ട്രീയ പ്രാതിനിധ്യം, കൂടാതെ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നു.

എന്നാൽ മെയ്തേയ് സമുദായത്തെ എസ് ടി പട്ടികയിൽ ഉൾപ്പെടുത്തിയാൽ വളരെ സെൻസിറ്റീവ് ആയ ഗോത്രവർഗ മേഖലകളിൽ ഭൂമി അവർ സ്വന്തമാക്കുമെന്നും അത് ഗോത്രവർഗക്കാരുടെ നിലനിൽപ്പ് ഇല്ലാതെയാക്കുമെന്നും അവർ ആശങ്കപ്പെടുന്നു.

ഭൂമിയുടെ മേലുള്ള അവകാശവും മെയ്തേയ് വിഭാഗത്തിന് ലഭിക്കുന്ന ആനുപാതികമല്ലാത്ത രാഷ്ട്രീയ പ്രാതിനിധ്യവും മേഖലയിൽ സംഘർഷം വർധിപ്പിക്കുകയാണ്.

മണിപ്പൂർ ഹൈക്കോടതി ഉത്തരവ് വസ്തുതാപരമായി തെറ്റാണെന്നും എസ്‌സി/എസ്ടി ലിസ്റ്റിലെ സമുദായങ്ങളെ തരംതിരിക്കുന്നത് സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിക്കുകയും സർവേ നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു.

പുതിയ മെയ്തേയ് ദേശീയത-യും ബിജെപി മുതലെടുപ്പും

2017ൽ ബി ജെ പി സംസ്ഥാനത്ത് അധികാരമേറ്റതോടെയാണ് മെയ്തേയ് ദേശീയതയുടെ ഉയർച്ചയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മിലിഷ്യകളുടെ തന്ത്രങ്ങളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാമനവമി ഘോഷയാത്ര അക്രമങ്ങൾക്ക് കാരണമായി ആരോപിക്കപ്പെടുന്ന ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തനങ്ങൾക്കും തമ്മിൽ വലിയ സാമ്യമുണ്ട്.

കുക്കി സമുദായത്തിനും പള്ളികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ മറ്റിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്കെതിരായി ഹിന്ദുത്വ അക്രമത്തിന്റെ ബ്ലൂപ്രിന്റ് പിന്തുടരുന്നു.

മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള തീവ്രവാദികളായ യുവാക്കൾ കുക്കി വീടുകളും കടകളും തീയിട്ട് പ്രക്ഷോഭം സൃഷ്ടിച്ചു. ഈ ആക്രമണങ്ങൾ സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്ത സംഘടനകൾക്ക് വ്യക്തമായും സർക്കാരിന്റെ പിന്തുണയുണ്ടായിരുന്നു. കുക്കി കുടുംബങ്ങളുടെ വിലാസം അവർക്ക് എങ്ങനെ ലഭിച്ചു? ആക്രമണത്തിന് മുമ്പ് കുക്കി വീടുകളും കടകളും ചുവന്ന പെയിന്റ് കൊണ്ട് അടയാളപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

ബിജെപി സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയമാണ് വർഗീയ കലാപത്തിന് കാരണമെന്ന് കുക്കികൾ കുറ്റപ്പെടുത്തുന്നു. പോലീസ് സ്‌റ്റേഷനുകളിലും പോലീസ് പരിശീലന കേന്ദ്രങ്ങളിലും കയറി പോലീസുകാർ നോക്കിനിൽക്കെ ആയുധപ്പുരകൾ പിടിച്ചെടുക്കുന്ന മൈതേയ് മിലിഷ്യകളുടെ ദൃശ്യങ്ങളുണ്ട്.

ഈ ആക്രമണങ്ങൾക്ക് മാസങ്ങൾക്ക് മുമ്പ് കുക്കികളെ ആസൂത്രിതമായി ഒറ്റപ്പെടുത്തുന്നു. കുക്കികൾ പ്രാഥമികമായി വേട്ടയാടുന്ന സമൂഹമാണ്, പലർക്കും ലൈസൻസുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ഭരണകൂടം യാതൊരു കാരണവുമില്ലാതെ കണ്ടുകെട്ടി. ഇതൊക്കെ സൂചിപ്പിക്കുന്നത് കുക്കിൾക്കെതിരെയുള്ള ആക്രമണങ്ങൾ ആസൂത്രിതമായിരുന്നെന്നും ഭരണകൂടത്തിൻ്റെ അറിവും സമ്മതവും അക്രമികൾക്ക് ലഭിചിട്ടുണ്ട് എന്നും വ്യകതമാക്കുന്നു.

മെയ്തേയ്കൾ, കുക്കികൾ എന്നിവ ചരിത്രപ്രമായും ഭൂമിശാസ്ത്രപ്രമായും വേർതിരിവുള്ളതാണ്. മണിപ്പൂരിന്റെ വിസ്തൃതിയുടെ 10% മാത്രം വരുന്ന ജനസാന്ദ്രതയുള്ള താഴ്‌വരയിലാണ് ഭൂരിപക്ഷം മെയ്തേയ് സമൂഹം കേന്ദ്രീകരിച്ചിരിക്കുന്നത്.

അതേസമയം വിവിധ ഗോത്ര സമൂഹങ്ങൾ – കുക്കികളും നാഗകളും ഉൾപ്പെടെ – സംസ്ഥാനത്തിന്റെ 90% വരുന്ന കുന്നുകളിൽ താമസിക്കുന്നു. വികസനത്തിന്റെ മാപ്പ് താഴ്‌വരയ്ക്ക് മാത്രമായി ഒതുങ്ങി. താഴ്‌വരയിൽ സർവ്വകലാശാലകളും മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളും ആശുപത്രികളും വന്നതോടെ ആദിവാസി സമൂഹങ്ങൾക്കിടയിൽ വേർതിരിവിൻ്റെയും അനീതിയുടെയും ആശങ്ക വളർന്നു.

രണ്ട് തവണ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലും മെയ്തേയ്കളും യാതൊരു തെളിവുകളുമില്ലാതെ കുക്കികളെ മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്താനുള്ള സംഘടിത ശ്രമം നടത്തുന്നുണ്ട്. എന്നാൽ അതിന് ലഭ്യമായ ചരിത്ര, പുരാതനരേഖകളുടെ യാതൊരു പിന്തുണയുമില്ല എന്നതാണ് സത്യം.

കൂടാതെ കുക്കി വിഭാഗത്തെ മയക്കുമരുന്നിൻ്റെ റാക്കറ്റുകളായി ചിത്രീകരിക്കുകയും അവർ മലനിരകളിൽ അനധികൃത പോപ്പി കൃഷി ചെയ്യുന്നതായും സർക്കാർ ആരോപിക്കുന്നു.

മണിപ്പൂർ ലാൻഡ് റവന്യൂ ആക്ട്, 1960, താഴ്‌വരയിൽ നിന്നുള്ള ആദിവാസി ഇതര ജനങ്ങളെ കുന്നുകളിൽ ഭൂമി വാങ്ങുന്നതിൽ നിന്ന് വിലക്കുന്നു. ST പദവിക്ക് വേണ്ടിയുള്ള മെയ്തേയിയുടെ ആവശ്യം അംഗീകരിച്ചാൽ കുന്നുകളുടെ അവകാശം കുക്കികൾക്ക് നഷ്ടമാവും എന്നും, കുക്കി സാംസ്കാരിക പൈതൃകത്തെ ഇല്ലാതെയാക്കുമെന്നും പ്രദേശത്തിൻ്റെ സ്വഭാവും മാറുമെന്നും അവർ ഭയക്കുന്നു.

(‘ദ വയറിൽ’ വന്ന ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ)

Written by: Ranjan Solomon 

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x