
ഇസ്ലാമിക സാങ്കേതികഭാഷയിൽ സ്ത്രീകളുടെ ശിരോവസ്ത്രത്തിന് ഹിജാബ്, ഖിമാർ എന്നിങ്ങനെയുള്ള അറബി വാക്കുകൾ ഉപയോഗിക്കപ്പെടുന്നു. മറ, മൂടി എന്നൊക്കെയാണ് ഈ വാക്കുകളുടെ അർത്ഥം. ഹിജാബ് എന്നാണ് സാധാരണയായി അതിനെ വിളിക്കാറുള്ളത്. മഫ്ത, മക്കന, തട്ടം എന്നീ പേരുകളിൽ പൊതുവായി അത് അറിയപ്പെടുന്നു. ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നവൾ സ്വയം ‘ഹിജാബി’ എന്ന പേരിൽ അടുത്തകാലത്ത് പരിചയപ്പെടുത്തിവരുന്നത് നമുക്ക് കാണാൻ സാധിക്കും.
ലോകമൊട്ടുക്കെയുള്ള മുസ്‌ലിം സ്ത്രീകൾ അവരുടെ സംസ്കാരത്തിനും, സമ്പ്രദായത്തിനും, കാലാവസ്ഥക്കും, മറ്റു സൗകര്യങ്ങൾക്കുമനുസരിച്ചുള്ള വിവിധ തരത്തിലുള്ള ഹിജാബുകൾ (ശിരോവസ്ത്രങ്ങൾ) ധരിക്കുന്നതായി നമുക്ക് കാണാം. ഒരു സ്ത്രീയെ സംബന്ധിച്ച് ശിരോവസ്ത്രം ധരിക്കുന്നതിന് പല കാരണങ്ങൾ ഉണ്ടായേക്കാമെങ്കിലും അതിന്റെ പരമപ്രധാനവും സാധാരണയുമായുള്ള കാരണമെന്നത് മതപരമായിട്ടുള്ള ബാധ്യത എന്നതാണ്.
“വീട്ടിൽ നിന്നും പറഞ്ഞതാണോ നിന്നോട് ഇത് ധരിക്കാൻ?”
“നീയെന്താ കഷണ്ടിയാണോ?”
“ഇതിന്റെ ഉള്ളിൽ കിടന്നിട്ട് നിനക്ക് ശ്വാസം മുട്ടുന്നില്ലെ?”
ഇങ്ങനെയുള്ള അനേകം ചോദ്യങ്ങൾ ശിരോവസ്ത്രം ധരിക്കുന്ന ഒരു സ്ത്രീക്ക് സമൂഹത്തിൽ നിന്നും കേൾക്കേണ്ടി വരുന്നുണ്ട്. മുസ്ലിം സ്ത്രീകൾ കാലങ്ങളായി ആചരിച്ചുപോരുന്നതാണ് ശിരോവസ്ത്രം ധരിക്കൽ. എന്നാൽ, ഇതരമതങ്ങളിലെ സ്ത്രീകളിലും സമാനരീതിയിലുള്ള വസ്ത്രധാരണ കാണാൻ സാധിക്കും, അതിന്റെ ഒരു ഉദാഹരണമാണ് ഹിന്ദു, ജൈന, സിഖ് മതങ്ങളിലെ സ്ത്രീകൾ ആചരിച്ചുപോരുന്ന ഘൂങ്ഘട്.
ശിരോവസ്ത്രം ഇസ്‌ലാമിൽ സ്ത്രീയുടെ വസ്ത്രധാരണരീതിയാണ് എന്നതിന്റെ കൂടെത്തന്നെ നാം മനസിലാക്കേണ്ടത് പുരുഷന്മാർക്കും നിശ്ചിത വസ്ത്രധാരണരീതി ഇസ്ലാം കല്പിക്കുന്നുണ്ട് എന്നതാണ്. ‘ഹിജാബ്’ ഒരു നിർബന്ധ കാര്യമായാണ് ഇസ്‌ലാമിൽ അവതരിപ്പിക്കപ്പെട്ടത്. വസ്ത്രം എന്നതിലുപരി ഹിജാബ് അഥവാ മറ എന്ന ആശയത്തെ നാം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്.
സ്ത്രീയോ പുരുഷനോ ആവട്ടെ, ഒരു മനുഷ്യന്റെ വ്യക്തിത്വത്തിലും സ്വഭാവത്തിലും സംസാരത്തിലും പ്രവർത്തനത്തിലുമൊക്കെ നമ്രതയുടെയും മര്യാദയുടെയും ഒരു ‘മറ’ ഉൾക്കൊണ്ടിരിക്കണം എന്നുകൂടി ഈ ഹിജാബ് നമ്മോട് പറയുന്നുണ്ട്.
എന്നാൽ ഇത്തരം കാര്യങ്ങൾ മറ്റേതുമേഖലകൾ പോലെയും പുരുഷാധിപത്യസ്വഭാവമുള്ള പണ്ഡിതസമൂഹത്തിൽ വേണ്ടുവോളം ചർച്ച ചെയ്യപ്പെടാതെ പോകുന്നു. സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണം എന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും, പുരുഷന്റെ സമാനബാധ്യതകളെ കുറിച്ച് വിസ്മരിക്കുകയും ചെയ്യുന്നു. പലപ്പോഴും ഒരു പുരുഷദൃഷ്ടിയിൽ നിന്നുകൊണ്ട് മാത്രമാണ് ഇത്തരം കാര്യങ്ങൾ അപഗ്രഥിക്കപ്പെടാറുള്ളത് എന്നതാണ് മറ്റൊരു കാര്യം.
ഹിജാബ് എന്റെ ചോയ്സ്
പാശ്ചാത്യലോകത്തിന്റെ കണ്ണിൽ ഹിജാബ് (ശിരോവസ്ത്രം) എല്ലാകാലത്തും അടിച്ചമർത്തലിന്റെയും പുരുഷാധിപത്യത്തിന്റെയും സ്ത്രീവിദ്വേഷത്തിന്റെയും മുഖമുദ്രയായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ചിലർ അത് ധരിക്കുന്നതിനെ തന്നെ ഇഷ്ടപ്പെടുന്നില്ല, മറ്റുചിലർ അതിനെ ഇസ്ലാമിക തീവ്രവാദവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. സാംസ്‌കാരികമായി സാജാത്യവൈജാത്യങ്ങൾ ഒട്ടനേകമുള്ള രാജ്യമാണല്ലോ ഇന്ത്യ. ഇവിടെ പലരും ഹിജാബിനെ അടിച്ചമർത്തലിന്റെ അടയാളമായി കാണുമ്പോൾത്തന്നെ, മറ്റു ചിലർ അന്യന്റെ കാമാഭിലാശങ്ങളിൽ നിന്നും തന്നെ സംരക്ഷിക്കുന്ന ഒരു വസ്ത്രമായി അതിനെ സ്വീകരിച്ചുപോരുന്നു.
വീട്ടിലിരുന്ന് സ്വന്തം കുടുംബത്തെ പരിചരിക്കാൻ സ്വയം തിരഞ്ഞെടുത്ത ഹിജാബി വീട്ടമ്മമാരെ നിങ്ങൾ കാണുന്നതോടൊപ്പം തന്നെ, ഹിജാബ് (ശിരോവസ്ത്രം) എന്നത് അവരുടെ സ്വാതന്ത്ര്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും അന്തസ്സിന്റെയും പ്രതാപത്തിന്റെയും അടയാളമായി കാണുന്ന അനേകം സ്ത്രീകളെയും നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും.
ശിരോവസ്ത്രം ഒന്നിനും തടസ്സമല്ല
ലോകമെമ്പാടും വിവിധയിനം ജോലികളും ഉദ്യോഗങ്ങളും സ്വന്തം ശിരോവസ്ത്രം ധരിച്ചുകൊണ്ട് തന്നെ ചെയ്യുന്ന സ്ത്രീകളെത്രയോ ഉണ്ട്. മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ, അവരെല്ലാവരും സമൂഹം നിശ്ചയിച്ചുകൊടുത്ത സ്ഥിരസങ്കല്പങ്ങളെ (stereotypes) ഒന്നൊന്നായി പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്.

ശിരോവസ്ത്രം ധരിച്ച ഗായികമാരും, പൈലറ്റുമാരും, അധ്യാപകരും, ഡോകടർമാരും, കായികാഭ്യാസികളും, ഫാഷൻ ബ്ലോഗർമാരും, ബൈക്കർമാരുമൊക്കെ നമുക്കിന്ന് കാണാൻ സാധിക്കുന്നത് ഇത്തരം പൊളിച്ചെഴുത്തുകളിലൂടെയാണ്. ഇത്തരക്കാരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും, ഇവർ തുറന്നുവെക്കുന്ന ജാലകത്തട്ടികൾ പിന്നീട് വരുന്ന തലമുറക്ക് പറന്നുയരാനുള്ള ഇടങ്ങളായി മാറുമെന്നത് തീർച്ച.
അടുത്തകാലത്ത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് രംഗത്തേക്ക് വന്ന ഹിജാബി സ്ത്രീകളെ നോക്കൂ. അവർ പത്രമാധ്യമങ്ങളിലൂടെ അറിയപ്പെടുന്നത് അവരുടെ കഴിവുകൾ കൊണ്ടാണ്. റിയാലിറ്റി ഷോകളിൽ ശിരോവസ്ത്രം ധരിച്ച മുസ്‌ലിം സ്ത്രീകൾ പങ്കെടുക്കുന്നത് നാം കണ്ടുവല്ലോ.

കേരളത്തിൽ നിന്നുമുള്ള യുംന അജിൻ എന്ന കൗമാരക്കാരി ‘സാരെഗമപ ലിൽ ചാംപ്’ എന്ന റിയാലിറ്റി ഷോയിലൂടെ ഇന്ത്യ മുഴുവനുള്ള സംഗീതപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയത് നാം കണ്ടു. അതേസമയം, കശ്മീരിൽ നിന്നുമുള്ള ബുഷ്‌റ ഇശ്തിയാക്, ഉസ്മ ഇശ്തിയാക് എന്നീ ഇരട്ടസഹോദരികൾ “India’s best Judwa” എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതും നമ്മൾ കണ്ടു. Roadies Xtreme എന്ന ജനകീയ ഇന്ത്യൻ റിയാലിറ്റി ഷോയിലൂടെ മുന്നോട്ട് വന്ന ഹൈദരാബാദുകാരി ഫർഹ ഫാത്തിമ ഖാനാണ് മറ്റൊരു ഉദാഹരണം. ഹിജാബ് ധരിച്ചുകൊണ്ട് തന്നെ കായികമായ കർത്തവ്യങ്ങൾ ചടുലതയോടെ അവർ നിർവ്വഹിക്കുന്നത് നാം കണ്ടു. ഇതിലെല്ലാമുപരി ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹിജാബി ബോഡി ബിൽഡർ എന്ന പദവി കരസ്ഥമാക്കിയ കേരളത്തിൽ നിന്നുമുള്ള മജീസിയ ഭാനുവിനെ നാം കണ്ടു.
ഇവരെല്ലാം നമുക്ക് പ്രതീക്ഷകളാണ്. പുതിയ വാതായനങ്ങൾ തുറക്കാൻ താക്കോലിട്ട് തന്നവരാണിവരൊക്കെ. ഒന്നിനുപിറകെ മറ്റൊന്നായി സ്റ്റീരിയോടൈപ്പുകളെ തകർത്തുകൊണ്ട് മുന്നേറിയവരാണ്. എന്നെപ്പോലുള്ള ഓരോ ഇന്ത്യൻ ഹിജാബി സ്ത്രീക്കും ഇനിയുമൊട്ടേറെ എത്തിപ്പിടിക്കാനുണ്ടെന്നതിനുള്ള ഉത്തമോദാഹരണങ്ങളാണ് ഈ സ്ത്രീകൾ.
(ലേഖിക ഡൽഹി ജാമിഅ മില്ലിയ്യ സർവ്വകലാശാലയിലെ അവസാനവർഷ MA Gender Studies വിദ്യാർത്ഥിനിയാണ്)
വിവർത്തനം: അലി തൽവാർ