Feature

ഗാന്ധിജിയും, അംബേദ്കറും മലബാർ സമരത്തെ വായിക്കുമ്പോൾ

വിശകലനം/മാഹീൻ വി.എ ഇടക്കുന്നം

ദേശീയ തലത്തിൽ മലബാർ വിപ്ലവത്തിനെതിരിൽ  ശക്തമായ പ്രചാരണം നടന്നത് കൊണ്ടും, ഗാന്ധിയടക്കമുള്ള ആളുകൾ അതിൽ വിശ്വസിക്കുകയും ചെയ്തത് കൊണ്ടും കൂടിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ദി ഹിന്ദുവിൽ സത്യാവസ്ഥകൾ വിശദീകരിച്ചു കൊണ്ട് ഒരു കത്ത് പ്രസിദ്ധീകരിക്കേണ്ടി വന്നത്.

‘ഇക്കാര്യം ലോകത്തുള്ള എല്ലാ ജനങ്ങളും അറിയട്ടെ. ഗാന്ധിയും മൗലാനയും അറിയട്ടെ’ എന്ന അദ്ദേഹത്തിന്റെ ഉപസംഹാരത്തിൽ നിന്നും അത് വ്യക്തമാകുന്നു. ശരിയായ വിവരങ്ങൾ നൽകാതിരിക്കുകയും, ആ വിപ്ലവത്തെക്കുറിച്ച്‌ ശരിയായി മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്ത അന്നത്തെ കോൺഗ്രസ് നേതൃത്വങ്ങളോടുള്ള കേരളത്തിലെ പല കോണ്ഗ്രസ്സ് നേതാക്കളുടെയും അമർഷം ചരിത്രത്തിൽ വായിക്കാം.

വസ്തുതാന്വേഷണത്തിന് കോണ്ഗ്രസ്സ്  നിശ്ചയിച്ച കമ്മറ്റികൾ കേരളത്തിൽ വരികയോ അന്വേഷണം നടത്തുകയോ ചെയ്തില്ല എന്നതും അത്ഭുതമുളവാക്കുന്നു. അക്കാലത്ത് കോണ്ഗ്രസ്സ് കമ്മറ്റി സരോജിനി നായിഡുവിന്റെ നേതൃത്വത്തിൽ  നിശ്ചയിച്ച കമ്മറ്റി, ത്വയ്യിബ് ജിയുടെ നേതൃത്വത്തിൽ നിശ്ചയിച്ച മറ്റൊരണ്ണം, മുസ്ലിം ലീഗ് നിയോഗിച്ച ഒരു അഞ്ചംഗ കമ്മറ്റി, ഖിലാഫത്ത് കമ്മറ്റിയുടെ വക നിയോഗിച്ച  മൂന്നംഗ കമ്മറ്റി, മദ്രാസ് ഹൈക്കോടതി പ്രത്യേകമായി നിയമിച്ച ഒരു ജഡ്ജി, ഇതിൽ നിന്ന് ഒരാളും കേരളത്തിലേക്ക് അന്വേഷിക്കാനായി വന്നതായി കാണുന്നില്ല. എന്ന് മാത്രമല്ല ഭരണകൂട ഭാഷ്യത്തോട് ചേർന്ന് നിൽക്കാത്ത ചരിത്ര നിരീക്ഷണങ്ങളെ രണ്ടരപതിറ്റാണ്ട് കാലം മൂടി വെക്കുകയായിരുന്നു ബ്രിടീഷുകാർ.

‘ആഹ്വാനവും താക്കീതും’

1935 കാലയളവിൽ മലബാർ സന്ദർശിച്ച സൗമ്യേന്ദ്രനാഥ ടാഗോറിന്റെ പ്രബന്ധം വന്നിരുന്നെങ്കിലും ബ്രിട്ടീഷുകാർ അതു നിരോധിക്കുകയുണ്ടായി. അക്കാലയാളവിൽ പല ചരിത്ര രചനകൾ നടന്നുവെങ്കിലും അതെല്ലാം വെളിച്ചം കണ്ടത് അംബേദ്കർ ഇത് കുറിച്ചതിന്ന് ഒരുപാട് നാളുകൾക്ക് ശേഷമായിരുന്നു.
1946 ൽ കമ്യൂണിസ്റ് പാർട്ടി കൊണ്ടു വന്ന പ്രമേയവും, തുടർന്ന് ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ ആഹ്വാനവും താക്കീതും എന്ന ലേഖനവുമായിരുന്നു മലബാർ വിപ്ലവത്തെക്കുറിച്ച ഭരണകൂട ഭാഷ്യത്തിന് വിരുദ്ധമായി പ്രസിദ്ധീകരിച്ച ആദ്യ കുറിപ്പെന്ന് തോന്നുന്നു.

ബ്രിട്ടീഷ് അനുകൂല വാർത്താ ഏജൻസികളും ഗവണ്മെന്റിന്റെ ഔദ്യോഗിക റിപ്പോർട്ടുകളും ആയിരുന്നു ഗാന്ധിജി അവലംബിച്ചതെന്നു അദ്ദേഹം തന്നെ വെളിവാക്കിയ സോഴ്സിൽ നിന്നും മനസ്സിലാവുന്നുണ്ട്. അസോഷ്യേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ വീക്ഷണങ്ങൾ എഴുതുന്നതെന്ന് യങ് ഇന്ത്യയിൽ കുറിക്കുന്നുമുണ്ട്. ഗാന്ധിജിയുടെ നിലപാടിൽ അദ്ദേഹത്തിന്റെ മുൻധാരണ കൂടി ഒരു ഘടമായിട്ടുണ്ടെന്ന വിമർശനവും അദ്ദേഹത്തിന്റെ കുറിപ്പിനെ മുൻ നിർത്തി നടത്താവുന്നതാണ്.

മാധവൻ നായരും കോണ്ഗ്രസ്സ് നേതൃത്വവും

അക്കാലത്ത് നിസ്സഹകരണപ്രസ്ഥാനവുമായി മലബാർ വിപ്ലവത്തിന് പങ്കില്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിനായിരുന്നു കോണ്ഗ്രസ്സ് നേതൃത്വം ശ്രദ്ധ കൊടുത്തത്. കേരളത്തിൽ അതിന് നേതൃത്വം കൊടുത്ത കെ.മാധവൻ നായർ അദ്ദേഹത്തിന്റെ പുസ്തകത്തിലും ശ്രദ്ധ ഊന്നുന്നതും ഇതേ നിലപാട് സ്ഥാപിക്കുവാൻ ആയിരുന്നു. കേരളത്തിൽ നിന്നും ഗാന്ധിജിക്ക് വിവരങ്ങൾ നല്കിയവരിൽ ഒരാൾ ആയിരുന്നു മാധവൻ നായർ.

അദ്ദേഹത്തിന്റെ പുസ്തകത്തിൽ പോലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി നടന്ന കൂടിക്കാഴ്‌ച വിശദീകരിക്കുന്നിടത്തു, ഹിന്ദുക്കൾക്കെതിരെ വിപ്ലവത്തെ മറയാക്കി, ഏതാനും മാപ്പിളമാർ നടത്തിയ കൊള്ളക്കെതിരെ താൻ ശക്തമായി നടപടി സ്വീകരിക്കുമെന്ന തന്റെ മഞ്ചേരി വിളമ്പരത്തെക്കുറിച്ചും, കൊള്ളക്കാരുടെ കൈകൾ ഛേദിക്കുന്നതിനെ സംബന്ധിച്ചും കുഞ്ഞഹമ്മദ് ഹാജി നടത്തിയ പരാമർശവും കടന്ന് വരുന്നുണ്ട്. (വിപ്ലവത്തിന്റെ ഗതി മാറ്റുന്നതിനും, അതൊരു ഹിന്ദു മുസ്ലിം കലാപമാക്കി മാറ്റാനും അധികാരികളോടൊപ്പം ചേർന്ന് വിപ്ലവവിരുദ്ധ ശക്തികളായ മുസ്ലിം ജന്മിമാരും മറ്റുമാണ് ഈ കൊള്ളക്ക് നേതൃത്വം നൽകിയതെന്ന് മൊയ്യാരത്ത് ശങ്കരൻ എന്ന അന്നത്തെ കോണ്ഗ്രസ്സ് നേതാവ് ‘എന്റെ ജീവിത കഥ’ എന്ന അദ്ദേഹത്തിന്റെ ആത്മ കഥയിൽ കുറിക്കുന്നുണ്ട്)

കൊളോണിയൽ രേഖകളിലൂടെയുള്ള വായന

മദ്രാസ് മെയിൽ, ഡെയ്ലി എക്സ് പ്രസ് എന്നീ രണ്ടു പത്രങ്ങൾക്ക് മദ്രാസിൽ വെച്ച് നൽകിയ അഭിമുഖങ്ങളിൽ ‘ഈ ലഹളയുടെ ഉത്ഭവത്തെക്കുറിച്ച് പൂർണമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല’ എന്ന് ഗാന്ധിജി തന്നെ പറയുന്നുണ്ടെങ്കിലും കിട്ടിയ വിവരങ്ങൾ വെച്ചുകൊണ്ട് കാര്യങ്ങൾ വിലയിരുത്തി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. (ഗാന്ധിജിയും കേരളവും)

സമാനമായിരുന്നു ഡോ അംബേദ്കറുടെയും അവസ്ഥ എന്നാണ്‌ മനസ്സിലാവുന്നത്. Pakistan or Partition of India  എന്ന പുസ്തകത്തിലെ അദ്ദേഹത്തിന്റെ വരികളാണ് സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്നത്. കൊളോണിയൽ രേഖകളുടെ അടിസ്ഥാനത്തിലാണ് താനിത് കുറിക്കുന്നതെന്ന തുറന്നു പറച്ചിലോട് കൂടിയാണ് അദ്ദേഹം തന്റെ വിശകലനം തുടങ്ങുന്നത്.. അംബേദ്കറുടെ ഈ ഒറ്റ മുഖവുര മതിയാകും വസ്തുതകൾ കണ്ടെത്തുന്നതിൽ അദ്ദേഹത്തിന് വീഴ്‌ച സംഭവിച്ചു എന്ന് മനസ്സിലാക്കാൻ. 1945 ൽ അദ്ദേഹം ഇതെഴുതുമ്പോൾ ബ്രിട്ടീഷ്‌ അനുകൂല ചരിത്ര രേഖകളല്ലാതെ കാര്യമായ മറ്റൊരു ചരിത്ര രേഖയും ലഭ്യമായിരുന്നില്ല എന്ന മുകളിലെ പരാമർശം ഇതിനോട് ചേർത്തു വായിക്കാം.

Pakistan or Partition of India / Dr. B.R Ambedkar

ഗാന്ധിജിയെയും, അംബേദ്കറെയും കൂട്ട് പിടിച്ചു സംഘപരിവാറുകാർ നടത്തുന്ന പ്രചാരണങ്ങളുടെ വസ്തുതകൾ മനസ്സിലാക്കാൻ എം.പി നാരായണമേനോന്റെയും, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെയുമെല്ലാം അനുഭവകുറിപ്പുകൾ ലഭ്യമാണെങ്കിലും, കണ്ടവർ അവിടെ നിക്കട്ടെ, കേട്ടവർ പറയട്ടെ എന്ന നിലപാടാണ് പലരും സ്വീകരിച്ചിട്ടുള്ളത്.

തങ്ങളെ വിറപ്പിച്ച വാരിയംകുന്നനെന്ന ധീരപോരാളിയെ സംബന്ധിച്ച എല്ലാ ചരിത്രരേഖകളും, ചിത്രങ്ങളും, എന്തിന് മൃതശരീരം പോലും നശിപ്പിക്കുകയും, അതിന്നു ബദലായി കിംവദന്തികൾ പ്രചരിപ്പിക്കുകയും ചെയ്ത ബ്രിട്ടീഷ്, ജന്മിത്വ പ്രഭുക്കളുടെ ലക്ഷ്യം, ചരിത്രത്തിൽ അദ്ദേഹത്തെ വർഗ്ഗീയവാദിയായും, അദ്ദേഹം നേതൃത്വം കൊടുത്ത മലബാർ വിപ്ലവത്തെ ഒരു വർഗ്ഗീയ കലാപമാക്കുകയും ചെയ്യുക എന്നതിൽ കവിഞ്ഞു മറ്റൊന്നുമായിരുന്നില്ല.

അറിഞ്ഞു കൊണ്ടോ,അല്ലാതെയോ ഗാന്ധിജിയും അംബേദ്കറും അതിന്റെ ഭാഗവാക്കായി എന്നതാണ് ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളുടെ വസ്തുത. ഇനി ഗാന്ധിജിയുടെയും, അംബേദ്കറിന്റെയും ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയത്തെയും തങ്ങൾ ഇതുപോലെ ഉൾക്കൊള്ളാൻ തയ്യാറാണോ എന്ന ചോദ്യമൊന്നും തത്കാലം സംഘപരിവാർ കൂലിയെഴുത്തുകാരോട് ചോദിക്കാതിരിക്കാനുള്ള ബൗദ്ധിക വികാസം ഉള്ളത് കൊണ്ട് ആ ചോദ്യം വായനക്കാർക്ക് വേണ്ടി ഇവിടെ ഉപേക്ഷിക്കുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Siyad Arab
3 years ago

നല്ല ലേഖനം, കൃത്യമായ വസ്തുതകൾ. മലബാർ വിപ്ലവത്തെ കുറിച്ച് കൂടുതൽ ചർച്ചകൾ വരട്ടെ.

Back to top button
1
0
Would love your thoughts, please comment.x
()
x