
1992 ഡിസംബർ 6 ന് മതേതര ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവിലേക്ക് കോടതി വീണ്ടും ആസിഡ് ഒഴിച്ചിരിക്കുന്നു. അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാ ഭാരതിയുമടക്കം പള്ളി പൊളിക്കാൻ നേതൃത്വം കൊടുത്തവരെ മുഴുവൻ ഒരു മറയുമില്ലാതെ വെളുപ്പിച്ചെടുക്കാൻ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥക്ക് യാതൊരു മടിയുമുണ്ടായില്ല. ഇവർക്കൊന്നും പള്ളി പൊളിക്കലുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് മാത്രം പറഞ്ഞ് നിർത്തുകയല്ല, ഇവരൊക്കെ പള്ളി പൊളിക്കുന്നത് തടയാൻ ശ്രമിച്ചവരാണ് എന്നാണ് കോടതി കണ്ടെത്തിയത്.
അതായത് പള്ളികളെത്ര പൊളിച്ചാലും തങ്ങൾക്കൊരു ചുക്കും സംഭവിക്കാൻ പോകുന്നില്ല എന്ന സംഘ് പരിവാറിന്റെ വിശ്വാസത്തിന് ഊർജം പകരുന്ന ഒരു വിധി.
ബാബരിയുടെ മുറിവുകൾ ഇന്ത്യയിലെ മതേതര വിശ്വാസികളുടെ ഹൃദയത്തിൽ പഴുത്ത് നീറുമ്പോൾ തന്നെയാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിക്ക് നേരെയും സംഘ് പരിവാർ തങ്ങളുടെ ത്രിശൂലങ്ങൾ മൂർച്ച കൂട്ടി വെക്കുന്നത് എന്നത് നാം വിസ്മരിച്ചു പോകരുത്.
മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേർന്ന് നിൽക്കുന്ന ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്നും അതിനോടനുബന്ധിച്ചുള്ള 13.37 ഏക്കർ ഭൂമി ശ്രീകൃഷ്ണ ജന്മ ഭൂമിക്ക് വിട്ടു നൽകണമെന്നും ആവശ്യപ്പെട്ട് മഥുര കോടതിയിൽ സിവിൽ സ്യൂട്ട് ഫയൽ ചെയ്ത് കഴിഞ്ഞിരിക്കുന്നു.
സംഘ് പരിവാറിന്റെ അജണ്ടയിൽ ബാബരി കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ളത് മഥുരയിലെ ഈ പള്ളിക്കാണ്. ബാബരിയിൽ സ്വീകരിച്ച അതെ മാതൃകയാണ് മഥുര പള്ളി പൊളിക്കണം എന്ന വാദത്തിലും സംഘ് പരിവാർ സ്വീകരിച്ചിരിക്കുന്നത്.
ബാബരി കേസിൽ ഭൂജാതനായ ശ്രീരാമ വിഗ്രഹത്തെയായിരുന്നു പ്രധാന ഹരജിക്കാരനായി സംഘ് പരിവാർ കൊണ്ട് വന്നിരുന്നതെങ്കിൽ ബാലനായ ശ്രീകൃഷ്ണനെയാണ് മഥുര പള്ളി പൊളിക്കാനുള്ള മുഖ്യ ഹരജിക്കാരനാക്കിയത്. ബാബരി കേസിൽ സംഘ് പരിവാർ സുപ്രിം കോടതിയിൽ സ്ഥാപിച്ചെടുത്ത പ്രതിഷ്ഠയെ ജുഡീഷ്യൽ വ്യക്തിയായി അംഗീകരിക്കാൻ പറ്റുമെന്ന വാദം തന്നെയാണിവിടെയും അവർ ആയുധമാക്കിയിരിക്കുന്നത്.
”ദൈവം നീതി തേടി കോടതിയിൽ”എന്ന പ്രതിച്ഛായ സൃഷ്ടിച്ചു കഴിഞ്ഞാൽ മത വികാരം തങ്ങൾക്കനുകൂലമാക്കി മാറ്റാം എന്ന കുതന്ത്രം.
ഈ ഗതി തുടർന്നാൽ ബാബരിയിൽ നിന്നും മഥുരയിലേക്ക് ഇനിയുള്ള ദൂരം അതികമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇനിയൊരു ബാബരി ആവർത്തിക്കപ്പെടാതിരിക്കുക എന്നത്, ഇനിയൊരാരാധാനാലയവും തകർക്കപ്പെട്ടു കൂടാ എന്നത് മതേതരത്വത്തിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലെ നിലവിളി തന്നെയാണ്.
പക്ഷെ, ഈ മൗനം തുടർന്നാൽ ബാബരികൾ ഇനിയും അവർത്തിക്കപ്പെടും അതിന് വേണ്ടിയുള്ള ശക്തമായ നീക്കത്തിലാണ് ഇവിടുത്തെ ഹിന്ദുത്വ ഭീകരവാദികൾ.
മതേതരത്വത്തിന്റെ ശവമടക്ക് നടത്താൻ ഇവിടുത്തെ നിയമ വ്യവസ്ഥകളെ മുഴുവൻ തങ്ങൾക്കനുകൂലമാക്കി മാറ്റിയിട്ടുണ്ട് എന്ന സംഘ് ഭീകരവാദികളുടെ തുറന്ന പ്രഖ്യാപനം തന്നെയാണ് അദ്വാനി അടക്കമുള്ളവരെ വെളുപ്പിച്ചെടുത്ത കോടതി വിധി.
ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ പോലും സംഘ് പരിവാറുകൾക്ക് കീഴ്പ്പെട്ടു പോയിരിക്കുന്നു എന്ന് വിശ്വസിച്ച് മൗനം ഭുജിക്കാൻ നമ്മൾ തുനിഞ്ഞാൽ ഈ രാജ്യത്തോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കുമത്.
“മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിങ്ങളിപ്പോഴും വിശ്വസിച്ചിരുന്നോ നിഷ്കളങ്കരെ.. ” എന്ന സ്വരാജ് എം എൽ എ യുടെ വാക്കുകൾ ആവർത്തിച്ച് നിർവൃതി കൊള്ളാനാണ് ഭാവമെങ്കിൽ ഈ രാജ്യത്തെ ഒറ്റു കൊടുത്തവരുടെ ലിസ്റ്റിലേക്ക് നിങ്ങളുടെ പേരും ചേർക്കപ്പെടും, അത് തീർച്ച.
ഈ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും ജനാതിപത്യവും തിരികെപ്പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരാൻ, ഇനിയൊരു പള്ളിയും ഹിന്ദുത്വ തീവ്രവാദികളുടെ കരങ്ങളാൽ പൊളിക്കപ്പെടാതിരിക്കാൻ നമ്മൾ മുന്നിട്ടിറങ്ങിയേ തീരൂ,
അതിന് നേതൃത്വം കൊടുക്കാൻ നിലവിലുള്ള മതേതര രാഷ്ട്രീയ കക്ഷികൾ ഒരുമിച്ച് നിന്ന് തന്നെ പോരാടേണ്ടതുണ്ട്. ആ ഒരുമക്ക് വേണ്ടിയുള്ള ചർച്ചകളാണ് ഇന്നീ നാടിനാവശ്യം.