മാപ്പിളപ്പാട്ട് ഗായകനും മലയാളത്തിലെ കത്തുപാട്ടുകളുടെ ശില്പിയുമായി അറിയപ്പെടുന്നയാളാണ് സയ്യിദ് അബ്ദുൽ ജമീൽ എന്ന എസ്.എ. ജമീൽ.
ജീവിതരേഖ
1935 മേയ് 2ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ആണ് ജനനം.
പിതാവ്: ഡോ. മൗലാന സയ്യിദ് മുഹമ്മദ് ജമാലുദ്ദീൻ ഹൈദ്രോസ്. മാതാവ്: ആയിശാബീവി. ആറുമക്കളിൽ മൂന്നാമനാണ് ജമീൽ.
ഭാര്യ: മേലേതിൽ റുഖിയ.
മക്കൾ: റെജീമ, ജവഹർ, ജാസ്മിൻ .
നിലമ്പൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റും നാടക പ്രവർത്തകനുമായിരുന്ന ഇ.കെ. അയമു, പിൽക്കാലത്ത് കമ്മ്യൂണിസവും നിരീശ്വരവാദവും വിട്ട് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്ന ഡോ. എം ഉസ്മാൻ എന്നിവരുടെ കൂടെ നാടകരംഗത്ത് പ്രവർത്തിച്ചു. നാടകങ്ങളിലെ രംഗങ്ങൾക്കൊടുവിലെ ഗാനാലാപനമായിരുന്നു ജമീലിന്റെ പ്രധാന ദൗത്യം. കൂടാതെ നടനായും മേക്കപ്പ് മാനായും പ്രവർത്തിച്ചു. “മുടിയനായ പുത്രൻ” , “പുതിയ ആകാശം പുതിയ ഭൂമി”, “ലൈലാ മജ് നു” എന്നീ സിനിമകളിൽ പാടിയിട്ടുണ്ട്. ലൈലാ മജ്നുവിൽ അഭിനയിക്കുകയും ചെയ്തു. ഗായകൻ മാത്രമല്ല, പെയിൻററും മനഃശാസ്ത്ര ചികിത്സകനുമായിരുന്നു. 2011 ഫെബ്രുവരി 5-നു നിലമ്പൂരിലെ ചന്തക്കുന്നിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു. 75 വയസ്സായിരുന്നു.
പ്രവർത്തനങ്ങൾ
എഴുപതുകളിലും എൺപതുകളിലും ഗൾഫ് പ്രവാസി ജീവിതത്തിന്റെ വൈകാരിക മണ്ഡലത്തിൽ ഏറെ ഇളക്കങ്ങൾ സൃഷ്ടിച്ച ‘ദുബായ് കത്തുപാട്ട് ‘ അതിന്റെ ‘മറുപടി’ പാട്ട് എന്നീ മാപ്പിളപ്പാട്ടുകളാണ് എസ്.എ. ജമീൽ എന്ന കലാകാരനെ ആസ്വാദകർക്ക് പ്രിയങ്കരനാക്കിയത്. മാപ്പിള കലാസാഹിത്യ ലോകത്ത് ജമീൽ വേറിട്ട അനുഭവമണ്ഡലം സൃഷ്ടിച്ചു.
പാടുകയും ഹാർമോണിയം വായിക്കുകയും ചെയ്യുമായിരുന്ന എസ്.എം.ജെ. മൗലാനാ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സയ്യദ് മുഹമ്മദ് ജലാലുദ്ദീൻ മൗലാനായായിരുന്നു പിതാവ്. അദ്ദേഹം പ്രധാന കോൺഗ്രസ് പ്രവർത്തകനും പുരോഗമന ചിന്തകനും സലഫി ചിന്തകനുമായിരുന്നു. പിതാവിന്റെ നിർദ്ദേശപ്രകാരം മെഹമൂദിന്റെ ‘ജൽത്തേ ഹേ ജിസ് കേലിയേ’ പാടിയാണ് സംഗീതരംഗത്ത് ജമീൽ അരങ്ങേറിയത്. സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ പാടുകയും വരയ്ക്കുകയും ചെയ്യുമായിരുന്നു. എന്നാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. വീട്ടിൽ ഒറ്റയ്ക്കിരുന്ന് വരച്ചു, പാടി.
നാടകവും സംഗീതവും മുഖ്യ പ്രവർത്തന മേഖലയായി 1950കളിൽ നിലമ്പൂരിൽ രൂപവത്കരിച്ച നിലമ്പൂർ യുവജന കലാസമിതി എന്ന സംഘടനയിലൂടെയാണ് ജമീലിന്റെ പൊതുവേദിയിലെ അരങ്ങേറ്റം. അന്ന് പേരുകേട്ട എം.ബി.ബി.എസ്. ഡോക്ടർ ആയിരുന്ന ഡോ. എം. ഉസ്മാൻ ആയിരുന്നു സമിതിയുടെ പ്രസിഡന്റ്. ഇ.കെ. അയമു, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, നിലമ്പൂർ ബാലൻ എന്നിവർ സംഘാടകരായിരുന്നു.
യുവജന കലാസമിതിയുമായി ചേർന്ന് ആദ്യമായി പൊന്നാനിയിൽ വച്ച് ഇ.കെ. അയമുവിന്റെ ‘ജ്ജ് ഒരു മന്‌സനാകാൻ നോക്ക്’ എന്ന നാടകത്തിനിടയിൽ ചില പാട്ടുകൾ പാടി. അന്നത്തെ പതിവനുസരിച്ച് നാടകത്തിലെ ഓരോ രംഗം കഴിയുമ്പോഴും അണിയറയിൽനിന്ന് ഓരോ പാട്ട് പാടും. തമിഴ് സിനിമയായ ദേവദാസിലെ ‘തുനിന്തതെൻ മനമേ…’, ‘ഭഗവാനി’ൽ മുഹമ്മദ് റാഫി പാടിയ ‘തൂ ഗംഗാ മൗജ് മേം ജമുനാ കാ ധാരാ…’ തുടങ്ങിയ ഗാനങ്ങൾ പാടിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് നാടകത്തിൽ ചില ചെറുവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. നാടകം ഹറാമാണെന്നു പറഞ്ഞ് നാടകത്തിൽനിന്ന് കിട്ടിയ പ്രതിഫലം വീട്ടുകാർ തിരസ്കരിച്ച അനുഭവവുമുണ്ടായിരുന്നു. 1954ൽ പാലക്കാട്ട് നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ആറാം പാർട്ടി കോൺഗ്രസ്സിൽ ഈ നാടകം അരങ്ങേറിയിരുന്നു. 1958ൽ ഡോ. എം. ഉസ്മാൻ എഴുതിയ ‘ദുനിയാവിൽ ഞാനൊറ്റയ്ക്കാണ്’ എന്ന നാടകത്തിൽ മുഖ്യകഥാപാത്രമായ പ്രൊഫസറെ അവതരിപ്പിച്ചത് ജമീലാണ്.
1958ലെ കലാസമിതിയുടെ ബോംബെ ടൂർ ആണ് ജമീലിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. നാട്ടുകാരനും സുഹൃത്തുമായ രാമചന്ദ്രനൊപ്പം ബോംബെയിൽ കുറച്ചുകാലം തങ്ങാനും മറ്റ് അവസരങ്ങളെക്കുറിച്ച് ആലോചിക്കാനും ഉള്ള ഉപദേശം സ്വീകരിക്കുകയായിരുന്നു. അവിടെ ഫിലിംസ് ഡിവിഷനിൽ ജോലി ചെയ്തിരുന്ന നാണപ്പനുമായി പരിചയപ്പെട്ട് കലാസമിതി ട്രൂപ്പിനോടൊപ്പം നാട്ടിലേക്ക് തിരിച്ചുവരാതെ മലയാളി സമാജങ്ങളും കലാസമിതികളും ഒക്കെയായി എൺപതോളം സംഘടനകളുമായി ബന്ധപ്പെട്ട് പലതിലും പാട്ടുകാരനും ആട്ടക്കാരനുമായി ജീവിച്ചു. സംഗീതസംവിധായകരായ എസ്.ഡി. ബർമൻ, സലിൽ ചൗധരി, ഒ.പി. നയ്യാർ, ഉഷാ ഖന്ന ചുടങ്ങിയവരുമായി പരിചയപ്പെട്ടു.
സ്വന്തം മനോരോഗം മാറ്റാൻ വേണ്ടി മനഃശാസ്ത്രവും ഹിപ്‌നോട്ടിസവും പഠിച്ചത് ഇക്കാലത്തായിരുന്നു. പിന്നീട് വരയെക്കാളും സംഗീതത്തെക്കാളും ജീവിതത്തിന് ഏറെ പ്രയോജനപ്പെട്ടത് ഇതായിരുന്നു.
ഗർഫ് ജീവിതത്തെക്കുറിച്ച് ആദ്യമായി പാട്ടെഴുതുന്നത് 1977ലാണ്. നാട്ടിൽ മനശ്ശാസ്ത്രചികിത്സയും കൗൺസലിങ്ങും നടത്തിക്കൊണ്ടിരുന്നപ്പോൾ ചികിത്സയ്ക്കായ് എത്തുന്നവരിൽ പലരും ഗൾഫിൽ പോയവരുടെ ഭാര്യമാരായിരുന്നു.കത്തെഴുത്തു മാത്രമായിരുന്നു അന്നത്തെ ആശയവിനിമയ ഉപാധി. 1977ൽ ആദ്യമായി നടത്തിയ അബുദാബി യാത്ര ഗൾഫിലെ ഭർത്താക്കന്മാരുടെ കരളലിയിക്കുന്ന ജീവിത കഥ കണ്ടറിയാൻ അവസരമുണ്ടാക്കി. അങ്ങനെയാണ് കത്തുപാട്ട് പിറന്നത്.
ഗൾഫ് പോക്കറ്റുകൾ ആയിരുന്ന കണ്ണൂർ, തലശ്ശേരി, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ഈ പാട്ട് വൻ ചലനങ്ങൾ സൃഷ്ടിച്ചു. പാട്ടുകേട്ട പല ഭർത്താക്കന്മാരും ഗൾഫ് ജോലി ഉപേക്ഷിച്ചു. ആസ്വാദകരിൽ നിന്നുതന്നെ പാട്ടിന് മറുപടിയും എഴുതണമെന്ന ആവശ്യത്തെതുടർന്ന് എഴുതിയ മറുപടി പാട്ട്, കത്തിനേക്കാൾ വലിയ ലഹരിയായിമാറി.
കത്തുപാട്ട്
1977 കളിലാണ് ജമീലിന്റെ പ്രശസ്തമായ കത്തുപാട്ട് പിറക്കുന്നത്. വ്യവസായിയും നാട്ടുകാരനും ഇപ്പോൾ എം.പിയുമായ പി.വി. അബ്ദുൽവഹാബ് ജമീലിനെ അബുദാബിയിലേക്ക് ഗാനമേള അവതരിപ്പിക്കാൻ ക്ഷണിച്ചു. പോകുമ്പോൾ ഒരു ഗാനവും ജമീൽ രചിച്ചു. കിഴക്കൻ ഏറനാട്ടിലെ മാപ്പിളപെണ്ണ് ഗൾഫിലുള്ള ഭർത്താവിനയക്കുന്ന കത്തുപോലെ എഴുതിയ ഗാനമായിരുന്നു അത്. പിന്നീട് വടക്കേ മലബാറിലെയും ഗൾഫ് പ്രവാസികളുടെയും ഇടയിൽ പ്രചുരപ്രചാരം സിദ്ധിച്ച ഗാനമായി മാറി ഇത്.
“ഞാനൊന്ന് ചോദിക്കുന്നു,
ഈ കോലത്തിൽ എന്തിനു സമ്പാദിക്കുന്നു,
ഒന്നുമില്ലെങ്കിലും,
തമ്മിൽ കണ്ടുകൊണ്ട് നമ്മൾ രണ്ടും
ഒരു പാത്രത്തിൽ ഉണ്ണാമല്ലോ,
ഒരു പായ്,
വിരിച്ചൊന്നിച്ചുറങ്ങാമല്ലോ….”
ഈ കത്തുപാട്ടിനുള്ള മറുപടി എഴുതിയതും ജമീൽ തന്നെ. അതും പ്രശസ്തമാണ്. അതിലെ രണ്ടുവരി ഇങ്ങനെ;
“അബൂദബിയിലുള്ളൊരെഴുത്തുപെട്ടി,
അന്നു തുറന്നപ്പോൾ കത്തുകിട്ടി
എൻ പ്രിയ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ കത്തു ഞാൻ കണ്ടുഞെട്ടി”
പുരസ്കാരങ്ങൾ
കേരള സംഗീത നാടക അക്കാദമി അവാർഡ്
സംസ്ഥാന സർക്കാറിന്റെ ഗുരുശ്രേഷ്ഠൻ അവാർഡ്
കെ.പി.സി.സി സാംസ്കാരിക സാഹിതി പുരസ്കാരം
സാംസ്കാരിക പരിഷത് അവാർഡ്
ഖത്തർ ഫോക്‌ലോർ ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ അവാർഡ്
ISM സർഗ പ്രതിഭാ പുരസ്കാരം 2010
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
Good note on a great personality.