
പ്രവാസികൾക്ക് വേണ്ടി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ
ദോഹ: കോവിഡുമായി ബന്ധപ്പെട്ട തൊഴിൽ പ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് തിരിച്ചു പോവേണ്ടി വരുന്ന പ്രവാസികൾക്ക് വേണ്ട പുനരധിവാസ പാക്കേജുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടനെ പ്രഖ്യാപിക്കണമെന്ന് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മേഖലാ, യൂണിറ്റ് ഭാരവാഹികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
പ്രവാസി പുനരധിവാസവുമായി ബന്ധപ്പെട്ട് നാട്ടിൽ നിലവിലുള്ള ചുവപ്പു നാടകളും കാലതാമസവും സർക്കാർ ഒഴിവാക്കണം. വർഷങ്ങളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സ്തുത്യർഹമായ സംഭാവന നൽകിക്കൊണ്ടിരിക്കുന്നവരാണ് പ്രവാസികൾ. അതിനാൽ സർക്കാർ വകുപ്പുകളുടെ സമീപനം പ്രവാസി സൗഹൃദമാവണം. സ്വയം തൊഴിൽ കണ്ടെത്താനുള്ള പ്രവാസികളുടെ ശ്രമങ്ങൾക്ക് സർക്കാർ പിന്തുണ നൽകണം. പ്രവാസി പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിന് സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും ഉദ്യോഗസ്ഥരെ നിയമിക്കണം. നാട്ടിലേക്ക് തിരിച്ചു പോവുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ ദീർഘകാല വായ്പ പലിശയില്ലാതെ ലഭ്യമാക്കണമെന്നും ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ആവശ്യപ്പെട്ടു.
വിവിധ മേഖലകളെ പ്രതിനിധീകരിച്ച് സാജിദ് അലി, ഉമർ ഫാറൂഖ്, ഡോ. റസീൽ, ഫസ്ലുറഹ്മാൻ, സിദ്ധീഖ് മതിലകം, ഗരീബ് നവാസ്, അസ്‌ലം മാഹി, അമീർ ഷാജി, അൻവർ മാട്ടൂൽ, മുഹമ്മദ് ശൗലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റഷീദ് അലി, പി.സെഡ് അബ്ദുൽ വഹാബ്, അലി ചാലിക്കര, നസീർ പാനൂർ പ്രസംഗിച്ചു. അബ്ദുൽ ലത്തീഫ് നല്ലളം യോഗത്തിൽ ആധ്യക്ഷം വഹിച്ചു. ഷമീർ വലിയവീട്ടിൽ സ്വാഗതവും ശാഹുൽ നന്മണ്ട നന്ദിയും പറഞ്ഞു.